

തമിഴ്‌നാട്ടില്‍ ചരിത്രം ആവര്‍ത്തിക്കുകയാണ്. രാഷ്ട്രീയ എതിരാളികള്‍ക്ക് എതിരായ പൊലീസ് നടപടകള്‍ കൊണ്ട് എക്കാലവും തമിഴക രാഷ്ട്രീയം ചര്‍ച്ചകളില്‍ നിറഞ്ഞിട്ടുണ്ട്. ഇതിലെ ഏറ്റവും ഒടുവിടെ ഉദാഹരണമാവുകയാണ് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയില്‍ എടുത്ത പൊലീസ് നടപടി. സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയില്‍ ആണ് തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ പൊലീസ് കസ്റ്റഡിയിലാവുന്നത്. തിങ്കളാഴ്ച തഞ്ചാവൂരില്‍ നടന്ന കാവേരി പ്രതിഷേധത്തിനിടെ നടത്തിയ പരാമര്‍ശത്തിലാണ് നടപടി. തഞ്ചാവൂര്‍, നീലങ്കരൈ പൊലീസിന്റെ സംയുക്ത സംഘമാണ് നീലങ്കരൈയിലെ ഈസ്റ്റ് കോസ്റ്റ് റോഡിലുള്ള വസതിയില്‍ നിന്നുമാണ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയില്‍ എടുത്തത്.
തമിഴ്നാട്ടിലേക്ക് വെള്ളം എത്തുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് യാതൊരു ആശങ്കയുമില്ലെന്നായിരുന്ന ഉദയനിധിയുടെ ആരോപണത്തെ തുടര്‍ന്നായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. സദസ്സിലുണ്ടായിരുന്ന ഡിഎംകെ പ്രവര്‍ത്തകര്‍ നടി തൃഷയുടെ പേര് ഉറക്കെ വിളിച്ചു പറഞ്ഞു. സ്റ്റാലിന്‍ പ്രസംഗം അല്പസമയം നിര്‍ത്തി ഈ മുദ്രാവാക്യങ്ങള്‍ക്ക് മറുപടി നല്‍കുകയുമായിരുന്നു. വിഷയത്തില്‍ ഉദയനിധിയുടെ വാക്കുകള്‍ ദ്വയാര്‍ഥങ്ങള്‍ നിറഞ്ഞതാണെന്നായിരുന്നു ആരോപണം.
ഇക്കാര്യം ചൂണ്ടിക്കാട്ടി ടിവികെയും ബിജെപിയും രംഗത്തെത്തി. പ്രതിപക്ഷത്തെ നിശബ്ദരാക്കാനുള്ള ഭരണകക്ഷിയായ ടിവികെയുടെ ശ്രമമാണിതെന്ന് ഡിഎംകെ ആരോപിച്ചു. എന്നാല്‍, താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഉറപ്പിച്ചു പറയുകയാണ് ഉദയനിധി. ഇപ്പോഴത്തെ 'പ്രത്യാഘാതങ്ങള്‍ നേരിടാന്‍ ഞാന്‍ തയ്യാറാണ്,' അദ്ദേഹം പറഞ്ഞു.
ഇതാദ്യമായല്ല, വാക്കുകളുടെ പേരില്‍ ഉദയനിധി സ്റ്റാലിന്‍ വിവാദത്തില്‍ ഉള്‍പ്പെടുന്നത്. സനാതന ധര്‍മത്തെ കുറിച്ചുള്ള പരാമര്‍ശം മുതല്‍ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ എത്തി നില്‍ക്കുകയാണ് ഇത്തരം വിവാദങ്ങള്‍.
ശശികലയുടെ 'ചെരിപ്പ്' (മാര്‍ച്ച് 2021 )
എഐഎഡിഎംകെ നേതാവ് വി കെ ശശികലയെ ലക്ഷ്യമിട്ട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ആയിരുന്നു ഉദയനിധി നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശം വലിയ പ്രതിഷേധത്തിനിടയാക്കി. രാഷ്ട്രീയ നിലനില്‍പിനായി മുന്‍ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിക്ക് തന്റെ ശശികലയുടെ ചെരിപ്പില്‍ പിടിച്ച് നില്‍ക്കേണ്ടി വന്നു എന്നായിരുന്നു ആക്ഷേപം. പരാമര്‍ശത്തിന് എതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരും എഐഎഡിഎംകെയും രൂക്ഷമായ വിമര്‍ശനം ആണ് ഉയര്‍ത്തിയത്.
