

ആം ആദ്മി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന രാജ്യസഭാ എം പി സന്ദീപ് പഥക്കിനെതിരെ കേസെടുത്തത് പഞ്ചാബില്‍ പുതിയ രാഷ്ട്രീയ വാക്പോരിന് വഴിയൊരുക്കുന്നു. രണ്ട് എഫ്.ഐ.ആറുകളാണ് പഞ്ചാബ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എംപിക്ക് എതിരായ കേസുമായി ബന്ധപ്പെട്ട് പഞ്ചാബ് പൊലീസ് ശനിയാഴ്ച രാവിലെ ഡല്‍ഹിയിലെത്തിയിരുന്നു. പഥകിനെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് വിവരം.
രാഘവ് ചദ്ദ ഉള്‍പ്പെടെ എഎപിയുടെ ഏഴ് രാജ്യസഭാ എം.പിമാര്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ ഉണ്ടായിട്ടുള്ള പുതിയ സംഭവ വികാസങ്ങള്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയിട്ടുണ്ട്. പൊലീസ് നടപടി രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമാണെന്ന് ബിജെപിയും അകാലി ദളും ആരോപിച്ചു. പഞ്ചാബ് പൊലീസിന്റെ നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് പഞ്ചാബ് ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് അശ്വനി ശര്‍മ്മ കുറ്റപ്പെടുത്തി. കെജ്‌രിവാളും ഭഗവന്ത് മനും പൊലീസിനെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുതിയ കേസുകളെന്നും അദ്ദേഹം പറഞ്ഞു.
2027 ന്റെ തുടക്കത്തിൽ പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ സംഭവികാസങ്ങളെന്നത് ശ്രദ്ധേയമാണ്. ഏഴ് എംപിമാരെ പിടിച്ചതിനുപിന്നാലെ പഞ്ചാബ് എഎപി പിളർത്തി ഭരണം നേടാൻ ബിജെപി ശ്രമിക്കുന്നുവെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്.
ധൗള ആസ്ഥാനമായുള്ള ട്രൈഡന്റ് ഗ്രൂപ്പിന്റെ യൂണിറ്റില്‍ പഞ്ചാബ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് (പി.പി.സി.ബി) നടത്തിയ റെയ്ഡിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ നടപടികളെന്നാണ് വിലയിരുത്തല്‍. ഏപ്രില്‍ 30ന് ആയിരുന്നു പരിശോധന. പഥകിനൊപ്പം എ.എ.പി വിട്ട് ബി.ജെ.പിയില്‍ചേര്‍ന്ന രാജ്യസഭാ എം.പി രജീന്ദര്‍ ഗുപ്ത കമ്പനിയുടെ എമരിറ്റസ് ചെയര്‍മാനാണ്.
രാഘവ് ചദ്ദ, സ്വാതി മലിവാള്‍, രജിന്ദര്‍ ഗുപ്ത, വിക്രംജിത് സിങ് സാഹ്നി, ഹര്‍ബജന്‍ സിങ്, അശോക് മിത്തല്‍ എന്നിവരാണ് സന്ദീപ് പഥക്കിന് പുറമേ എഎപി വിട്ടതും ബിജെപിയില്‍ ചേര്‍ന്നതും. ഒരു വര്‍ഷത്തിനകം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പഞ്ചാബിലെ കൂറുമാറ്റം എഎപി ക്യാംപില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എഎപിയുടെ പ്രതിരോധ നീക്കം. എഎപിയുടെ രാഷ്ട്രീയ തന്ത്രജ്ഞന്‍ എന്ന് വിലയിരുത്തപ്പെട്ടിരുന്ന സന്ദീപ് പഥക്കിനെ പാളയത്തിലെത്തിക്കാന്‍ സാധിച്ചെന്ന ബിജെപിയ്ക്കുള്ള രാഷ്ട്രീയ മറുപടി കൂടിയാണ് കേസെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. 117 സീറ്റുകളുള്ള സംസ്ഥാനത്ത് നിലവില്‍ 92 സീറ്റുകല്‍ എഎപിക്ക് സ്വന്തമായുണ്ട്. ബിജെപിക്ക് രണ്ടും, ശിരോമണി അകാലിദളിന് മൂന്ന് സീറ്റുകളുമാണുള്ളത്.
English Summery: Punjab Police have filed two FIRs against Rajya Sabha MP Sandeep Pathak, shortly after he defected from the Aam Aadmi Party (AAP) to the Bharatiya Janata Party (BJP). While details of the cases are not yet public, Pathak is among seven MPs who switched sides, citing a shift in AAP’s core values. The move has significantly reduced AAP’s strength in the Rajya Sabha to three members.