

ചെന്നൈ: ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഗതിനിർണ്ണയിക്കുന്ന പോരാട്ടത്തിന് തമിഴ്നാട് ഒരുങ്ങുന്നു; വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രചാരണചൂടിൽ തമിഴകം. ഭരണത്തുടർച്ച ലക്ഷ്യമിട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഡിഎംകെയും കളംനിറയുമ്പോൾ, കരുത്തുറ്റ തിരിച്ചുവരവിനായി എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിൽ എഐഎഡിഎംകെ സർവ്വസജ്ജമാണ്. എന്നാൽ ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ വേറിട്ടുനിർത്തുന്നത് 'ദളപതി' വിജയ്‌യുടെ രാഷ്ട്രീയ അരങ്ങേറ്റമാണ്. അഴിമതിരഹിത ഭരണം വാഗ്ദാനം ചെയ്യുന്ന ടിവികെയും, തീവ്ര തമിഴ് വികാരമുയർത്തുന്ന സീമാന്റെ നാം തമിഴർ കക്ഷിയും, ദളിത്-പിന്നാക്ക രാഷ്ട്രീയത്തിൽ നിർണ്ണായകമായ തോൽ തിരുമാളവന്റെ വിസികെയും ചേരുന്നതോടെ തമിഴ് മണ്ണിൽ ഒരു ബഹുമുഖ പോരാട്ടത്തിനാണ് വേദിയൊരുങ്ങുന്നത്.
തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ തമിഴകത്തിന്റെ തെക്കേ അറ്റത്തുനിന്നും രാഷ്ട്രീയ പടയോട്ടം ആരംഭിച്ച് വിജയ്. ചെന്നൈയിൽ നിന്ന് വിമാനമാർഗ്ഗം തൂത്തുക്കുടിയിലെത്തിയ അദ്ദേഹം, അവിടെനിന്ന് റോഡ് മാർഗ്ഗമാണ് കന്യാകുമാരിയിലെ കൂറ്റൻ ജനസഞ്ചയത്തിന് മുന്നിലെത്തിയത്. ആവേശഭരിതരായ പ്രവർത്തകരെ അഭിസംബോധന ചെയ്യവെ, താൻ വിഭാവനം ചെയ്യുന്ന മാറ്റങ്ങൾ അദ്ദേഹം ഒരിക്കൽ കൂടി വിശദീകരിച്ചു. തൂത്തുക്കുടി മുതൽ കന്യാകുമാരി വരെയുള്ള വഴിനീളെ ലഭിച്ച വൻ വരവേൽപ്പ്, ദക്ഷിണ തമിഴ്‌നാട്ടിലും ടിവികെ വലിയ ചലനങ്ങൾ സൃഷ്ടിക്കുന്നു എന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
അഴിമതിരഹിതവും സുതാര്യവുമായ ഭരണസംവിധാനം വിജയ് ഉറപ്പുനൽകി. തമിഴ്‌നാട്ടിൽ ഭരണത്തിലെത്തിയാൽ സർക്കാർ സേവനങ്ങളിൽ നിന്നുള്ള കൈക്കൂലി പൂർണ്ണമായും തുടച്ചുനീക്കുമെന്നും സാധാരണക്കാർക്ക് ഇടനിലക്കാരില്ലാതെ സേവനങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സേവനങ്ങൾക്കായി ജനങ്ങൾ ഓഫീസുകൾ കയറിയിറങ്ങുന്ന രീതി അവസാനിപ്പിക്കും. പകരം സർക്കാർ ആനുകൂല്യങ്ങൾ ഓരോ പൗരന്റെയും വീട്ടുപടിക്കൽ നേരിട്ടെത്തിക്കുന്ന വിപ്ലവകരമായ മാറ്റമാണ് ലക്ഷ്യം. ജനങ്ങളുടെ പരാതികൾക്ക് കൃത്യമായ സമയപരിധിക്കുള്ളിൽ മറുപടി ഉറപ്പാക്കുന്ന 'ഗ്രീവൻസ് റിഡ്രസൽ' സംവിധാനവും, ജനകീയ പ്രശ്നങ്ങൾ നിയമസഭയിൽ ചർച്ച ചെയ്യാൻ പ്രത്യേക സമയവും മാറ്റിവെക്കുമെന്നും വിജയ് തന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളായി മുന്നോട്ടുവെച്ചു.
