പശ്ചിമേഷ്യന്‍ മേഖലയില്‍ ഏഴു മാസമായി തുടരുന്ന യുദ്ധത്തിന് അയവുവരുത്താന്‍ ഇറാന്‍ മുന്നോട്ടുവെച്ച നിര്‍ണ്ണായക സമാധാന നിര്‍ദ്ദേശം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളിയതായി റിപ്പോര്‍ട്ട്. നവംബറില്‍ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ഇറാനുമേലുള്ള ബോംബാക്രമണം പുനരാരംഭിക്കാനാണ് ട്രംപ് പദ്ധതിയിടുന്നതെന്ന് പേര് വെളിപ്പെടുത്താത്ത യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും മേഖലയിലെ സംഘര്‍ഷങ്ങള്‍ ഏഴ് ദിവസത്തിനകം അവസാനിപ്പിക്കുന്നതിനുമുള്ള പദ്ധതിയാണ് ഇറാന്‍ മുന്നോട്ടുവെച്ചത്.
ഖത്തരി മധ്യസ്ഥര്‍ മുഖേനയാണ് ഇറാന്‍ തങ്ങളുടെ സമാധാന പദ്ധതി യുഎസിന് കൈമാറിയതെന്നും ധാരണയിലെത്തിയാല്‍ കടലിടുക്ക് തുറക്കുന്നതിനും മേഖലയിലെ സംഘര്‍ഷങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസത്തിനുമായി ഏഴ് ദിവസത്തെ കൗണ്ട്ഡൗണ്‍ ആരംഭിക്കുമെന്നും ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വെള്ളിയാഴ്ച ഐക്യരാഷ്ട്രസഭയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. സമാധാന പദ്ധതി യുഎസ് അംഗീകരിക്കുകയാണെങ്കില്‍, ഇരുവിഭാഗത്തിനും പരസ്പരം സമ്മതമുള്ള വിഷയങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആരംഭിക്കാമെന്ന് അരാഗ്ചി പറഞ്ഞിരുന്നു.
ആഗോള എണ്ണ വിപണിയെ സാരമായി ബാധിച്ച ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം നീക്കും, ലെബനന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സൈനിക നടപടികള്‍ അവസാനിപ്പിക്കും, വിപുലമായ നയതന്ത്ര ചര്‍ച്ചകള്‍ ആരംഭിക്കും എന്നിവയാണ് ഇറാന്‍ മുന്നോട്ടുവെച്ച സമാധാന പദ്ധതിയിലെ പ്രധാന പോയിന്റുകള്‍. എന്നാല്‍, ഈ പദ്ധതി നടപ്പാകണമെങ്കില്‍ ഇറാന്റെ തുറമുഖങ്ങള്‍ക്കുമേലുള്ള ഉപരോധം അമേരിക്ക നീക്കാനും ഇറാന്റെ മരവിപ്പിച്ച ഫണ്ട് വിട്ടുനല്‍കാനും എണ്ണ ഉപരോധങ്ങളില്‍ ഇളവ് വരുത്താനും ആവശ്യപ്പെടുന്നുണ്ട്.
മധ്യസ്ഥർ മുഖേന യുഎസും ഇറാനും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഒരു അമേരിക്കൻ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, തങ്ങളുടെ വ്യവസ്ഥകൾ പൂർണ്ണമായി അംഗീകരിക്കാൻ ഇറാൻ തയ്യാറാകില്ലെന്ന നിലപാടാണ് ട്രംപിനുള്ളത്. ഇതിനാലാണ് താൽക്കാലിക വെടിനിർത്തലിന് വഴങ്ങാതെ, നവംബറിലെ തിരഞ്ഞെടുപ്പിന് ശേഷം ശക്തമായ സൈനിക ആക്രമണത്തിന് ട്രംപ് ഒരുങ്ങുന്നത്. എന്നാൽ ഈ റിപ്പോർട്ടുകൾ അമേരിക്ക ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഫെബ്രുവരി 28-ന് യുഎസ്, ഇസ്രായേല്‍ ആക്രമണങ്ങളോടെ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കുന്നതില്‍ നയതന്ത്ര ശ്രമങ്ങള്‍ പരാജയപ്പെട്ടതിന് ശേഷമാണ് ഇറാന്റെ ഏഴ് ദിവസത്തെ നിര്‍ദ്ദേശം വരുന്നത്. യുദ്ധത്തില്‍ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ഇറാന്റെ സൈനിക ശേഷിക്കും സമ്പദ്വ്യവസ്ഥയ്ക്കും വന്‍ തകര്‍ച്ച സംഭവിക്കുകയും ചെയ്തു. ഗള്‍ഫിലെ അമേരിക്കയുടെ സൈനികതാവളങ്ങളുള്ള രാജ്യങ്ങള്‍ക്ക് നേരയാണ് ഇറാന്‍ ആക്രമണം നടത്തുന്നത്. കൂടാതെ ഇറാന്‍ അനുകൂല ഹൂതികള്‍ സൗദി അറേബ്യയ്ക്ക് നേരെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ കടുപ്പിച്ചു. ഇറാഖിലെ മിലിഷ്യകള്‍ നടത്തിയ ആക്രമണത്തില്‍ സൗദി എണ്ണ പൈപ്പ്ലൈനുകള്‍ തകരുകയും ആഗോള വിപണിയില്‍ എണ്ണ വിതരണം തടസ്സപ്പെടുകയും ചെയ്തു. ലെബനനില്‍ ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയും ഇസ്രായേല്‍ സേനയും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ തുടരുകയാണ്.
ഹൂതി ആക്രമണം ശക്തമായതോടെ സൗദി അറേബ്യയുടെ സുരക്ഷയ്ക്കായി പ്രാദേശിക സഖ്യകക്ഷികള്‍ ഒന്നിക്കുകയാണ്. സൗദി അറേബ്യയുമായി സംയുക്ത പ്രതിരോധ കരാറുള്ള തുര്‍ക്കി, പാകിസ്താന്‍ എന്നീ രാജ്യങ്ങളുടെ പ്രതിരോധ ഉദ്യോഗസ്ഥര്‍ റിയാദില്‍ അടിയന്തര യോഗം ചേര്‍ന്നു. സൈനിക ഏകോപനവും രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവെക്കലും ശക്തമാക്കാന്‍ ഇവര്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, യെമനില്‍ യുദ്ധം വന്‍ മാനുഷിക ദുരന്തത്തിന് വഴിവെച്ചതായി യൂണിസെഫ് മുന്നറിയിപ്പ് നല്‍കി. കുട്ടികള്‍ക്കിടയില്‍കടുത്ത പോഷകാഹാരക്കുറവ് വര്‍ദ്ധിച്ചുവരുന്നതായി വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Iran has proposed a seven-day peace plan aimed at easing the seven-month war in West Asia, including reopening the strategically vital Strait of Hormuz, ending military operations in Lebanon and other parts of the region, and beginning broader diplomatic negotiations. Iranian Foreign Minister Abbas Araghchi said the proposal was delivered to the United States through Qatari mediators and that a seven-day countdown would begin if Washington accepted the plan.