

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെ പരീക്ഷ ക്രമക്കേട്, ചോദ്യപേപ്പര്‍ ചോര്‍ച്ച തുടങ്ങിയ വിഷയങ്ങളുന്നയിച്ച് പ്രക്ഷോഭ രംഗത്തുള്ള കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സിജെപി) പ്രവര്‍ത്തര്‍ പ്രതിഷേധം ശക്തമാക്കുന്നു. സിജെപി ഇന്നു നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പാര്‍ലമെന്റ് മാര്‍ച്ച് പൊലീസ് വിലക്കിയതോടെ പ്രതിഷേധക്കാരില്‍ വലിയ അമര്‍ഷമാണ് രൂപം കൊണ്ടിട്ടുള്ളത്. കനത്ത സന്നാഹം ഉയര്‍ത്തി പ്രതിഷേധക്കാരെ തടയാൻ പൊലീസും പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. പരീക്ഷാ ക്രമക്കേടുകളിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വിശാലമായ പരിഷ്കാരങ്ങൾ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടാണ് പാർലമെന്റ് മാർച്ച്.
മാർച്ചിൽ പങ്കെടുക്കാൻ അനുയായികൾക്കായി സിജെപി മിസ്ഡ് കോൾ ക്യാമ്പയിൻ ആരംഭിച്ചിരുന്നു. ഈ ക്യാമ്പയിനിലൂടെ ഇതിനകം 1.3 ലക്ഷത്തിലധികം ആളുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പാർട്ടി വക്താവ് അശുതോഷ് റാങ്ക അവകാശപ്പെട്ടു. തെരുവ് നിറയെ യുവാക്കള്‍ ഇന്നലെ രാത്രിമുതല്‍ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെ ഇന്നും പ്രദേശത്തെ യുവാക്കളുടെ എണ്ണം കൂടിവരികയാണ്. ഇതോടെ പ്രദേശത്ത് അഭൂതപൂര്‍വമായ സുരക്ഷയാണ് ഡല്‍ഹി പൊലീസ് തീര്‍ത്തിരിക്കുന്നത്. ജന്തര്‍ മന്തറിലേക്കു പ്രവേശിക്കുന്ന എല്ലാ വഴികളും പൊലീസ് പൂര്‍ണമായി അടച്ചുപൂട്ടി. കണ്ണീര്‍വാതകം പ്രയോഗിക്കാന്‍ സജ്ജമാക്കിയ വാഹനങ്ങളും വന്‍ പൊലീസ് സന്നാഹവും ബാരിക്കേഡുകള്‍ക്കു കാവലുണ്ട്.
അതിനിടെ, നിരാഹാര സമരത്തെ തുടര്‍ന്ന് ആരോഗ്യനില മോശമായ ആക്ടിവിസ്റ്റ് സോനം വാങ്ചുക്കും പിന്നോട്ടില്ലെന്നെ സൂചനയാണ് നല്‍കുന്നത്. സമരം അവസാനിപ്പിക്കാന്‍ മൂന്ന് ഉപാധികളാണ് അദ്ദേഹം മുന്നോട്ട് വയ്ക്കുന്നത്. അനുഭാവികള്‍ക്കായി എഴുതിയ തുറന്ന കത്തിലാണ് വാങ്ചുക് തന്റെ ഉപാധികള്‍ മുന്നോട്ട് വയ്ക്കുന്നത്. 20 ദിവസത്തിലേറെയായി നിരാഹാര സമരം നടത്തുന്ന വാങ്ചുകിന്റെ ആരോഗ്യനില മോശമായതിന് പിന്നാലെ ജന്തര്‍ മന്തറിലെ പ്രതിഷേധ സ്ഥലത്ത് നിന്ന് ബലം പ്രയോഗിച്ച് നീക്കിയിരുന്നു. പിന്നാലെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് താന്‍ 'നിയമവിരുദ്ധ തടങ്കലില്‍' ആണെന്ന് അവകാശപ്പെടുന്ന കത്ത് പുറത്തുവിട്ടത്.
സമരം അവസാനിപ്പിക്കാന്‍ മുന്നോട്ട് വച്ച ഉപാധികളില്‍ തന്റെ ആവശ്യങ്ങള്‍ പാലിക്കപ്പെടുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കണം എന്നും അദ്ദേഹം പറയുന്നു.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണം.
ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് രാഷ്ട്രീയ നേതാക്കള്‍ ഉറപ്പുനല്‍കണം.
മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച് ആദ്യത്തെ രണ്ട് ആവശ്യങ്ങള്‍ പരിഹരിക്കുമെന്ന് വ്യക്തിപരമായി ഉറപ്പുനല്‍കണം.
എന്നിവയാണ് അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍. ഇക്കാര്യം വ്യക്തമാക്കുന്ന വിശദമായ കുറിപ്പും അദ്ദേഹം എക്‌സില്‍ പങ്കുവച്ചു.
''പ്രിയ സുഹൃത്തുക്കളെ, അനുഭാവികളെ, ഞാന്‍ എപ്പോഴാണ് നിരാഹാര സമരം അവസാനിപ്പിക്കുക എന്ന് നിങ്ങളില്‍ പലരും ചോദിച്ചിട്ടുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ രംഗത്തെ സമീപകാല പരാജയങ്ങളുടെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കുകയോ, അല്ലെങ്കില്‍ പാര്‍ലമെന്റില്‍ എത്തുന്ന പാര്‍ലമെന്റ് അംഗങ്ങള്‍ ഈ വിഷയം ഉന്നയിക്കുമെന്ന് ഉറപ്പ് നല്‍കുകയോ ചെയ്താല്‍ സമരം അവസാനിപ്പിക്കും. എന്റെ ആരോഗ്യാവസ്ഥയോ മറ്റ് ഘടകങ്ങളോ സമരം തുടരുന്നതിനു തടസമായാല്‍, വിവിധ പാര്‍ട്ടികളിലെ എംപിമാരും നേതാക്കളും ആശുപത്രിയില്‍ തന്നെ വന്ന് കണ്ട് ഇതേ ഉറപ്പ് നല്‍കിയാലും സമരം അവസാനിപ്പിക്കും. എന്റെ സഞ്ചാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും എല്ലാ ആശയവിനിമയങ്ങളും തടഞ്ഞിരിക്കുന്ന, സഫ്ദര്‍ജങ് ആശുപത്രിയിലെ നിയമവിരുദ്ധ തടങ്കലില്‍ നിന്ന്'' സോനം വാങ്ചുക്ക് എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
തങ്ങളുടെ പ്രതിഷേധവും മാർച്ചും സമാധാനപരമായിരിക്കുമെന്നും എല്ലാവിധ നിയമങ്ങളും പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർ പാലിക്കണമെന്നും അഭിജിത്ത് ദീപ്കെ പറഞ്ഞു. അതിനിടെ, ജന്തർ മന്തറിൽ നിന്ന് മാറ്റിയിട്ടും വാങ്ചുകിന്റെ അനിശ്ചിതകാല നിരാഹാര സമരം സഫ്ദർജംഗ് ആശുപത്രിയിൽ തുടരുകയാണെന്നും അഭിജിത്ത് ദീപ്കെ അറിയിച്ചു.
എന്നാൽ പാർലമെന്റിലേക്ക് സിജെപി നടത്താനിരുന്ന മാർച്ചിന് അനുമതി തേടുകയോ അനുവാദം നൽകുകയോ ചെയ്തിട്ടില്ലെന്ന് ഡൽഹി പൊലീസ് ഞായറാഴ്ച അറിയിച്ചു. മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി ദേശീയ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. മുൻകൂർ അനുമതിയോടെ ജന്തർ മന്തറിലെ നിയുക്ത പ്രതിഷേധ സ്ഥലത്ത് ഒഴികെ ആളുകൾ സംഘം ചേരുന്നത് നിരോധിച്ചതായും പൊലീസ് ഉത്തരവിൽ പറയുന്നു.
The CJP will hold its 'Chalo Sansad' march to Parliament today, demanding Union Education Minister Dharmendra Pradhan's resignation over the NEET exam irregularities. The protesters are also seeking a judicial inquiry into the alleged irregularities and comprehensive reforms in India's education system. Security has been tightened in Delhi, while police said no permission has been granted for the march to Parliament.