

തമിഴ്നാട്ടിലെ മധുരയിൽ പുതുതായി തുറന്ന തനിഷ്ക് ജ്വല്ലറി ഷോറൂമിൽ കോടികൾ വിലമതിക്കുന്ന ആഭരണങ്ങൾ കവർന്ന കേസിൽ മുഖ്യപ്രതിയായ യൂട്യൂബർ നിഷാന്ത് പിടിയിൽ. സേലത്തേക്ക് ബസിൽ യാത്ര ചെയ്യുന്നതിനിടെ അധിയമാൻകോട്ട പൊലീസാണ് ഇയാളെ സാഹസികമായി പിടികൂടിയത്. പൊലീസിനെ കണ്ട് ബസിന്റെ ജനാലയിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. കേസിൽ നിഷാന്തിന്റെ പെൺസുഹൃത്തും ഇൻഫ്ലുവൻസറുമായ മീനാക്ഷിയെയും പിതാവ് സുരേഷിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മധുര ബൈപ്പാസ് റോഡിലെ പഴങ്ങാനത്തുള്ള തനിഷ്ക് ഷോറൂമിൽ നവംബർ 12-ന് പുലർച്ചെയായിരുന്നു വൻ കവർച്ച നടന്നത്. മോഷണത്തിന് മുന്നോടിയായി ഉപഭോക്താവെന്ന വ്യാജേന മൂന്ന് തവണ ഷോറൂമിലെത്തിയ നിഷാന്ത് സുരക്ഷാ ക്രമീകരണങ്ങൾ വിശദമായി നിരീക്ഷിച്ചിരുന്നു. പുതിയതായി പ്രവർത്തനം ആരംഭിച്ച സ്ഥാപനത്തിൽ ലോക്കർ സംവിധാനം പൂർണമായും സജ്ജമാകാത്തതും രാത്രിയിൽ അലാറം പ്രവർത്തിപ്പിക്കാതിരുന്നതും മോഷണത്തിന് അനുകൂലമായെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
കെട്ടിടത്തിന് പിന്നിലെ സ്കഫോൾഡിങ് ഉപയോഗിച്ച് ടെറസിലെത്തിയ പ്രതി ലിഫ്റ്റ് ഷാഫ്റ്റിലൂടെയാണ് ഷോറൂമിനുള്ളിൽ പ്രവേശിച്ചത്. തുടർന്ന് സ്വർണവും വജ്രവും ഉൾപ്പെടെയുള്ള ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു. മോഷ്ടിച്ച ആഭരണങ്ങളിൽ ഒരു ഭാഗം മാടക്കുളം കുളത്തിന് സമീപത്തെ കൃഷിയിടത്തിൽ കുഴിച്ചിട്ടു. ഇവിടെനിന്ന് ആറ് കിലോ സ്വർണവും വജ്രാഭരണങ്ങളും പൊലീസ് കണ്ടെടുത്തു. ശേഷിച്ച ആഭരണങ്ങളുമായാണ് നിഷാന്ത് ഒളിവിൽ പോയത്.
കവർച്ചയ്ക്കുശേഷം സ്വർണം നിറച്ച ബാഗ് പിതാവ് സുരേഷിനെ ഏൽപ്പിച്ച നിഷാന്ത് മീനാക്ഷിയുടെ സ്കൂട്ടറിലാണ് രക്ഷപ്പെട്ടത്. സുരേഷ് ആദ്യം ആഭരണങ്ങൾ പഴങ്ങാനത്തെ വീട്ടിൽ സൂക്ഷിക്കുകയും പിന്നീട് മകൻ അവിടെനിന്ന് കൊണ്ടുപോകുകയും ചെയ്തു. മോഷണസമയത്ത് നിഷാന്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ കത്തിച്ചുകളഞ്ഞ് തെളിവ് നശിപ്പിക്കാൻ പിതാവ് സഹായിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
നിഷാന്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കവർച്ചാദിവസം ഉപയോഗിച്ച ഷൂസും കൈയുറകളും കണ്ടെടുത്തതായി പൊലീസ് കമ്മിഷണർ എസ്. രാജേന്ദ്രൻ അറിയിച്ചു. ഓട്ടോറിക്ഷാ യാത്രയുടെ വിവരങ്ങൾ, മൊബൈൽ ഫോൺ സിഗ്നലുകൾ, പ്രദേശത്തെ കാലിവളർത്തുകാരനിൽനിന്ന് ലഭിച്ച നിർണായക വിവരം എന്നിവയാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളിലേക്ക് പൊലീസിന് എത്താനായത്.
അറസ്റ്റിലായ മീനാക്ഷിയെയും സുരേഷിനെയും കോടതിയിൽ ഹാജരാക്കി നവംബർ 29 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. മീനാക്ഷിയുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാനാണ് നിഷാന്ത് കവർച്ച ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മധുരയിലെ കോളേജിൽ ഒരുമിച്ച് പഠിച്ചിരുന്ന ഇരുവരും പിന്നീട് സൗഹൃദം തുടർന്നു. പഠനം പാതിവഴിയിൽ ഉപേക്ഷിച്ച നിഷാന്തും യൂട്യൂബറായി പ്രവർത്തിച്ചുവരികയായിരുന്നു. വീട് നിർമാണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി മീനാക്ഷിക്ക് വലിയൊരു തുക ആവശ്യമായി വന്നതോടെയാണ് ആഭരണങ്ങൾ മോഷ്ടിക്കാൻ നിഷാന്ത് പദ്ധതിയിട്ടതെന്നാണ് പൊലീസിന്റെ നിഗമനം.
YouTuber Nishanth, the prime accused in the theft of jewellery worth crores from a Tanishq showroom in Madurai, has been arrested. Police found that he planned the robbery to meet the financial demands of his girlfriend, Meenakshi. The investigation also revealed that he received assistance from Meenakshi’s father, Suresh, in executing the heist.