

സാമൂഹ്യമാധ്യമ അക്കൗണ്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ മെറ്റയുടെ നടപടിക്കെതിരെ പ്രതിഷേധം അക്രമാസക്തമായി. തെലങ്കാനയിൽ മെറ്റയുടെ ഓഫീസിലേക്ക് അതിക്രമിച്ചുകയറിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കെട്ടിടത്തിനുള്ളിലെ പൂച്ചട്ടികളും മറ്റ് വസ്തുക്കളും അടിച്ചുതകർത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജക്കിടി ശിവചരൺ റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇരുപതിലധികം പ്രവർത്തകർ പങ്കെടുത്ത സമരത്തിനിടെ മെറ്റയ്ക്കും കേന്ദ്രസർക്കാരിനുമെതിരേ രൂക്ഷമായ മുദ്രാവാക്യങ്ങളും ഉയർന്നു.
യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ഉദയ് ഭാനു ചിബ്, ദേശീയ ചുമതലയുള്ള മനീഷ് ശർമ എന്നിവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് മെറ്റ നിയന്ത്രണം ഏർപ്പെടുത്തിയെന്ന ആരോപണമാണ് പ്രതിഷേധത്തിന് പിന്നിൽ. പ്രതിപക്ഷ നേതാക്കളുടെയും പ്രവർത്തകരുടെയും സാമൂഹിക മാധ്യമ ഇടപെടലുകൾ ലക്ഷ്യമിട്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ഇതിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന ആവശ്യവുമായാണ് പ്രവർത്തകർ മെറ്റയുടെ ഓഫീസിലെത്തിയത്.
നിയന്ത്രണത്തിലാക്കിയ അക്കൗണ്ടുകളും നീക്കംചെയ്ത പോസ്റ്റുകളും ഏഴു ദിവസത്തിനകം പുനഃസ്ഥാപിക്കണമെന്നാണ് യൂത്ത് കോൺഗ്രസ് മുന്നോട്ടുവച്ച പ്രധാന ആവശ്യം. മെറ്റയ്ക്ക് നട്ടെല്ലുണ്ടാകണമെന്നും ജനാധിപത്യപരമായ അഭിപ്രായപ്രകടനങ്ങൾക്ക് തടയിടരുതെന്നും ആവശ്യപ്പെട്ട് സംഘടന എക്സിൽ പോസ്റ്റും പങ്കുവെച്ചു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്നും പ്രവർത്തകർ മുന്നറിയിപ്പ് നൽകി. കോടതികളിലും തെരുവുകളിലും മെറ്റയുടെ ഓഫീസുകൾക്ക് മുന്നിലും സമരം വ്യാപിപ്പിക്കുമെന്നാണ് പ്രഖ്യാപനം.
അതിനിടെ, പ്രതിഷേധം ആരംഭിച്ച് 15 മിനിറ്റിനുള്ളിൽത്തന്നെ ദേശീയ പ്രസിഡന്റ് ഉദയ് ഭാനു ചിബിന്റെയും മറ്റ് ഭാരവാഹികളുടെയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പുനഃസ്ഥാപിക്കപ്പെട്ടതായി യൂത്ത് കോൺഗ്രസ് അവകാശപ്പെട്ടു. അക്കൗണ്ടുകൾ തിരിച്ചുകിട്ടിയെങ്കിലും മെറ്റയുടെ നിയന്ത്രണ നടപടികളോടുള്ള എതിർപ്പ് അവസാനിച്ചിട്ടില്ലെന്നും സെൻസർഷിപ്പിനെതിരായ പ്രതിഷേധങ്ങൾ തുടരുമെന്നും സംഘടന വ്യക്തമാക്കി.
സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രവർത്തകർ ഓഫീസിലേക്ക് അതിക്രമിച്ചുകയറുന്നതും കെട്ടിടത്തിനുള്ളിലെ പൂച്ചട്ടികൾ എറിഞ്ഞുടയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സാമൂഹിക മാധ്യമ അക്കൗണ്ടുകളിലെ നിയന്ത്രണത്തിനെതിരായ പ്രതിഷേധം സ്വകാര്യ കമ്പനിയുടെ ഓഫീസിന് നേരെയുള്ള ആക്രമണത്തിലേക്ക് നീങ്ങിയതോടെ സംഭവം രാഷ്ട്രീയ വിവാദത്തിനും വഴിവെച്ചു.
അതേസമയം, മെറ്റയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ ബി.ജെ.പി. രൂക്ഷമായി വിമർശിച്ചു. കോൺഗ്രസ് ഗുണ്ടകളുടെ പാർട്ടിയാണെന്ന് ബി.ജെ.പി. വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു. സ്വകാര്യ കമ്പനികളുടെ ഓഫീസുകൾ തകർക്കുന്നതാണ് കോൺഗ്രസിന്റെ രാഷ്ട്രീയ രീതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോക എ.ഐ. ഉച്ചകോടിക്കിടെ നഗ്നരായി പ്രതിഷേധിച്ച് രാജ്യത്തെ അപമാനിച്ചവരാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെന്നും പ്രദീപ് ഭണ്ഡാരി ആരോപിച്ചു. മെറ്റയുടെ അക്കൗണ്ട് നിയന്ത്രണ നടപടികളെച്ചൊല്ലിയുള്ള തർക്കം ഇപ്പോൾ അഭിപ്രായസ്വാതന്ത്ര്യം, സാമൂഹിക മാധ്യമങ്ങളിലെ സെൻസർഷിപ്പ്, രാഷ്ട്രീയ പ്രതിഷേധങ്ങളുടെ രീതികൾ എന്നിവയെക്കുറിച്ചുള്ള പുതിയ ചർച്ചകൾക്കും വഴിതുറന്നിരിക്കുകയാണ്.
Youth Congress workers attacked Meta’s office in Telangana in protest against the company’s account restriction measures. The protesters vandalised items inside the building and raised slogans against Meta and the central government. The Youth Congress said the protest would continue despite the accounts being restored.