മതിഭ്രമക്കൊടുങ്കാറ്റില്‍ തകരുമോ ഐഎഫ്എഫ്കെ?

ആരുടെ താത്പര്യപ്രകാരമാണ് ഈ അട്ടിമറി നടന്നിരിക്കുന്നത്?
മതിഭ്രമക്കൊടുങ്കാറ്റില്‍ തകരുമോ ഐഎഫ്എഫ്കെ?
Published on: 

കേരളാ രാജ്യാന്തര ചലച്ചിത്രോത്സവം (ഐഎഫ്എഫ്കെ) പലനിലകളിൽ ശ്രദ്ധേയമായ കേരളത്തിന്റെ സാംസ്കാരികോത്സവമാണ്. ലോകത്തിൽ തന്നെ ഏറ്റവും കൂടുതല്‍ ഡെലിഗേറ്റുകള്‍ പങ്കെടുക്കുന്ന ഈ ചലച്ചിത്രമേളയുടെ പ്രീതിയും ഖ്യാതിയും വലുതാണ്. ഐഎഫ്എഫ്കെ ഇനിയും പല നിലകളില്‍ വളരുകയും സൂക്ഷ്മമാവുകയും വേണ്ടതില്ല എന്നല്ല അതിനര്‍ത്ഥം! എന്നാല്‍ ഭ്രാന്തന്‍ ആശയങ്ങളുടെ പ്രയോഗസ്ഥലമായി കേരളത്തിന്റെ സാംസ്കാരിക മേഖലയിലെ ഏറ്റവും സമുന്നതോത്സവമായ ഐഎഫ്എഫ്കെയെ മാറ്റുന്നത് പൊറുക്കാന്‍ കഴിയാത്ത തെറ്റാണ്; അതാര് ചെയ്താലും! പ്രായോഗികമായും സാങ്കേതികമായും സൗന്ദര്യാത്മകമായും ഫലവത്താവാത്ത മതിഭ്രമങ്ങള്‍ ഐഎഫ്എഫ്കെയ്ക്ക് മേല്‍ കെട്ടിവെക്കാന്‍ ആര് ശ്രമിച്ചാലും അതിനുവലിയ വില നല്‍കേണ്ടിവരുന്നത് ഉറപ്പായും കേരളാ സര്‍ക്കാരാണ്!

അട്ടിമറിക്കപ്പെട്ട സെലക്ഷന്‍ പ്രക്രിയ

ഐഎഫ്എഫ്കെ ഇന്ത്യയിലെ ചലച്ചിത്ര പ്രേമികളെ സംബന്ധിച്ചിടത്തോളം പരമപ്രധാനമായ മേളയായിരിക്കുന്നത് അതില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന സിനിമകളുടെ ഗുണനിലവാരം ഒന്നുകൊണ്ടുമാത്രമാണ്. ലോക സിനിമകളില്‍ നിന്നും സമകാലിക ഇന്ത്യന്‍ സിനിമകളില്‍ നിന്നും മലയാള സിനിമയുടെ വര്‍ത്തമാനത്തില്‍ നിന്നും ഏറ്റവും മികച്ച സിനിമകള്‍ ഐഎഫ്എഫ്കെയില്‍ ഉള്‍പ്പെടുത്താന്‍ തക്കവണ്ണമുള്ള, കാലങ്ങളായി പരാതികള്‍ക്കിടയില്ലാതെയും സുതാര്യമായും നടത്തിയിരുന്ന സിനിമകളുടെ തെരഞ്ഞെടുപ്പ് പ്രക്രിയ ഇക്കുറി സമ്പൂര്‍ണ്ണമായി അട്ടിമറിക്കപ്പെട്ടിരിക്കുന്നു. കൃത്യമായും നിക്ഷിപ്തതാത്പര്യങ്ങള്‍ നടപ്പിലാക്കാന്‍ പാകത്തില്‍ അതിന്റെ സുതാര്യത കുഴിച്ചുമൂടപ്പെട്ടിരിക്കുന്നു.

ബലിയാവുക, രാജ്യത്തിന്റെ നാനാഭാഗത്തുനിന്നു തിരുവനന്തപുരത്തെത്തി, അവിടെ വന്‍തുകകൊടുത്ത് മുറികളെടുത്തു താമസിച്ച്, ഡെലിഗേറ്റ് ഫീ അടച്ച്, ബുദ്ധിമുട്ടി സീറ്റുകള്‍ റിസര്‍വ്വ് ചെയ്ത്, മണിക്കൂറുകള്‍ ക്യൂ നിന്ന് നല്ല സിനിമകള്‍ കാണാന്‍ മോഹിച്ചെത്തുന്ന കാണികളാണ്!
മതിഭ്രമക്കൊടുങ്കാറ്റില്‍ തകരുമോ ഐഎഫ്എഫ്കെ?
(വ്യാ)ആഖ്യാനലീല

