ബെർലിനിൽ ചരിത്രം കുറിച്ച് 'ദി ലെഫ്റ്റ്'; എലിഫ് എറാൾപ് തലസ്ഥാന നഗരത്തെ നയിക്കാൻ ഒരുങ്ങുന്നു

സഖ്യകക്ഷികളുടെ പിന്തുണയോടെ എലിഫ് ബെർലിൻ മേയറായി തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ, അത് പല ചരിത്ര നേട്ടങ്ങൾക്കും വഴിവെക്കും
ബെർലിനിൽ ചരിത്രം കുറിച്ച് 'ദി ലെഫ്റ്റ്'; എലിഫ് എറാൾപ് തലസ്ഥാന നഗരത്തെ നയിക്കാൻ ഒരുങ്ങുന്നു
Published on

ജർമ്മനിയുടെ തലസ്ഥാനമായ ബെർലിനിൽ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷത്തെ ഞെട്ടിച്ച് ഇടതുപക്ഷ പാർട്ടിയായ ദി ലെഫ്റ്റ് (Die Linke) ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരിക്കുകയാണ്. എലിഫ് എറാൾപ് എന്ന തുർക്കി വംശജയായ വനിതയാണ് ഈ ചരിത്രവിജയത്തിലേക്ക് പാർട്ടിയെ നയിച്ചത്. കുടിയേറ്റ വിരുദ്ധ നിലപാടുകളുള്ള എഎഫ്ഡി എന്ന പാർട്ടി ജർമ്മനിയുടെ മറ്റ് ഭാഗങ്ങളിൽ ശക്തി പ്രാപിക്കുമ്പോഴാണ് ബെർലിനിൽ ഇടതുപക്ഷം ഈ വലിയ മുന്നേറ്റം നടത്തിയിരിക്കുന്നത്.

1980ൽ തുർക്കിയിൽ നടന്ന സൈനിക അട്ടിമറിയെ തുടർന്ന് ജർമ്മനിയിലേക്ക് പലായനം ചെയ്തവരാണ് എലിഫിന്റെ മാതാപിതാക്കൾ. ജർമ്മനിയിലെ മ്യൂണിക്കിൽ ജനിച്ച എലിഫ്, പത്താം വയസിൽ തന്നെ പരിസ്ഥിതി സംരക്ഷണത്തിനായി ശബ്ദമുയർത്തിക്കൊണ്ട് പൊതുപ്രവർത്തന രം​ഗത്തേക്ക് കടന്നുവന്ന വ്യക്തിയാണ്. നിയമപഠനം പൂർത്തിയാക്കിയ അവർ ദീർഘകാലം അഭിഭാഷകയായും കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കായുള്ള പോരാളിയായും പ്രവർത്തിച്ചു.

സഖ്യകക്ഷികളുടെ പിന്തുണയോടെ എലിഫ് ബെർലിൻ മേയറായി തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ, അത് പല ചരിത്ര നേട്ടങ്ങൾക്കും വഴിവെക്കും. 1990-ൽ ജർമ്മനിയുടെ പുനരേകീകരണത്തിന് ശേഷം ഈ പദവിയിലെത്തുന്ന ആദ്യത്തെ ഇടത് നേതാവാകും അവർ. കൂടാതെ, ബെർലിന്റെ ചരിത്രത്തിലെ ആദ്യത്തെ തുർക്കി വംശജയായ മേയറും, ആദ്യത്തെ വെള്ളക്കാരിയല്ലാത്ത വനിതാ മേയറും എന്ന നേട്ടവും എലിഫ് സ്വന്തമാക്കും.

ബെർലിനിൽ ചരിത്രം കുറിച്ച് 'ദി ലെഫ്റ്റ്'; എലിഫ് എറാൾപ് തലസ്ഥാന നഗരത്തെ നയിക്കാൻ ഒരുങ്ങുന്നു
ലോകശക്തികളെ നിഴല്‍യുദ്ധത്തിലേക്ക് നയിക്കുന്ന ദ്വീപ്; എന്തുകൊണ്ടാണ് തായ്‌വാനുമേല്‍ ചൈന അവകാശവാദം ഉന്നയിക്കുന്നത്?

