ട്രംപിന് ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം വഷളാകുകയാണോ? സഖ്യരാജ്യങ്ങൾ നിലപാട് മാറ്റുന്നു

ട്രംപിൻ്റെ ഇറാൻ നയം തികച്ചും അസ്ഥിരവും, പ്രവചനാതീതവുമാണെന്നാണ് ഈ മേഖലയിൽ പൊതുവെ വിലയിരുത്തപ്പെടുന്നത്.
ട്രംപിന് ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം വഷളാകുകയാണോ? സഖ്യരാജ്യങ്ങൾ നിലപാട് മാറ്റുന്നു
Published on

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അഞ്ച് മാസം പിന്നിടുമ്പോൾ എണ്ണവിലയിലും ഇന്ധന ലഭ്യതയിലുമുണ്ടായ പ്രതിസന്ധിക്കപ്പുറം മറ്റ് പല പ്രശ്നങ്ങളും ​ഗൾഫ് മേഖലയിലുണ്ട്. ഇറാനുമായുള്ള സമാധാന കരാറിനെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരസ്പരവിരുദ്ധമായ പ്രസ്താവനകൾ നടത്തുമ്പോഴും ഈ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്ക്ക് കഴിയാത്തതിൽ പശ്ചിമേഷ്യയിലെ അഞ്ച് രാജ്യങ്ങൾ കടുത്ത നിരാശയിലാണ്.

ഈ നിരാശ വൈറ്റ് ഹൗസിനുമേലുള്ള വെറുമൊരു നയതന്ത്ര സമ്മർദ്ദം മാത്രമല്ല. വാഷ്ങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം, തങ്ങളുടെ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വലിയ അമേരിക്കൻ സൈനിക താവളങ്ങളുടെ ആവശ്യകതയെക്കുറിച്ച് പോലും സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങൾ ചോദ്യം ചെയ്യാൻ തുടങ്ങിയിരിക്കുന്നു. ഇറാനുമായി സമാധാനം സ്ഥാപിക്കാൻ ആവശ്യമായ നയതന്ത്ര ഇടപെടലുകൾ നടത്തുന്നതിൽ ട്രംപിനുണ്ടായ വീഴ്ചകളും, കഴിഞ്ഞ അഞ്ച് മാസമായി അദ്ദേഹം നടത്തുന്ന പരസ്പരവിരുദ്ധമായ പ്രസ്താവനകളും, യുദ്ധത്തിൻ്റെ പ്രത്യാഘാതങ്ങൾ ഗൾഫ് രാജ്യങ്ങൾ അനുഭവിക്കേണ്ടി വരുന്നതുമാണ് ഇതിന് പ്രധാന കാരണം.

ട്രംപിന് ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം വഷളാകുകയാണോ? സഖ്യരാജ്യങ്ങൾ നിലപാട് മാറ്റുന്നു
ഇറാന്‍-അമേരിക്ക ബന്ധം കൂടുതല്‍ വഷളാക്കി ട്രംപ്; ഹോർമുസ് കടലിടുക്ക് യുഎസിന്റെ ഭൂപ്രദേശമാക്കുമെന്ന് പ്രഖ്യാപനം

''യുദ്ധം തുടങ്ങിയത് ട്രംപാണ്, അതിന്റെ വില കൊടുക്കുന്നത് ഞങ്ങളുമാണ്'' എന്നാണ് ഒരു ഗൾഫ് ഉദ്യോഗസ്ഥൻ വാഷിങ്ടൺ പോസ്റ്റിനോട് പ്രതികരിച്ചത്. തങ്ങൾ ഒരിക്കലും ആഗ്രഹിക്കാത്ത ഒരു യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടുവെന്നാണ് സഖ്യരാജ്യങ്ങൾക്ക് ഇപ്പോൾ തോന്നുന്നതെന്ന് യുറേഷ്യ ഗ്രൂപ്പിലെ അനലിസ്റ്റ് ഫിറാസ് മക്സാദ് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ട്രംപിൻ്റെ ഇറാൻ നയം തികച്ചും അസ്ഥിരവും, പ്രവചനാതീതവുമാണെന്നാണ് ഈ മേഖലയിൽ പൊതുവെ വിലയിരുത്തപ്പെടുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഊ‍ർജ വിതരണക്കാരാണ് സൗദി അറേബ്യയും ഖത്തറും ഉൾപ്പെടുന്ന ​ഗൾഫ് രാജ്യങ്ങൾ. എന്നാൽ, ഹോർമുസ് കടലിടുക്കിലെ ഉപരോധം കാരണം കഴിഞ്ഞ അഞ്ച് മാസമായി ഇവരുടെ എണ്ണ കയറ്റുമതിയെ ഈ യുദ്ധം സാരമായി ബാധിച്ചിരിക്കുകയാണ്. ഇതിന് പുറമെ, യെമനിലെ ഇറാൻ്റെ ബിനാമികളായ ഹൂതി വിമതർ ചെങ്കടലിനെയും ഇന്ത്യൻ മഹാസമുദ്രത്തെയും ബന്ധിപ്പിക്കുന്ന ബാബ് അൽ-മന്ദബ് കടലിടുക്കിലൂടെയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുത്തുമെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്.

