

പശ്ചിമ ബംഗാളിൽ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) നടപടികൾ പൂർത്തിയായപ്പോൾ വോട്ടർപട്ടികയിൽ നിന്ന് ഏകദേശം 90 ലക്ഷം പേർ നീക്കം ചെയ്യപ്പെട്ടതായി റിപ്പോർട്ട്. ഇതോടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ കണക്കുകൂട്ടലുകൾ പാടെ മാറിമറിയുന്ന സാഹചര്യമാണ് ബംഗാളിലുള്ളത്. പുതിയ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ 294 മണ്ഡലങ്ങളിലായി വോട്ടർമാരുടെ ആകെ എണ്ണം 6.77 കോടിയായി ചുരുങ്ങി.
2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ പല നിർണ്ണായക മണ്ഡലങ്ങളിലും വോട്ടർമാരുടെ എണ്ണത്തിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് മുഖ്യമന്ത്രി മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും കനത്ത തിരിച്ചടിയാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ചിലയിടങ്ങളിൽ നേരിയ കുറവ് മാത്രമുണ്ടായപ്പോൾ, തൃണമൂലിന്റെ ശക്തികേന്ദ്രങ്ങളായ ചില മണ്ഡലങ്ങളിൽ 25 മുതൽ 30 ശതമാനം വരെ വോട്ടർമാർ കുറഞ്ഞത് തിരഞ്ഞെടുപ്പ് ഫലത്തെ നേരിട്ട് സ്വാധീനിക്കാൻ സാധ്യതയുണ്ട്.
എസ്.ഐ.ആർ (SIR) നടപടികൾക്ക് ശേഷമുള്ള പുതിയ കണക്കുകൾ പശ്ചിമ ബംഗാളിൽ സങ്കീർണ്ണമായ ഒരു രാഷ്ട്രീയ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. വിവിധ മണ്ഡലങ്ങളിൽ 9 മുതൽ 35 ശതമാനം വരെ വോട്ടർമാരുടെ എണ്ണത്തിൽ ഇടിവ് രേഖപ്പെടുത്തിയത് ബിജെപിക്ക് ഒരേസമയം വെല്ലുവിളിയും അനുകൂല ഘടകവുമാകുന്നുണ്ട്. ഖരഗ്‌പുർ സദർ, ശിബ്‌പുർ, അസൻസോൾ സൗത്ത് തുടങ്ങിയ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലെ വോട്ടർമാരുടെ കുറവ് ബിജെപിയുടെ നിലവിലെ വോട്ടുബാങ്കിനെ നേരിട്ട് ബാധിച്ചേക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അതേസമയം, മുഖ്യമന്ത്രി മമത ബാനർജിയുടെ മണ്ഡലമായ ഭബാനിപൂർ ഉൾപ്പെടെയുള്ള വി.ഐ.പി മണ്ഡലങ്ങളിലും വോട്ടർ പട്ടികയിൽ പ്രകടമായ മാറ്റങ്ങൾ ദൃശ്യമാണ്.
