മനുഷ്യരെ വേവിച്ച് കൊല്ലുന്ന എല്‍ നിനോ

"മഴയും വെയിലും മുമ്പത്തേക്കാളും തീവ്രതയോടെ ഭൗമോപരിതലത്തില്‍ പെയ്യുകയും പൊള്ളിക്കുകയും ചെയ്യുന്ന കാലമാണിത്. മേഘങ്ങളെ നോക്കുന്ന മനുഷ്യര്‍ ഇപ്പോള്‍ ധാരാളമുണ്ട്. മേഘങ്ങള്‍ പോകുന്ന പാതകളെ കുറിച്ച് വരെ മനുഷ്യന്‍ ആകാംക്ഷയോടെ അന്വേഷിക്കുന്നു"
മനുഷ്യരെ വേവിച്ച് കൊല്ലുന്ന എല്‍ നിനോ
Published on: 

കാലവര്‍ഷത്തിന്റെ പെരും നാളുകളില്‍ എങ്ങനെയെങ്കിലും ആകാശത്ത് കാര്‍മേഘങ്ങള്‍ ഒന്ന് ഒഴിഞ്ഞുപോയെങ്കില്‍ എന്ന് ആഗ്രഹിച്ച അതേ മനുഷ്യര്‍ തന്നെ പ്രശാന്തമായ ആകാശം നോക്കി എവിടെയെങ്കിലും മഴമേഘങ്ങള്‍ രൂപപ്പെടുന്നുണ്ടോ എന്ന് അതിതീവ്രമായി ആഗ്രഹിക്കുന്ന കാലമാണ് വരാന്‍ പോകുന്നത്. മനുഷ്യന്റെയും ജീവജാലങ്ങളുടെയും ജീവല്‍ തുടിപ്പിന് നിദാനമാകുന്ന നിര്‍ണായക ഘടകമാണ് ആകാശമേഘങ്ങള്‍. ഈ മഴമേഘങ്ങള്‍ ഒഴിഞ്ഞ ആകാശത്തെയും മഴമേഘങ്ങളുള്ള ആകാശത്തെയും ഒരേപോലെ പേടിക്കേണ്ട കാലത്താണ് നാം ജീവിക്കുന്നത്. രണ്ടും അതിതീവ്രമായ പ്രത്യാഘാതങ്ങളാണ് ഭൂമിയുടെ ഉപരിതലത്തില്‍ ഉണ്ടാക്കുന്നത്.

മഴയും വെയിലും മുമ്പത്തേക്കാളും തീവ്രതയോടെ ഭൗമോപരിതലത്തില്‍ പെയ്യുകയും പൊള്ളിക്കുകയും ചെയ്യുന്ന കാലമാണിത്. മേഘങ്ങളെ നോക്കുന്ന മനുഷ്യര്‍ ഇപ്പോള്‍ ധാരാളമുണ്ട്. മേഘങ്ങള്‍ പോകുന്ന പാതകളെ കുറിച്ച് വരെ മനുഷ്യന്‍ ആകാംക്ഷയോടെ അന്വേഷിക്കുന്നു. മഴമേഘങ്ങള്‍ ആകാശത്തുനിന്ന് കണ്ണീരും ദുരിതവും വര്‍ഷിക്കുന്നത് പുതുകാലത്ത് പുതിയ അനുഭവങ്ങളാവുന്നു എന്നുള്ളത് വലിയ ഒരു കാലാവസ്ഥാ മാറ്റത്തിന്റെ അടയാളമാണ്. വളരെ നിസ്സാരമായ ഒരു മേഘം അല്ലെങ്കില്‍ മേഘ കൂട്ടം ഏതാനും നിമിഷങ്ങള്‍ കൊണ്ട് ഭൗമോപരിതലത്തിലെ അതിസാധാരണമായ ജീവിതങ്ങളെ കൊടും ദുരിതത്തിലേക്ക് കൊണ്ടുപോകുന്ന കാഴ്ചയും പലയിടങ്ങളിലും നാം കാണുന്നു.

