ജാതി സെൻസസ് എന്ന പേരിൽ കേന്ദ്രത്തിന്റെ 'കണ്ണിൽപ്പൊടിയിടൽ'; കേന്ദ്രത്തിന്റെ അശാസ്ത്രീയ ഫോർമാറ്റിനെതിരെ ചോദ്യങ്ങൾ ഉയരുമ്പോൾ

പുതിയ വിജ്ഞാപന പ്രകാരം സെൻസസിൽ ചോദിക്കുന്ന 40 ചോദ്യങ്ങളിൽ ഒന്നാണ് വ്യക്തിയുടെ ജാതി ഏതാണെന്നത്.
ജാതി സെൻസസ് എന്ന പേരിൽ കേന്ദ്രത്തിന്റെ 'കണ്ണിൽപ്പൊടിയിടൽ'; കേന്ദ്രത്തിന്റെ അശാസ്ത്രീയ ഫോർമാറ്റിനെതിരെ ചോദ്യങ്ങൾ ഉയരുമ്പോൾ
Published on

സ്വാതന്ത്ര്യത്തിന് ശേഷം, അതായത് 1931ന് ശേഷം രാജ്യത്ത് ആദ്യമായി ജാതിതിരിച്ച് ജനസംഖ്യാ കണക്കെടുക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. 2027ൽ നടക്കാനിരിക്കുന്ന സെൻസസിനായുള്ള 40 ചോദ്യങ്ങളുടെ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിക്കഴിഞ്ഞു. ഒറ്റനോട്ടത്തിൽ ഇത് സ്വാഗതാർഹമായ കാര്യമായി തോന്നാം. എന്നാൽ, ഈ ചോദ്യങ്ങളുടെ ഘടനയും വിവരശേഖരണ രീതിയും പരിശോധിച്ചാൽ സർക്കാരിന്റെ യതാർത്ഥ ഉദ്ദേശ്യശുദ്ധിയിൽ ഗുരുതരമായ സംശയങ്ങളാണ് ഉയരുന്നത്. ശാസ്ത്രീയമായ പഠനമോ പ്രതിപക്ഷ പാർട്ടികളുമായുള്ള കൂടിയാലോചനകളോ ഇല്ലാതെയാണ് കേന്ദ്രം ഈ സുപ്രധാന നീക്കം നടത്തിയിരിക്കുന്നത് എന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

എന്താണ് ഈ 40 ഇന ചോദ്യാവലി? ഇതിലെ അപാകത എന്ത്?

പുതിയ വിജ്ഞാപന പ്രകാരം സെൻസസിൽ ചോദിക്കുന്ന 40 ചോദ്യങ്ങളിൽ ഒന്നാണ് വ്യക്തിയുടെ ജാതി ഏതാണെന്നത്. പട്ടികജാതി/പട്ടികവ‍ർ​ഗ വിഭാ​ഗങ്ങൾക്ക് പുറമെയാണിത്. വി​ദ്യാഭ്യാസ യോ​ഗ്യത, ഡിജിറ്റൽ സാക്ഷരത. തൊഴിൽ വിവരങ്ങൾ, സ്വന്തമായി പാസ്പോർട്ടോ ഡ്രൈവിങ് ലൈസൻസോ ഉണ്ടോ എന്ന വിവരം, കോവിഡ് വാക്സിനേഷൻ വിവരങ്ങൾ തുടങ്ങിയവയും ഈ ചോദ്യാവലിയിൽ ഉൾപ്പെടുന്നു. എന്നാൽ, ഇവിടെയാണ് ഏറ്റവും വലിയ അശാസ്ത്രീയത ഒളിഞ്ഞുകിടക്കുന്നത്.

ജാതി സെൻസസ് എന്ന പേരിൽ കേന്ദ്രത്തിന്റെ 'കണ്ണിൽപ്പൊടിയിടൽ'; കേന്ദ്രത്തിന്റെ അശാസ്ത്രീയ ഫോർമാറ്റിനെതിരെ ചോദ്യങ്ങൾ ഉയരുമ്പോൾ
കണക്കുകളില്ല, ഏകോപനമില്ല, ഫണ്ടുമില്ല, 'ഗ്രീന്‍ ഇന്ത്യ മിഷന്‍' വന്‍ പരാജയം; സിഎജി റിപ്പോര്‍ട്ട്

രാജ്യത്തെ പതിനാറാമത്തെയും സ്വാതന്ത്ര്യാനന്തരമുള്ള എട്ടാമത്തെയും സെൻസസിനായി 11,718.24 കോടി രൂപയാണ് മോദി സർക്കാർ വകയിരുത്തിയിരിക്കുന്നത്. ഇതിൽ 4,102 കോടി രൂപ ഇതിനകം അനുവദിച്ചു കഴിഞ്ഞു. മുപ്പത് ലക്ഷത്തോളം ഉദ്യോ​ഗസ്ഥരെയാണ് ഈ വമ്പൻ പ്രക്രിയയ്ക്കായി ഫീൽഡിൽ നിയോ​ഗിക്കുന്നത്.