സംസ്ഥാനത്തെ സാങ്കേതിക രംഗത്ത് മുന്നിലെത്തിക്കാനുള്ള പദ്ധതികളും വിജയ് മുന്നോട്ട് വച്ചു. സേലം, തിരുച്ചി എന്നിവിടങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും, പ്രത്യേക സർവകലാശാല ആരംഭിക്കുമെന്നും വാഗ്ദാനം ചെയ്തു. മത്സ്യത്തൊഴിലാളികളുടെ ക്ഷേമവുമായി ബന്ധപ്പെട്ടും പ്രഖ്യാപനങ്ങൾ ഉണ്ടായി. നിലവിലെ അലവൻസ് ഗണ്യമായി ഉയർത്തുമെന്നും, വിദേശ നാവികസേന പിടിച്ചെടുക്കുന്ന ബോട്ടുകൾ തിരിച്ചുകിട്ടുന്നതുവരെ ഉടമകൾക്ക് ധനസഹായം നൽകുമെന്നും അറിയിച്ചു. ഭവന പദ്ധതികളുടെ ഭാഗമായി തീരദേശ മേഖലയിൽ പുതിയ വീടുകൾ നിർമ്മിക്കുമെന്നും പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ദശാബ്ദങ്ങളായി തുടരുന്ന അഴിമതിക്കും ഭരണസ്തംഭനത്തിനുമുള്ള ശാശ്വത പരിഹാരമാണ് ഈ വാഗ്ദാനങ്ങളെന്ന് വിജയ് ആവർത്തിച്ചു. മുൻകാലങ്ങളിൽ സമാനമായ അവകാശവാദങ്ങളുമായി പല രാഷ്ട്രീയ പരീക്ഷണങ്ങളും തമിഴ് മണ്ണിൽ അരങ്ങേറിയെങ്കിലും, പ്രായോഗികതലത്തിൽ അവ പരാജയപ്പെട്ട ചരിത്രമാണ് വോട്ടർമാരുടെ മുന്നിലുള്ളത്. ഈ സാഹചര്യത്തിൽ, ഡിഎംകെ-എഐഎഡിഎംകെ പാർട്ടികളുടെ അഴിമതി രാഷ്ട്രീയത്തിന് ബദലായി വിജയ് മുന്നോട്ടുവെക്കുന്ന ഈ 'ഗ്യാരന്റികൾ' ജനവിശ്വാസം നേടിയെടുക്കുന്നതിൽ എത്രത്തോളം വിജയിക്കുമെന്നതാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. ഏപ്രിൽ 23-ന് നടക്കുന്ന വോട്ടെടുപ്പിൽ പുതുതലമുറ വോട്ടർമാരുടെ പിന്തുണ ടിവികെയുടെ ഈ സുതാര്യതാ വാഗ്ദാനങ്ങൾക്ക് അനുകൂലമാകുമോ എന്നതിനെ ആശ്രയിച്ചിരിക്കും വിജയ്‌യുടെ രാഷ്ട്രീയ ഭാവി.
ദ്രാവിഡ രാഷ്ട്രീയത്തിന്റെ പരമ്പരാഗത സമവാക്യങ്ങളെ അട്ടിമറിച്ചുകൊണ്ടാണ് 'ദളപതി' വിജയ്‌യുടെ രാഷ്ട്രീയ പ്രവേശം. ജയലളിതയുടെ വിയോഗത്തിന് ശേഷം എഐഎഡിഎംകെയിൽ ഉണ്ടായ നേതൃപ്രതിസന്ധിയും തകർച്ചയും പ്രതിപക്ഷ നിരയിൽ സൃഷ്ടിച്ച വലിയ ശൂന്യതയിലേക്കാണ് വിജയ് തന്റെ 'തമിഴക വെട്രി കഴകം' എന്ന പ്രസ്ഥാനവുമായി കടന്നുവരുന്നത്. ഡിഎംകെയെ നേരിടാൻ കരുത്തുറ്റൊരു ബദലില്ലാത്ത സാഹചര്യത്തിൽ, ഭരണവിരുദ്ധ വികാരവും യുവാക്കളുടെ പിന്തുണയും വോട്ടാക്കി മാറ്റാനാണ് അദ്ദേഹം ശ്രമിക്കുന്നത്. സഖ്യകക്ഷികളെ കണ്ടെത്താനുള്ള വെല്ലുവിളികളും രാഷ്ട്രീയ എതിരാളികളുടെ കടുത്ത വിമർശനങ്ങളും നേരിടേണ്ടി വന്നെങ്കിലും, പേരമ്പൂരിലും തൃച്ചി ഈസ്റ്റിലും ഇരട്ട മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കാനുള്ള വിജയ്‌യുടെ തീരുമാനം തന്റെ രാഷ്ട്രീയ ലക്ഷ്യത്തെക്കുറിച്ചുള്ള വ്യക്തമായ സൂചനയാണ് നൽകുന്നത്. ദ്രാവിഡ കക്ഷികൾ മാറിമാറി ഭരിച്ച തമിഴ് മണ്ണിൽ ഒരു മൂന്നാം ശക്തിയായി ഉയരാൻ വിജയ്‌ക്ക് സാധിക്കുമോ എന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കും.
English Summary: Actor-turned-politician Vijay intensified his Tamil Nadu election campaign, promising a corruption-free governance system, improved public services, AI hubs, and welfare measures for fishermen