അതേസമയംത്തന്നെ, മഴമേഘങ്ങള്‍ ഒഴിഞ്ഞ ആകാശ അവസ്ഥയും ഭൗമോപരിതലത്തെ പൊള്ളിക്കുന്ന അവസ്ഥകള്‍ക്ക് കാരണമാകുന്നു. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെടുന്ന മര്‍ദ്ദ വ്യത്യാസങ്ങള്‍ കേരളത്തിലെ ജില്ലകളില്‍ ഉണ്ടാക്കുന്ന സാമൂഹിക സംഘര്‍ഷങ്ങളെ, സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളെ കുറിച്ച് പഠിക്കല്‍ പുതിയകാലത്ത് അനിവാര്യമായ ഒന്നാണ്. പണ്ട് റേഡിയോകളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടെന്നും അത് കാറ്റായി ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കും എന്നും ഉള്ള വാര്‍ത്തകള്‍ കൗതുകത്തോടെ കേട്ട കേരളം, ഇന്ന് അതിനെ വലിയ പേടിയോടെ കേള്‍ക്കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം കാലാവസ്ഥാ സാക്ഷരതയില്‍ ജനങ്ങള്‍ വളരെ മുന്നോട്ടു പോകുന്നുണ്ട് എന്നുള്ളതാണ്.

മനുഷ്യരെ വേവിച്ച് കൊല്ലുന്ന എല്‍ നിനോ
ഭൂമിയെ ചുട്ടെടുത്ത് 'സൂപ്പര്‍ എല്‍ നിനോ'; പ്രതീക്ഷിച്ചതിലും മാസങ്ങള്‍ക്ക് മുമ്പേ റെക്കോര്‍ഡിട്ട് ചൂട്, ഇരട്ടി പ്രഹരവുമായി ആഗോളതാപനം

പസഫിക് സമുദ്രവും ലോക കാലാവസ്ഥയും

പസഫിക് സമുദ്രം ഭൂമിയിലെ ഏറ്റവും വിശാലമായ പ്രദേശവും ജലം ഉള്‍ക്കൊള്ളുന്ന വലിയ ഒരിടവുമാണ്. അതിന്റെ ഉപരിതലത്തില്‍ രൂപപ്പെടുന്ന ഏതൊരു മര്‍ദ്ദ വ്യത്യാസവും ഭൂമിയുടെ ഏതാണ്ട് മൊത്തം പ്രദേശത്തെയും സ്വാധീനിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒന്നാണ്. അതുകൊണ്ടാണ് പസഫിക് സമുദ്രത്തില്‍ രൂപപ്പെടുന്ന എല്‍ നിനോ പ്രതിഭാസം ഇന്ത്യയെയും കേരളത്തെയും മറ്റ് രാജ്യങ്ങളെയും ബാധിക്കുന്ന വലിയ പ്രശ്നമായും വെല്ലുവിളിയായും മാറുന്നത്.

എല്‍ നിനോ പ്രതിഭാസം

ഇന്ന് ലോകവ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട കാലാവസ്ഥാ പ്രതിഭാസമാണ് എല്‍ നിനോ. ഒരു പ്രത്യേക പ്രദേശത്ത് മാത്രം ഒതുങ്ങാതെ വലിയൊരു പ്രദേശത്തെ കാലാവസ്ഥ മാറ്റത്തിന് കാരണമാകുന്ന, കിഴക്കന്‍ ഭൂമധ്യരേഖാ പസിഫിക് സമുദ്രത്തിലെ മേല്‍ത്തട്ടിലെ വെള്ളം അസാധാരണമായി ചൂടുപിടിക്കുന്ന കാലാവസ്ഥാ പ്രതിഭാസമാണ് എല്‍നിനോ (El Nino). സ്പാനിഷ് ഭാഷയില്‍ 'ഉണ്ണി യേശു' അല്ലെങ്കില്‍ 'ആണ്‍കുട്ടി' (The Boy Child) എന്നാണ് ഈ വാക്കിനര്‍ത്ഥം. ക്രിസ്മസ് സമയത്ത് പെറു, ഇക്വഡോര്‍ തീരങ്ങളിലെ മീന്‍പിടുത്തക്കാരാണ് സമുദ്രജലത്തിലെ ഈ മാറ്റം ആദ്യം ശ്രദ്ധിച്ചത്. അതിനാലാണ് ഈ പേര് വന്നത്.

എല്‍ നിനോ എങ്ങനെ സംഭവിക്കുന്നു?