സാധാരണക്കാരുടെ ഏറ്റവും വലിയ പ്രശ്നമായ ഭവന നിർമ്മാണവും വാടകയുമാണ് എലിഫ് പ്രധാന വിഷയമായി ഉയ‍ർത്തിക്കാട്ടിയത്. ബെർലിനിലെ കുതിച്ചുയരുന്ന വാടക നിയന്ത്രിക്കുക എന്നതാണ് അതിൽ ഏറ്റവും പ്രധാനം. ഇതിനായി വൻകിട റിയൽ എസ്റ്റേറ്റ് കമ്പനികളുടെ കൈവശമുള്ള വീടുകൾ സർക്കാരിലേക്ക് ഏറ്റെടുത്ത് പൊതുജനങ്ങൾക്ക് താങ്ങാനാകുന്ന നിരക്കിൽ നൽകുമെന്ന് എലിഫ് വാ​ഗ്ദാനം ചെയ്തു.

സോളിഡാരിറ്റി സിറ്റി അഥവാ ഐക്യദാർഢ്യ നഗരം എന്ന ആശയവും അവർ മുന്നോട്ടുവെച്ചു. അഭയാർത്ഥികളോട് അനുഭാവപൂർണ്ണമായ സമീപനം സ്വീകരിക്കുക, വിവേചനപരമായ പൊലീസ് പരിശോധനകൾ അവസാനിപ്പിക്കുക, രാജ്യത്തെ പൗരന്മാരല്ലാത്തവർക്കും തദ്ദേശ തെഞ്ഞെടുപ്പുകളിൽ വോട്ടവകാശം നൽകുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ജർമ്മനിയിൽ പലസ്തീൻ അനുകൂല നിലപാടുകൾ എടുക്കുന്നത് വലിയ വിലക്കുകൾ നേരിടുന്ന ഒന്നാണെങ്കിലും, പലസ്തീൻകാർ ഉൾപ്പെടെയുള്ള ദുർബല വിഭാഗങ്ങൾക്ക് എലിഫ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അമേരിക്കയിലെ ന്യൂയോർക്ക് ന​ഗരത്തിൽ സമാനമായ രീതിയിൽ ഇടത് ആശയങ്ങൾ മുൻനി‍ർത്തി വിജയിച്ച സോഹ്‍റാൻ മംദാനിയുടെ പ്രവർത്തന ശൈലിയുമായാണ് എല്ലാവരും എലിഫിനെ താരതമ്യം ചെയ്യുന്നത്. വലിയ ന​ഗരങ്ങളിലെ ജീവിതം പണക്കാർക്ക് മാത്രമുള്ളതല്ലെന്നും അത് സാധാരണക്കാർക്കും പ്രാപ്യമാകണമെന്നുമുള്ള മംദാനിയുടെ നയമാണ് എലിഫും പിന്തുടരുന്നത്. ഇതിനെക്കുറിച്ച് പഠിക്കാൻ എലിഫിന്റെ പാർട്ടിക്കാർ ന്യൂയോർക്കിലേക്ക് യാത്ര ചെയ്യുക പോലുമുണ്ടായി. 'ആദ്യം നമ്മൾ മാൻഹാട്ടൻ പിടിക്കും, പിന്നീട് ബെർലിനും' എന്ന ആശയമാണ് അവർ പ്രാവർത്തികമാക്കിയത്. സമൂഹമാധ്യമങ്ങളിലെ വളരെ ആകർഷകമായ പ്രചാരണവും ഈ വിജയത്തിൽ വലിയ പങ്ക് വഹിച്ചു.