സന്ദേശ്ഖാലി, ഗൈഘട്ട തുടങ്ങിയ മേഖലകളിലുണ്ടായ മാറ്റങ്ങൾ ബിജെപിയെ സംബന്ധിച്ചിടത്തോളം അതീവ നിർണ്ണായകമാണ്. ചിലയിടങ്ങളിൽ വോട്ടർമാരുടെ കുറവ് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കുമ്പോൾ, മറ്റ് ചില മണ്ഡലങ്ങളിൽ ഇത് ബിജെപിയുടെ വിജയസാധ്യത വർദ്ധിപ്പിക്കുന്ന ഘടകമായി മാറുന്നു. മുർഷിദാബാദ് ഉൾപ്പെടെയുള്ള മേഖലകളിൽ വോട്ടർ പട്ടികയിലെ ഈ അഴിച്ചുപണി ശക്തമായ ത്രികോണ മത്സരത്തിന് വഴിയൊരുക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ഹൈ-ഇംപാക്റ്റ് മണ്ഡലങ്ങൾ
തൃണമൂൽ കോൺഗ്രസിന്റെ ഉറച്ച കോട്ടയായ ഭബാനിപൂരിൽ വോട്ടർപട്ടികയിലുണ്ടായ വൻ ഇടിവ് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ 2,05,487 വോട്ടർമാരുണ്ടായിരുന്ന ഈ മണ്ഡലത്തിൽ, നിലവിൽ അത് 1,55,308 ആയി ചുരുങ്ങി. അതായത് ഏകദേശം 25 ശതമാനത്തോളം വോട്ടർമാരുടെ കുറവ്. 2011 മുതൽ മുഖ്യമന്ത്രി മമത ബാനർജി പലതവണ തിരഞ്ഞെടുക്കപ്പെട്ട ഈ വി.ഐ.പി മണ്ഡലത്തിൽ വോട്ടർമാർ കുറഞ്ഞത് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ഭരണപക്ഷം.
മമത ബാനർജിക്കെതിരെ ബിജെപി കരുത്തുറ്റ നേതാവായ സുവേന്ദു അധികാരിയെ തന്നെ രംഗത്തിറക്കിയതോടെ ഭബാനിപൂരിലെ പോരാട്ടം പ്രവചനാതീതമായി മാറി. മുൻപ് നന്ദിഗ്രാമിൽ മമതയെ പരാജയപ്പെടുത്തിയ സുവേന്ദുവിന്റെ സാന്നിധ്യം ഇത്തവണത്തെ പോരാട്ടത്തിന്റെ വീര്യം വർദ്ധിപ്പിക്കുന്നു.
ഭബാനിപൂരിന് പുറമെ ഖരഗ്‌പുർ സദർ, ബാലിഗഞ്ച്, കൊൽക്കത്ത പോർട്ട് എന്നിവിടങ്ങളിലും 20 ശതമാനത്തിലധികം വോട്ടർമാരുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ കൊൽക്കത്ത പോർട്ടിൽ ഉണ്ടായ 30 ശതമാനത്തിലധികം വരുന്ന ഇടിവ് സംസ്ഥാന ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് വലിയ വെല്ലുവിളിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇത്തരം മണ്ഡലങ്ങളിലെ വോട്ടർമാരുടെ എണ്ണത്തിലുള്ള വലിയ മാറ്റം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ അന്തിമ ഫലത്തെയും സ്വാധീനിച്ചേക്കാം.
2011 വരെ കോൺഗ്രസിന്റെ ഉരുക്കുകോട്ടയായിരുന്ന ഖരഗ്പുർ സദർ, ഇപ്പോൾ ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിനാണ് വേദിയാകുന്നത്. ഇത്തവണ ബിജെപിയുടെ മുതിർന്ന നേതാവ് ദിലീപ് ഘോഷും, തൃണമൂലിന്റെ പ്രദീപ് സർക്കാരും തമ്മിലുള്ള ശക്തമായ പോരാട്ടത്തിനാണ് മണ്ഡലം സാക്ഷ്യം വഹിക്കുന്നത്. ഏകദേശം 25 ശതമാനം വോട്ടർമാരുടെ കുറവാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. 2021-ലെ തിരഞ്ഞെടുപ്പിൽ വെറും 3,771 വോട്ടുകൾക്ക് ബിജെപി വിജയിച്ച മണ്ഡലത്തിൽ, ഇത്രയും വലിയ തോതിൽ വോട്ടർമാർ കുറഞ്ഞത് ഇരുമുന്നണികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നു.
