

അയോധ്യ രാമക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കവേ, മഥുരയിലെ ശ്രീ കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിലെ സംഭാവനകൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടും സമാനമായ ആരോപണങ്ങൾ ഉയരുകയാണ്. ശ്രീകൃഷ്ണ ജന്മഭൂമി പ്രസ്ഥാനവുമായി ബന്ധപ്പെട്ട്, പൂജാരി ദിനേഷ് മഹാരാജ് ആണ്, ക്ഷേത്ര ഭരണസമിതിക്കെതിരെ സാമ്പത്തിക ക്രമക്കേടുകൾ ആരോപിക്കുകയും ക്ഷേത്രത്തിന്റെ സംഭാവന, വരുമാന സംവിധാനങ്ങളെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നത്. എന്നാൽ പൂജാരിക്കെതിരെ ക്ഷേത്ര മാനേജ്മെന്റും രംഗത്തെത്തിയിട്ടുണ്ട്.
ഭക്തർ മഥുരയിൽ നൽകുന്ന സംഭാവനകൾ കൃത്യമായി കണക്കിൽപ്പെടുത്തുന്നില്ലെന്ന് ആരോപിച്ച് ദിനേഷ് മഹാരാജ് ബുധനാഴ്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സ്വന്തം ചോരയിൽ കത്തെഴുതി നൽകിയിരുന്നു. ക്ഷേത്ര ഭരണസമിതിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു.
എന്നാൽ ഇതിന് പിന്നാലെ പൂജാരിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ക്ഷേത്ര മാനേജ്മെന്റ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് നൽകി. അയോധ്യയിൽ ക്രമക്കേടുകൾ ഉണ്ടായപ്പോൾ പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിച്ചതിന് സമാനമായ രീതിയിൽ മധുരയിലും അന്വേഷണം വേണമെന്നാണ് മാനേജ്മെന്റിന്റെ ആവശ്യം.
കാണിക്കവഞ്ചിയും അമൂല്യവസ്തുക്കളടങ്ങുന്ന സംഭാവനപ്പെട്ടികളുമൊക്കെ തുറക്കുമ്പോൾ ക്യാമറകൾ ഓഫ് ചെയ്യുമെന്നാണ് മഹാരാജ് ആരോപിക്കുന്നത്. ഇത്തരം പ്രവണതകൾ സുതാര്യതയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നുണ്ടെന്നും ഭക്തർ സമർപ്പിക്കുന്ന വഴിപാടുകൾ വകമാറ്റി ചെലവഴിക്കപ്പെടാനുള്ള സാധ്യത സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ക്ഷേത്ര ഭരണസമിതിയുമായി ബന്ധപ്പെട്ട ചില വ്യക്തികൾ വർഷങ്ങളായി വൻതോതിൽ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണ് മഹാരാജ് ആരോപിക്കുന്നത്. ഒരുകാലത്ത് സാധാരണ ജീവിതം നയിക്കുകയും സ്കൂട്ടറുകളിൽ യാത്ര ചെയ്യുകയും ചെയ്തിരുന്ന ചില ജീവനക്കാർക്ക് ഇപ്പോൾ ആഡംബര വീടുകളും വിലകൂടിയ വാഹനങ്ങളും ഉണ്ടെന്ന് അദ്ദേഹം പറയുന്നു. എന്നാൽ ഈ ആരോപണങ്ങൾ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന സ്വർണ്ണം, വെള്ളി ആഭരണങ്ങളുടെ കണക്കുകളും കൃത്യമായി സൂക്ഷിക്കുന്നില്ലെന്ന് മഹാരാജ് ആരോപിക്കുന്നുണ്ട്. ക്ഷേത്രത്തിന് ലഭിക്കുന്ന വിലയേറിയ വഴിപാടുകളെക്കുറിച്ചുള്ള സുതാര്യതയിൽ വലിയ കുറവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭഗവാൻ കൃഷ്ണന് സമർപ്പിക്കുന്ന 56 തരം പരമ്പരാഗത നിവേദ്യങ്ങളായ 'ഛപ്പൻ ഭോഗ്' പോലുള്ള ക്രമീകരണങ്ങളിൽ വലിയ തോതിൽ കമ്മീഷൻ ഇടപാടുകൾ നടക്കുന്നതായും അദ്ദേഹം മാനേജ്‌മെന്റിനെതിരെ ആരോപണം ഉന്നയിച്ചു. ഇത്തരം പ്രവർത്തനങ്ങളിൽ 70 ശതമാനം വരെ കമ്മീഷൻ ഈടാക്കുന്നതായാണ് അദ്ദേഹം പറയുന്നത്. ക്ഷേത്ര ഭാരവാഹികളുടെയും ജീവനക്കാരുടെയും സ്ഥാവര ജംഗമ വസ്തുക്കളെ കുറിച്ച് അന്വേഷണം നടത്തണമെന്നും പൂജാരി ആവശ്യമുന്നയിക്കുന്നുണ്ട്.
