വലതുപക്ഷ പ്രത്യയശാസ്ത്രജ്ഞനായ വിനായക് ദാമോദര്‍ സവര്‍ക്കര്‍ തന്റെ ശിക്ഷ കുറയ്ക്കുന്നതിനായി അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാരിന് 10 തവണ മാപ്പപേക്ഷ സമര്‍പ്പിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ ചെറുമകന്‍ സത്യാകി സവര്‍ക്കര്‍ പൂനെ കോടതിയില്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയുള്ള ക്രിമിനല്‍ അപകീര്‍ത്തിക്കേസ് പരിഗണിക്കുന്ന സ്‌പെഷ്യല്‍ ജഡ്ജി അമോല്‍ ഷിന്‍ഡെക്ക് മുന്നില്‍ നടന്ന വിസ്താരത്തിലാണ് സത്യാകി ഈ വെളിപ്പെടുത്തലുകള്‍ നടത്തിയത്.
ലണ്ടനില്‍ നടന്ന ഒരു പരിപാടിക്കിടെ സവര്‍ക്കര്‍ക്കെതിരെ രാഹുല്‍ ഗാന്ധി വ്യാജവും ദോഷകരവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് 2023 ഏപ്രിലിലാണ് സത്യാകി കേസു കൊടുത്തത്. മാപ്പപേക്ഷ നല്‍കിയതിന്റെ രേഖകള്‍ സര്‍ക്കാര്‍ ആര്‍ക്കൈവ്‌സുകളില്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞതായി 'ലൈവ് ലോ' റിപ്പോര്‍ട്ട് ചെയ്തു. രാജ്ഗുരു, ഭഗത് സിങ്, ബതുകേശ്വര്‍ ദത്ത്, അഷ്ഫാഖുള്ള ഖാന്‍ എന്നിവരുള്‍പ്പെടെ ആ കാലഘട്ടത്തിലെ മറ്റ് നിരവധി സ്വാതന്ത്ര്യസമര സേനാനികള്‍ കരുണഹര്‍ജി സമര്‍പ്പിച്ചിട്ടില്ലെന്നും സത്യാകി സവര്‍ക്കര്‍ സമ്മതിച്ചു.
വിപ്ലവകാരികളായ ഭഗത് സിങ്ങും ബതുകേശ്വര്‍ ദത്തും തങ്ങളുടെ തത്വങ്ങളിലും പ്രത്യയശാസ്ത്രങ്ങളിലും അവസാനം വരെ യാതൊരു ഒത്തുതീര്‍പ്പും ചെയ്തിട്ടില്ലെന്നും സത്യാകി വെളിപ്പെടുത്തി. ശിക്ഷിക്കപ്പെട്ട് ഒരു മാസത്തിനുള്ളില്‍ തന്നെ സവര്‍ക്കര്‍ മാപ്പപേക്ഷ നല്‍കിയിരുന്നു എന്ന കാര്യവും സത്യാകി സവര്‍ക്കര്‍ അംഗീകരിച്ചു. മാപ്പപേക്ഷ എന്നത് ബ്രിട്ടീഷ് സര്‍ക്കാരിന്റെ കീഴിലുള്ള ഒരു സാധാരണ നടപടിക്രമം മാത്രമായിരുന്നു എന്നും ശിക്ഷാ ഇളവ് ലഭിക്കുന്നതിനോ ശിക്ഷ കുറയ്ക്കുന്നതിനോ വേണ്ടി പല തടവുകാരും ഈ സംവിധാനം ഉപയോഗിച്ചിരുന്നതായും അദ്ദേഹം പ്രസ്താവിച്ചു. മാപ്പപേക്ഷയില്‍ സവര്‍ക്കര്‍ ഉപയോഗിച്ച ഭാഷ വിധേയത്വത്തിനന്റെതല്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
കേസിന്റെ പശ്ചാത്തലം
വര്‍ഷങ്ങളായി വിവിധ സന്ദര്‍ഭങ്ങളില്‍ രാഹുല്‍ ഗാന്ധി സവര്‍ക്കറെ നിരന്തരം അപകീര്‍ത്തിപ്പെടുത്തുന്നു എന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. 2023 മാര്‍ച്ച് അഞ്ചിന് നടന്ന ഓവര്‍സീസ് കോണ്‍ഗ്രസ് സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗമാണ് ഇതില്‍ പ്രധാനമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സവര്‍ക്കറുടെ അന്തസ്സിന് കളങ്കം വരുത്താനും പരാതിക്കാരനും കുടുംബത്തിനും മാനസിക വിഷമം ഉണ്ടാക്കാനും ലക്ഷ്യമിട്ട്, അത് അസത്യമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ രാഹുല്‍ ഗാന്ധി സവര്‍ക്കര്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നാണ് സത്യാകി സവര്‍ക്കറുടെ വാദം.
തന്റെ പരാതിക്ക് തെളിവായി നിരവധി വാര്‍ത്താ റിപ്പോര്‍ട്ടുകളും ലണ്ടനിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന്റെ യൂട്യൂബ് ലിങ്കും സത്യാകി സമര്‍പ്പിച്ചിട്ടുണ്ട്. ഒരു മുസ്ലിം വ്യക്തിയെ മര്‍ദ്ദിച്ചതിനെക്കുറിച്ച് വിവരിക്കുന്ന ഒരു പുസ്തകം സവര്‍ക്കര്‍ എഴുതിയിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി വ്യാജമായി ആരോപിച്ചുവെന്നാണ് സത്യാകിയുടെ വാദം. എന്നാല്‍ സവര്‍ക്കര്‍ അങ്ങനെയൊരു പുസ്തകം എഴുതിയിട്ടില്ലെന്നും അത്തരമൊരു സംഭവം നടന്നിട്ടേയില്ലെന്നും സത്യാകി വ്യക്തമാക്കുന്നു. കേസിന്റെ വിസ്താരം ജൂലൈ ഒന്നിന് തുടരും.
Satyaki Savarkar, grandson of Vinayak Damodar Savarkar, told a Pune court that the Hindutva ideologue had submitted ten mercy petitions to the British government seeking a reduction in his sentence. The statement was made during proceedings in a criminal defamation case filed against Congress leader Rahul Gandhi.