ആരുടെ താത്പര്യപ്രകാരമാണ് ഈ അട്ടിമറി നടന്നിരിക്കുന്നത്? എന്താണ് വര്‍ഷങ്ങളായി നടന്നുവരുന്ന സെലക്ഷന്‍ പ്രക്രിയ നിരാകരിക്കപ്പെടാന്‍ കാരണം? സാംസ്കാരിക മന്ത്രിതന്നെ വ്യക്തമാക്കിയത്, ഐഎഫ്എഫ്കെയുടെ നടപടിക്രമങ്ങള്‍ ഇക്കുറി മുന്‍വര്‍ഷത്തെക്കാള്‍ നേരത്തെ ആരംഭിച്ചു എന്നാണ്. സിനിമകള്‍ അല്‍പ്പംകൂടി നേരത്തെ സമര്‍പ്പിക്കാന്‍ ഇക്കുറി ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിരുന്നു. അപ്പോള്‍ സമയമില്ലായ്മയല്ല നിലനിന്നിരുന്ന സെലക്ഷന്‍ പ്രക്രിയ പാടെ എടുത്തുമാറ്റി, നിക്ഷിപ്തതാത്പര്യക്കാര്‍ക്ക് ഏതു സിനിമവേണമെങ്കിലും പിന്‍വാതിലൂടെ കയറ്റാവുന്ന നിലയില്‍ ഇക്കുറിയത്തെ ഐഎഫ്എഫ്കെ സിനിമകളുടെ തെരഞ്ഞെടുപ്പ് ദുരൂഹമാക്കിയത്തിനു പിറകിലുള്ളത്.

ഐഎഫ്എഫ്കെയില്‍ തങ്ങളുടെ സിനിമ പ്രദര്‍ശിപ്പിക്കുക എന്നത് ഇന്ന് ഇന്ത്യയിലെ, കേരളത്തിലെ ചലച്ചിത്രപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ഏറ്റവും അഭിമാനകരമാവുന്ന സന്ദര്‍ഭത്തില്‍, സുതാര്യവും സത്യസന്ധവുമല്ലാത്തെ ഇക്കുറിയത്തെ സെലക്ഷന്‍ പ്രക്രിയയില്‍ ഏതുതരത്തിലുമുള്ള സ്വജനപക്ഷപാതവും അഴിമതിയും സംശയിക്കാവുന്നതാണ്. അതിന്റെ ബലിയാവുക, രാജ്യത്തിന്റെ നാനാഭാഗത്തുനിന്നു തിരുവനന്തപുരത്തെത്തി, അവിടെ വന്‍തുകകൊടുത്ത് മുറികളെടുത്തു താമസിച്ച്, ഡെലിഗേറ്റ് ഫീ അടച്ച്, ബുദ്ധിമുട്ടി സീറ്റുകള്‍ റിസര്‍വ്വ് ചെയ്ത്, മണിക്കൂറുകള്‍ ക്യൂ നിന്ന് നല്ല സിനിമകള്‍ കാണാന്‍ മോഹിച്ചെത്തുന്ന കാണികളാണ്! ചിലപ്പോള്‍ ആരോ പിന്‍വാതിലൂടെ കയറ്റിയ നാലാംകിട ചിത്രങ്ങളായിരിക്കും അവരെ കാത്തിരിക്കുന്നുണ്ടാവുക!

യുക്തിക്കും പ്രായോഗികതയ്ക്കും വഴങ്ങാത്ത വികലാശങ്ങളുടെ ആറാട്ടാണ് അക്കാദമിയില്‍ നടക്കുന്നത്! കഴിഞ്ഞ മുപ്പത് വര്‍ഷത്തെ അനുഭവങ്ങളിലൂടെ ഉണ്ടാക്കിയെടുത്ത രീതിശാസ്ത്രം ആരുടെയൊക്കെയോ, അഹങ്കാരത്താൽ അട്ടിമറിക്കപ്പെടുന്നു! സാധാരണയായി ഐഎഫ്എഫ്കെയിലെ ഓരോ വിഭാഗത്തിനും ഓരോ സെലക്ഷന്‍ കമ്മറ്റിയാണ് ഉണ്ടാവുക. മലയാള സിനിമ, ഇന്ത്യന്‍ സിനിമ, ലോക സിനിമ എന്നിങ്ങനെ സിനിമകള്‍ സമര്‍പ്പിക്കുന്നതിന് അനുസരിച്ചാവും ഏറെക്കുറെ സെലക്ഷന്‍! ഓരോ വിഭാഗത്തിനും ഒരു സെലക്ഷന്‍ കമ്മറ്റി ഉണ്ടാവും. ശരാശരി അഞ്ചോ ഏഴോ പേരുള്ളത്! അതിനു ഒരു ചെയര്‍പേഴ്സനും! കമ്മറ്റി അംഗങ്ങളെല്ലാം പ്രസ്തുത വിഭാഗത്തില്‍ സമര്‍പ്പിക്കപ്പെട്ട മുഴുവന്‍ സിനിമകളും കാണണം. ചിലപ്പോള്‍ ഇരുനൂറിലധികം സിനിമകള്‍ ഒരു വിഭാഗത്തില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടാകാം. അവയെല്ലാം കമ്മറ്റി കണ്ടേ പറ്റൂ. ഓണ്‍ലൈന്‍ സൈറ്റ് വഴിയാവും സമര്‍പ്പണവും കാഴ്ചയും വിലയിരുത്തലും എല്ലാം.