ദക്ഷിണ കൊൽക്കത്തയിലെ രാഷ്ട്രീയമായി നിർണ്ണായകമായ മറ്റൊരു മണ്ഡലമാണ് ബാലിഗഞ്ച്. 2006 മുതൽ തൃണമൂൽ കോൺഗ്രസിനൊപ്പമുള്ള ഈ മണ്ഡലത്തിൽ, മുതിർന്ന നേതാവ് സുബ്രത മുഖർജിയുടെ മരണവും ബാബുൽ സുപ്രിയോയുടെ രാജിയും വലിയൊരു രാഷ്ട്രീയ ശൂന്യത സൃഷ്ടിച്ചിരുന്നു. ഇത്തവണ തൃണമൂലിനായി സോവൻദേബ് ചട്ടോപാധ്യായ് അങ്കത്തിനിറങ്ങുമ്പോൾ, ബിജെപി ഷതരൂപയെയാണ് മത്സരരംഗത്തിറക്കിയിരിക്കുന്നത്. വോട്ടർപട്ടികയിലെ അഴിച്ചുപണി ഈ വി.ഐ.പി മണ്ഡലത്തിലെ അന്തിമ ഫലത്തെ എങ്ങനെ ബാധിക്കുമെന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.
അതേസമയം, ബഹറാംപൂർ (10%), അസൻസോൾ സൗത്ത് (16%), ശിബ്പുർ (19%) തുടങ്ങിയ മണ്ഡലങ്ങളിൽ വോട്ടർമാരുടെ എണ്ണത്തിൽ മിതമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാറ്റങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തെ എപ്രകാരം ബാധിക്കുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുകയാണ്.
നദിയ ജില്ലയിലെ കലിഗഞ്ച് മണ്ഡലത്തിൽ വോട്ടർ പട്ടികയിൽ 9.02 ശതമാനം ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലടക്കം വലിയ ചർച്ചയായേക്കാവുന്ന പോരാട്ടമാണ് ഇവിടെ നടക്കുന്നത്. കഴിഞ്ഞ വർഷം ഉപതിരഞ്ഞെടുപ്പ് വേളയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒൻപത് വയസ്സുള്ള മകളെ നഷ്ടപ്പെട്ട സബീന യാസ്മിൻ ഇത്തവണ സി.പി.ഐ.എം സ്ഥാനാർത്ഥിയായി മത്സരരംഗത്തുണ്ട്. രാഷ്ട്രീയ അക്രമങ്ങൾക്കെതിരായ ഇടതുമുന്നണിയുടെ പ്രധാന മുഖമായാണ് സബീന ഉയർത്തിക്കാട്ടപ്പെടുന്നത്.
നിലവിലെ എം.എൽ.എ അലിഫ അഹമ്മദിനെ തന്നെ തൃണമൂൽ കോൺഗ്രസ് വീണ്ടും കളത്തിലിറക്കിയപ്പോൾ, ബിജെപി ബാപൻ ഘോഷിനെയാണ് മത്സരത്തിന് നിയോഗിച്ചിരിക്കുന്നത്. സബീന യാസ്മിന്റെ സ്ഥാനാർത്ഥിത്വത്തോടെ കലിഗഞ്ചിൽ പോരാട്ടം ശക്തമായ ത്രികോണ മത്സരത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.
