

1,670 കോടിയുടെ സിന്തറ്റിക് ലഹരി ഒളിച്ചുകടത്താൻ ശ്രമിച്ച് നടി, കയ്യോടെ പൊക്കി പൊലീസ്. സംഭവം അങ്ങ് ആസ്ട്രേലിയയിലാണ്. ചില ടിവി ഷോകളിലും ജേസൺ സ്റ്റഥാമിന്റെ ചില സിനിമകളിലും അഭിനയിച്ച എമ്മ ഹുസെയ്ൻ ആണ് അറസ്റ്റിലായത്.
ഓസ്‌ട്രേലിയയിലേക്ക് വാണിജ്യ അളവിലുള്ള മെത്താംഫെറ്റമിൻ കടത്താൻ ശ്രമിച്ചെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കും. എമ്മയ്ക്കൊപ്പം ആഫ്രിക്കൻ സ്വദേശികളായ ദമ്പതികളും അറസ്റ്റിലായിട്ടുണ്ട്. 34 വയസ്സുകാരിയായ എമ്മ വ്യാഴാഴ്ച സിഡ്നി കോടതിയിൽ ഹാജരായിരുന്നു.
320 കിലോ മെത്താംഫെറ്റമിൻ കടത്താനാണ് സംഘം ശ്രമിച്ചത്. ഘാനയിൽ നിന്ന് കൽക്കരി നിറച്ച ബാഗുകളിലൊളിപ്പിച്ച് കടത്താൻ ശ്രമിക്കവേ കുടുങ്ങുകയായിരുന്നു. 296 മില്യൺ ആസ്ട്രേലിയൻ ഡോളർ (ഏകദേശം ₹1,670 കോടി) മൂല്യമുള്ളതാണ് പിടിച്ചെടുത്ത ലഹരി.
2010-ൽ ആദ്യമായി സംപ്രേഷണം ചെയ്ത ഈസ്റ്റ്എൻഡേഴ്സ് സ്പിൻ-ഓഫ് പരമ്പരയായ ഇ20യിൽ എമ്മ നാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കൂടാതെ, ജേസൺ സ്റ്റഥാം നായകനായ 2013-ലെ ആക്ഷൻ ത്രില്ലർ ചിത്രം ഹമിംഗ്ബേർഡിലും ഇവർ ഒരു പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്. അമേരിക്കയിൽ ഈ ചിത്രം റിഡെംപ്ഷൻ എന്ന പേരിലാണ് പുറത്തിറങ്ങിയത്.
ഘാനയിൽ നിന്ന് സിഡ്നിയിലെ പോർട്ട് ബോട്ടണിയിൽ എത്തിയ രണ്ട് ഷിപ്പിംഗ് കണ്ടെയ്‌നറുകളിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന്, ഏപ്രിലിൽ തന്നെ ഓസ്‌ട്രേലിയൻ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
കൽക്കരി നിറച്ച ബാഗുകളാണെന്ന് രേഖപ്പെടുത്തിയിരുന്ന കണ്ടെയ്‌നറുകൾ എക്‌സ്-റേ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ, അതിനുള്ളിൽ വെളുത്ത ക്രിസ്റ്റൽ രൂപത്തിലുള്ള ഒരു പദാർത്ഥം കണ്ടെത്തി. തുടർ പരിശോധനയിൽ അത് മെത്താംഫെറ്റമിൻ (മെത്ത്) ആണെന്ന് സ്ഥിരീകരിച്ചു.
തുടർന്ന്, ചരക്കിൽ നിന്ന് മയക്കുമരുന്ന് നീക്കം ചെയ്തശേഷമാണ് സിഡ്നിയുടെ പടിഞ്ഞാറൻ പ്രാന്തപ്രദേശമായ ഗിറാവീനിലെ ഒരു സംഭരണ കേന്ദ്രത്തിലേക്ക് അത് എത്തിക്കാൻ പൊലീസ് അനുവദിച്ചത്.
പൊലീസ് പറയുന്നതനുസരിച്ച്, ഈ സംഭരണ കേന്ദ്രത്തിലേക്ക് എമ്മ നേരിട്ടെത്തി കാര്യങ്ങൾ നോക്കിനടത്തുകയായിരുന്നു. തുടർന്ന് ലഹരി നിറച്ച ബാഗുകൾ ഒരു കാറിലാക്കി ബ്ലാക്ക്ടൌൺ എന്ന പ്രദേശത്തേക്ക് പോകാൻ ശ്രമിക്കവേ പൊലീസ് പിടികൂടി. ഇവരുടെ പക്കൽ നിന്ന് ഇലക്ട്രോണിക് ഡിവൈസുകളും ഒരു നോട്ട്ബുക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
English Summary: An actress has been arrested for allegedly attempting to smuggle ₹1,670 crore worth of synthetic drugs into Australia. The incident has drawn attention internationally. Emaa Hussen, who appeared in several TV shows and acted in films featuring Jason Statham, has been taken into custody.
She has been charged with attempting to import a commercial quantity of methamphetamine into Australia. If convicted, she could face life imprisonment. Alongside Hussen, an African couple has also been arrested in connection with the case.
The 34-year-old actress appeared before a Sydney court on Thursday.