ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അമേരിക്ക ചുമത്തിയിട്ടുള്ള ഉയര്‍ന്ന താരിഫുകള്‍ വെട്ടിച്ച്, മറ്റ് രാജ്യങ്ങള്‍ വഴി സാധനങ്ങള്‍ യു.എസിലെത്തിക്കാന്‍ സഹായം നല്‍കുന്ന 'നിഴല്‍ നെറ്റ്‌വര്‍ക്കില്‍' ഇന്ത്യയടക്കം 40-ലധികം രാജ്യങ്ങള്‍ പങ്കാളികളെന്ന് റിപ്പോര്‍ട്ട്. ഇത്തരം നിയമവിരുദ്ധമായ ചരക്കുനീക്കങ്ങള്‍ കണ്ടെത്താനും തടയാനുമായി എഐ അധിഷ്ഠിത സംവിധാനം ഉപയോഗിക്കാന്‍ യു.എസ് ഭരണകൂടം പദ്ധതിയിടുന്നതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ പുറത്തുവിട്ട 'ദി ഗ്രേറ്റ് ട്രാന്‍സ്ഷിപ്പ്‌മെന്റ് സ്‌കാം' എന്ന റിപ്പോര്‍ട്ടിലാണ് ഈ ഗുരുതര ആരോപണങ്ങളുള്ളത്.
ചൈനയുടെ വിപണി നയങ്ങള്‍ക്കെതിരെ 2018-ല്‍ ട്രംപ് ഭരണകൂടം 'സെക്ഷന്‍ 301' പ്രകാരം ഉയര്‍ന്ന താരിഫുകള്‍ ചുമത്തിയിരുന്നു. ഇതിനു ശേഷമാണ് മറ്റ് രാജ്യങ്ങള്‍ വഴി ചരക്കുകള്‍ എത്തിക്കുന്ന രീതി വ്യാപകമായതെന്ന് നവാരോ ചൂണ്ടിക്കാണിക്കുന്നു. മൂന്നാം രാജ്യങ്ങളിലൂടെ യു.എസിലേക്ക് എത്തിക്കുന്ന ഇത്തരം ചൈനീസ് ഉല്‍പ്പന്നങ്ങളുടെ മൂല്യം പ്രതിവര്‍ഷം 40 ബില്യണ്‍ മുതല്‍ 303 ബില്യണ്‍ യു.എസ് ഡോളര്‍ വരെ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. അമേരിക്കയുടെ പ്രധാന വ്യാപാര പങ്കാളികളായ പല രാജ്യങ്ങളും ചൈനയുടെ ഷാഡോ നെറ്റ്‌വര്‍ക്കിലുണ്ട്. ഇന്ത്യ, മെക്‌സിക്കോ, കാനഡ, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ പ്രമുഖ രാജ്യങ്ങള്‍ ഈ പട്ടികയിലുണ്ട്.
നികുതി വെട്ടിപ്പ് നടക്കുന്നത് എങ്ങനെ?
ചൈനയില്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ എത്തിച്ച് ചെറിയ രീതിയിലുള്ള സംസ്‌കരണമോ, ലേബല്‍ മാറ്റലോ, റീപാക്കിങോ, ഇന്‍വോയ്‌സ് മാറ്റലോ നടത്തി അമേരിക്കയിലേക്ക് കയറ്റി അയക്കുന്നു. ഇതിലൂടെ ഉല്‍പ്പന്നങ്ങള്‍ ചൈനയിലല്ല, മറിച്ച് ഈ രാജ്യങ്ങളിലാണ് നിര്‍മ്മിച്ചതെന്ന വ്യാജ ചിത്രം സൃഷ്ടിക്കപ്പെടുന്നു. എന്നാല്‍ ഇവയുടെ യഥാര്‍ത്ഥ നിര്‍മാതാക്കള്‍ പൂര്‍ണ്ണമായും ചൈനയില്‍ നിന്നുള്ളവര്‍ തന്നെയായിരിക്കും.
തൊഴില്‍ ചെലവ് കുറഞ്ഞതും കസ്റ്റംസ് പരിശോധനകള്‍ കുറഞ്ഞതും സ്വതന്ത്ര വ്യാപാര മേഖലകളുള്ളതുമായ പ്രദേശങ്ങളാണ് ഇതിനായി ചൈനീസ് നിര്‍മ്മാതാക്കള്‍ തിരഞ്ഞെടുക്കുന്നത്. ഇന്ത്യയിലെ പൂനെ-ഗുജറാത്ത്-ചെന്നൈ വ്യവസായ മേഖലയെ റിപ്പോര്‍ട്ട് പ്രത്യേകം ചൂണ്ടിക്കാട്ടി. അമേരിക്കയിലെ സിന്‍സിനാറ്റി, ഡെയ്ട്ടണ്‍, കൊളംബസ് എന്നിവിടങ്ങളിലെ വിതരണ ശൃംഖലകളെ ബാധിക്കാനിടയുള്ള പമ്പുകളും കംപ്രസറുകളും ഈ മേഖലയിലൂടെ വഴിതിരിച്ചുവിട്ട് യു.എസ് വിപണിയില്‍ എത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്താണ് 'ഡിറ്റക്ടീവ് ബോര്‍ഡര്‍'
മറ്റ് രാജ്യങ്ങളിലൂടെ യു.എസിലേക്ക് എത്തുന്ന ഇത്തരം വ്യാജ ചരക്കുകള്‍ കണ്ടെത്താനായി 'ഡിറ്റക്ടീവ് ബോര്‍ഡര്‍' എന്ന പേരില്‍ ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഏര്‍പ്പെടുത്താന്‍ അമേരിക്ക പദ്ധതിയിടുന്നുണ്ട്. ഷിപ്പ്‌മെന്റ് റെക്കോര്‍ഡുകള്‍, ചരക്ക് കപ്പലുകളുടെ സഞ്ചാരപാത, ഉല്‍പ്പന്നങ്ങളുടെ തരംതിരിവ്, നിര്‍മ്മാണ ശേഷി, ഉടമസ്ഥത തുടങ്ങിയവ വിശകലനം ചെയ്താണ് ഈ എഐ സിസ്റ്റം നികുതി വെട്ടിപ്പ് കണ്ടെത്തുക. യഥാര്‍ത്ഥ വ്യാപാരികളെയും വ്യാജ ട്രാന്‍സ്ഷിപ്പ്‌മെന്റുകളെയും തരംതിരിച്ച് കണ്ടെത്താനും നികുതി വെട്ടിക്കുന്നവര്‍ക്കെതിരെ പിഴയും വിലക്കും അടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കാനും യു.എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷനെ ഈ സംവിധാനം സഹായിക്കും.
A report released by U.S. trade adviser Peter Navarro has alleged that India and more than 40 other countries are part of a “shadow network” helping Chinese goods bypass high U.S. tariffs through third countries. The practice reportedly involves minor processing, relabelling, repackaging or altering invoices to make Chinese products appear to originate elsewhere. The report estimates that Chinese goods worth $40 billion to $303 billion could enter the U.S. annually through such transshipment routes. It specifically identifies India’s Pune-Gujarat-Chennai manufacturing corridor as a route for pumps and compressors potentially destined for U.S. markets.