

പശ്ചിമേഷ്യൻ സംഘർഷം മാറ്റമില്ലാതെ തുടരവേ, ഇറാന്റെ ആകാശത്ത് അജ്ഞാത വസ്തു. അന്യഗ്രഹപേടകങ്ങളോട് സമാനമായ ആകൃതിയിൽ, തെളിച്ചമേറിയ, പ്രകാശമാനമായ വസ്തുവാണ് പ്രത്യക്ഷപ്പെട്ടത്. യുദ്ധം നിർത്താൻ ഇറാൻ അമേരിക്കയ്ക്ക് മുന്നിൽ നിബന്ധനകൾ വെച്ചതും, ഇതിൽ ട്രംപ് തീരുമാനമെടുക്കാൻ വൈകുന്നതുമൊക്കെ ബന്ധപ്പെടുത്തി ഊഹാപോഹങ്ങൾ കനക്കുകയാണ് ടെഹ്റാനിൽ. വിഷയത്തിൽ ഇറാനിയൻ ഭരണകൂടം ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല.
സെപ്റ്റംബർ 20ന്, അസദെഗാൻ എക്സ്പ്രസ് വേയ്ക്ക് മുകളിലാണ് അജ്ഞാതവസ്തു പ്രത്യക്ഷപ്പെട്ടതെന്നാണ് വിവരം. ആകാശത്തിലൂടെ വേഗത കുറച്ച് സഞ്ചരിക്കുന്ന പേടകം പോലെയായിരുന്നു വസ്തുവെന്ന് ദൃക്‌സാക്ഷികളും വിവരിക്കുന്നു. വസ്തുവിന്റെ യഥാർഥ ലൊക്കേഷനോ, വലിപ്പമോ, സ്പീഡോ ഒന്നും ഔദ്യോഗികമായി ലഭ്യമല്ല. ഭീഷണിയുണ്ടോ ജാഗ്രത പാലിക്കണമോ എന്നതിനെ പറ്റിയൊന്നും ജനങ്ങൾക്ക് നിർദേശങ്ങളും ലഭിച്ചിട്ടില്ല. ഇതുകൊണ്ടു തന്നെ ഊഹാപോഹങ്ങളും വർധിക്കുന്നുണ്ട്.
മിലിട്ടറി ഡ്രോണോ ഒന്നിലധികം ഡ്രോണുകളോ ആവാം ആകാശത്തെന്നാണ് സോഷ്യൽ മീഡിയയിൽ ഒരുകൂട്ടം ആളുകളുടെ വാദം. എന്നാൽ കൂടുതലാളുകളുടെയും പ്രതികരണം അന്യഗ്രഹജീവികളെ കേന്ദ്രീകരിച്ചുള്ളതാണ്. ടെഹ്റാനിൽ 1976 സെപ്റ്റംബറിലും സമാനരീതിയിലൊരു അജ്ഞാതവസ്തു ആകാശത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. വ്യോമസേനയും പ്രതിരോധ ഏജൻികളും ഗൌരവമായി രേഖപ്പെടുത്തി പ്രമുഖ യുഎഫ്ഒ സംഭവങ്ങളിൽ ഒന്നാണിത്.
ഈ വസ്തുവിനെ പരിശോധിക്കാൻ F-4 ഫൈറ്റർ ജെറ്റുകളാണ് ഉടനടി ഇറാൻ അയച്ചത്. പിന്നീട് അന്യഗ്രഹജീവികളെ കുറിച്ചുള്ള പഠനത്തിൽ സംഭവം കാര്യമായി ചർച്ചയാക്കപ്പെടുകയും ചെയ്തു.