എന്തുകൊണ്ടാണ് ​ഗൾഫ് രാജ്യങ്ങൾക്ക് വാഷിങ്ടണിലുള്ള വിശ്വാസം നഷ്ടപ്പെടുന്നത്?

പതിറ്റാണ്ടുകളായി ​ഗൾഫിലെ അമേരിക്കൻ സേനയുടെ സാന്നിധ്യത്ത ഈ രാജ്യങ്ങൾ ഒരുവിധം സഹിക്കുകയായിരുന്നു, അല്ലാതെ പൂർണ്ണമനസ്സോടെ സ്വാഗതം ചെയ്യുകയായിരുന്നില്ല. യുദ്ധത്തിന് മുൻപ് അമേരിക്കൻ സാന്നിധ്യം അനാവശ്യമാണെങ്കിലും അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗപ്രദമായ ഒരു ക്രമീകരണമായാണ് കണ്ടിരുന്നതെന്ന് ഈ മേഖലയുമായി അടുത്ത ബന്ധമുള്ള ഒരു പാശ്ചാത്യ നയതന്ത്രജ്ഞൻ പറയുന്നു. എന്നാൽ ഇപ്പോൾ അമേരിക്കയുടെ ആ പ്രയോജനം പോലും ചോദ്യം ചെയ്യപ്പെടുകയാണ്. യുദ്ധം ആരംഭിച്ചതുമുതൽ അമേരിക്കയിലുള്ള വിശ്വാസം തുടർച്ചയായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് അറബ് ഗൾഫ് സ്റ്റേറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ അന്ന ജേക്കബ്സ് പറയുന്നു. ഈ മേഖലയിലെ അമേരിക്കയുടെ ഇടപെടലുകൾ തങ്ങളെ സുരക്ഷിതരാക്കുന്നതിന് പകരം കൂടുതൽ അപകടത്തിലാക്കുകയാണെന്നാണ് സഖ്യരാജ്യങ്ങൾ ഇപ്പോൾ കരുതുന്നത്.

അമേരിക്കയോട് കടുത്ത അമ‍ർഷമുണ്ടെങ്കിലും ആയുധങ്ങൾക്കും സൈനിക പരിശീലനത്തിനും രഹസ്യാന്വേഷണ വിവരങ്ങൾക്കും ഈ രാജ്യങ്ങൾ ഇപ്പോഴും വാഷിങ്ടണിനെ വല്ലാതെ ആശ്രയിക്കുന്നുണ്ട്. അമേരിക്ക ഈ യുദ്ധം തുടങ്ങിയതിൽ ഗൾഫ് രാജ്യങ്ങൾ കടുത്ത രോഷത്തിലാണെങ്കിലും, ഈ യുദ്ധം നേരിടാൻ അവർക്ക് അമേരിക്കയെ തന്നെ ആവശ്യമാണ് എന്ന ഒരു വിചിത്രമായ പ്രതിസന്ധിയാണ് നിലനിൽക്കുന്നതെന്ന് മുൻ അമേരിക്കൻ അംബാസഡറായ ഡഗ്ലസ് സിലിമാൻ പറയുന്നു. ഈ നിരാശ ചില ഗൾഫ് സർക്കാരുകളെ മറ്റ് വഴികൾ തേടാൻ പ്രേരിപ്പിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ ഒപ്പുവച്ച പരസ്പര പ്രതിരോധ കരാർ ഇതിൻ്റെ സൂചനയാണ്. അമേരിക്കയെ മാത്രം ആശ്രയിക്കുന്നത് സുരക്ഷിതമല്ലെന്ന് കരുതിയാണ് പുതിയ സുരക്ഷാ സഖ്യങ്ങളിലേക്ക് ഇവർ തിരിയുന്നത്.