കമ്മറ്റി ചെയര്‍പെഴ്സന്റെ അധ്യക്ഷതയില്‍ ആദ്യം തന്നെ ഓണ്‍ലൈനില്‍ യോഗം ചേര്‍ന്ന് ഒരു പ്രവര്‍ത്തന പദ്ധതി തീരുമാനിക്കും. സിനിമകളുടെ എണ്ണത്തിനഅനുസരിച്ചാവും അത്. ഒരാഴ്ച കാണേണ്ടുന്ന സിനിമകള്‍ നിശ്ചയിക്കും. അടുത്ത യോഗത്തില്‍ ഓരോരുത്തരും കണ്ട സിനിമകളെക്കുറിച്ച് ചര്‍ച്ചചെയ്യുകയും അവര്‍ നല്‍കിയിട്ടുള്ള ഗ്രേഡ് അറിയിക്കുകയും ചെയ്യും. അവസാനം വരെ ഈ പ്രക്രിയ തുടരും. ഏറ്റവും ഒടുവില്‍ അതുവരെ ചര്‍ച്ചചെയ്ത സിനിമകളില്‍ ഏറ്റവും മികച്ചതായി ഗ്രേഡ് ചെയ്യപ്പെടുന്ന, പരിഗണിക്കപ്പെടുന്ന സിനിമകളെ മുന്‍നിര്‍ത്തി വിശദമായ ചര്‍ച്ചകള്‍ തന്നെ നടക്കും! അതിന്റെ അടിസ്ഥാനത്തിലാവും നിശ്ചിത എണ്ണം സിനിമകള്‍ ഓരോ വിഭാഗത്തിലും സെലക്ഷന്‍ കമ്മറ്റി തെരഞ്ഞെടുക്കുന്നത്. ആവശ്യമുള്ളതില്‍നിന്നും രണ്ടോ മൂന്നോ എണ്ണം കൂടുതലായും ഉള്‍പ്പെടുത്തും. ഏതെങ്കിലും കാരണവശാല്‍ ആദ്യ സെലക്ഷനില്‍ ഉള്‍പ്പെട്ട സിനിമകള്‍ കിട്ടാത്ത സാഹചര്യം വന്നാല്‍ തൊട്ടു താഴെ ഗ്രേഡുള്ള സിനിമകള്‍ തന്നെ ലഭിക്കുന്നതിനാണ് ഇത്!

മതിഭ്രമക്കൊടുങ്കാറ്റില്‍ തകരുമോ ഐഎഫ്എഫ്കെ?
കഥകൊണ്ടും ജീവിതംകൊണ്ടും പുനത്തിൽ
ഇരുപതോ മുപ്പതോ അംഗങ്ങളുണ്ട് ആ കമ്മറ്റിയില്‍! ഓരോരുത്തര്‍ക്കും ശരാശരി ഇരുപത്തഞ്ച് സിനിമ നല്‍കി. കിട്ടിയ സിനിമ ഓരോരുത്തരും അവരുടെ വ്യക്തിപരമായ ഇഷ്ടത്തിനനുസരിച്ച് ഗ്രേഡ് ചെയ്ത് കൊടുക്കുന്നു. തീര്‍ന്നു. ആരാണ് ഇതില്‍ നിന്നും അന്തിമ സെലക്ഷന്‍ നടത്തുന്നത്? കമ്മറ്റിക്ക് മുകളില്‍ ഉള്ള ആ സൂപ്പര്‍ പവര്‍ ആരാണ്? മന്ത്രി ഒഫീസാണോ? അക്കാദമി ഭാരവാഹികള്‍? അവിടുത്തെ ഉദ്യോഗസ്ഥര്‍?

തെരഞ്ഞെടുക്കപ്പെടുന്ന സിനിമകളെ സംബന്ധിച്ച അവസാനവട്ട ചര്‍ച്ചകള്‍ ആണ് പലതരത്തില്‍ ഉള്ള സിനിമകളെ, പ്രത്യക്ഷത്തില്‍ ഒരാളുടെ ശ്രദ്ധയില്‍ വരാത്ത, ആഖ്യാനത്തിലും പ്രമേയത്തിലും ആവിഷ്കാരത്തിലും ദൃശ്യഭാഷയിലും പലതലങ്ങളില്‍ സവിശേഷമായ ചിത്രങ്ങളെ ചിലപ്പോള്‍ മുന്നിലേക്ക് എത്തിക്കുക. ആവശ്യമെങ്കില്‍ ചിലവ വീണ്ടും കാണുകയും ചര്‍ച്ചചെയ്യുകയും ചെയ്യും. സംവാദങ്ങളും അഭിപ്രായഭേദങ്ങളും തര്‍ക്കങ്ങളും അംഗങ്ങള്‍ക്കിടയില്‍ നടക്കും. ഒടുവില്‍ ഒരു സമവായവും മികച്ച സിനിമകളുടെ ഒരു പട്ടികയും അതിലൂടെ ഉണ്ടാവും.