ഓരോ മൂന്നു മുതല്‍ ഏഴു വര്‍ഷം വരെയുള്ള കാലയളവില്‍ ഒരിക്കല്‍ സംഭവിക്കുന്ന വളരെ സങ്കീര്‍ണമായ ഒരു കാലാവസ്ഥ പ്രതിഭാസമാണിത്. ഇതില്‍ സമുദ്രോപരിതലത്തിലെയും അന്തരീക്ഷത്തിലെയും ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കിഴക്കന്‍ പസഫിക് സമുദ്രത്തില്‍ പെറു തീരത്തിന്റെ ആഴക്കടലില്‍ ഉഷ്ണ ജലപ്രവാഹങ്ങളായി പ്രത്യക്ഷപ്പെടുന്ന ഇവ, ഇന്ത്യ ഉള്‍പ്പെടെ പല പ്രദേശങ്ങളിലെയും കാലാവസ്ഥയെ കാര്യമായി ബാധിക്കുന്നു. പസിഫിക് സമുദ്രത്തിന് കുറുകെ കിഴക്കുനിന്ന് പടിഞ്ഞാറേക്ക് വീശുന്ന വാണിജ്യ കാറ്റുകള്‍ (Trade Winds) ചൂടുള്ള ഉപരിതല ജലത്തെ ഏഷ്യ/ഓസ്ട്രേലിയന്‍ തീരങ്ങളിലേക്ക് തള്ളുന്നതാണ് സാധാരണ അവസ്ഥ.

മനുഷ്യരെ വേവിച്ച് കൊല്ലുന്ന എല്‍ നിനോ
'സൂപ്പര്‍ എല്‍ നിനോ': കോടിക്കണക്കിന് ആളുകള്‍ പട്ടിണിയിലേക്ക്, യുദ്ധസമാന മുന്നൊരുക്കങ്ങളുമായി ഏഷ്യന്‍ രാജ്യങ്ങള്‍

എന്നാല്‍, എല്‍ നിനോ സമയങ്ങളില്‍ ഈ വാണിജ്യ കാറ്റുകള്‍ ദുര്‍ബലമാവുകയോ ദിശ മാറുകയോ ചെയ്യുന്നു. ഇതിന്റെ ഫലമായി പടിഞ്ഞാറേക്ക് നീങ്ങേണ്ട ചൂടുവെള്ളം കിഴക്കന്‍ പസിഫിക്കില്‍ (തെക്കേ അമേരിക്കന്‍ തീരത്ത്) തന്നെ തങ്ങിനില്‍ക്കുകയും അവിടെ കൂടുതല്‍ ചൂടുപിടിക്കുകയും ചെയ്യുന്നു. ഇത് ആഗോള തലത്തില്‍ കാറ്റുകളുടെ സാധാരണ സഞ്ചാര അവസ്ഥയെ ബാധിക്കുന്നു. നിലവിലെ വായുസഞ്ചാര പാറ്റേണുകളെ അട്ടിമറിക്കുകയും ലോകമെമ്പാടുമുള്ള മഴ, താപനില എന്നിവയില്‍ വലിയ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നു. സമുദ്ര ജല ബാഷ്പീകരണത്തിന്റെ സാധാരണ അവസ്ഥയെ തകിടം മറിക്കുകയും ചെയ്യുന്നുണ്ട് ഈ പ്രതിഭാസം. യഥാര്‍ത്ഥത്തില്‍, പസഫിക് സമുദ്രത്തിനു മുകളില്‍ രൂപപ്പെടുന്ന മര്‍ദ്ദ-താപ വ്യത്യാസങ്ങള്‍ കാറ്റുകളെ സ്വാധീനിക്കുകയും ഇത് മേഘങ്ങളുടെ രൂപപ്പെടലിനെയും മഴയെയും സ്വാധീനിക്കുകയും ചെയ്യുന്നു.

സൂപ്പര്‍ എല്‍ നിനോ ഭീഷണിയും കാലാവസ്ഥ പ്രവചനങ്ങളും

കിഴക്കന്‍ ഭൂമധ്യരേഖാ പസിഫിക് സമുദ്രത്തിലെ താപനില അസാധാരണമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് നിലവിലെ എല്‍ നിനോ 'സൂപ്പര്‍ എല്‍ നിനോ' (Very tSrong El Nino) വിഭാഗത്തിലേക്ക് കടക്കുകയാണെന്ന് മുന്നറിയിപ്പുണ്ട്. 2026 സെപ്തംബര്‍ 23-ന് പുറത്തിറങ്ങിയ ക്ലൈമറ്റ് ഇംപാക്ട് ലാബ് പഠന പ്രകാരം 2026 ജൂണ്‍ മുതല്‍ 2027 ഫെബ്രുവരി വരെ അതി തീവ്ര ചൂട് കാരണം 451,000 ജനങ്ങള്‍ മരണപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ആരോഗ്യ മേഖലയിലും അടിസ്ഥാന മേഖലയിലും വേണ്ടത്ര പുരോഗതി കൈവരിക്കാത്ത രാജ്യങ്ങളെയായിരിക്കും ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എല്‍ നിനോ പ്രതിഭാസം കാരണം ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കാന്‍ സാധ്യതയുള്ള രാജ്യം നൈജീരിയ ആണ്. ഇന്‍ഡോനേഷ്യ, സുഡാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളും വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പ് നല്‍കുന്നു.