ഏറ്റവും വലിയ തിരിച്ചടി നേരിടുന്നത് സൗദി അറേബ്യ

ഈ യുദ്ധത്തിന്റെ ഏറ്റവും വലിയ തിരിച്ചടിയും സമ്മർദ്ദവും നേരിടുന്നത് സൗദി അറേബ്യയാണ്. ഇറാന്റെ നേരിട്ടുള്ള ആക്രമണങ്ങൾക്ക് പുറമെ, യെമനിലെ ഇറാൻ അനുകൂല ഹൂതി വിമതരും സൗദിയുടെ ഊ‍ർജ കേന്ദ്രങ്ങളെ നിരന്തരം ലക്ഷ്യമിടുന്നു. ഇതിന് പുറമെ ചെങ്കടലിനടുത്തുള്ള ബാബ് അൽ-മന്ദബ് കടലിടുക്ക് തടസപ്പെടുത്താനും അവർ ശ്രമിക്കുന്നുണ്ട്. യുദ്ധത്തിന്റെ തുടക്കത്തിൽ തന്നെ ഹോർമുസ് കടലിടുക്ക് അടച്ചതിനാൽ, ചെങ്കടൽ തുറമുഖങ്ങൾ വഴി എണ്ണ കയറ്റുമതി വഴിതിരിച്ചുവിടാൻ സൗദി അറേബ്യ നിർബന്ധിതരായി. അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയുടെ കണക്കുകൾ പ്രകാരം, ലോകത്തെ മൊത്തം എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്. ഉപരോധത്തിന് മുൻപ് സൗദി അറേബ്യ മാത്രം പ്രതിദിനം 5 ദശലക്ഷം ബാരൽ എണ്ണയാണ് ഇതുവഴി കയറ്റുമതി ചെയ്തിരുന്നത്. എന്നാൽ യുദ്ധം തുടങ്ങിയതോടെ ഈ വഴിയുള്ള എണ്ണക്കപ്പലുകളുടെ ഗതാഗതം 90 ശതമാനത്തോളം കുറഞ്ഞു. ഇതിന്റെ ഫലമായി അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലെത്തുകയും ചെയ്തു.

യുദ്ധം നീണ്ടുപോകുന്നതിനനുസരിച്ച് ​ഗൾഫ് രാജ്യങ്ങളുടെ മനോഭാവത്തിലും വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഒമാൻ ആദ്യ ദിവസം മുതൽ തന്നെ ഈ യുദ്ധത്തെ എതിർത്തിരുന്നുവെങ്കിലും സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ തുടക്കത്തിൽ ഇതിനോട് അനുകൂലമായ സമീപനമാണ് സ്വീകരിച്ചത്. പിന്നീട് യുഎഇ ഇറാന്റെ ഉള്ളിലെ ലക്ഷ്യസ്ഥാപനങ്ങളിൽ തുടർച്ചയായി ആക്രമണങ്ങൾ നടത്തിയപ്പോൾ, ഇറാഖിലെ ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകളെയാണ് സൗദി സേന ആക്രമിച്ചത്.

ഗൾഫ് രാജ്യങ്ങൾ യുദ്ധത്തെ പൂർണ്ണമായി പിന്തുണച്ചിരുന്നില്ലെങ്കിലും അവർ അതിനെ ശക്തമായി എതിർത്തിരുന്നുമില്ല എന്ന് ഒരു മുതിർന്ന യൂറോപ്യൻ ഉദ്യോഗസ്ഥൻ പറയുന്നു. പെട്ടെന്നുള്ള ഒരു വിജയം തങ്ങൾക്ക് അനുകൂലമാകുമെന്ന് റിയാദിലെയും അബുദാബിയിലെയും ഭരണാധികാരികൾ വിശ്വസിച്ചിരുന്നു. എന്നാൽ ഏപ്രിലിൽ നടന്ന ആദ്യഘട്ട അമേരിക്ക-ഇറാൻ ചർച്ചകൾക്ക് മുൻപ് തന്നെ ആ പ്രതീക്ഷ അസ്തമിച്ചു. ഇറാന്റെ സർക്കാർ അത്ര വേഗം തകരില്ലെന്നും ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുമെന്നും വ്യക്തമായതോടെയായിരുന്നു ഇത്.