ഇത് ഇവിടെ മാത്രം ഉള്ള രീതിയല്ല. ലോകത്ത് മിക്ക ഫിലിം ഫെസ്റ്റിവല്‍ സിനിമകളും തെരഞ്ഞെടുക്കപ്പെടുന്നത് ഇങ്ങനെയാണ്. അതില്‍ ഒരു തരത്തിലുള്ള രാഷ്ട്രീയ, ഭരണ, അക്കാദമി ഇടപെടലും നടക്കുന്നില്ല. സമ്പൂര്‍ണ്ണമായി അതിന്റെ ഉത്തരവാദിത്തം ആ സെലക്ഷന്‍ കമ്മറ്റിയ്ക്കാണ്. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന തികച്ചും സുതാര്യമായ ഈ സെലക്ഷന്‍ രീതിയാണ് ഇക്കുറി അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. അതിന്റെ സുതാര്യതയും വിശ്വാസ്യതയും ഗുണമേന്മയും കാറ്റില്‍ പറത്തപ്പെട്ടിരിക്കുന്നു.

ഇക്കുറി അറിഞ്ഞിടത്തോളം ഓരോ വിഭാഗത്തിനും നിശ്ചയിക്കപ്പെട്ട സെലക്ഷന്‍ കമ്മറ്റി അക്കാദമി പ്രത്യേകമായി വിളിച്ചുചേര്‍ത്തിട്ടില്ല. അവര്‍ പരസ്പരം അറിയുകയോ ഓണ്‍ലൈനില്‍ എങ്കിലും യോഗങ്ങള്‍ ചേരുകയോ കണ്ട സിനിമകളെക്കുറിച്ച് ചര്‍ച്ചചെയ്യുകയോ സുതാര്യമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തുകയോ ചെയ്തിട്ടില്ല. തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന വിഭാഗം ഏതെന്ന് അക്കാദമിയില്‍ നിന്നും സേവനത്തിനു നന്ദി അറിയിച്ച് ചെയര്‍മാന്റെ കത്ത് കിട്ടിയപ്പോള്‍ മാത്രം മനസ്സിലായവര്‍ പോലും ഉണ്ട് സെലക്ഷന്‍ കമ്മറ്റിയില്‍. അവരുടെ വിഭാഗത്തില്‍ ഏത് സിനിമയാണ് ഉള്‍പ്പെട്ടത് എന്ന് അവര്‍ക്ക് യാതൊരു ധാരണയും ഇല്ല.

ഒരു വലിയ ജമ്പോ കമ്മറ്റി ഉണ്ടാക്കുകയാണ് ഇക്കുറി സെലക്ഷന് വേണ്ടി അക്കാദമി ചെയ്തത്. എന്നിട്ട് ഒറ്റത്തവണ ഓണ്‍ലൈനില്‍ ഒരു യോഗം വിളിച്ച് ഓരോരുത്തര്‍ക്കും കുറച്ച് സിനിമകള്‍ നല്‍കി അതില്‍ ഇഷ്ടമുള്ളത് മാര്‍ക്ക് ചെയ്ത് തരാന്‍ പറയുന്നതോടെ സെലക്ഷന്‍ കമ്മറ്റിയുടെ ചുമതല തീര്‍ന്നു. ഇരുപതോ മുപ്പതോ അംഗങ്ങളുണ്ട് ആ കമ്മറ്റിയില്‍! ഓരോരുത്തര്‍ക്കും ശരാശരി ഇരുപത്തഞ്ച് സിനിമ നല്‍കി. കിട്ടിയ സിനിമ ഓരോരുത്തരും അവരുടെ വ്യക്തിപരമായ ഇഷ്ടത്തിനനുസരിച്ച് ഗ്രേഡ് ചെയ്ത് കൊടുക്കുന്നു. തീര്‍ന്നു. ആരാണ് ഇതില്‍ നിന്നും അന്തിമ സെലക്ഷന്‍ നടത്തുന്നത്? കമ്മറ്റിക്ക് മുകളില്‍ ഉള്ള ആ സൂപ്പര്‍ പവര്‍ ആരാണ്? മന്ത്രി ഒഫീസാണോ? അക്കാദമി ഭാരവാഹികള്‍? അവിടുത്തെ ഉദ്യോഗസ്ഥര്‍?

സിനിമകളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിര്‍ണ്ണായകമായ ചര്‍ച്ചകളും സംവാദങ്ങളും തര്‍ക്കങ്ങളും ഒടുവിലെത്തുന്ന തീരുമാനവും സെലക്ഷന്‍ കമ്മറ്റിയില്‍ ഇല്ല! ഓരോ വിഭാഗത്തിലും ഉള്‍പ്പെട്ടവര്‍ ആരൊക്കെയാണെന്ന് പരസ്പരം അറിയില്ല! ഒരു മീറ്റിങ്ങ് പോലും ഇല്ല! ഇതൊക്കെ ആരുടെ തീരുമാനപ്രകാരമായാലും ഈ വിഭ്രാന്തികള്‍ക്ക് ഉത്തരം നല്‍കാന്‍ ബാധ്യസ്ഥര്‍ സാംസ്കാരിക മന്ത്രിയും സംസ്ഥാന സര്‍ക്കാരുമാണ്! നല്ല സിനിമകള്‍ കാണാന്‍ കാത്തുനിന്ന അനുഭവം അവവിറക്കുന്ന മന്ത്രിയ്ക്കും ഐ എഫ് എഫ് കെ ഒരു വികാരമാണെന്നാണല്ലോ വെപ്പ്! അവരറിയുന്നുണ്ടോ ഇതെല്ലാം!

മതിഭ്രമക്കൊടുങ്കാറ്റില്‍ തകരുമോ ഐഎഫ്എഫ്കെ?
ഓര്‍മയുടെ വീടുകളില്‍ നിന്ന് ശരീരത്തിന്റെ ഭാഷയിലേക്ക്

ഇരുപത്തിനാലു മണിക്കൂറും സിനിമയെന്ന മാന്ത്രികം!

പുറത്തുവന്ന വാര്‍ത്തകള്‍ പ്രകാരം ഈ വര്‍ഷത്തെ ഐഎഫ്എഫ്കെയുടെ 'ഹൈലൈറ്റ്' ഇരുപത്തിനാലു മണിക്കൂറും സിനിമ എന്നതാണ്. (ന്യൂ ഇന്ത്യന്‍ എക്പ്രസ് വാര്‍ത്ത: 29/10/2026) മേളയുടെ ഉദ്ഘാടന-സമാപന ദിവസങ്ങൾ ഒഴികെയുള്ള ആറു ദിവസങ്ങളിൽ, വിവിധ വേദികളിലായി രാവും പകലും സിനിമകൾ. രാപ്പകല്‍ സിനിമ എന്നത് മഹത്തായ, പുതിയ ആശയമായി അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞു. അതിനു കാന്‍ ഫെസ്റ്റിവലിന്റെ തലക്കനം കൂടി ഉണ്ടത്രേ! എന്നാല്‍ കാനില്‍ മുഖ്യസിനിമകളൊന്നും നാട്ടപ്പാതിരയ്ക്കോ ഏഴരവെളുപ്പിനോ പ്രദര്‍ശിപ്പിക്കാറില്ല എന്ന് അതിനെക്കുറിച്ച് പഠിച്ച മനുഷ്യര്‍ പറഞ്ഞുകഴിഞ്ഞു. ഇവിടെത്തന്നെ നേരത്തെ പാതിരാപ്പടം എന്ന പരിപാടി നടത്തിനോക്കിയിരുന്നു. ഇപ്പോഴും നിശാഗന്ധിയില്‍ പാതിരാത്രി കഴിഞ്ഞും നീളുന്ന പ്രദര്‍ശനം ഉണ്ട്.

ഇരുപത്തിനാല് മണിക്കൂറും സിനിമ എന്നത് ഐഎഫ്എഫ്കെ പ്രേക്ഷകരെ അങ്കലാപ്പിലാക്കുന്നത്, മികച്ച സിനിമകളുടെ പ്രദര്‍ശനം നട്ടപ്പാതിരയ്ക്ക് ശേഷമോ അരുംപുലര്‍ച്ചെയോ മറ്റോ ആവുമോ എന്നാണ്. ഐഎഫ്എഫ്കെയുടെ പ്രേക്ഷകരില്‍ ഭൂരിഭാഗവും കേരളത്തിന്റെയോ രാജ്യത്തിന്റെയോ മറ്റുഭാഗങ്ങളില്‍ നിന്ന് സിനിമ കാണാനായി മാത്രം വന്നു നഗരത്തില്‍ ലഭ്യമായ സൗകര്യങ്ങളില്‍ താമസിച്ച് സിനിമ കാണുന്നവരാണ്. അവരെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ തന്നെ രാവിലെ ഒന്‍പത് മണിക്ക് മുന്‍പായി ആരംഭിക്കുന്ന പ്രദര്‍ശനങ്ങള്‍ അവസാനിക്കുന്നത് പാതിരാത്രിയോടടുപ്പിച്ചാണ്. നാലും അഞ്ചും സിനിമകള്‍ കാണുന്നവര്‍ അതിനു ശേഷമാണ് അല്‍പ്പസമയം വിശ്രമിക്കുന്നത്.