പറക്കുംതളികകളെ കുറിച്ചുള്ള അമേരിക്കയുടെ പഠനങ്ങളിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു ഇറാനിലെ ഈ അജ്ഞാതപേടകം. കാരണം, ഈ അജ്ഞാതവസ്തുവിനോട് അടുത്തപ്പോൾ വിമാനങ്ങളിലെ റഡാർ,കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ, ആയുധ നിയന്ത്രണ സംവിധാനങ്ങൾ എന്നിവ പ്രവർത്തനരഹിതമായി. വിമാനം വസ്തുവിൽ നിന്ന് അകന്നപ്പോൾ ഇവ വീണ്ടും സാധാരണ നിലയിലാവുകയും ചെയ്തു.
യു.എസ് മിലിറ്ററിയും യു.എസ് ഡിഫെൻസ് ഇന്റലിജൻസ് ഏജൻസിയും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയും വിശദമായ റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ കാര്യമാത്രപ്രസക്തമായതൊന്നും റിപ്പോർട്ടിൽ കുറിച്ചിട്ടില്ല.
ഈ സംഭവത്തിന് ശേഷവും ഇറാനിൽ പലപ്പോഴായി ആകാശവസ്തുക്കൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2004 ഏപ്രിലിൽ ടെഹ്റാനിലും കാസ്‌പിയൻ കടലിന് മുകളിലും തിളങ്ങുന്ന അജ്ഞാത വസ്തുക്കൾ പ്രത്യക്ഷപ്പെട്ടിരുന്നു. തുടർന്ന് ഉടൻ തന്നെ ഇറാൻ വ്യോമസേന വിമാനങ്ങൾ അയച്ചെങ്കിലും വസ്തുക്കൾ അതിവേഗം മാഞ്ഞു. ഈ സമയത്ത് തന്നെ, ബുഷെറിലെ ആണവനിലയത്തിന് മുകളിലും തിളങ്ങുന്ന വസ്തുക്കൾ കറങ്ങിനടന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
2005ലെ പച്ചവെളിച്ചമാണ് മറ്റൊന്ന്. തബ്രിസ് നഗരത്തിന് മുകളിലായിരുന്നു പച്ച നിറത്തിൽ വെട്ടിത്തിളങ്ങി ഒരു വസ്തു പ്രത്യക്ഷപ്പെട്ടത്. ആണവനിലയങ്ങൾക്കും സൈനിക താവളങ്ങൾക്കും മുകളിൽ തങ്ങൾ സ്ഥിരം ഇത്തരം വെളിച്ചം കാണുന്നുണ്ടെന്നായിരുന്നു അന്ന് ജനങ്ങളുടെ പ്രതികരണം.
നിലവിലെ അജ്ഞാത വസ്തു പശ്ചിമേഷ്യൻ സംഘർഷസമയത്താണ് പ്രത്യക്ഷപ്പെട്ടത് എന്നതിനാൽ തന്നെ അമേരിക്കയുടെ പേരാണ് പ്രതിപ്പട്ടികയിൽ മുന്നിൽ. ഇനിയൊരു ആക്രമണമുണ്ടായാൽ അമേരിക്കയുടെ മിലിറ്ററി ബേസുകൾ തകർക്കുമെന്ന ഇറാന്റെ ഭീഷണിക്ക് പിന്നാലെയാണ് പറക്കുംതളിക ടെഹ്റാന് മുകളിൽ പ്രത്യക്ഷപ്പെടുന്നത്. മേഖലയിൽ ഫ്ളൈറ്റുകൾ ക്യാൻസൽ ചെയ്യുമെന്നും, എയർസ്പേസ് അടയ്ക്കുമെന്നും യുഎസ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇതൊക്കെ കൂട്ടിവായിച്ചാണ് യുഎസിനെ സംശയദൃഷ്ടിയോടെ ഇറാനിയൻ മാധ്യമങ്ങളടക്കം നോക്കുന്നതും.
As the conflict in West Asia continues unabated, an unidentified object has appeared in Iran’s skies. A bright, luminous object resembling an alien spacecraft was spotted, sparking speculation in Tehran, particularly amid Iran’s conditions for a ceasefire with the US and Trump’s delay in making a decision. The Iranian government has not yet issued an official response on the matter.