നാണംകെട്ട് അമേരിക്കൻ സൈബർ സെക്യൂരിറ്റി; എഫ്ബിഐ തലവന്റെ ഇ-മെയിൽ ചോർത്തി ഇറാൻ അനുകൂല ഹാക്കർമാർ

2010-നും 2019-നും ഇടയിലുള്ള മുന്നൂറിലധികം ഇമെയിലുകളാണ് ഹാക്കർമാർ പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ രഹസ്യ സ്വഭാവമുള്ള ഫയലുകളൊന്നും ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്നാണ് എഫ്ബിഐയുടെ അവകാശവാദം
നാണംകെട്ട് അമേരിക്കൻ സൈബർ സെക്യൂരിറ്റി; എഫ്ബിഐ തലവന്റെ ഇ-മെയിൽ ചോർത്തി ഇറാൻ അനുകൂല ഹാക്കർമാർ
Published on

എഫ്.ബി.ഐ ഡയറക്ടർ കാഷ് പട്ടേലിന്റെ പേഴ്സണൽ ഇ-മെയിൽ ചോർത്തി ഇറാൻ അനുകൂല ഹാക്കർമാർ. 'ഹന്ദാല ഹാക്ക് ടീം' (Handala Hack Team) എന്നറിയപ്പെടുന്ന ഹാക്കർ ഗ്രൂപ്പാണ് കാഷ് പട്ടേലിന്റെ സ്വകാര്യ ചിത്രങ്ങളും മുന്നൂറിലധികം ഇ-മെയിൽ രേഖകളും തങ്ങളുടെ വെബ്സൈറ്റിലൂടെ പരസ്യപ്പെടുത്തിയത്. ഇ-മെയിൽ ചോർത്തപ്പെട്ടതായി എഫ്ബിഐയും കാഷ് പട്ടേലിന്റെ ഔദ്യോഗിക വക്താവും സ്ഥിരീകരിച്ചിട്ടുണ്ട്.

'വിജയകരമായി ഹാക്ക് ചെയ്യപ്പെട്ട ഇരകളുടെ പട്ടികയിൽ ഇനി കാഷ് പട്ടേലിന്റെ പേരും ഉണ്ടാകും' എന്ന അടിക്കുറിപ്പോടെയാണ് ഹാക്കർമാർ ചിത്രങ്ങളും സന്ദേശവും പരസ്യപ്പെടുത്തിയത്. സൈബർ സെക്യൂരിറ്റിയിൽ ലോകത്തിലെ ഏറ്റവും മികച്ചവരെന്ന അമേരിക്കയുടെ അവകാശവാദത്തിനേറ്റ തിരിച്ചടിയാണിതെന്നാണ് സൈബർ ലോകത്തെ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.

2010-നും 2019-നും ഇടയിലുള്ള മുന്നൂറിലധികം ഇമെയിലുകളാണ് ഹാക്കർമാർ ചോർത്തിയിരിക്കുന്നത്. ഇതിൽ പട്ടേലിന്റെ വ്യക്തിഗത സന്ദേശങ്ങളും ചില ഔദ്യോഗിക കത്തിടപാടുകളും അടങ്ങിയിട്ടുണ്ടെന്ന് ഹാക്കർമാർ അവകാശപ്പെടുന്നു. സൈബർ ഇന്റലിജൻസ് സ്ഥാപനമായ ഡിസ്ട്രിക്റ്റ് 4 ലാബ്സ് നടത്തിയ പരിശോധനയിൽ, ചോർത്തപ്പെട്ട മെയിൽ അഡ്രസ് മുൻപും ഡേറ്റ ചോർച്ചകളിൽ പട്ടേലുമായി ബന്ധിപ്പിക്കപ്പെട്ടതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പരസ്യപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ പഴയതാണെന്നും സുപ്രധാന സർക്കാർ രേഖകളൊന്നും ഇ- മെയിലിൽ ഉൾപ്പെട്ടിട്ടില്ലെന്നും എഫ്ബിഐ വക്താവ് ബെൻ വില്യംസൺ വ്യക്തമാക്കി.

നാണംകെട്ട് അമേരിക്കൻ സൈബർ സെക്യൂരിറ്റി; എഫ്ബിഐ തലവന്റെ ഇ-മെയിൽ ചോർത്തി ഇറാൻ അനുകൂല ഹാക്കർമാർ
മെറ്റയും യൂട്യൂബും നഷ്ടപരിഹാരം നല്‍കേണ്ടത് 60 ലക്ഷം ഡോളര്‍; 'അഡിക്റ്റീവ് കണ്ടന്റുകള്‍'ക്ക് സോഷ്യല്‍ മീഡിയ ഭീമന്മാര്‍ ഇനി വില നല്‍കേണ്ടി വരുമോ?

പലസ്തീൻ അനുകൂല ഹാക്കർമാരുടെ കൂട്ടായ്മയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഹന്ദാല, ഇറാനിയൻ ഗവൺമെന്റ് സൈബർ ഇന്റലിജൻസ് യൂണിറ്റുകളുടെ ഭാ​ഗമാണെന്നാണ് റിപ്പോർട്ടുകൾ. മാർച്ച് 11-ന് 'സ്ട്രൈക്കർ' എന്ന മെഡിക്കൽ ഉപകരണ സേവനദാതാക്കളെ ഹാക്ക് ചെയ്തതായും ഹന്ദാല അവകാശപ്പെട്ടിരുന്നു. നേരത്തെ 2016-ൽ ജോൺ പോഡെസ്റ്റയുടെയും 2015-ൽ സിഐഎ ഡയറക്ടർ ജോൺ ബ്രെന്നന്റെയും അക്കൗണ്ടുകൾ ചോർത്തപ്പെട്ടതിന് സമാനമായ നീക്കമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇറാൻ ബന്ധമുള്ള ഹാക്കർമാരുടെ കൈവശം ഇനിയും കൂടുതൽ ഇ-മെയിലുകളും ഡേറ്റയും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ. വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള പ്രമുഖരുടെ വിവരങ്ങൾ തങ്ങളുടെ പക്കലുണ്ടെന്ന് മുൻപ് മറ്റൊരു സംഘം അവകാശപ്പെട്ടിരുന്നു. എന്നാൽ ഇത്തരം അവകാശവാദങ്ങൾ പൂർണമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. കാഷ് പട്ടേലിന്റെ ഇമെയിൽ ചോർച്ചയുമായി ബന്ധപ്പെട്ട് എഫ്ബിഐ കൂടുതൽ അന്വേഷണങ്ങൾ നടത്തിവരികയാണ്.

English Summary: Iran-linked hackers allegedly breached FBI Director Kash Patel’s personal email account and leaked more than 300 emails and private photos online. The incident has raised fresh concerns over cyberattacks targeting senior US officials and possible Iranian involvement.

Related Stories

No stories found.
Madism Digital
madismdigital.com