

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്‍ഡോറില്‍ നടത്തിയ 'ഛാത്രോം കി ഗൂഞ്ച് ' പരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകരിച്ച് നടത്തിയ പരിഹാസപ്രകടനത്തില്‍ വിവാദം കനക്കുന്നു. സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ പുല്‍ക്കിത് മണി മോദിയുടെ സംസാരശൈലിയും ശരീരഭാഷയും അനുകരിച്ചതിന് പിന്നാലെയാണ് രാഷ്ട്രീയ വിവാദത്തിന് തുടക്കമായത്. വിവാദം ഒരു ദിവസം പിന്നിട്ടപ്പോള്‍ പുല്‍ക്കിത് മണിക്കെതിരെ ഭീഷണിയും ഉയര്‍ന്നിട്ടുണ്ട്.
പരിപാടിക്ക് പിന്നാലെ ഫോണിലൂടെ ഭീഷണികള്‍ ലഭിച്ചതായാണ് വെളിപ്പെടുത്തല്‍. ഭീഷണിയുടെ പശ്ചാത്തലത്തില്‍ മൂന്ന് ഷോകള്‍ റദ്ദാക്കിയെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് സ്റ്റോറിയില്‍ പുല്‍കിത് മണി പ്രതികരിച്ചു. കാണ്‍പൂര്‍, ലഖ്‌നൗ എന്നിവിടങ്ങളിലെ ഷോകളാണ് റദ്ദാക്കിയത്. 'പ്രതീക്ഷിക്കാത്ത ചില സാഹചര്യങ്ങള്‍ കാരണം നോയിഡയിലെ എന്റെ ഷോ റദ്ദാക്കേണ്ടി വന്നതില്‍ ഖേദിക്കുന്നു. പ്രേക്ഷകര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ആത്മാര്‍ത്ഥമായി മാപ്പു ചോദിക്കുന്നു,' - പുല്‍കിത് മണി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനങ്ങള്‍, സംസാരിക്കുന്ന രീതി, ശൈലികള്‍ എന്നിവയെ അനുകരിച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിക്കൊപ്പം പുല്‍കിതിന്റെ പ്രകടനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗശൈലിയും വിദേശ നേതാക്കളോടുള്ള ആലിംഗനം എന്നിവയായിരുന്നു പുല്‍കിതും രാഹുല്‍ ഗാന്ധിയും അനുകരിച്ചത്. വേദിയിലെത്തിയ പുല്‍കിത് ചിരിച്ചുകൊണ്ട് 'മൈ ഫ്രണ്ട്, ഹൗ ആര്‍ യൂ' എന്ന് പറഞ്ഞ് രാഹുലിനെ കെട്ടിപ്പിടിച്ചു. രാഹുല്‍ ' ഐ ആം ഫൈന്‍, ഹൗ ആര്‍ യൂ മോദിജി' എന്ന് തിരികെ ചോദിച്ചു. കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച വീഡിയോയ്ക്ക് വന്‍ പ്രതികരണമാണ് ലഭിച്ചത്.
പിന്നാലെ ബിജെപി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. കോണ്‍ഗ്രസ് മിമിക്രിക്കാരുടെ സംഘമായി മാറിയെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പ്രതികരിച്ചു. പരിപാടിയില്‍ മോദിയുടെ മാതാവിനെ പരാമര്‍ശിച്ചും പരിഹാസമുണ്ടായി. പ്രധാനമന്ത്രിയുടെ അമ്മ രാഷ്ട്രീയ പരിഹാസത്തിനുള്ള വിഷയമല്ലെന്നും ഹാസ്യകലാകാരന്മാരെയും പരിഹാസപ്രകടനങ്ങളെയും രാഷ്ട്രീയ വേദിയില്‍ പ്രോത്സാഹിപ്പിക്കുന്ന നിലയിലേക്ക് കോണ്‍ഗ്രസ് മാറിയെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു പ്രതികരിച്ചു. കോണ്‍ഗ്രസ് സര്‍ക്കസ് ആയി മാറിയെന്ന് എക്സില്‍ കുറിച്ച കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ രാഹുല്‍ ഗാന്ധിയെ സംസ്‌കാരശൂന്യനായ അമ്മാവന്‍ എന്ന് വിളിച്ചിരുന്നു.
കഴിഞ്ഞ മാസം ന്യൂഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് ദേശീയ കണ്‍വെന്‍ഷനിലും സമാനമായ വിഷയം ഉദ്ധരിച്ച് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതിനെ വേദിയില്‍ വെച്ച് കെട്ടിപ്പിടിച്ചായിരുന്നു വിദേശ നേതാക്കളെ കെട്ടിപ്പിടിക്കുന്ന പ്രധാനമന്ത്രി മോദിയുടെ രീതിയെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. അത്തരം ആംഗ്യങ്ങളാണ് വിദേശനയത്തിന്റെ ഭാഗമെന്ന് പ്രധാനമന്ത്രി മോദി കരുതുന്നതായി തോന്നുന്നുവെന്നും പറഞ്ഞു. 'ഞാന്‍ മെലോണി ആണെന്ന് കരുതി നിങ്ങള്‍ എന്നെ കെട്ടിപ്പിടിക്കുകയായിരുന്നില്ലേ?' എന്ന് ദീക്ഷിത് തമാശയായി ചോദിക്കുകയും ചെയ്തിരുന്നു.
Rahul Gandhi and pulkit mani Faces BJP Criticism Over Comedian's PM Modi Skit At Indore Event.