

ഇന്ത്യ-യുഎസ് വ്യാപാരക്കരാർ യാഥാർത്ഥ്യമായതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയെ മോദി അമേരിക്കക്ക് വിറ്റഴിച്ചു എന്ന് രാഹുൽ കുറ്റപ്പെടുത്തി. അദാനിക്കെതിരായ അമേരിക്കയിലെ കൈക്കൂലി കേസിൽ മോദിക്കുമേൽ ട്രംപ് വലിയ സമ്മർദ്ദമുയർത്തിയെന്നും ഇതിന് വഴങ്ങിയ മോദി 'കോംപ്രമൈസ്ഡ്' നേതാവായി മാറിയെന്ന് രാഹുൽ വിമർശിച്ചു. ലോകത്തെ നടുക്കിയ എപ്സ്റ്റീൻ ഫയലുകളിൽ പ്രധാനമന്ത്രിയെക്കുറിച്ച് പരാമർശമുണ്ടെന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി, ഫയലിലെ മോദിയുടെ പങ്ക് എന്താണെന്നറിയാൻ ഇന്ത്യയിലെ ജനങ്ങൾക്ക് അവകാശമുണ്ടെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രിയുടെ 2017-ലെ ഇസ്രായേൽ സന്ദർശന വേളയിൽ, ഇന്ത്യൻ ഉന്നതരുമായി ബന്ധം സ്ഥാപിക്കാൻ എപ്സ്റ്റീൻ ശ്രമിച്ചിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. മോദി തന്റെ ഉപദേശം സ്വീകരിച്ചെന്നും, ട്രംപിനായി അദ്ദേഹം ഇസ്രയേലിൽ പോയി എന്നും, ആടുകയും പാടുകയും, അതുകൊണ്ട് ഗുണമുണ്ടാവുകയും ചെയ്തു, എന്നുള്ള എപ്‌സ്റ്റീൻറെ പരാമർശം അടങ്ങിയ ഇമെയിൽ വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ സംഭവം രാജ്യത്തിന് മുഴുവൻ നാണക്കേടാണെന്ന് കോൺഗ്രസ് വിമർശിച്ചിട്ടുണ്ട്. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം കടുപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷം.
എന്നാൽ, എപ്സ്റ്റീൻ ഫയൽസുമായി ബന്ധപ്പെട്ട വാർത്തകളെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പൂർണ്ണമായും തള്ളിക്കളയുകയാണ് ഉണ്ടായത്. എപ്‌സ്റ്റീൻ സ്വന്തം താല്പര്യങ്ങൾക്കായി ചില പേരുകൾ രേഖകളിൽ ഉൾപ്പെടുത്തിയതാകാം എന്നും, ഒരു തരത്തിലുള്ള കുറ്റകൃത്യങ്ങളിലും പ്രധാനമന്ത്രിക്ക് പങ്കില്ലെന്നുമായിരുന്നു മന്ത്രാലയത്തിന്റെ പ്രതികരണം.
അതേസമയം അമേരിക്കയുമായുള്ള വ്യാപാര കരാർ ഇന്ത്യയ്ക്ക് നിർണ്ണായകമാണെന്നും, രാജ്യത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുമെന്നും നരേന്ദ്ര മോദി എൻഡിഎ അംഗങ്ങളെ അറിയിച്ചു. ഉത്പാദന രംഗത്ത് ഈ തീരുമാനം ഇന്ത്യയ്ക്ക് വൻ നേട്ടമുണ്ടാക്കി കൊടുക്കുമെന്നും പ്രധാനമന്ത്രി എൻഡിഎ എംപിമാരോട് പറഞ്ഞു. ഈ തീരുമാനത്തെ മുദ്രാവാക്യം വിളിച്ചാണ് എംപിമാർ വരവേറ്റത്. എന്നാൽ മോദി അമേരിക്കയ്ക്ക് കീഴടങ്ങി എന്ന വാദം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷം. സറണ്ടർ മോദി എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷം രണ്ട് സഭകളിലും നടുത്തളത്തിൽ ഇറങ്ങി. ഇന്ത്യയുടെ നയം പ്രഖ്യാപിക്കാൻ ആരാണ് ഡോണൾഡ് ട്രംപിന് അധികാരം നൽകിയത് എന്ന് ചോദിച്ച് പ്രതിപക്ഷം ബഹളം വച്ചതോടെ സഭ നടപടികൾ ഉച്ചവരെ സ്തംഭിച്ചു.
വിവാദമായ എപ്സ്റ്റീൻ ഫയലുകളിൽ യു.എസ്. ഇതുവരെ പുറത്തുവിട്ടതിനേക്കാൾ കൂടുതൽ വിവരങ്ങളുണ്ടെന്നും, അതുകൊണ്ട് തന്നെ മോദി തന്റെ പ്രതിച്ഛായ തകരുമെന്ന ഭയത്തിലാണ് കരാറിൽ ധൃതിപിടിച്ച് ഒപ്പിട്ടത് എന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഇന്നലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് യുഎസ്- ഇന്ത്യ വ്യാപാരകരാറിനെക്കുറിച്ച് ആദ്യ സൂചന നൽകിയത്. യു.എസിൽ അദാനിക്കെതിരേയുള്ള കേസ് വാസ്തവത്തിൽ മോദിക്കെതിരെയുള്ള കേസാണെന്നും, മോഗിക്കെതിരെ യു.എസിന്റെ പക്കലുള്ള സമ്മർദ തന്ത്രമാണിതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
English Summary: Rahul Gandhi criticizes PM Narendra Modi after the India–US trade deal, alleging Modi compromised national interests and demanding clarity on reported mentions of Modi in the Epstein files.