

ന്യൂഡൽഹി: ഇറാൻ നാവികസേനയുടെ ഇറിസ് ദേന യുദ്ധക്കപ്പൽ അമേരിക്ക ആക്രമിക്കുന്നതിന് തൊട്ടുമുൻപ് ഇന്ത്യൻ നാവിക സേന അഭയം വാഗ്ദാനം ചെയ്തിരുന്നതായി റിപ്പോർട്ട്. ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യൻ നാവികസേനയുമായുള്ള സൗഹൃദ സന്ദർശനം പൂർത്തിയാക്കി മടങ്ങുന്നതിനിടെയായിരുന്നു ഐആർഐഎസ് ദെന ആക്രമിക്കപ്പെട്ടത്. 130 നാവികരാണ് കപ്പലിലുണ്ടായിരുന്നത്. 32 പേരെ ലങ്കൻ നാവികസേന രക്ഷിച്ചിരുന്നു. ബാക്കിയുള്ള നാവികരെല്ലാം കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. 60 പേരിലധികം പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇന്ത്യൻ നാവിക സേനയും ശ്രീലങ്കയും സംയുക്തമായി രക്ഷാപ്രവർത്തനം തുടരുകയാണ്.
പശ്ചിമേഷ്യൻ സംഘർഷം അതിരൂക്ഷമായതോടെയാണ് ഇന്ത്യ ഇറാന്റെ യുദ്ധക്കപ്പലിന് അഭയം നൽകാമെന്ന് വാഗ്ദാനം ചെയ്തത്. സൈനികാഭ്യാസത്തിൽ പങ്കെടുത്ത മറ്റൊരു ഇറാനിയൻ യുദ്ധക്കപ്പലായ ഐആർഐഎസ് ലവാൻ കൊച്ചിയിൽ നങ്കൂരമിട്ടിരുന്നു. 183 നാവികരാണ് കപ്പലിലുള്ളത്. ഇവർക്ക് താമസ സൗകര്യവും കൊച്ചിയിൽ ഒരുക്കിയിട്ടുണ്ട്. സംഘർഷത്തിൽ അയവുണ്ടാകാതെ ഇന്ത്യൻ തീരത്ത് നിന്ന് കപ്പൽ ഇറാനിലേക്ക് നീങ്ങില്ലെന്നാണ് സൂചന. മറ്റൊരു ഇറാനിയൻ യുദ്ധക്കപ്പലായ ഇറിസ് ബുഷെഹ്‌റിന് ലങ്കൻ നാവിക സേന അഭയം നൽകിയിട്ടുണ്ട്.
ഐആർഐഎസ് ലവാന് സമാനമായി ഇന്ത്യയിൽ മറ്റൊരിടത്ത് അഭയം നൽകാമെന്നായിരുന്നു ഇന്ത്യ ഇറിസ് ദേനയ്ക്കും നൽകിയ ഉറപ്പ്. എന്നാൽ നങ്കൂരമിടാനുള്ള സാഹചര്യങ്ങളൊരുങ്ങും മുൻപ് കപ്പൽ അമേരിക്ക ആക്രമിക്കുകയായിരുന്നു. 1945ൽ രണ്ടാം ലോക മഹായുദ്ധം അവസാനിച്ച ശേഷം ഇതാദ്യമായാണ് യുഎസ് ടോര്‍പ്പിഡോ ആക്രമണത്തിലൂടെ ഒരു യുദ്ധക്കപ്പൽ തകരുന്നത്.
English Summary: India had reportedly offered refuge to the Iranian Navy warship IRIS Dena before it was attacked by the United States. The ship was returning after a friendly visit with the Indian Navy when it was hit, leading to heavy casualties among the crew