ഇറാനുമായുള്ള യുദ്ധത്തിൽ അന്തിമ വിജയം നേടുന്നതോടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അമേരിക്കയുടെ സ്വന്തം ഭൂപ്രദേശമായി പ്രഖ്യാപിക്കുമെന്ന ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെള്ളിയാഴ്ച ന്യൂയോർക്കിലെ ലോംഗ് ഐലൻഡിലുള്ള പൊലീസ് അക്കാദമിയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് പ്രകോപനപരമായ ഈ പ്രസ്താവന ട്രംപ് നടത്തിയത്. ആഗോള വ്യാപാരത്തിന്റെ നിർണായക കേന്ദ്രവും ലോകത്തെ സമുദ്രമാർഗ്ഗമുള്ള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്നതുമായ ഈ ജലപാതയെ വളരെ പെട്ടെന്നുതന്നെ ഒരു യു.എസ് ഭൂപ്രദേശമായി പ്രഖ്യാപിക്കുമെന്നാണു ട്രംപ് പറഞ്ഞത്.
ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ സ്തംഭനാവസ്ഥയില്‍ തുടരുന്നതിനിടയിലാണ് ഈ പരാമര്‍ശം. ഫെബ്രുവരിയില്‍ യു.എസും ഇസ്രായേലും ഇറാന് നേരെ യുദ്ധം ആരംഭിച്ചതുമുതല്‍ ഹോര്‍മുസ് കടലിടുക്ക് അടഞ്ഞുകിടക്കുകയാണ്. ഇരു രാജ്യങ്ങള്‍ തമ്മില്‍ നിരവധി തവണ സമാധാന ചര്‍ച്ചകള്‍ നടന്നെങ്കിലും പരിഹാരമാകാതെ പിരിഞ്ഞു. മാത്രമല്ല, രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുകയും ചെയ്തു. 'ഇറാനെ പൂര്‍ണ്ണമായും പരാജയപ്പെടുത്തിയ ശേഷം, വളരെ പെട്ടെന്നുതന്നെ ഞാന്‍ ഹോര്‍മൂസ് കടലിടുക്കിനെ യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ഭാഗമായി പ്രഖ്യാപിക്കും. നിലവില്‍ നമ്മള്‍ അവിടെ കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നമ്മള്‍ അനുവാദം നല്‍കാതെ ഒരു കപ്പല്‍ പോലും അതിലൂടെ കടന്നുപോകില്ല,' ട്രംപ് വ്യക്തമാക്കി.
അതേസമയം, യു.എസിന്റെ ഭീഷണികളിലോ ബലപ്രയോഗങ്ങളിലോ ഇറാന്‍ ഭയപ്പെടില്ലെന്നും ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതും അടയ്ക്കുന്നതും ഇറാന്റെ അധികാരത്തിന് കീഴില്‍ മാത്രമേ സംഭവിക്കൂ എന്നും ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി എക്‌സില്‍ കുറിച്ചു. ഈ ജലപാത ഇറാനും ഒമാനും അതിര്‍ത്തി പങ്കിടുന്ന ഒരു അന്താരാഷ്ട്ര നാവിഗേഷന്‍ പാതയാണെങ്കിലും കടലിടുക്കിന്മേല്‍ യു.എസിന് 'പൂര്‍ണ്ണ നിയന്ത്രണമുണ്ട്' എന്നും 'ഞങ്ങള്‍ അത് നിലനിര്‍ത്തുമെന്ന് ഞാന്‍ കരുതുന്നു' എന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചിരുന്നു.
യുദ്ധം ആരംഭിച്ചതിനുശേഷം ഇന്ധനവില കുത്തനെ ഉയര്‍ന്നത് സാധാരണക്കാരായ അമേരിക്കക്കാരെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. 'പെട്രോളിന് അല്‍പ്പം കൂടുതല്‍ പണം നല്‍കേണ്ടി വന്ന അമേരിക്കക്കാര്‍ ഓര്‍ക്കേണ്ടത്, ലോകത്തിലെ ഒന്നാം നമ്പര്‍ ഭീകരവാദ സ്‌പോണ്‍സറായ ഒരു ക്രൂര രാജ്യം ആണവായുധം സ്വന്തമാക്കുന്നത് തടയാനാണ് ഞങ്ങള്‍ അത് ചെയ്യുന്നതെന്നാണ്', വെള്ളിയാഴ്ച ട്രംപ് പറഞ്ഞത് ഇങ്ങനെയാണ്. 'നിങ്ങള്‍ക്ക് അല്‍പ്പം കൂടുതല്‍ പണം നല്‍കേണ്ടി വന്നാലും ഞാന്‍ ഒരിക്കലും ക്ഷമാപണം നടത്തുകയില്ല. ഞാന്‍ ശരിയായ കാര്യമാണ് ചെയ്തത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ആറ് മാസമായി ഇറാന്റെ ഭരണകൂടം ഒരു കരാറിനായി യാചിക്കുകയാണെന്ന് അവകാശപ്പെട്ട് ട്രംപ് ഭരണകൂടം യുദ്ധത്തില്‍ വിജയിച്ചുവെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, യുദ്ധനഷ്ടപരിഹാരം നല്‍കുക, ഉപരോധങ്ങള്‍ പിന്‍വലിക്കുക, മരവിപ്പിച്ച ആസ്തികള്‍ ഉപാധികളില്ലാതെ വിട്ടുനല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കാതെ കടലിടുക്ക് തുറക്കില്ലെന്ന കര്‍ശന നിലപാടിലാണ് ഇറാന്‍ ഭരണകൂടം.
US President Donald Trump has threatened to declare the strategically vital Strait of Hormuz a US territory after claiming “final victory” over Iran. Speaking at a police academy ceremony in Long Island, New York, Trump said the US would maintain a blockade and prevent ships from passing through the waterway without American permission. The remarks came as peace talks between Washington and Tehran remain stalled, six months after the US-Israel war with Iran began. Iran has rejected US pressure and insisted that reopening the Strait of Hormuz remains under its authority. The comments have also raised questions about whether Trump’s statement represents a new US policy position.