നല്ല സിനിമകള്‍ വെളുപ്പിന് വന്നാല്‍ അവയും ഒഴിവാക്കാന്‍ അവര്‍ക്ക് മനസ്സ് വരില്ല. അപ്പോള്‍ പാതിരാത്രി കഴിഞ്ഞും നീളുന്ന സിനിമ എന്ന ചിത്തഭ്രമത്തിന്റെ ഇരകളാവുക ദൂരെ ദിക്കുകളില്‍ നിന്നും നല്ല സിനിമകള്‍ കാണാനായി വരുന്നവരാണ്. അവരില്‍ മധ്യവയസ്സ് പിന്നിട്ടവർക്കൊക്കെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ കൂടി ഉണ്ടാക്കുന്ന ഒന്നാവും ഈ തീരുമാനം! ജെന്‍ സിയെ ഫെസ്റ്റിവലുമായി അടുപ്പിച്ചു എന്ന അവകാശവാദത്തിനായി, പുത്തന്‍ വെബ് സീരിസോ തട്ടുപൊളിപ്പന്‍ സിനിമകളോ നാട്ടപ്പാതിരായ്ക്കും നേരംപുലരുമ്പോഴും കാണിക്കാന്‍ ആലോചിക്കുന്നതാണ് ഈ ഘോഷമെങ്കില്‍, അതൊക്കെ നാളെ ഐഎഫ്എഫ്കെയെ ബാധിക്കാനിരിക്കുന്ന ചില രോഗങ്ങളുടെ ലക്ഷണങ്ങളായി ഗൗരവത്തിൽ പരിഗണിക്കേണ്ടതുണ്ട്!

പ്രേക്ഷകര്‍ തിയറ്ററിലെത്തുന്നതിനു മുന്‍പ്, മണിക്കൂറുകളെടുത്താണ് സിനിമ അവിടുത്തെ സിസ്റ്റത്തില്‍ അപ്ലോഡ് ചെയ്യുന്നത്. ഒരു ദിവസം പ്രദര്‍ശിപ്പിക്കുന്ന അഞ്ചോ ആറോ സിനിമകളുടെ വലിയ ഫയലുകള്‍ സിസ്റ്റത്തില്‍ പൂര്‍ണ്ണമായും കയറാന്‍ എത്രയോ സമയമെടുക്കും. വലിയ സാങ്കേതിക കാര്യങ്ങള്‍ ഉള്‍പ്പെട്ട വിഷയമാണിത്. ഒരു ചെറു ഫിലിം ഫെസ്റ്റിവലെങ്കിലും തിയറ്ററില്‍ സംഘടിപ്പിച്ച ആര്‍ക്കും അറിയാവുന്ന കാര്യമാണത്. അക്കാദമിയിലെ സാങ്കേതിക കാര്യങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ടീം രാത്രിമുഴുവന്‍ ഇരുന്നാണ് അടുത്ത ദിവസം പ്രദര്‍ശിപ്പിക്കേണ്ട സിനിമകള്‍ ഇങ്ങനെ ഇത്രയും തിയറ്ററുകളില്‍ സംഭരിക്കുന്നത്.

ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തുന്ന സിനിമകളുടെ ഡി സി പി ഫയലുകള്‍ (ഡിജിറ്റൽ സിനിമ പാക്കേജ്) ഇന്റര്‍നെറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യുകയും തിയറ്ററിലെ സിസ്റ്റത്തില്‍ കയറ്റുകയും ചെയ്യണം. അവയുടെ ആസ്പെക്റ്റ് റേഷ്യോ, റെസലൂഷന്‍, ശബ്ദം, സബ്ടൈറ്റില്‍ എന്നിവയെല്ലാം ഓരോ തിയേറ്ററിലും പരിശോധിച്ച് കൃത്യതപ്പെടുത്തണം. ഇതിന് എന്തെങ്കിലും തടസ്സം നേരിട്ടാല്‍ അടുത്ത ദിവസത്തെ പ്രദര്‍ശനം താറുമാറാകും. രാപ്പകല്‍ തിയറ്ററില്‍ സിനിമ പ്രദര്‍ശിപ്പിച്ചാല്‍ ഇതൊക്കെ എപ്പോഴാണ് ചെയ്യുക? സാങ്കേതികപൂര്‍ണ്ണതയോടുകൂടിയുള്ള പ്രദര്‍ശനം ഉറപ്പുവരുത്താന്‍ എപ്പോഴാണ് ഇതെല്ലാം പരിശോധിക്കുക? ചില വിഭ്രാന്തികള്‍ക്ക് ഉത്തരം കണ്ടെത്താന്‍ സാമാന്യബോധമുള്ളവര്‍ക്ക് പ്രയാസമാവും! ഐഎഫ്എഫ്കെയെ ഒരു തീര്‍ഥാടനമായിക്കണ്ട് നല്ല സിനിമകള്‍ക്കായി മറ്റെല്ലാം മാറ്റിവെച്ച് ഓടിയെത്തുന്ന കാണികളെയാണ് ഈ വാര്‍ത്തകള്‍ അസ്വസ്ഥരാക്കുന്നത്!

മതിഭ്രമക്കൊടുങ്കാറ്റില്‍ തകരുമോ ഐഎഫ്എഫ്കെ?
IFFKക്ക് ഇനി മൂന്ന് മാസം മാത്രം; ചെയർമാൻ ഇല്ലാതെ ചലച്ചിത്ര അക്കാദമി, എങ്ങുമെത്താതെ മുന്നൊരുക്കങ്ങൾ

നിലയ്ക്കുമോ ഓപ്പണ്‍ ഫോറം?

