'ജീവന്‍ വിലപ്പെട്ടതാണ്'; സോനം വാങ്ചുക്കിന് വൈദ്യപരിശോധന ഉറപ്പാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി, ആരോഗ്യനില അതീവ ഗുരുതരം

കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍, സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വാങ്ചുക്കിന്റെ ആരോഗ്യനില ദിവസേന നിരീക്ഷിക്കുമെന്നും ആവശ്യമായ വൈദ്യസഹായം നല്‍കുമെന്നും കോടതിക്ക് ഉറപ്പ് നല്‍കി
'ജീവന്‍ വിലപ്പെട്ടതാണ്'; സോനം വാങ്ചുക്കിന് വൈദ്യപരിശോധന ഉറപ്പാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി, ആരോഗ്യനില അതീവ ഗുരുതരം
Published on

നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവും കാലാവസ്ഥാ പ്രവര്‍ത്തകനുമായ സോനം വാങ്ചുക് ജന്തര്‍ മന്തറില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം 19-ാം ദിവസത്തിലേക്ക് കടന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുമ്പോഴും സമരം അവസാനിപ്പിക്കാന്‍ അദ്ദേഹം വിസമ്മതിക്കുകയാണ്. ഓരോ പൗരന്റെയും ജീവന്‍ വിലപ്പെട്ടതാണെന്ന് നിരീക്ഷിച്ച ഡല്‍ഹി ഹൈക്കോടതി, വാങ്ചുക്കിന് ദിവസേനയുള്ള വൈദ്യപരിശോധന ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഉത്തരവിട്ടിട്ടുണ്ട്.

കോടതിക്ക് മുന്നിലെത്തിയ പൊതുതാല്‍പര്യ ഹര്‍ജി

വാങ്ചുക്കിന്റെ ജീവന് ഭീഷണിയാകുന്ന തരത്തില്‍ വഷളായിക്കൊണ്ടിരിക്കുന്ന ആരോഗ്യനില കണക്കിലെടുത്ത് അടിയന്തര വൈദ്യസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. രാകേഷ് കുമാര്‍ സൈനി ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. വാങ്ചുക്കിനെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി ദ്രവരൂപത്തിലുള്ള ആഹാരം, പ്രോട്ടീനുകള്‍, വിറ്റാമിനുകള്‍ എന്നിവ നല്‍കി ജീവന്‍ രക്ഷിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. പൊതുസ്ഥലത്ത് സമാധാനപരമായി പ്രതിഷേധിക്കുന്നത് പൗരന്റെ ഭരണഘടനാപരമായ അവകാശമാണെന്നും എന്നാല്‍ ഒരാളുടെ ജീവന്‍ അപകടത്തിലാകുമ്പോള്‍ അധികാരികള്‍ക്ക് നിഷ്‌ക്രിയരായിരിക്കാന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍, സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വാങ്ചുകിന്റെ ആരോഗ്യനില ദിവസേന നിരീക്ഷിക്കുമെന്നും ആവശ്യമായ വൈദ്യസഹായം നല്‍കുമെന്നും കോടതിക്ക് ഉറപ്പ് നല്‍കി. ഇതേത്തുടര്‍ന്ന് കോടതി ഹര്‍ജി തീര്‍പ്പാക്കി. മെഡിക്കല്‍ ബുള്ളറ്റിന്‍ പ്രകാരം സോനം വാങ്ചുകിന്റെ ഭാരം സമരം ആരംഭിച്ചതിന് ശേഷം 8.9 കിലോഗ്രാം കുറഞ്ഞിട്ടുണ്ട്. നിലവില്‍ അദ്ദേഹം 24 മണിക്കൂറും മെഡിക്കല്‍ നിരീക്ഷണത്തിലാണ്.

'ജീവന്‍ വിലപ്പെട്ടതാണ്'; സോനം വാങ്ചുക്കിന് വൈദ്യപരിശോധന ഉറപ്പാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി, ആരോഗ്യനില അതീവ ഗുരുതരം
രാജ്യത്ത് പകുതിയിലേറെയും ജില്ലകളിൽ മഴയിൽ വൻ കുറവ്, നെല്‍ക്കൃഷിക്ക് കനത്ത തിരിച്ചടി; അരിവില പൊള്ളുമോ?

എന്താണ് ഈ പ്രതിഷേധത്തിന് പിന്നില്‍?

