അദാനിക്കെതിരായ അമേരിക്കയിലെ കേസ് ഒത്തുതീര്‍പ്പിലേക്ക്? നിര്‍ണായക തീരുമാനം ഉടന്‍

2024 നവംബറില്‍ അദാനിക്കും കൂട്ടാളികള്‍ക്കുമെതിരെ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ ഫയല്‍ ചെയ്ത സിവില്‍ തട്ടിപ്പ് കേസ് പരിഹരിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്
അദാനിക്കെതിരായ അമേരിക്കയിലെ കേസ് ഒത്തുതീര്‍പ്പിലേക്ക്? നിര്‍ണായക തീരുമാനം ഉടന്‍
Published on

ശതകോടീശ്വരന്‍ ഗൗതം അദാനിക്കെതിരായ തട്ടിപ്പ്, കൈക്കൂലി കുറ്റങ്ങള്‍ പിന്‍വലിക്കാന്‍ അമേരിക്കന്‍ നീതിന്യായ വകുപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ക്രിമിനല്‍ കുറ്റങ്ങള്‍ ഒഴിവാക്കുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ ആഴ്ച തന്നെ ഉണ്ടായേക്കുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനൊപ്പം, 2024 നവംബറില്‍ അദാനിക്കും കൂട്ടാളികള്‍ക്കും എതിരെ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ ഫയല്‍ ചെയ്ത സിവില്‍ തട്ടിപ്പ് കേസ് പരിഹരിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.

അഭിഭാഷകന്‍ റോബര്‍ട്ട് ഗിയുഫ്ര ജൂനിയറിന്റെ നേതൃത്വത്തിലുള്ള അദാനിയുടെ നിയമസംഘം അടുത്തിടെ വാഷിംഗ്ടണില്‍ നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കേസില്‍ പ്രോസിക്യൂട്ടര്‍മാരുടെ പക്കല്‍ കൃത്യമായ തെളിവുകളില്ലെന്നും കേസ് മുന്നോട്ട് കൊണ്ടുപോകാന്‍ അവര്‍ക്ക് അധികാരപരിധിയില്ലെന്നും നിയമസംഘം വാദിച്ചു. ഏകദേശം നൂറോളം സ്ലൈഡുകള്‍ അടങ്ങിയ വിശദമായ പ്രസന്റേഷന്‍ ഇവര്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വേണ്ടിയും കോടതിയില്‍ ഹാജരായ അഭിഭാഷകനാണ് ഗിയുഫ്ര.

കുറ്റങ്ങള്‍ പിന്‍വലിക്കുകയാണെങ്കില്‍ അമേരിക്കയില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനും ഏകദേശം 15,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും അദാനി തയ്യാറാണെന്ന് അദ്ദേഹത്തിന്റെ പ്രതിനിധികള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍, ഈ വാഗ്ദാനം കേസിന്റെ ഫലത്തെ സ്വാധീനിക്കില്ലെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പിന്നീട് ഗിയുഫ്രയെ അറിയിച്ചു. കൂടിക്കാഴ്ചയ്ക്കിടെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അദാനിയുടെ വാഗ്ദാനത്തോട് അനുകൂലമായി പ്രതികരിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

അദാനിക്കെതിരായ അമേരിക്കയിലെ കേസ് ഒത്തുതീര്‍പ്പിലേക്ക്? നിര്‍ണായക തീരുമാനം ഉടന്‍
സോണിയ ഗാന്ധി വിളിച്ചു, ആന്റണി പറഞ്ഞു; കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് തീരുമാനമായി

ഇന്ത്യയിലെ സൗരോര്‍ജ്ജ കരാറുകളുമായി ബന്ധപ്പെട്ട് അദാനിയും മറ്റ് പ്രതികളും ചേര്‍ന്ന് 250 ദശലക്ഷം ഡോളറിന്റെ ബൃഹത്തായ കൈക്കൂലി പദ്ധതി ആസൂത്രണം ചെയ്തു എന്നതായിരുന്നു ബ്രൂക്ലിനിലെ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാരുടെ ആരോപണം. അമേരിക്കന്‍ നിക്ഷേപകരില്‍ നിന്ന് ഫണ്ട് സമാഹരിക്കുന്ന വേളയില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ കൈക്കൂലി വിവരങ്ങള്‍ മറച്ചുവെച്ചു എന്നും പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചിരുന്നു.

അദാനി ഗ്രീന്‍ വികസിപ്പിച്ചെടുക്കുന്ന വന്‍കിട സൗരോര്‍ജ്ജ പദ്ധതിയ്ക്കായി അദാനിയും മറ്റുള്ളവരും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കുകയോ വാഗ്ദാനം ചെയ്യുകയോ ചെയ്തു എന്നാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ സമര്‍പ്പിച്ച സിവില്‍ കേസിലെ ആരോപണം. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം അദാനി ഗ്രൂപ്പ് നിഷേധിച്ചിട്ടുണ്ട്. തങ്ങള്‍ക്കെതിരായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ കേസ് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് ഗൗതം അദാനിയും അനന്തരവനായ സാഗര്‍ അദാനിയും ബ്രൂക്ലിനിലെ ഫെഡറല്‍ കോടതിയെ സമീപിച്ചിരുന്നു.

ഗൗതം അദാനിയോ സാഗര്‍ അദാനിയോ ഉള്‍പ്പെടെയുള്ള പ്രതികളാരും ഇതുവരെ കോടതിയില്‍ നേരിട്ട് ഹാജരായിട്ടില്ലെന്നും അതിനാല്‍ കേസ് നിലവില്‍ സ്തംഭനാവസ്ഥയിലാണെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. 2025 ഫെബ്രുവരിയില്‍ അദാനിമാര്‍ക്ക് സമന്‍സ് എത്തിക്കുന്നതിനായി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ ഇന്ത്യയുടെ നിയമ നീതിന്യായ മന്ത്രാലയത്തിന്റെ സഹായം തേടിയിരുന്നെങ്കിലും അതിലും കാലതാമസമുണ്ടായി. ഈ വിഷയത്തില്‍ ഇടപെടാന്‍ യുഎസ് റെഗുലേറ്റര്‍മാര്‍ക്ക് അധികാരപരിധിയില്ലെന്ന് ഈ വര്‍ഷം ആദ്യം കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ അദാനിയുടെ അഭിഭാഷകര്‍ വാദിച്ചിരുന്നു.

English Summary: The US Department of Justice is reportedly preparing to drop criminal fraud and bribery charges against Gautam Adani, while the SEC moves toward resolving a parallel civil suit, following a high-stakes presentation by Adani’s legal team challenging the US government’s jurisdiction and evidence.

Madism Digital
madismdigital.com