

സിംഗൂര്‍, ബംഗാളിലെ ഈ സ്ഥലപ്പേരിന് ഇന്ത്യന്‍ ചരിത്രത്തില്‍ വലിയ പ്രധാന്യമുണ്ട്. രാജ്യത്തിന്റെ വ്യവസായ ചരിത്രത്തില്‍ കര്‍ഷകപ്രക്ഷോഭത്തിന്റെ പേരില്‍ ഏറെ ചര്‍ച്ചയായ ഭൂപ്രദേശം. നാനോ കാര്‍ ഫാക്ടറി സ്ഥാപിക്കാന്‍ ടാറ്റ ശ്രമിച്ച് ഉപേക്ഷിച്ചു പോയ അതേ 997 ഏക്കര്‍ ഭൂമിയില്‍ പുതിയ വ്യവസായ സംരംഭം കൊണ്ടുവരാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. വാണിജ്യ വാഹന നിര്‍മാതാക്കളായ അശോക് ലെയ്ലന്ഡിന്റെ ട്രക്ക് നിര്‍മാണശാല സിംഗൂരില്‍ സ്ഥാപിക്കാനുള്ള നിര്‍ദേശമാണ് ഇതിന് പിന്നില്‍. നവംബര്‍ 25ന് കേന്ദ്രമന്ത്രി സുകാന്ത മജുംദാറാണ് പദ്ധതി പ്രഖ്യാപിച്ചത്.
സിംഗൂരിന്റെ ചരിത്രം?
2006, പശ്ചിമ ബംഗാളില്‍ ബുദ്ധദേബ് ഭട്ടാചാര്യ നയിച്ച അന്നത്തെ ഇടതുമുന്നണി സര്‍ക്കാര്‍ ടാറ്റ മോട്ടോഴ്സിന്റെ നാനോ കാര്‍ ഫാക്ടറിക്കായി സിംഗൂരില്‍ 997 ഏക്കര്‍ ഭൂമി ഏറ്റെടുത്തു. എന്നാല്‍ ഫലഭൂയിഷ്ഠമായ കൃഷിഭൂമി ഏറ്റെടുത്ത് വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിനെതിരെ ശക്തമായ കര്‍ഷകപ്രക്ഷോഭം ആരംഭിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായിരുന്ന മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ആയിരുന്നു പ്രക്ഷോഭങ്ങള്‍. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടികളും ക്രമക്കേട് ആരോപണങ്ങളും പ്രതിഷേധത്തിന് ശക്തി പകര്‍ന്നു.
പ്രക്ഷോഭവും രാഷ്ട്രീയ സംഘര്‍ഷവും രൂക്ഷമായതോടെ 2008ല്‍ ടാറ്റ മോട്ടോഴ്സ് പദ്ധതി ഉപേക്ഷിച്ച് ഗുജറാത്തിലെ സാനന്ദിലേക്ക് മാറ്റി. സിംഗൂര്‍ പ്രക്ഷോഭവും നന്ദിഗ്രാമിലെ സമരവും 2011ല്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധികാരത്തിലേക്കുള്ള വരവിന് വഴിയൊരുക്കി. 2016ല്‍ ഭൂമി ഏറ്റെടുക്കല്‍ സുപ്രീംകോടതി റദ്ദാക്കി. ഇതോടെ ഭൂമി കര്‍ഷകര്‍ക്ക് തിരിച്ചുനല്‍കി. എന്നാല്‍ ഫാക്ടറി നിര്‍മാണത്തിന്റെ അവശിഷ്ടങ്ങളും മണ്ണിനുണ്ടായ നാശവും പ്രദേശത്തെ കൃഷിഭൂമിയെ സാരമായി ബാധിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ടാറ്റ മാറി അശോക് ലെയ്ലന്ഡ് വരുമ്പോള്‍
ബിജെപി സര്‍ക്കാരിന്റെ പുതിയ നീക്കം സിംഗുരില്‍ റിയല്‍ എസ്റ്റേറ്റ് വളര്‍ച്ചയ് വഴിവച്ചതായി ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. പ്രദേശത്തെ ഭൂമിവില ഉയര്‍ന്നു. ദേശീയപാതയോട് ചേര്‍ന്ന സ്ഥലങ്ങള്‍ക്ക് ഒരു കഠയ്ക്ക് 1.5 ലക്ഷം മുതല്‍ നാല് ലക്ഷം രൂപ വരെയാണ് വിപണിയില്‍ ആവശ്യപ്പെടുന്നത്. ചിലയിടങ്ങളില്‍ ഇത് ആറുലക്ഷം രൂപ വരെയെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. 20 വര്‍ഷങ്ങള്‍ക്കിപ്പുറം പുതിയ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ ചെലവ് ഉള്‍പ്പെടെ പതിന്മടങ്ങ് വര്‍ധിക്കും.