ഡോണൾഡ് ട്രംപിന്റെ മാറിക്കൊണ്ടിരിക്കുന്ന നിലപാടുകൾ ഗൾഫ് സർക്കാരുകളെ അസ്വസ്ഥമാക്കിയിട്ടുണ്ടെന്ന് കുവൈറ്റ് സർവകലാശാലയിലെ ചരിത്രകാരനായ ബാദർ അൽ-സെയ്ഫ് പറയുന്നു. സമീപകാല സംഘർഷങ്ങൾക്ക് മുൻപ് തന്നെ അമേരിക്കയുടെ സമീപനത്തിന് പിന്നിൽ വ്യക്തമായ ഒരു ആസൂത്രണമില്ലായിരുന്നു. ജൂണിൽ അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തെ അദ്ദേഹം ശക്തമായി വിമർശിക്കുന്നുണ്ട്. ഇറാന്റെ മിസൈൽ പ്രോഗ്രാം, സായുധ ഗ്രൂപ്പുകൾക്കുള്ള അവരുടെ പിന്തുണ തുടങ്ങിയ ഗൾഫ് രാജ്യങ്ങളുടെ പ്രധാന ആശങ്കകളെ ഈ കരാർ പൂർണ്ണമായും അവഗണിച്ചു. ഗൾഫ് മേഖലയ്ക്ക് അനുയോജ്യമല്ലാത്ത വ്യവസ്ഥകളായതിനാൽ ആ കരാർ പെട്ടെന്ന് തന്നെ തകരുകയും ചെയ്തു.

സാമ്പത്തിക പ്രതിസന്ധി

നീണ്ടു നിൽക്കുന്ന യുദ്ധം ഗൾഫ് രാജ്യങ്ങളെ സാമ്പത്തികമായും ബാധിക്കാൻ തുടങ്ങിയിട്ടുണ്ട്. വേനൽക്കാലത്ത് വിനോദസഞ്ചാരികളുടെ എണ്ണ കുറയുന്നതും ചൂട് കാരണം ആളുകൾ പുറത്തിറങ്ങാത്തതും ഗൾഫിലെ സാമ്പത്തിക പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കിയിട്ടുണ്ട്. ഇതിനൊപ്പമാണ് യുദ്ധത്തിന്റെ ആഘാതവും. കുവൈറ്റിൽ ഇപ്പോഴും ഇറാന്റെ ഡ്രോൺ, മിസൈൽ ഭീഷണികൾ പതിവാണെങ്കിലും ജനജീവിതം വലിയ തോതിൽ സാധാരണ നിലയിലായെന്ന് അൽ-സെയ്ഫ് ചൂണ്ടിക്കാട്ടുന്നു. 1990-ലെ ഇറാഖ് അധിനിവേശ കാലത്തെ അനുഭവം ഉള്ളതുകൊണ്ട് ഇത്തരം ബുദ്ധിമുട്ടുകൾ അതിജീവിക്കാനും അതിൽ നിന്ന് കരകയറാനും കുവൈറ്റിലെ ജനങ്ങൾക്ക് കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

എന്നാൽ ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം വഷളാകുകയാണെന്ന വാദങ്ങളെ വൈറ്റ് ഹൗസ് തള്ളിക്കളയുകയാണ്. ഡോണൾഡ് ട്രംപ് പ്രാദേശിക പങ്കാളികളുമായി മികച്ച ബന്ധം പുലർത്തുന്നുണ്ടെന്നും, സംഘർഷത്തിലുടനീളം സഖ്യകക്ഷികളുമായി അമേരിക്ക നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും വൈറ്റ് ഹൗസ് പ്രതിനിധി തറപ്പിച്ചു പറയുന്നു. ഇറാന്റെ സ്വന്തം ആക്രമണാത്മക നടപടികൾ കാരണം ആ രാജ്യം ഇപ്പോൾ മുൻപത്തേക്കാളും ഒറ്റപ്പെട്ടിരിക്കുകയാണെന്നും അവർ വാദിക്കുന്നു. അതേസമയം, റിപ്പോർട്ട് ചെയ്യപ്പെടുന്ന ഈ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചോ സംഘർഷങ്ങളെക്കുറിച്ചോ സൗദി, യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ സർക്കാരുകൾ ഇതുവരെ പരസ്യമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

Summary

As the US-Iran war enters its fifth month, Gulf nations, particularly Saudi Arabia, the UAE, Qatar, Kuwait, and Bahrain, are increasingly losing trust in Washington. Frustrated by President Trump's erratic policies, contradictory statements regarding peace agreements, and the heavy economic toll the conflict is taking on the region, these countries are questioning the utility of hosting US military bases. The closure of the Strait of Hormuz has severely impacted oil exports, causing oil prices to soar above $100 a barrel. While the White House denies any fraying of ties, pointing to Iran's growing isolation, Gulf states are exploring alternative security arrangements, such as the recent mutual defense pact signed by Saudi Arabia, Turkey, and Pakistan.

Madism Digital
madismdigital.com