ദി ടെലഗ്രാഫ് മുൻ എഡിറ്റർ ആർ രാജഗോപാലിന്റെ പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കൊൽക്കത്ത പോലീസിന്റെ ഉറപ്പിന് പിന്നാലെയാണ് മാസങ്ങളായി തടഞ്ഞുവെച്ചിരുന്ന പാസ്‌പോർട്ട് നടപടികൾ വേഗത്തിലായത്. ഡിസ്ട്രിക്റ്റ് കൺട്രോൾ സെക്യൂരിറ്റി സെൽ (DCSC) റീജിയണൽ പാസ്‌പോർട്ട് ഓഫീസിന് അനുകൂലമായ പരിശോധനാ റിപ്പോർട്ട് കൈമാറിയതായി അധികൃതർ വ്യക്തമാക്കി.
നിലവിൽ പോലീസിന്റെ റിപ്പോർട്ട് ലഭിച്ചുവെന്നും പാസ്‌പോർട്ട് അച്ചടിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചെന്നുമാണ് അപേക്ഷയുടെ ഔദ്യോഗിക വിവരങ്ങളിൽ പറയുന്നത്. ഇതിന് ശേഷം ലാമിനേഷൻ, ഒപ്പുവെക്കൽ തുടങ്ങിയ നടപടികൾ പൂർത്തിയാക്കി പാസ്‌പോർട്ട് കൈമാറും.
കഴിഞ്ഞ ഏപ്രിൽ മാസം മുതലാണ് രാജഗോപാലിന്റെ പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള അപേക്ഷ പ്രതിസന്ധിയിലായത്. മൂന്ന് പതിറ്റാണ്ടിലേറെയായി കൊൽക്കത്തയിലെ ബല്ലിഗഞ്ചിൽ സ്ഥിരതാമസക്കാരനായ അദ്ദേഹത്തിന്റെ പേര്, പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുതുക്കുന്ന പ്രക്രിയയായ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ (SIR) ഭാഗമായി പട്ടികയിൽ നിന്നും നീക്കം ചെയ്യപ്പെട്ടതാണ് പാസ്‌പോർട്ട് പ്രതിസന്ധിക്ക് കാരണമായത്.
ഫെബ്രുവരിയിലാണ് ഇരുപത് വർഷം പഴക്കമുള്ള പാസ്‌പോർട്ട് പുതുക്കുന്നതിനായി രാജഗോപാൽ അപേക്ഷ നൽകിയത്. മാർച്ച് 19-ന് ബയോമെട്രിക് നടപടികൾ പൂർത്തിയാക്കിയെങ്കിലും പൊലീസ് വെരിഫിക്കേഷൻ വൈകുകയായിരുന്നു. പാസ്‌പോർട്ട് ലഭിക്കാൻ വോട്ടർ ഐഡി നിർബന്ധമല്ലെന്നിരിക്കെ, എസ്ഐആർ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ട ആളാണെന്ന കാരണം കാണിച്ച് റീജിയണൽ പാസ്‌പോർട്ട് ഓഫീസിൽ നിന്നും പ്രതികൂല റിപ്പോർട്ടാണ് ആദ്യം നൽകിയത്. ഇതേത്തുടർന്ന് പാസ്‌പോർട്ട് ലഭിക്കാത്തതിനാൽ അമേരിക്കയിൽ നടന്ന മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.
ഇന്ത്യക്കാരനാണെന്ന് തെളിയിക്കുന്നതിനായി 1983-ലെ തന്റെ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും അധികൃതർ അത് സ്വീകരിച്ചിരുന്നില്ലെന്ന് രാജഗോപാൽ പറഞ്ഞു. തുടർന്ന് പ്രതികൂല റിപ്പോർട്ട് മറികടക്കുന്നതിനായി 1978-ൽ അന്തരിച്ച അമ്മയുടെ പഴയ സ്കൂൾ രേഖകൾ തേടി തിരുവനന്തപുരത്തും, പിതാവിന്റെ വിവരങ്ങൾ ശേഖരിക്കാനും അദ്ദേഹം നിർബന്ധിതനാവുകയായിരുന്നു. വോട്ടവകാശം നിഷേധിക്കപ്പെട്ടതിനെതിരെയുള്ള അദ്ദേഹത്തിന്റെ അപ്പീൽ നിലവിൽ ട്രിബ്യൂണലിന്റെ പരിഗണനയിലാണ്.
രാജ്യത്തെ അറിയപ്പെടുന്ന ഒരു മുൻ പത്രാധിപരായ തനിക്ക് സ്വന്തം പൗരത്വം തെളിയിക്കാൻ ഈ രീതിയിൽ അലയേണ്ടി വന്നെങ്കിൽ, പാർശ്വവത്കരിക്കപ്പെട്ട സാധാരണക്കാരുടെ അവസ്ഥ എത്രയോ ഭീകരമായിരിക്കുമെന്ന് അദ്ദേഹം മാഡിസം ഡിജിറ്റലിന് നൽകിയ അഭിമുഖത്തിൽ ചോദിച്ചിരുന്നു. വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടപ്പെട്ട സാധാരണക്കാർക്ക് സർക്കാർ ക്ഷേമപദ്ധതികൾ വരെ നിഷേധിക്കപ്പെട്ടേക്കാമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. സ്വന്തം രാജ്യത്ത് പൗരത്വവും അവകാശങ്ങളും സ്ഥാപിച്ചെടുക്കാൻ മാസങ്ങളോളം നീണ്ട പോരാട്ടം നടത്തിയതിനൊടുവിലാണ് കൊൽക്കത്ത പൊലീസ് വിഷയത്തിൽ ഇടപെട്ടതും രാജഗോപാലിന്റെ പാസ്‌പോർട്ട് നടപടികളിലെ തടസ്സങ്ങൾ നീങ്ങിയതും.
The passport renewal process for R. Rajagopal, former editor of The Telegraph, has finally commenced after months of delays and a gruelling struggle to prove his Indian citizenship. The issue stemmed from his name being deleted from the West Bengal electoral rolls during the Special Intensive Revision (SIR), despite him being a resident of Kolkata for over 30 years.