'സനാതന ധര്‍മം' നിര്‍മാര്‍ജനം (സെപ്റ്റംബര്‍ 2023)
സനാതന ധര്‍മത്തെ മാരകരോഗങ്ങളോട് ഉപമിച്ചായിരുന്നു ഇത്തവണ ഉദയനിധി വിവാദം ക്ഷണിച്ചുവരുത്തിയത്.
'സനാതന ഒഴിപ്പ് മാനാട്' (സനാതന നിര്‍മാര്‍ജന സമ്മേളനം) എന്ന പരിപാടിയില്‍ വച്ചായിരുന്നു ആക്ഷേപം.
'കൊതുകുകള്‍, ഡെങ്കി, കൊറോണ, മലേറിയ എന്നിവയെ എതിര്‍ക്കാന്‍ കഴിയില്ല, ചില കാര്യങ്ങള്‍ അങ്ങനെയാണ് അവ നിര്‍മാര്‍ജനം ചെയ്യണം. അവ നശിപ്പിക്കണം. സനാതനവും ഇതുപോലെയാണ്,' എന്നായിരുന്നു വാക്കുകള്‍.
പരാമര്‍ശം വിവാദം സൃഷ്ടിച്ചപ്പോഴും ഉദയനിധി നിലപാടില്‍ ഉറച്ചു നിന്നു. പിന്നീട് പങ്കുവച്ച സോഷ്യല്‍ മീഡിയ കുറിപ്പികള്‍ ഇതിന് ഉദാഹരണമായിരുന്നു. സനാതന ധര്‍മം ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ആളുകളെ ഭിന്നിപ്പിക്കുന്ന ഒന്നാണ്. മാനവിക സമത്വം ഉയര്‍ത്തിപ്പിടിക്കുന്നതിന് അത് വേരോടെ പിഴുതെറിയണം എന്നും അദ്ദേഹം ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ വാദിച്ചു.
ഹിന്ദുക്കളുടെ 'വംശഹത്യയ്ക്ക്' ആഹ്വാനം ചെയ്യുകയാണ് ഉദയനിധി എന്നായിരുന്നു ഈ വിഷയം ചൂണ്ടിക്കാട്ടി ബിജെപി ആരോപിച്ചത്. പരാമര്‍ശത്തില്‍ വിവിധ സംസ്ഥാനങ്ങളിലായി നിരവധി കേസുകള്‍ ആണ് അദ്ദേഹത്തിന് എതിരെ രജിസ്റ്റര്‍ ചെയ്ത പരാമര്‍ശത്തില്‍ സുപ്രീം കോടതിയും വിമര്‍ശനം ഉന്നയിച്ചു.
സനാതന ധര്‍മ പരാമര്‍ശത്തിന്റെ ആവര്‍ത്തനം (മേയ് 2026)
പ്രതിപക്ഷ നേതാവായ ശേഷം നിയമസഭാ പ്രസംഗത്തില്‍ ആണ് ഉദയനിധി വീണ്ടും സാനാതന വിഷയം ഉയര്‍ത്തിയത്. 'ജനങ്ങളെ ഭിന്നിപ്പിക്കുന്ന സനാതന ധര്‍മം തീര്‍ച്ചയായും നിര്‍മാര്‍ജനം ചെയ്യപ്പെടണം എന്നായിരുന്നു വാക്കുകള്‍. ഇത്തവണ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി സനാതന ധര്‍മത്തെ നശിപ്പിക്കുക' എന്നതിനര്‍ത്ഥം ആളുകളെ ക്ഷേത്രങ്ങളില്‍ പോകുന്നത് തടയലല്ലെന്നും മറിച്ച് നിലവിലുള്ള ജാതിശ്രേണികള്‍ അവസാനിപ്പിക്കലാണെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കുകയായിരുന്നു.
Tamil Nadu has once again witnessed political controversy following police action against an opposition leader. Opposition leader Udhayanidhi Stalin was taken into police custody over a complaint alleging that he made derogatory remarks against women. The case stems from comments he allegedly made during the Cauvery protest held in Thanjavur on Monday. A joint team from the Thanjavur and Neelankarai police took him into custody from his residence on East Coast Road in Neelankarai, reigniting debate over the use of police action in the state's political landscape.