ക്ഷേത്ര ഭരണസമിതിയുമായി ബന്ധപ്പെട്ട നിരവധി വ്യക്തികൾ വർഷങ്ങളായി ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും വലിയ തോതിൽ സ്വത്തുക്കൾ സമ്പാദിച്ചിട്ടുണ്ടെന്നാണ് ദിനേഷ് മഹാരാജ് അവകാശപ്പെടുന്നത്. ഇവരുടെ വരുമാന സ്രോതസ്സ് പരിശോധിക്കണമെന്നും ഈ സ്വത്തുക്കൾ അവരുടെ വരുമാന മാർഗ്ഗങ്ങൾക്ക് അനുസൃതമാണോ എന്ന് കണ്ടെത്തണമെന്നും അദ്ദേഹം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
"ക്ഷേത്ര മാനേജ്‌മെന്റുമായി ബന്ധപ്പെട്ട പല ഭാരവാഹികൾക്കും നൈനിറ്റാൾ മുതൽ ഡൽഹി വരെയുള്ള സ്ഥലങ്ങളിൽ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളുണ്ട്. പൊതുജനശ്രദ്ധ മുഴുവൻ അയോധ്യയിലെ സംഭാവന വിവാദത്തിലേക്കാണ് തിരിഞ്ഞിരിക്കുന്നത്, എന്നാൽ മഥുര ക്ഷേത്രത്തിലെ സംഭാവനകൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടും സമാനമായ ചോദ്യങ്ങൾ ഉയരേണ്ടതുണ്ട്," അദ്ദേഹം പറയുന്നു.
ഈ വിഷയത്തിൽ കർശന നടപടി സ്വീകരിക്കണമെന്നും സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും അദ്ദേഹം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യർത്ഥിച്ചു. "യോഗി ജിയുടെ ഭരണത്തിന് കീഴിൽ അഴിമതിയിൽ പങ്കാളികളായ ആർക്കും രക്ഷപ്പെടാനാകില്ല. ഈ ആരോപണങ്ങളെ അദ്ദേഹം ഗൗരവമായി പരിശോധിച്ച് നടപടിയെടുക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.
സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടില്ലെങ്കിൽ, വിഷയത്തിൽ കോടതി ഇടപെടൽ ആവശ്യപ്പെട്ട് താൻ ഹൈക്കോടതിയെ സമീപിക്കുമെന്നും പുതിയ ഹർജി ഫയൽ ചെയ്യുമെന്നും ദിനേഷ് മഹാരാജ് മുന്നറിയിപ്പ് നൽകുന്നുണ്ട്. ക്ഷേത്ര ഭരണസമിതിയുമായി ബന്ധപ്പെട്ട വ്യക്തികളുടെ അനുയായികൾ തനിക്ക് നേരെ ഭീഷണികൾ ഉയർത്തുന്നുണ്ടെന്ന് ആരോപിച്ച ദിനേഷ് മഹാരാജ്, തനിക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ഉടൻ തന്നെ മുഖ്യമന്ത്രിക്ക് കത്തെഴുതുമെന്നും പറഞ്ഞു.
അതേസമയം പൂജാരിയുടെ ആരോപണങ്ങളോട് ശ്രീ കൃഷ്ണ ജന്മഭൂമി ക്ഷേത്ര ഭരണസമിതി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇദ്ദേഹത്തിന്ർറെ അവകാശവാദങ്ങൾ ഇതുവരെ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല, കൂടാതെ ക്ഷേത്രത്തിന്റെ സാമ്പത്തിക മാനേജ്‌മെന്റിൽ ക്രമക്കേടുകൾ ഉള്ളതായി ഒരു സർക്കാർ ഉദ്യോഗസ്ഥനും പരസ്യമായി സ്ഥിരീകരിച്ചിട്ടുമില്ല.
ശ്രീ കൃഷ്ണ ജന്മഭൂമി ട്രസ്റ്റിലെ വളരെ ശ്രദ്ധേയനായ ഒരു വ്യക്തിത്വമാണ് ദിനേഷ് 'ഫലാഹാരി' മഹാരാജ്. കൃഷ്ണ ജന്മഭൂമി പ്രദേശം മുക്തമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി, നാല് വർഷമായി ധാന്യങ്ങൾ കൊണ്ടുള്ള ആഹാരം കഴിച്ചിട്ടില്ലെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.
കഴിഞ്ഞ വർഷം, ബാഗേശ്വർ ബാബ എന്ന പേരിൽ പ്രശസ്തനായ ധീരേന്ദ്ര ശാസ്ത്രി നയിച്ച ഒരു മതപരമായ യാത്രയ്ക്കിടെ ദിനേഷ് മഹാരാജ് എഴുതിയ ഒരു കത്ത് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. യാത്രയിലും മറ്റ് സനാതന മതപരമായ ഘോഷയാത്രകളിലും മുസ്‌ലിംകളുടെ പങ്കാളിത്തം പൂർണ്ണമായി നിരോധിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. ഈ വർഷം, ഹോളി ആഘോഷങ്ങൾക്ക് മുന്നോടിയായി മുസ്‌ലിംകൾ കളർ പൊടികൾ വിൽക്കുന്നത് നിരോധിക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോടും ആവശ്യപ്പെടുകയുണ്ടായി.
Summary: While the investigation into the alleged financial irregularities at Ayodhya’s Ram Temple is underway, similar allegations are surfacing regarding the handling of donations at the Shri Krishna Janmabhoomi Temple in Mathura. Associated with the Shri Krishna Janmabhoomi movement, priest Dinesh Maharaj has accused the temple management of financial irregularities and demanded a CBI probe into the temple's donation and revenue systems. However, the temple management has also come out against the priest. Alleging that the donations made by devotees in Mathura are not being properly accounted for, Dinesh Maharaj had written a letter in his own blood to Uttar Pradesh Chief Minister Yogi Adityanath on Wednesday. Through the letter, he demanded a comprehensive investigation into the functioning of the temple administration.