ഇത്രയും വലിയ തുക മുടക്കി, ഇത്രയധികം മനുഷ്യപ്രയത്നം ഉപയോഗിച്ച് നടത്തുന്ന ഒരു ദേശീയ ഡാറ്റാ ശേഖരണത്തിലാണ് അടിസ്ഥാനപരമായി ജാതി രേഖപ്പെടുത്താൻ മുൻകൂട്ടി തയ്യാറാക്കിയ ഒരു ലിസ്റ്റോ ഡ്രോപ്പ് ഡൗൺ മെനുവോ ഫീൽഡിലുള്ള ഉദ്യോ​ഗസ്ഥ‍ർക്ക് സർക്കാർ നൽകിയിട്ടില്ല. അതായത്, ജനങ്ങൾ തങ്ങളുടെ ജാതിയായി എന്ത് പറയുന്നുവോ അത് ഉദ്യോഗസ്ഥർ അപ്പാടെ എഴുതിയെടുക്കണം. ഇന്ത്യയെപ്പോലെ ആയിരക്കണക്കിന് ഉപജാതികളും പ്രാദേശിക വ്യത്യാസങ്ങളുമുള്ള ഒരു രാജ്യത്ത്, മുൻകൂട്ടി തയ്യാറാക്കിയ വ്യക്തമായ ഒരു സ്റ്റേറ്റ്-വൈസ് ലിസ്റ്റ് ഇല്ലാതെ ഈ വിവരങ്ങൾ ശേഖരിക്കുന്നത് തികഞ്ഞ അസംബന്ധവും ഡാറ്റാ ശേഖരണത്തിൽ വലിയ ആശയക്കുഴപ്പവും സൃഷ്ടിക്കും. ഡിജിറ്റൽ ഇന്ത്യയെക്കുറിച്ച് വാചാലരാകുന്ന ഒരു സർക്കാർ രാജ്യത്തെ ഏറ്റവും നിർണ്ണായകമായ ഡാറ്റ ശേഖരിക്കുന്നത് ഇത്രയും അശാസ്ത്രീയമായാണ്.

പ്രതിപക്ഷ വിമർശനം

കേന്ദ്ര സർക്കാരിന്റെ ഈ നീക്കത്തിനെതിരെ രൂക്ഷമായ വിമർശനമാണ് കോൺ​ഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്നത്. മുൻകൂട്ടി തയ്യാറാക്കിയ ജാതി പട്ടിക സെൻസസ് ഫോർമാറ്റിൽ ഉൾപ്പെടുത്താത്തത് സർക്കാരിന്റെ ദുരുദ്ദേശ്യമാണ് വെളിപ്പെടുത്തുന്നതെന്ന് കോൺ​ഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ചൂണ്ടിക്കാട്ടി. ബിഹാറിലും തെലങ്കാനയിലും നടന്ന ജാതി സർവേകളിൽ ജനങ്ങൾക്ക് അവരുടെ ജാതി കൃത്യമായി തിരഞ്ഞെടുക്കാൻ സംസ്ഥാനാടിസ്ഥാനത്തിലുള്ള ഓപ്ഷനുകൾ നൽകിയിരുന്നു. ഇത് തികച്ചും ശാസ്ത്രീയവും കൃത്യവുമായ ഡാറ്റ ലഭിക്കാൻ സഹായിച്ചു. ഈ 'തെലങ്കാന മോഡൽ' എന്തുകൊണ്ട് കേന്ദ്ര സർക്കാർ അംഗീകരിച്ചില്ല എന്നത് ദുരൂഹമാണ്.

സെൻസസ് ചോദ്യാവലി അന്തിമമാകുമ്പോൾ തെലങ്കാന മോഡൽ പരി​ഗണിക്കണമെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളുമായും കൂടിയാലോചനകൾ നടത്തണമെന്നും ആവശ്യപ്പെട്ട് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ നേരത്തെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. എന്നാൽ, ഈ അടിസ്ഥാനപരമായ നിർദ്ദേശങ്ങളെല്ലാം കേന്ദ്രം അഹങ്കാരത്തോടെ തള്ളിക്കളഞ്ഞു. സമുദായങ്ങളുടെ എണ്ണം നോക്കാൻ മാത്രമല്ല, പിന്നോക്ക വിഭാഗങ്ങളുടെ പുരോഗതിക്കും വിശാലമായ സാമൂഹിക-സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാനും കൂടിയാകണം ജാതി ഡാറ്റ ഉപയോഗിക്കേണ്ടത് എന്ന അടിസ്ഥാന യാഥാർത്ഥ്യം സർക്കാർ സൗകര്യപൂർവ്വം മറന്നിരിക്കുന്നു.

