

തമിഴക വെട്രി കഴകം (TVK) എന്ന പാർട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച നടൻ വിജയ്‌ക്കെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് നടൻ പ്രകാശ് രാജ് രംഗത്തെത്തി. സിനിമയിലെ പ്രശസ്തിയും രാഷ്ട്രീയപ്രവർത്തനവും തീർത്തും വ്യത്യസ്തമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വെള്ളിത്തിരയിൽ ഡോക്ടറോ എൻജിനീയറോ മുഖ്യമന്ത്രിയോ ഒക്കെയാകാൻ എളുപ്പമാണെന്നും എന്നാൽ യഥാർത്ഥ രാഷ്ട്രീയത്തിൽ ഇറങ്ങിയ ഉടൻ മുഖ്യമന്ത്രിയാകാമെന്ന് കരുതുന്നത് അബദ്ധമാണെന്നും പ്രകാശ് രാജ് പരിഹസിച്ചു. സിനിമാ മോഡൽ രാഷ്ട്രീയം ജനങ്ങൾക്കിടയിൽ വിജയിക്കില്ലെന്ന വ്യക്തമായ സൂചനയാണ് അദ്ദേഹം നൽകിയത്.
വിജയിനോടുള്ള ജനങ്ങളുടെ ആരാധനയെ രാഷ്ട്രീയ നേട്ടത്തിനായി ചൂഷണം ചെയ്യുകയാണോ എന്ന് പ്രകാശ് രാജ് ചോദിച്ചു. കഴിഞ്ഞ കാലങ്ങളിൽ തമിഴ്നാട്ടിലെ ജനങ്ങളോ ഭാഷയോ നേരിട്ട പ്രതിസന്ധികളിൽ വിജയ് എപ്പോഴെങ്കിലും ഇടപെട്ടിട്ടുണ്ടോ എന്ന് അദ്ദേഹം ആരാഞ്ഞു. കട്ടൗട്ടുകൾ വെച്ചും വിസിലടിച്ചും സിനിമാതാരങ്ങളോട് സ്നേഹം പ്രകടിപ്പിക്കുന്ന ജനങ്ങൾ, പക്ഷേ നാടിന്റെ അധികാരം അത്ര വേഗത്തിൽ ആർക്കും വിട്ടുകൊടുക്കില്ല. സീമാനെപ്പോലെയുള്ള നേതാക്കൾ വർഷങ്ങളായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നുണ്ടെന്നും, അത്തരം കഠിനാധ്വാനമില്ലാതെ സിനിമയുടെ തിളക്കത്തിൽ മാത്രം രാഷ്ട്രീയത്തിൽ ശോഭിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയം ജനങ്ങൾ ചെയ്യേണ്ട ഒന്നാണ് വിജയിച്ചവർ ജനങ്ങൾക്ക് വേണ്ടി ജോലി ചെയ്യണം. ദ്രവീഡിയൻ മാതൃകയാണോ അതോ സിനിമാ മാതൃകയാണോ വേണ്ടതെന്ന് ജനങ്ങൾ ചിന്തിക്കണം. ഇന്ത്യയിലെ നിലവിലെ സാഹചര്യം മാറണമെങ്കിൽ ജയിച്ചവർ രാഷ്ട്രീയക്കളി നിർത്തണമെന്നും ജനപക്ഷത്ത് നിൽക്കണം. സിനിമയിലെ സ്നേഹവും രാഷ്ട്രീയത്തിലെ നിലപാടും രണ്ടായി തന്നെ കാണണം - താരം വ്യക്തമാക്കി.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കേവലം മുന്നണികൾ തമ്മിലുള്ള പോരാട്ടമല്ലെന്നും അത് രാജ്യത്തെ ഐക്യവും ഭിന്നിപ്പും തമ്മിലുള്ള യുദ്ധമാണെന്നും പ്രകാശ് രാജ് നിരീക്ഷിച്ചു. ഹിന്ദി അടിച്ചേൽപ്പിക്കലിനും നീറ്റ് പരീക്ഷയ്ക്കും എതിരെ തമിഴ്നാട് എക്കാലവും മാതൃകാപരമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇത്തരം വിഷയങ്ങളിൽ ശക്തമായി പ്രതികരിക്കുന്നവർക്ക് വേണം ജനങ്ങൾ വോട്ട് ചെയ്യാൻ. ജനങ്ങൾ രാഷ്ട്രീയമായി ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണിതെന്നും ഐക്യത്തിന്റെ പക്ഷത്ത് നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
വിജയ് മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തിന് കൃത്യമായ ഒരു പ്രത്യയശാസ്ത്രം ഉണ്ടോ എന്നതാണ് മറ്റൊരു വിഷയം. 'ദ്രവീഡിയൻ മോഡൽ' പോലെ ശക്തമായ അടിത്തറയുള്ള രാഷ്ട്രീയത്തോട് മത്സരിക്കാൻ വിജയ്‌യുടെ പാർട്ടിക്ക് കഴിയുമോ? തമിഴ് ദേശീയതയ്ക്കും ദ്രവീഡിയൻ രാഷ്ട്രീയത്തിനും ഇടയിൽ വിജയ് എവിടെ നിൽക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി.
English Summary: Prakash Raj strongly criticizes Vijay, stating that success in cinema cannot guarantee political victory. He questions Vijay’s political ideology and warns that voters won’t be swayed by star power alone.