കരൂർ ദുരന്തം; വിജയ് നാളെ സിബിഐക്ക് മുന്നിൽ ഹാജരാകും

വിജയ്‌യുടെ പ്രചാരണ വാഹനവും, കാരവാനും പനയൂരിലുള്ള പാർട്ടി ആസ്ഥാനത്തു നിന്നും, ഫോറൻസിക് പരിശോധനയുടെ ഭാഗമായി ഇന്നലെ പിടിച്ചെടുത്തു
കരൂർ ദുരന്തം; വിജയ് നാളെ സിബിഐക്ക് മുന്നിൽ ഹാജരാകും
Published on

‌കരൂർ ആൾക്കൂട്ട ദുരന്ത കേസിൽ ടിവികെ അധ്യക്ഷനും, തമിഴ് സിനിമ താരവുമായ വിജയ് നാളെ സിബിഐക്ക് മുന്നിൽ ഹാജരാകും. സമൻസിൽ പറഞ്ഞിരിക്കുന്നത് പോലെ, ഡൽഹി സിബിഐ ഓഫീസിലാണ് വിജയ് എത്തുക. നേരത്തെ ടിവികെ ഭാരവാഹികൾ ആയ ബുസി ആനന്ദ്, ആധവ് അർജുന, സിടിആർ നിർമൽകുമാർ, മതിയഴകൻ എന്നിവരെ സിബിഐ ചോദ്യം ചെയ്തിരുന്നു. 41 പേർ മരിച്ച ദുരന്തത്തിൽ, ടിവികെയുടെ അവശ്യപ്രകാരമാണ് സുപ്രീം കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

ദുരന്തത്തിനു പിന്നിലെ സുരക്ഷാവീഴ്ചകളും മാനദണ്ഡങ്ങളുടെ ലംഘനവുമാണ് പ്രധാനമായും സിബിഐ പരിശോധിക്കുന്നത്. വിജയ്‌യുടെ പ്രചാരണ വാഹനവും, കാരവാനും പനയൂരിലുള്ള പാർട്ടി ആസ്ഥാനത്തു നിന്നും, ഫോറൻസിക് പരിശോധനയുടെ ഭാഗമായി ഇന്നലെ പിടിച്ചെടുത്തിരുന്നു. തുടർന്ന് പരിശോധനകൾക്കായി വാഹനം കരൂരിലെ സിബിഐ ക്യാമ്പ് ഓഫീസിലേക്ക് മാറ്റി.

കഴിഞ്ഞ സെപ്തംബർ 27ന് കരൂരിൽ നടന്ന സംഭവത്തിൽ സുപ്രീം കോടതിയുടെ പ്രത്യേക ഉത്തരവിനെത്തുടർന്നാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്. വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അജയ് രസ്തോഗിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. സംസ്ഥാന സർക്കാരിന്റെയും പൊലീസിന്റെയും വീഴ്ച കാരണമാണ് കരൂരിൽ അപകടമുണ്ടായതെന്നാണ് ടിവികെ ആരോപിക്കുന്നത്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം അദ്ദേഹം നേരിടുന്ന ആദ്യത്തെ പ്രധാന നിയമനടപടിയാണിത്.

English Summary: TVK chief and Tamil actor Vijay will appear before the CBI tomorrow in connection with the Karur stampede that killed 41 people.

Related Stories

No stories found.
Madism Digital
madismdigital.com