

അയോധ്യ രാമക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലാണ് പുതിയ വെളിപ്പെടുത്തലുകളുള്ളത്. പണം എണ്ണുന്ന ജീവനക്കാർ സിസിടിവി ക്യാമറകൾ മറച്ചുപിടിച്ചാണ് കാണിക്കപ്പെട്ടികളിൽനിന്ന് പണം മാറ്റിയിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
പണം എണ്ണുന്ന മുറിയിലെ സിസിടിവി ക്യാമറയ്ക്ക് മുന്നിൽ ഒരാൾ മറഞ്ഞുനിൽക്കുകയും ഈ സമയം മറ്റുള്ളവർ കെട്ടുകളിൽ നിന്ന് പണം കവരുകയും പിന്നീട് വസ്ത്രത്തിനുള്ളിൽ ഒളിപ്പിക്കുകയുമാണ് ചെയ്തിരുന്നത്. ഇങ്ങനെ കൈക്കലാക്കുന്ന പണം ആദ്യം ക്ഷേത്ര സമുച്ചയത്തിലെ ശുചിമുറികളിലാണ് ഒളിപ്പിച്ചിരുന്നത്.
പിന്നീട് സമയമൊത്തുവരുമ്പോൾ പുറത്തേക്ക് കടത്തുകയും പിന്നീട് രഹസ്യ കേന്ദ്രത്തിൽ വെച്ച് പണം വീതിച്ചെടുക്കുകയുമാണ് ചെയ്തിരുന്നത്. ഇത് കൂടാതെ ബാങ്കിലേക്ക് അയക്കുന്ന നോട്ട് കൊട്ടുകളിൽ അധിക നോട്ടുകൾ തിരുകിക്കയറ്റിയും പിന്നീട് അവ കൈക്കലാക്കിയും തട്ടിപ്പ് നടത്തിയെന്നും റിപ്പോർട്ടിലുണ്ട്. കെട്ടുകളുടെ എണ്ണത്തിൽ വ്യത്യാസമില്ലാത്തതിരുന്നതിനാൽ പരിശോധനയിൽ ഇത് പെട്ടെന്ന് കണ്ടെത്താനായില്ല. നോട്ടുകൊട്ടുകൾക്ക് പുറമെ ഭക്തർ കാണിക്കയായി സമർപ്പിച്ച മൂക്കുത്തികൾ, കമ്മലുകൾ, വളകൾ തുടങ്ങിയ സ്വർണാഭരണങ്ങളും പ്രതികൾ കൈക്കലാക്കി.
7.5 കോടി രൂപയേളമാണ് ഇത്തരത്തിൽ ക്ഷേത്രത്തിൽ നിന്നും നഷ്ടമായതെന്നാണ് അനൗദ്യോഗിക വിവരം
2024 മുതൽ ഈ തരത്തിൽ പ്രതികൾ മോഷണം തുടരുന്നുണ്ടായിരുന്നുവെന്നാണ് സൂചന. 7.5 കോടി രൂപയേളമാണ് ഇത്തരത്തിൽ ക്ഷേത്രത്തിൽ നിന്നും നഷ്ടപ്പെട്ടത്. ഇതിൽ ഔദ്യേഗിക സ്ഥിരീകരണമില്ല. 70 ലക്ഷം രൂപയോളം മാത്രമാണ് പ്രതികളിൽ നിന്ന് കണ്ടെത്താനായത്. ടിന്നു യാദവ്, സുഭാഷ് ശ്രീവാസ്തവ എന്നിവരാണ് ഈ ഗൂഢാലോചനയുടെ സൂത്രധാരന്മാരെന്നാണ് കരുതുന്നത്. അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാമശങ്കർ മിശ്ര എന്നിവരാണ് കേസിൽ അറസ്റ്റിലായ മറ്റു പ്രതികൾ.
ഏപ്രിൽ 27നും ജൂൺ 5നും ഇടയിൽ എഴുപതേളം മോഷണങ്ങൾ നടന്നതായാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായത്. പ്രതികളിൽ പലരും ഉന്നത വ്യക്തികളുടെ ശിപാർശയിലാണ് ജോലിയിൽ പ്രവേശിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ട്രസ്റ്റ് ഭാരവാഹിയായിരുന്ന ചമ്പത്ത് റായിയുടെ ഡ്രൈവറായിരുന്ന ടിന്നു യാദവ് തന്റെ ബന്ധുവിനെ പണം എണ്ണുന്ന സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നു. പ്രതികളിലൊരാളായ അവിനാഷ് ശുക്ല മോഷ്ടിച്ച പണം സ്വന്തം ബാങ്ക് അക്കൗണ്ടിലാണ് നിക്ഷേപിച്ചിരുന്നത്.
കൂടാതെ ക്ഷേത്രത്തിലെ സുരക്ഷാ സംവിധാനങ്ങളിലെ വീഴ്ച്ചയും തട്ടിപ്പിന്റെ ആഴം കൂട്ടിയെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. പണം എണ്ണിയിരുന്ന ജീവനക്കാരെ ജോലി കഴിഞ്ഞ് പോകുമ്പോൾ പരിശോധിച്ചിരുന്നില്ല. സുരക്ഷാ സംവിധാനങ്ങളിൽ ഗുരുതര വീഴ്ചകളുണ്ടെന്നും സിസിടിവി നിരീക്ഷണം പര്യാപ്തമല്ലെന്നും എസ്‌ഐടി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കേസിൽ ബാങ്ക് ഉദ്യോഗസ്ഥരുടെയും സർക്കാർ ജീവനക്കാരുടെയും പങ്ക് ഉൾപ്പെടെ കേസിന്റെ എല്ലാ വശങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. അതേസമയം കുറ്റക്കാർ ആരായാലും രക്ഷപ്പെടില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ഇതിനിടെ കേസിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് ചമ്പത് റായിയും അനിൽ മിശ്രയും രാജിവെച്ചിരുന്നു.
Fresh details have emerged in the alleged financial irregularities at the Ram Mandir in Ayodhya, with an interim report by the Special Investigation Team (SIT) shedding light on the alleged modus operandi behind the theft of donation money. According to the report, employees assigned to count the offerings deliberately obstructed CCTV cameras before siphoning cash from the temple's donation boxes. Investigators allege that one staff member blocked the camera's view while others removed cash from bundled donations, concealed it beneath their clothing, and initially hid the stolen money in toilets within the temple complex before taking it out.