

ന്യൂഡൽഹി: സിൽവർലൈൻ പദ്ധതി കേരളത്തിൽ പ്രായോഗികമല്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. കെ റെയിൽ വലിയ പരിസ്ഥിതി ആഘാതം ഉണ്ടാക്കുമെന്നും സംസ്ഥാനത്തിന് താല്പര്യമുണ്ടെങ്കിൽ അതിവേഗ റെയിൽ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയിൽ ഹാരിസ് ബീരാന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അശ്വനി വൈഷ്ണവ്.
അങ്കമാലി ശബരി പാത പദ്ധതികൾ ഇപ്പോൾ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടിട്ടാണെന്ന് അദ്ദേഹം വിമർശിച്ചു. എന്നാൽ, കേന്ദ്രം റെയില്‍വേ പദ്ധതികള്‍ നടപ്പിലാക്കാന്‍ പദ്ധതികൾ ആവിഷ്‌ക്കരിക്കുമ്പോൾ സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും, പദ്ധതിക്കായി 14 ശതമാനം ഭൂമി മാത്രമാണ് കേരളം ഏറ്റെടുത്ത് നല്‍കിയതെന്നും അശ്വനി വൈഷ്ണവ് കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ആര്‍ആര്‍ടിഎസോ, ഇ ശ്രീധരന്റെ പദ്ധതിയോ, ഏതെങ്കിലും പരിഗണനയ്ക്കായി കേന്ദ്രസര്‍ക്കാരിന്റെ മുന്നിലുണ്ടോയെന്ന ഹാരിസ് ബീരാന്‍ ചോദ്യത്തിനായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.
ഇ ശ്രീധരന്‍ അതിവേഗ റെയിലിനായി ഓഫീസ് തുറന്നതും, പദ്ധതിയുമായി മുന്നോട്ടു പോകുന്നതും അദ്ദേഹം സ്വാഗതം ചെയ്തു. എന്നാൽ കേന്ദ്രത്തിന്റെയോ, കേന്ദ്രമന്ത്രിയുടെയോ അറിവോടെയാണോ ഇ ശ്രീധരന്റെ നീക്കമെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി കേന്ദ്രമന്ത്രി നല്‍കിയില്ല.ഇ ശ്രീധരനോ മറ്റു ഏത് വ്യക്തിയും ഇന്ത്യൻ റെയില്‍വേ വികസനത്തിന് മുന്നിലേക്ക് വന്നാല്‍ അവരെ റെയില്‍വേ മന്ത്രാലയം സ്വാഗതം ചെയ്യുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
English Summary: Ashwini Vaishnaw said SilverLine is impractical in Kerala due to environmental issues, but the Centre may consider high-speed rail if the state cooperates.