

ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി ദയാവധം അനുവദിച്ച് സുപ്രീം കോടതി. 32 വയസ്സുള്ള ഹരീഷ് റാണയുടെ ജീവൻ നിലനിർത്തുന്ന യന്ത്രസഹായങ്ങൾ ക്രമേണ പിൻവലിക്കാനുള്ള അനുമതിയാണ് കോടതി നൽകിയിരിക്കുന്നത്. ഹരീഷിന്റെ വൃദ്ധരായ മാതാപിതാക്കൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വിധി പ്രസ്താവിച്ചത്. ഡോക്ടർമാരുടെ അഭിപ്രായവും മെഡിക്കൽ ബോർഡുകളുടെ റിപ്പോർട്ടുകളും പരിഗണിച്ച ശേഷമാണ് കോടതി തീരുമാനം.
ക്ലിനിക്കലി അസിസ്റ്റഡ് ന്യൂട്രിഷനും ഹൈഡ്രേഷനും ഉൾപ്പെടെയുള്ള ജീവൻ നിലനിർത്തുന്ന ചികിത്സകൾ പിൻവലിക്കാമെന്നും, ഘട്ടം ഘട്ടമായി ചികിത്സ അവസാനിപ്പിച്ച് സ്വാഭാവിക മരണം അനുവദിക്കാമെന്നും കോടതി വ്യക്തമാക്കി. 2018-ലെ കോമൺ കോസ് വിധിയിലെ മാർഗനിർദേശങ്ങൾക്കനുസരിച്ചാണ് ഈ അനുമതി നൽകിയത്. 2013-ൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണതിനെ തുടർന്ന് ഗുരുതരമായ പരുക്കേറ്റ ഹരീഷ് കഴിഞ്ഞ 13 വർഷമായി കോമയിലാണ്. ശരീര ചലനങ്ങൾ പൂർണമായും നിലച്ച ഹരീഷ് നിലവിൽ യന്ത്രങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.
രാജ്യത്തെ പൗരന്മാർക്ക് 'അന്തസോടെ മരിക്കാനുള്ള അവകാശമുണ്ടെന്ന ശ്രദ്ധേയമായി നിരീക്ഷണത്തോടെയാണ് കോടതി വിധി പ്രസ്താവം നടത്തിയിരിക്കുന്നത്. 2018-നു ശേഷമുള്ള ആദ്യത്തെ കോടതി അനുമതിയുള്ള നിഷ്ക്രിയ ദയാവധ കേസാണിത്. ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി ഈ പ്രക്രിയ നടപ്പാക്കാൻ കോടതി നിർദേശിച്ചു.
English Summary: In a landmark ruling, the Supreme Court of India allowed passive euthanasia for 32-year-old Harish Rana, who has been in a coma for 13 years after a fall in 2013. The bench of J. B. Pardiwala and K. V. Viswanathan permitted the gradual withdrawal of life-support treatment, following guidelines laid down in the Common Cause v. Union of India (2018) case.