തിരഞ്ഞെടുപ്പ് സർവേകൾ പ്രകാരം അവിശ്വസനീയമായ യുവജന പിന്തുണയാണ് ദി ലെഫ്റ്റ് പാർട്ടിക്ക് ലഭിച്ചത്. 25 മുതൽ 34 വയസ് വരെയുള്ളവരിൽ 48 ശതമാനം പേരും വോട്ട് ചെയ്തത് എലിഫിനാണ്. 16 മുതൽ 24 വയസ് വരെയുള്ളവരിൽ 42 ശതമാനം പേരുടെയും പിന്തുണ നേടാൻ ഇവർക്ക് കഴിഞ്ഞു. ഗ്രീൻസ്, എസ്‍പിഡി തുടങ്ങിയ പാർട്ടികളിൽ നിന്നുള്ള വോട്ടുകൾ ആകർഷിച്ചതിനൊപ്പം, മുൻപ് വോട്ട് ചെയ്യാതിരുന്ന വലിയൊരു ശതമാനം ആളുകളെ പോളിങ് ബൂത്തിലെത്തിക്കാനും അവർക്ക് സാധിച്ചു. ബെർലിനിലെ ജനസംഖ്യയുടെ പകുതിയോളം വരുന്ന കുടിയേറ്റ സമൂഹങ്ങൾക്കിടയിലും, പ്രത്യേകിച്ച് നോയ്‌കൽൻ (Neukölln), വെഡ്ഡിങ് തുടങ്ങിയ മേഖലകളിൽ, ഈ വിജയം വലിയ പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്.

ബെർലിനിൽ ചരിത്രം കുറിച്ച് 'ദി ലെഫ്റ്റ്'; എലിഫ് എറാൾപ് തലസ്ഥാന നഗരത്തെ നയിക്കാൻ ഒരുങ്ങുന്നു
ഇറാന്റെ ആകാശത്ത് അജ്ഞാത വസ്തു; പിന്നിൽ അമേരിക്കയോ? മിണ്ടാതെ ഭരണകൂടം

അതേസമയം, ഏകദേശം 25 ശതമാനത്തിലധികം വോട്ടുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും, എലിഫിന് സ്വന്തമായി ഭൂരിപക്ഷമില്ല. ഗ്രീൻസ്, എസ്പിഡി തുടങ്ങിയ പാർട്ടികളുമായി ചേർന്ന് ഒരു സഖ്യസർക്കാർ രൂപീകരിച്ചാൽ മാത്രമേ അവർക്ക് മേയർ സ്ഥാനത്ത് എത്താനാകൂ. എന്നാൽ ഈ പാർട്ടികൾക്കും, വ്യവസായികൾക്കും എലിഫിന്റെ കർശനമായ വാടക നിയന്ത്രണ നയങ്ങളോടും ഭവന ഏറ്റെടുക്കൽ പദ്ധതികളോടും കടുത്ത വിയോജിപ്പുണ്ട്. അതിനാൽ ഈ നയങ്ങൾ നടപ്പിലാക്കാൻ വലിയ നിയമപോരാട്ടങ്ങളും വിട്ടുവീഴ്ചകളും വേണ്ടി വന്നേക്കാം. ഇതൊക്കെയാണെങ്കിലും, ബെർലിനിലെ സാധാരണ ജനങ്ങൾ വലിയൊരു രാഷ്ട്രീയ മാറ്റത്തിനായി ആഗ്രഹിക്കുന്നുവെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം അടിവരയിടുന്നു.

Summary

The left-wing party Die Linke, led by Turkish-origin politician Elif Eralp, has emerged as the leading force in the 2026 Berlin state elections. Eralp's campaign—focused on affordable housing, rent caps, and enhanced migrant rights—resonated deeply with youth and immigrant communities, effectively countering the far-right AfD's influence in the city. If successful in forming a coalition government, Eralp will make history as Berlin's first mayor of Turkish descent and first woman of color to hold the office, though she faces upcoming political challenges in negotiating her ambitious policies with potential coalition partners.

Madism Digital
madismdigital.com