പദ്ധതിക്കായി നിര്‍ബന്ധിത ഭൂമിയേറ്റെടുക്കലിന് പകരം ഉടമകളുടെ സമ്മതത്തോടെ നേരിട്ട് ഭൂമി വാങ്ങാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഭൂമിയുടെ ഉടമസ്ഥാവകാശത്തിലെ സങ്കീര്‍ണതകള്‍, നഷ്ടപരിഹാരത്തുക സംബന്ധിച്ച തര്‍ക്കങ്ങള്‍, ഉയര്‍ന്ന വിപണിവില തുടങ്ങിയവ പ്രതിസന്ധി സൃഷ്ടിച്ചേക്കും.
സിംഗൂരിന്റെ വ്യാവസായിക പ്രധാന്യം
പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ഒഡീഷ ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളിലെ വാണിജ്യ വാഹന വിപണിയിലേക്ക് ഉത്പന്നങ്ങള്‍ എത്തിക്കാന്‍ അശോക് ലെയ്ലന്ഡിന് ഏറ്റവും അനുയോജ്യമായ ഇടമാണ് സിംഗൂര്‍. നിലവില്‍ ഇന്ത്യയിലുള്ള അശോക് ലെയ്ലന്ഡ് ഫാക്ടറികള്‍ അതിന്റെ ഏകദേശം 80 ശതമാനം ശേഷിയിലാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ പുതിയ ഫാക്ടറിക്കായള്ള നിക്ഷേപം സാമ്പത്തികമായി ലാഭകരമാക്കുക എന്നതും പ്രധാനമാണ്. എഞ്ചിന്, ഷാസി, കാസ്റ്റിങ് തുടങ്ങിയ വാഹനങ്ങളുടെ നിര്‍ണായക ഘടകങ്ങളുമായി ബന്ധപ്പെട്ട അനുബന്ധ വ്യവസായങ്ങളും സിംഗൂരില്‍ എത്തുമോ എന്നതും പ്രധാനമാണ്. ഇതുള്‍പ്പെടെയാണ് പദ്ധതിയെങ്കില്‍ ഉല്‍പ്പാദനത്തിന്റെ ലാഭക്ഷമത വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.
നിക്ഷേപകരെ ക്ഷണിക്കാന്‍ വന്‍ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ പ്രഖ്യാപിച്ചാണ് ബംഗാളിലെ ബിജെപി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. 2026ലെ നിക്ഷേപ പ്രോത്സാഹന നയത്തിലൂടെ അര്‍ഹമായ സ്ഥിരമൂലധന നിക്ഷേപത്തിന്റെ 120 ശതമാനം വരെ ആനുകൂല്യം നല്‍കാനാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തൊഴില്‍ സൃഷ്ടിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും അനുമതി നടപടികള്‍ ലഘൂകരിക്കുന്നതുള്‍പ്പെടെയുള്ള നടപടികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. സിംഗൂരില്‍ രാസവ്യവസായ സ്ഥാപനങ്ങളും നിക്ഷേപ താല്പര്യം പ്രകടിപ്പിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കിയിരുന്നു.
Singur in West Bengal, once at the centre of a major political and farmers' movement over Tata Motors' abandoned Nano car project, may be set for a new industrial chapter. The state government is exploring the possibility of establishing a truck manufacturing facility by commercial vehicle maker Ashok Leyland on the same 997 acres of land originally earmarked for the Nano factory. Union Minister Sukanta Majumdar announced the proposal on November 25, raising hopes of renewed industrial activity in a region that became a symbol of the conflict between industrial development and farmers' land rights.