ജാതി സെൻസസ് എന്ന പേരിൽ കേന്ദ്രത്തിന്റെ 'കണ്ണിൽപ്പൊടിയിടൽ'; കേന്ദ്രത്തിന്റെ അശാസ്ത്രീയ ഫോർമാറ്റിനെതിരെ ചോദ്യങ്ങൾ ഉയരുമ്പോൾ
ഡോങ്കി റൂട്ടുകള്‍ ഇപ്പോഴും സജീവം? യുഎസ് കുടിയേറ്റത്തിനിടെ മെക്‌സികോയില്‍ സിഖ് യുവാവിന് ക്രൂര പീഡനം, വീഡിയോ പുറത്ത്

സെൽഫ് എന്യൂമറേഷനിലെ വൻ വീഴ്ച

സെൻസസ് ഉദ്യോഗസ്ഥർ വീടുകളിൽ എത്തുന്നതിന് മുൻപായി, ജനങ്ങൾക്ക് ഓഗസ്റ്റ് 17 മുതൽ 31 വരെ ഓൺലൈനായി സ്വയം വിവരങ്ങൾ രേഖപ്പെടുത്താൻ അവസരം നൽകുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. മുൻകൂട്ടി തയ്യാറാക്കിയ ജാതി ഓപ്ഷനുകളോ ഇല്ലാതെ കോടിക്കണക്കിന് ജനങ്ങൾ അവരവരുടെ ഇഷ്ടപ്രകാരം ജാതിയുടെ പേരുകൾ ടൈപ്പ് ചെയ്ത് കയറ്റിയാൽ എന്താകും അവസ്ഥ? ഒരേ ജാതി തന്നെ പല അക്ഷരങ്ങളിലും പ്രാദേശിക പേരുകളിലും രേഖപ്പെടുത്തപ്പെടും. ഇത് ക്രോഡീകരിക്കുക എന്നത് സാങ്കേതികമായി ഏറെക്കുറെ അസാധ്യമായ കാര്യമായി മാറും. ഇതിലൂടെ ലഭിക്കുന്ന കണക്കുകൾ പൂർണ്ണമായും അബദ്ധമാകാനാണ് സാധ്യത.

വിദ്യാഭ്യാസത്തിനും തൊഴിലിനും പുറമെ, കുടിയേറ്റത്തിനുള്ള കാരണം, അവസാനമായി താമസിച്ച സ്ഥലം തുടങ്ങിയവയും ഈ 40 ചോദ്യങ്ങളിൽ ഉൾപ്പെടുന്നു. സെൻസസിന്റെ ആദ്യ ഘട്ടമായ വീടുകളുടെ കണക്കെടുപ്പ് 31 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പൂർത്തിയായെന്നും, സെപ്റ്റംബറോടെ ഇത് രാജ്യമെമ്പാടും അവസാനിക്കുമെന്നുമാണ് കേന്ദ്രം പറയുന്നത്. കോടിക്കണക്കിന് രൂപയും ലക്ഷക്കണക്കിന് ഉദ്യോഗസ്ഥരുടെ സമയവും ചിലവഴിച്ച് നടത്തുന്ന ഈ മഹാത്‌ദൗത്യത്തിൽ, ഏറ്റവും നിർണ്ണായകമായ ജാതി വിവരങ്ങൾ ഇത്രയും ലാഘവത്തോടെയും അശാസ്ത്രീയമായും ശേഖരിക്കുന്നത് എന്തിനുവേണ്ടിയാണെന്ന പ്രതിപക്ഷത്തിന്റെ ചോദ്യം ഇവിടെ കൂടുതൽ പ്രസക്തമാകുകയാണ്. കൃത്യമായ പ്ലാനിങ് ഇല്ലാത്ത ഈ സെൻസസ് പ്രക്രിയ കേവലം പ്രഹസനമായി മാറുമോ എന്ന ആശങ്കയാണ് ഈ കണക്കുകൾ ബാക്കിയാക്കുന്നത്.

ലഡാക്ക്, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ അടുത്ത മാസവും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ അടുത്ത വർഷം ഫെബ്രുവരിയിലും സെൻസസിന്റെ രണ്ടാം ഘട്ടം തുടങ്ങാനിരിക്കുകയാണ്. "ഞങ്ങളും ജാതി സെൻസസ് നടത്തി" എന്ന് വരുത്തിത്തീർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ വെറുമൊരു രാഷ്ട്രീയ നാടകം മാത്രമാണിത്. കൃത്യമായ പട്ടികയോ മാർഗ്ഗരേഖയോ ഇല്ലാത്ത ഈ അശാസ്ത്രീയമായ കണക്കെടുപ്പിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ ഭാവിയിൽ യഥാർത്ഥ സാമൂഹിക നീതി നടപ്പിലാക്കാൻ ഒട്ടും പര്യാപ്തമാകില്ല എന്നതാണ് ഇതിലെ ഏറ്റവും വലിയ ദുരന്തം.

Summary

The Union Government has notified a 40-item questionnaire for the upcoming 2027 Census, which, for the first time since 1931, includes a column for caste enumeration. However, the move has drawn severe criticism due to its unscientific approach. The caste question is open-ended and lacks a predefined state-wise drop-down list, leaving it up to citizens to type or state their caste manually. With a massive budget of Rs 11,718 crore and an upcoming online self-enumeration phase, critics argue that the absence of a standardized caste list will lead to unprecedented data chaos, rendering the exercise useless for achieving any real socio-economic objectives.

Madism Digital
madismdigital.com