നീറ്റ്-യുജി 2026 ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ രാജ്യത്തുടനീളം ഉയര്‍ന്നുവന്ന, യുവാക്കളുടെ കൂട്ടായ്മയായ 'കോക്രോച്ച് ജനതാ പാര്‍ട്ടി' (സിജെപി) നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ജൂണ്‍ 28 മുതല്‍ സോനം വാങ്ചുക് നിരാഹാരം ആരംഭിച്ചത്. പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വെക്കുക, നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പിരിച്ചുവിടുക, മത്സരപരീക്ഷകളില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരിക, ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദം മൂലം ആത്മഹത്യ ചെയ്ത 12 വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കുക എന്നിവയാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങള്‍.

മഹാത്മാഗാന്ധിയുടെ അഹിംസാ സിദ്ധാന്തങ്ങളില്‍ വിശ്വസിക്കുന്ന വാങ്ചുക്, സമരം ആരംഭിക്കുന്നതിന് മുന്‍പ് രാജ്ഘട്ടില്‍ എത്തി ആദരമര്‍പ്പിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ തങ്ങളുമായി ചര്‍ച്ചയ്ക്ക് തയ്യാറാകുന്നതുവരെ നിരാഹാരം തുടരുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ജൂലൈ 20-ന് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്ന ദിവസം പാര്‍ലമെന്റിലേക്ക് സമാധാനപരമായ മാര്‍ച്ച് നടത്താനും പ്രതിഷേധക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

പിന്തുണയുമായി പ്രമുഖരും രാഷ്ട്രീയ പാര്‍ട്ടികളും

വാങ്ചുകിന്റെ ആരോഗ്യനിലയില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രമുഖ ബോളിവുഡ് താരങ്ങളായ സീനത് അമന്‍, പ്രകാശ് രാജ്, ശബ്ന ആസ്മി, നസീറുദ്ദീന്‍ ഷാ, രത്‌ന പഥക് ഷാ, ഓമി വൈദ്യ, അഭയ് ഡിയോള്‍, അതുല്‍ കുല്‍ക്കര്‍ണി തുടങ്ങിയവര്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട ഇവര്‍, സമരം അവസാനിപ്പിച്ച് ആരോഗ്യം സംരക്ഷിക്കാന്‍ വാങ്ചുകിനോട് അഭ്യര്‍ത്ഥിച്ചു.

പ്രതിപക്ഷ നിരയില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി, ശിവസേന, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, ഇടതുപക്ഷ പാര്‍ട്ടികള്‍ എന്നിവര്‍ സമരത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂര്‍, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരും സമാജ്വാദി പാര്‍ട്ടി എംപി പ്രിയ സരോജും വാങ്ചുകിന് പിന്തുണയുമായി എത്തി. അതേസമയം, പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാവശ്യം ബിജെപി തള്ളിക്കളഞ്ഞു.

'ജീവന്‍ വിലപ്പെട്ടതാണ്'; സോനം വാങ്ചുക്കിന് വൈദ്യപരിശോധന ഉറപ്പാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി, ആരോഗ്യനില അതീവ ഗുരുതരം
'നിരാഹാര സമരം രണ്ട് ദിവസം കൂടി തുടർന്നാൽ മരിക്കും'; സോനം വാങ്ചുക്കിന്റെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹർജി

പിന്മാറാന്‍ വിസമ്മതിച്ച് വാങ്ചുക്

ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് നിരാഹാര സമരം അവസാനിപ്പിക്കാന്‍ സഹപ്രവര്‍ത്തകരും സിജെപി ഭാരവാഹികളും വാങ്ചുകിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, താന്‍ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 'എന്നോട് നിരാഹാരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്നതിന് പകരം, പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ എന്തുകൊണ്ടാണ് വിസമ്മതിക്കുന്നത് എന്ന് ചോദിക്കൂ', തന്നോട് സമരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്നവരോട് വാങ്ചുകിന് പറയാനുള്ളത് ഇതാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ പ്രതികരണമുണ്ടാകാത്ത സാഹചര്യത്തില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് സിജെപിയുടെ തീരുമാനം.

Summary

The Delhi High Court has directed the Central government to ensure daily medical examinations for education reformer and climate activist Sonam Wangchuk, who has entered the 19th day of his indefinite hunger strike at Jantar Mantar over the alleged NEET-UG 2026 paper leak. Observing that every citizen's life is precious, the court disposed of a public interest litigation after the Centre assured that government doctors would monitor Wangchuk's health around the clock. According to medical reports, Wangchuk has lost 8.9 kg since the protest began. He has refused to end the fast, demanding the resignation of the Union Education Minister, the dissolution of the National Testing Agency (NTA), comprehensive examination reforms, and compensation for the families of students who allegedly died by suicide following the controversy.

Madism Digital
madismdigital.com