

ന്യൂഡൽഹി: ന്യൂഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ വൃത്തിഹീനമായ ശുചിമുറിയെക്കുറിച്ച് പരാതി ഉന്നയിച്ച യാത്രക്കാരനെ എറണാകുളം–നിസാമുദ്ദീൻ തുരന്തോ എക്‌സ്പ്രസിൽ നിന്ന് ടിടിഇ ബലംപ്രയോഗിച്ച് ഇറക്കിവിട്ടതായി പരാതി. ഡൽഹിയിലേക്കും, തിരിച്ച് കേരളത്തിലേക്കുമുള്ള യാത്രകൾക്ക് നിരവധി മലയാളികൾ ആശ്രയിക്കുന്ന ട്രെയിനിലാണ് സംഭവം.
വഡോദര സ്വദേശിയായ മങ്കേഷ് തിവാരിക്കാണ് ദുരനുഭവം ഉണ്ടായത്. സെക്കൻഡ് എസി കോച്ചിൽ യാത്ര ചെയ്തിരുന്ന മങ്കേഷ്, രാജസ്ഥാനിലെ കോട്ട സ്റ്റേഷനിലെത്തിയപ്പോൾ ദുർഗന്ധം വമിക്കുന്ന ശുചിമുറിയെക്കുറിച്ച് ടിടിഇയോട് പരാതി അറിയിക്കുകയായിരുന്നു. ശുചീകരണ ജീവനക്കാരെ വിളിക്കാൻ ശ്രമിച്ചെങ്കിലും അത് സാധ്യമായില്ല. ഇതിനിടെ ശുചിമുറിയുടെ അവസ്ഥ വിഡിയോയിൽ പകർത്താൻ ശ്രമിച്ച മങ്കേഷിനെ ടിടിഇ മുകേഷ് കുമാർ ആക്രമിക്കുകയും തുടർന്ന് ട്രെയിനിൽ നിന്ന് ഇറക്കിവിടുകയും ചെയ്തതായാണ് പരാതിയിൽ പറയുന്നു. ടിടിഇ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് റെയിൽവേ അന്വേഷണം ആരംഭിച്ചത്.
ട്രെയിനിൽ നിന്ന് ഇറക്കിവിട്ടതിന് ശേഷം, മങ്കേഷ് 139 എന്ന റെയിൽവേ ഹെൽപ്‌ലൈനിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സഹായം ലഭിച്ചില്ലെന്നും പരാപിയിൽ പറയുന്നു. തുടർന്ന് രത്നം റെയിൽവേ സ്റ്റേഷനൽ വെച്ചാണ് ഔദ്യോഗികമായി പരാതി നൽകിയത്.
സംഭവം സത്യമാണെന്ന് കോട്ട റെയിൽവേ സീനിയർ ഡിവിഷണൽ മാനേജർ സൗരഭ് ജെയ്ൻ സ്ഥിരീകരിച്ചിട്ടുണ്ട്. വിഷയത്തിൽ അന്വേഷണം നടത്തി വിശദ്ധമായ റിപ്പോർട്ട് ഡൽഹി ഹെഡ്‌ക്വാർട്ടേഴ്സിൽ സമർപ്പിക്കുമെന്നും, ടിടിഇക്കെതിരായ നടപടികൾ ഉടൻ തന്നെ ഉണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.
English Summary: A passenger was allegedly assaulted and forcibly removed from the Ernakulam–Nizamuddin Duronto Express after complaining about an unhygienic toilet, prompting a railway investigation