ഗാന്ധിനഗർ: പശ്ചിമേഷ്യൻ യുദ്ധത്തിൻറെ പശ്ചാത്തലത്തിൽ ഇറാൻ ഭാഗിക ഉപരോധം ഏർപ്പെടുത്തിയ ഹോർമുസ് കടലിടുക്ക് കടന്ന് ആദ്യ ഇന്ത്യൻ എൽപിജി കപ്പലായ 'നന്ദാദേവി' ഗുജറാത്ത് തീരത്തണഞ്ഞു. ഏകദേശം 46,000 മെട്രിക് ടൺ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (എൽപിജി) വഹിച്ചാണ് നന്ദാദേവി കപ്പൽ ഇന്ത്യൻ തീരത്തെത്തിയിരിക്കുന്നത്. മറ്റൊരു ഗ്യാസ് വാഹിനിയായ 'ശിവാലിക്' ഇന്നലെ ഇന്ത്യയിൽ എത്തിയിരുന്നു.
ദൗത്യം വിജയകരമായി പൂർത്തിയാക്കുന്നതിനു ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെയും കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രാലയത്തിന്റെയും പ്രത്യേക ഇടപെടലുകളുണ്ടായിരുന്നു. ഹോർമുസ് കടലിടുക്കിൽ അപകടസാധ്യത നിലനിൽക്കുന്നതിനാൽ ഇന്ത്യൻ, ഇറാനിയൻ നാവികസേനകൾ ചേർന്ന് അതീവ ജാഗ്രതയോടെയാണ് കപ്പലുകൾക്ക് സുരക്ഷയും സഹായവും ഒരുക്കിയത്. ലോകത്തെ പ്രധാന സമുദ്ര പാതയായ ഹോർമുസ് കടലിടുക്കിൽ ഇറാൻ ഉപരോധം തീർത്തതിനെത്തുടർന്നുള്ള ഇന്ത്യയുടെ നയതന്ത്ര നീക്കത്തലാണ് ഇന്ധന കപ്പൽ കടത്താൻ സാധ്യമായത്
അമേരിക്ക, ഇസ്രയേൽ, യൂറോപ്പ് തുടങ്ങിയവരുടെ കപ്പലുകൾക്ക് വിലക്ക് തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ കപ്പലുകൾക്ക് പ്രത്യേകാനുമതി ലഭിച്ചിരിക്കുന്നത്. സുഹൃത്ത് രാജ്യമായതിനാൽ ഇന്ത്യയുടെ എണ്ണ കപ്പലുകൾ ആക്രമിക്കില്ലെന്ന് ഇറാൻ ഉറപ്പ് നൽകിയിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പ്രസാദും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണങ്ങളിലാണ് ഇത് സംബന്ധിച്ച കാര്യങ്ങളിൽ ധാരണയുണ്ടായത്. ഇന്ത്യയുടെ ഊർജ്ജ വിതരണ ശൃംഖലയെ സംബന്ധിച്ചിടത്തോളം ഈ ചരക്ക് കപ്പലിന്റെ വരവ് വളരെ പ്രധാനപ്പെട്ടത് തന്നെയായിരുന്നു.
അതേസമയം പശ്ചിമേഷ്യയിൽ യുദ്ധം കനത്തതോടെ ആഗോളതലത്തിൽ ഇന്ധനവില 40 മുതൽ 50 ശതമാനം വരെയാണ് വർദ്ധിച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്ക് പൂർണമായും തുറക്കാത്ത പക്ഷം ലോകരാഷ്ട്രങ്ങളെയാകെ ഇത് ബന്ധിക്കുന്ന സാഹചര്യവും അമേരിക്കയ്ക്ക് മേൽ കൂടുതൽ പഴിചാരലുകൾ എത്തുകയും ചെയ്ത സാഹചര്യത്തിൽ കടലിടുക്ക് തുറക്കുന്നതിനു ട്രംപ് സഖ്യ രാഷ്ട്രങ്ങളുടെ സഹായം അഭ്യർത്ഥിച്ചിരുന്നു. എന്നാൽ നാറ്റോ രാജ്യങ്ങൾ അമേരിക്കയുടെ ആവശ്യം തള്ളുകയായിരുന്നു.
English Summary: The Indian LPG carrier Nandadevi successfully reached the Gujarat coast after crossing the Strait of Hormuz amid tensions caused by Iran’s partial restrictions. Carrying around 46,000 metric tonnes of LPG, the vessel’s safe passage was ensured through coordinated efforts by Indian and Iranian authorities. The development is crucial for India’s energy supply as global fuel prices surge due to the ongoing West Asian conflict.