‘ഹോട്ട് സീറ്റുകൾ’
വോട്ടർ പട്ടികയിലെ ശുദ്ധീകരണ നടപടികൾ രാഷ്ട്രീയമായി ഏറ്റവും സങ്കീർണ്ണമായ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത് സന്ദേശ്ഖാലി, ഗൈഘട്ട, സംഷേർഗഞ്ച് എന്നീ മണ്ഡലങ്ങളിലാണ്. ഇതിൽ സംഷേർഗഞ്ച് മണ്ഡലത്തിലെ കണക്കുകൾ രാഷ്ട്രീയ നിരീക്ഷകരെപ്പോലും അമ്പരപ്പിക്കുന്നതാണ്. ഇവിടെ വോട്ടർമാരുടെ എണ്ണത്തിൽ 35 ശതമാനത്തിന്റെ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വിവിധ സമുദായങ്ങളുടെ വോട്ടിംഗ് രീതികൾ നിർണ്ണായകമായ ഈ മേഖലകളിൽ ഇത്രയും വലിയ മാറ്റം വരുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലത്തെ അപ്രതീക്ഷിതമായി സ്വാധീനിച്ചേക്കാം. ജാതി-മത സമവാക്യങ്ങൾക്കനുസരിച്ച് വോട്ട് രേഖപ്പെടുത്തുന്ന ഈ മണ്ഡലങ്ങളിൽ വോട്ടർമാരുടെ എണ്ണം കുത്തനെ കുറഞ്ഞത് പ്രധാന രാഷ്ട്രീയ പാർട്ടികളെയെല്ലാം ഒരുപോലെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
സംസ്ഥാനത്ത് ഏറ്റവും വലിയ വോട്ടർ ഇടിവ് രേഖപ്പെടുത്തിയത് സംഷേർഗഞ്ച് മണ്ഡലത്തിലാണ്; ഏകദേശം 35.10 ശതമാനം വോട്ടർമാരാണ് ഇവിടെ പട്ടികയിൽ നിന്ന് പുറത്തായത്. രാഷ്ട്രീയമായി ഏറെ ചർച്ച ചെയ്യപ്പെട്ട സന്ദേശ്ഖാലിയിൽ 9.11 ശതമാനവും, ഗൈഘട്ടയിൽ 15.36 ശതമാനവും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസിന് ഇപ്പോഴും ശക്തമായ സ്വാധീനമുള്ള മുർഷിദാബാദിൽ 11.27 ശതമാനമാണ് വോട്ടർമാരുടെ എണ്ണത്തിൽ വന്ന കുറവ്.
നഗര-വ്യവസായ മേഖലകൾ ഉൾപ്പെടുന്ന ഡാബ്ഗ്രാം-ഫുൽബാരി മണ്ഡലങ്ങളിൽ 17.83 ശതമാനം വോട്ടർമാർ കുറഞ്ഞത് ഈ മേഖലകളിലെ വോട്ടർമാരുടെ സ്ഥാനചലനത്തെയാണ് സൂചിപ്പിക്കുന്നത്. ചുരുക്കത്തിൽ, സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) നടപടികൾക്ക് ശേഷം വോട്ടർമാരുടെ എണ്ണത്തിൽ മാത്രമല്ല, വോട്ടർ ഘടനയിലും വലിയ മാറ്റങ്ങളാണ് വന്നിരിക്കുന്നത്. ഈ ഘടകങ്ങൾ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തെ നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുമെന്ന് ഉറപ്പാണ്
തുടക്കം മുതൽ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) നടപടികളോട് കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്ന മുഖ്യമന്ത്രി മമത ബാനർജിക്ക്, ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടുകൾ വലിയ രാഷ്ട്രീയ തിരിച്ചടിയാണ് നൽകുന്നത്. 2025 ജൂൺ 24-നും ഒക്ടോബർ 27-നും തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച എസ്.ഐ.ആർ ഉത്തരവുകൾ റദ്ദാക്കണമെന്ന ആവശ്യവുമായി മമത സുപ്രീം കോടതിയെ വരെ സമീപിച്ചിരുന്നു. എന്നാൽ കോടതിയിൽ നിന്ന് അനുകൂല വിധി ലഭിക്കാത്തത് തൃണമൂൽ ക്യാമ്പിനെ പ്രതിരോധത്തിലാക്കി.
വോട്ടർപട്ടികയിലെ ഈ വൻ ശുദ്ധീകരണത്തിലൂടെ അനുകൂലമായ ഒരു രാഷ്ട്രീയ സാഹചര്യം ബിജെപിക്ക് കൈവരുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ മമതയും തൃണമൂൽ കോൺഗ്രസും. 90 ലക്ഷത്തോളം വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്തായതോടെ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയസമവാക്യങ്ങൾ അട്ടിമറിക്കപ്പെടുമോ എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.
English Summary: West Bengal's Special Intensive Revision (SIR) removed nearly 9 million voters, significantly altering electoral equations. The changes may impact Mamata Banerjee’s TMC and BJP differently across key constituencies.