

സമ്പുഷ്ടീകരിച്ച ആണവ വസ്തുക്കൾ വിദേശത്തേക്ക് അയക്കുന്ന കാര്യം തള്ളി ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മോഹ്സൻ റെസായി. ടെഹ്റാനിൽ വെച്ച് പാകിസ്ഥാൻ സൈനിക മേധാവി ആസിം മുനീറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം 'എക്സിൽ' പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 'സമ്പുഷ്ടീകരിച്ച ഒരു ഗ്രാം യുറേനിയം പോലും ഇറാനിൽ നിന്ന് പുറത്തുപോകില്ല' എന്നായിരുന്നു വാക്കുകൾ.
അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷം അയവുവരുത്തുന്നതിനുള്ള മധ്യസ്ഥതയുടെ ഭാഗമായാണ് പാക് സൈനിക മേധാവി ടെഹ്റാനിലെത്തിയത്. എന്നാൽ അമേരിക്കയുമായി ചർച്ച പുനരാരംഭിക്കണമെങ്കിൽ അവർ ആദ്യം വിശ്വസനീയമായ നടപടികൾ സ്വീകരിക്കണമെന്ന് ഇറാൻ വ്യക്തമാക്കി. ഇറാൻ മുന്നോട്ട് വെച്ച നിബന്ധനകൾ അംഗീകരിക്കാതെ ഇനി ചർച്ചയ്ക്കില്ലെന്നും റെസായി അറിയിച്ചിട്ടുണ്ട്. ഇറാന്റെ ഔദ്യോഗിക വക്താവ് മുഹമ്മദ് ബാഗർ ഗലിബാഫും പ്രസിഡന്റ് പെസഷ്കിയാനും സമാന പരാമർശങ്ങൾ അസിം മുനീറിനോട് പങ്കുവച്ചതായാണ് വിവരം.
ആദ്യം ഉപരോധവും മറ്റ് നിയന്ത്രണങ്ങളും നീക്കൂ, എന്നിട്ടാവാം സംസാരം എന്നായിരുന്നു പെസെഷ്കിയാന്റെ വാക്കുകൾ എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒത്തുതീർപ്പുകൾക്ക് വഴങ്ങിയാൽ ഇനിയും അമേരിക്ക ആക്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ഇറാൻ മുന്നോട്ടുവച്ച നിബന്ധനകൾ അംഗീകരിക്കാതെ അമേരിക്കയെ വിശ്വസിക്കില്ലെന്നും മറുത്തൊന്നും പറയാനില്ല എന്നുമായിരുന്നു ഗലിബാഫിന്റെ പ്രതികരണം. ഇറാന്റെ തന്ത്രപരമായ തീരുമാനങ്ങൾ മാറ്റാൻ ഭീഷണികൊണ്ടും സൈനികബലം കൊണ്ടും കഴിയില്ലെന്നും ഗലിബാഫ് കൂട്ടിച്ചേർത്തു.
അമേരിക്കയ്ക്കും ഇറാന്റെയും ഇടയിലുള്ള പ്രധാന മധ്യസ്ഥ രാജ്യമാണ് പാകിസ്ഥാൻ. എന്നാൽ, സ്ഥിരമായ ഒരു പരിഹാരം കാണുന്നതിൽ മധ്യസ്ഥ ശ്രമങ്ങൾ നിലവിൽ പൂർണ്ണമായും വഴിമുട്ടി നിൽക്കുകയാണ്. അടുത്തിടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ വേദിയിൽ വെച്ച് യു.എസും ഇറാനും തമ്മിൽ നടന്ന പരോക്ഷ ചർച്ചകളിലും വലിയ മുന്നേറ്റങ്ങളൊന്നും ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല.
എവിടെയാണ് നിലവിൽ ഇറാന്റെ യുറേനിയം?
യുദ്ധത്തിന്റെയും വ്യോമാക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ ഇറാന്റെ ആണവ പദ്ധതികളും യുറേനിയം ശേഖരവും സുരക്ഷിതമായി സൂക്ഷിക്കുന്നതിന് പുതിയ രഹസ്യ ഭൂഗർഭ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുള്ളതായി അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജൻസികളും മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ടെഹ്‌റാനു തെക്കായി, നതാൻസ് ആണവ നിലയത്തിന് സമീപമുള്ള മലനിരകളിൽ പർവ്വതത്തിനടിയിൽ അതീവ രഹസ്യമായി നിർമ്മിച്ച പുതിയ ഭൂഗർഭ തുരങ്കങ്ങളിലേക്കും സമുച്ചയങ്ങളിലേക്കും (Pickaxe Mountain tunnels) ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ ഉപകരണങ്ങളും ശേഖരവും മാറ്റിസ്ഥാപിച്ചതായാണ് ഇസ്രായേൽ, അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗങ്ങളും മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.
വ്യോമാക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി കട്ടിളയേറിയ പാറക്കെട്ടുകൾക്ക് താഴെയായി നൂറുകണക്കിന് അടി ആഴത്തിൽ തീർത്ത മറ്റ് രഹസ്യ ഭൂഗർഭ അറകളിലേക്കും ഇത്തരം നിർണായക വസ്തുക്കൾ മാറ്റിയിട്ടുള്ളതായി കരുതപ്പെടുന്നു.
Iran’s Supreme National Security Council Secretary Mohsen Rezaei has ruled out sending enriched nuclear materials abroad. He made the statement in a post on X following a meeting with Pakistan’s army chief, Asim Munir, in Tehran. “Not even a single gram of enriched uranium will leave Iran,” he said.