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ അവിഭാജ്യ ഘടകമാണ് ഓപ്പണ്‍ ഫോറങ്ങള്‍. സിനിമയുമായി ബന്ധപ്പെട്ട സാമൂഹികവും കലാപരവും സൈദ്ധാന്തികവുമായ ആലോചനകളും തര്‍ക്കങ്ങളും നടക്കുന്ന വേദി. വളരെ പ്രശസ്തരായ ചലച്ചിത്രകാരര്‍ ഇത്തരം വിഷയങ്ങളില്‍ തങ്ങളുടെ സുവ്യക്തമായ നിലപാടുകള്‍ പ്രഖ്യാപിക്കുന്ന സന്ദര്‍ഭം. ഐഎഫ്എഫ്കെയുടെ തുടക്കം മുതല്‍ അതിന്റെ കൈയ്യൊപ്പായി നില്‍ക്കുന്ന സംവാദവേദിയാണത്. നേരത്തെ ചലച്ചിത്രോത്സവവേദിയിലെ ചര്‍ച്ചകളേയും സംവാദങ്ങളേയും വാദപ്രതിവാദങ്ങളെയും ഭയന്നിരുന്ന ചില മന്ത്രിമാര്‍ സാംസ്കാരിക സിനിമാ വകുപ്പുകള്‍ ഭരിച്ചപ്പോള്‍ ഓപ്പണ്‍ ഫോറം അവസാനിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഗോവയില്‍ നടക്കുന്ന ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ അതില്ലല്ലോ എന്ന ന്യായമാണ് ഉന്നയിക്കപ്പെട്ടിരുന്നത്. ചലച്ചിത്രകലയുടെ സാമൂഹികവും രാഷ്ട്രീയവുമായ പരിസരങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഭയക്കുന്ന ഭരണകൂടം തന്നെയാണ് അവിടെയും ഈ സംവാദങ്ങളെ നിര്‍ത്തല്‍ചെയ്തിരുന്നത്. എന്നാല്‍ വലിയ പ്രതിഷേധങ്ങളെത്തുടര്‍ന്ന് പിന്നീട് ഓപ്പണ്‍ ഫോറം ഐഎഫ്എഫ്കെയില്‍ തിരിച്ചെത്തി.

ഓപ്പണ്‍ ഫോറത്തിന്റെ സംഘാടനം കേരളത്തിലെ ഫിലിം സൊസൈറ്റികളുടെ അപ്പക്സ് ബോഡിയായ ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ കേരളാ ഘടകമാണ് (എഫ്എഫ്എസ്ഐ, കേരളം) കാലങ്ങളായി നിര്‍വഹിക്കാറുള്ളത്. അതിലെ സംവാദവിഷയങ്ങള്‍ നിശ്ചയിക്കുക, സംസാരിക്കാനുള്ള ആളുകളെ കണ്ടെത്തുക, ഡെലിഗേറ്റുകള്‍ക്കിടയില്‍ ഫിലിം സൊസൈറ്റി അംഗങ്ങള്‍ വഴി ആവശ്യമായ പ്രചാരണങ്ങള്‍ നടത്തുക എന്നതെല്ലാം എഫ് എഫ് എസ് ഐ കൃത്യമായും നിര്‍വ്വഹിച്ചുവരുന്നുണ്ട്. എന്നാല്‍ ഇക്കുറി അക്കാദമി ഭരണസമിതിയില്‍ എഫ് എഫ് എസ് ഐ യുടെ ഒരു പ്രതിനിധിയെപ്പോലും ഉള്‍പ്പെടുത്തിയിട്ടില്ല.

നേരത്തെ എഫ് എഫ് എസ് ഐ യുടെ റീജിയണല്‍ സെക്രട്ടറിയോ റീജിയണല്‍ കൌണ്‍സിലിലെ അംഗങ്ങളോ അക്കാദമി ഭരണസമിതിയില്‍ ഉണ്ടാകാറുണ്ട്. ഇക്കുറി അപ്രകാരം ഒരാളില്ല! ഫിലിം സൊസൈറ്റി ഫെഡറേഷനെ ഐഎഫ്എഫ്കെയുമായി അടുപ്പിക്കേണ്ടതില്ല എന്ന ദുര്‍ബുദ്ധി അക്കാദമി പരിസരങ്ങളില്‍ ഇപ്പോള്‍ പാര്‍പ്പുതുടങ്ങിയിട്ടുണ്ട്. അതാവാം ഓപ്പണ്‍ ഫോറം എഫ് എഫ് എസ് ഐ ചുമതലയില്‍ നിന്ന് മാറ്റുകയോ അതിനായി വേണ്ടിവന്നാല്‍ ഓപ്പണ്‍ ഫോറങ്ങള്‍ ഒഴിവാക്കുകയോ ചെയ്യാനുള്ള ഗൂഡപദ്ധതികള്‍ ഐഎഫ്എഫ്കെ ആലോചനകളില്‍ രഹസ്യമായി ഇപ്പോള്‍ നടക്കുന്നത്.

കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം പോലും ഇവിടുത്തെ ഫിലിം സൊസൈറ്റികളുടെ നേതൃത്വത്തിലാണ് തുടങ്ങിയതും വികസിച്ചതും എന്ന് ഇന്നത്തെ ഭരണാധികാരികള്‍ ഓര്‍ക്കുന്നുണ്ടാവില്ല. ചിത്രലേഖ മുതല്‍ ആരംഭിക്കുന്ന, അറുപതു വര്‍ഷക്കാലത്തിലധികമുള്ള കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനവുമായി പലനിലകളില്‍ തോളോട് തോള്‍ ചേര്‍ന്ന് പോകാന്‍ ചലച്ചിത്ര അക്കാദമി അത് രൂപീകരിച്ച കാലഘട്ടം മുതല്‍ ശ്രദ്ധവെച്ചിരുന്നു. എന്നാല്‍ ആ ചരിത്രം മുഴുവന്‍ റദ്ദാക്കിക്കൊണ്ട് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവ പരിസരങ്ങളില്‍ നിന്ന് ഫിലിം സൊസൈറ്റി പ്രസ്ഥാനത്തെ തൂത്തുമാറ്റാന്‍ ചില വ്യാജനിര്‍മ്മിതികള്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ വലിയ പ്രതിഷേധം അതുണ്ടാക്കും എന്നതില്‍ സംശയമില്ല. ചില മര്‍ക്കടമുഷ്ടിക്കാരുടെ പിത്തലാട്ടങ്ങള്‍ക്ക് ഐ എഫ് എഫ് കെ യുടെ വേദികളില്‍ ചിലപ്പോള്‍ വിലകൊടുക്കേണ്ടി വരിക ഭരണാധികാരികളും സാംസ്കാരിക - സിനിമാമന്ത്രിയും ഒക്കെ ആയിരിക്കും! അത്തരം നിര്‍ഭാഗ്യങ്ങളിലേക്ക് ഐ എഫ് എഫ് കെ യെ വലിച്ചിടാതിരിക്കാന്‍ എങ്കിലും നിലവിലെ അക്കാദമി ഭാരവാഹികള്‍ക്ക് അവര്‍ ഇക്കാര്യങ്ങളില്‍ മുന്നറിയിപ്പുകള്‍ നല്‍കേണ്ടതുണ്ട്.

ഐ എഫ് എഫ് കെ കേരളത്തിന്റെ സാംസ്കാരിക ഉണര്‍വിന്റെ ഏറ്റവും പ്രബുദ്ധമായ വേദിയാണ്. രാപ്പകല്‍ നീളുന്ന കെട്ടുകാഴ്ചകളോ ആഘോഷനിമിഷങ്ങളോ മാത്രമല്ല അത്. കേരളത്തിന്റെ ഭാവി ചലച്ചിത്രസൗന്ദര്യബോധത്തെ നവീകരിക്കെണ്ടുന്ന ഒന്ന്. ആഴത്തിലുള്ള വിചാരമാതൃകകള്‍ കൊണ്ടാണ് അതില്‍ പരിഷ്കരണങ്ങള്‍ വരുത്തേണ്ടത്. അതില്ലാത്തപ്പോള്‍, കൃത്യമായും മുന്‍നാളുകളില്‍ നടന്നുവന്നിരുന്ന വഴികളിലൂടെയെങ്കിലും അത് മുന്നോട്ടുപോകേണ്ടതുണ്ട്.

നിലവിലെ സുതാര്യതയും രീതിശാസ്ത്രവും അട്ടിമറിച്ച് ആരുടെയൊക്കെയോ ചിത്തഭ്രമങ്ങള്‍ക്ക് ഐ എഫ് എഫ് കെ നിരുപാധികം വിട്ടുകൊടുക്കാന്‍ കേരളത്തിലെ ചലച്ചിത്രപ്രേമികള്‍ ഒരു സര്‍ക്കാരിനും അനുവാദം നല്‍കിയിട്ടില്ല. ഇപ്പോഴത്തെ അക്കാദമിയുടെ ഭരണസമിതിക്ക് അത് മനസ്സിലായില്ലെങ്കില്‍ കേരള സര്‍ക്കാരിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കെങ്കിലും ആ ബോധം ഉണ്ടാവണം. അല്ലെങ്കില്‍ ഉയരുന്ന വലിയ പ്രതിഷേധങ്ങള്‍ക്ക് ഉത്തരം പറയേണ്ടിവരിക അവരായിരിക്കും.

Summary

This article by P. Premachandran sharply criticizes recent administrative decisions by the Chalachitra Academy regarding the International Film Festival of Kerala (IFFK). The author highlights three major concerns: the subversion of the traditionally transparent film selection process through a disjointed online grading system, the impracticality of continuous 24/7 screenings that ignore technical upload times and delegate well-being, and the deliberate sidelining of the Federation of Film Societies of India (FFSI) which threatens the existence of the festival's hallmark Open Forums. The author warns that the state government will face severe backlash for allowing these autocratic changes.