

രാജ്യത്ത് പെട്രോൾ, ഡീസൽ, പാചകവാതക വില വർധന ഉടൻ ഉണ്ടായേക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളിൽനിന്നുള്ള വിവരം. പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനാൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ധനവിലയും പാചകവാതക വിലയും ഉയർത്താൻ ആലോചിക്കുന്നത്.
ബ്രെന്റ് ക്രൂഡ് വില 105 ഡോളറിലേക്ക് എത്തി. ഇനിയും ഉയരാനാണ് സാധ്യത. ഹോർമുസ് കടലിടുക്കിൽ ചരക്ക് ഗതാഗതത്തിനു പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ക്രൂഡ് ഓയിൽ വില ഉടൻ ഉയർന്നേക്കും. ഈ സാഹചര്യത്തിൽ വില വർധിപ്പിക്കണമെന്ന എണ്ണക്കമ്പനികളുടെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചെന്നാണ് സൂചന.
''ബ്രെന്റ് ക്രൂഡ് വില 105 ഡോളറിനു മുകളിലെത്തി. മേയ് 15 നു ശേഷം ഇന്ധനവില വർധിക്കാൻ സാധ്യതയുണ്ട്. നിലവിൽ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്,'' ചീഫ് ഇക്കണോമിസ്റ്റ് മനോരഞ്ജൻ ശർമ പറഞ്ഞു.
പെട്രോൾ, ഡീസൽ വില നാലോ അഞ്ചോ രൂപ വർധിപ്പിക്കാനാണ് സാധ്യതയെന്ന് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു. രണ്ടോ മൂന്നോ രൂപ വർധിപ്പിച്ച് ജൂൺ ഒന്നിനു വീണ്ടും സമാന രീതിയിൽ വർധനവ് ആവർത്തിക്കാനും പദ്ധതിയുണ്ട്. പാചകവാതകത്തിനും വില വർധിപ്പിക്കും. 40-50 രൂപയായിരിക്കും സിലിണ്ടറിനു കൂട്ടുക. തങ്ങൾക്കു 30,000 കോടി ഓരോ മാസവും നഷ്ടമുണ്ടെന്നാണ് വില വർധനവിനു ന്യായീകരണമായി എണ്ണക്കമ്പനികൾ പറയുന്നത്.
പെട്രോൾ, ഡീസൽ, പാചകവാതക വിലയും എല്ലാ മാസവും ഒന്നിനാണ് സാധാരണയായി പുതുക്കുക. ഇസ്രയേൽ-ഇറാൻ സംഘർഷവും യുഎസിന്റെ ഇടപെടലും കാരണം പശ്ചിമേഷ്യയിൽ പ്രതിസന്ധി രൂക്ഷമായി തുടരുമ്പോൾ അടിയന്തരമായി വില വർധനവ് നടപ്പിലാക്കുകയാണ് എണ്ണക്കമ്പനികളുടെ ലക്ഷ്യം.
English summary:
Petrol, diesel and LPG prices in India are likely to increase soon as global crude oil prices surge amid the ongoing West Asia crisis. Brent crude has crossed $105 per barrel, and oil companies are reportedly seeking a price hike to offset heavy losses. Petrol and diesel prices may rise by ₹4–₹5, while LPG cylinder prices could increase by ₹40–₹50. If implemented, the hike could affect transport costs and household budgets across the country. Officials say further revisions may depend on global crude price movements in the coming weeks.