വരള്‍ച്ചയും മണ്‍സൂണ്‍ കുറവും

ഐ.ഐ.ടി ഗാന്ധിനഗര്‍ (India Drought Monitor), ഐ.ഐ.ടി ബോംബെ തുടങ്ങിയ കേന്ദ്രങ്ങളുടെ വിലയിരുത്തല്‍ അനുസരിച്ച്, സെപ്റ്റംബറോടെ ഇന്ത്യയിലെ 50 ശതമാനത്തിലധികം പ്രദേശങ്ങള്‍ വരള്‍ച്ചാ ഭീഷണിയിലാണ്. ഏറ്റവും കൂടുതല്‍ മഴയെ ആശ്രയിച്ച് മാത്രം കൃഷി ചെയ്യുന്ന ഇന്ത്യയുടെ കാര്‍ഷിക മേഖലയില്‍ ഇത് വലിയ ഗുരുതര പ്രതിസന്ധിയാണ് ഉണ്ടാക്കുക. ഖാരിഫ് വിളകളില്‍ നിലവില്‍ വലിയ ഉത്പാദനക്കുറവ് ഉണ്ടാക്കിയിട്ടുണ്ട്. മഴയില്‍ വന്ന വന്‍ കുറവ് കാരണം രാജ്യത്തെ ഖാരിഫ് കൃഷി വിസ്തൃതിയില്‍ വലിയ ഇടിവുണ്ടായി. പ്രത്യേകിച്ച് ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നെല്‍കൃഷിയെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴ കുറയുന്നതിനും കടുത്ത വരള്‍ച്ചയ്ക്കും അന്തരീക്ഷ താപനില ഉയരുന്നതിനും എല്‍ നിനോ കാരണമാകുന്നു. തെക്കേ അമേരിക്കയില്‍ പെറു, ചിലി തുടങ്ങിയ രാജ്യങ്ങളില്‍ കനത്ത മഴയ്ക്കും പ്രളയത്തിനും മണ്ണിടിച്ചിലിനും വഴിവെക്കുന്നു. ഓസ്ട്രേലിയ, ഇന്തോനേഷ്യ തുടങ്ങിയ പ്രദേശങ്ങളില്‍ കടുത്ത വരള്‍ച്ചയ്ക്കും കാട്ടുതീയ്ക്കും കാരണമാകുന്നു.

മനുഷ്യരെ വേവിച്ച് കൊല്ലുന്ന എല്‍ നിനോ
എല്‍ നിനോ എഫക്ട് പ്രവചനാതീതം; 'ടെലികണക്ഷന്‍' പ്രതിഭാസം തീവ്രമായ കാലാവസ്ഥാ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം, മുന്നറിയിപ്പ്

കേരളത്തിലെ സ്ഥിതിഗതികള്‍

കേരളത്തില്‍ ഈ മണ്‍സൂണ്‍ കാലത്ത് ലഭിക്കേണ്ട മഴ ലഭിച്ചിട്ടില്ല എന്നുള്ളതാണ് കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്തവണത്തെ കാലവര്‍ഷത്തില്‍ കേരളത്തില്‍ സാധാരണ ലഭിക്കേണ്ട മഴയില്‍ ഏകദേശം 22% മുതല്‍ 28% വരെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വരും മാസങ്ങളില്‍ (തുലാവര്‍ഷ കാലത്തും ശീതകാലത്തും) അന്തരീക്ഷ താപനില സാധാരണയേക്കാള്‍ ഉയര്‍ന്നുനില്‍ക്കാന്‍ എല്‍ നിനോ കാരണമാകും. ഉയര്‍ന്ന ചൂട് കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോര്‍ഡ് തലത്തിലെത്തുകയും വരള്‍ച്ചാ സാധ്യതകള്‍ വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്.

നിലവില്‍ തന്നെ വൈദ്യുതി ഉപയോഗം വര്‍ദ്ധിച്ച സാഹചര്യമാണുള്ളത്. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസം ആകുമ്പോള്‍ ഇത് രൂക്ഷമാവുകയും വലിയ പ്രതിസന്ധി ഈ മേഖലയില്‍ ഉണ്ടാവുകയും ചെയ്യും. ആരോഗ്യ മേഖലയിലും എല്‍ നിനോ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.ന്‍സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന, എയര്‍കണ്ടീഷന്‍ പോലെയുള്ള സംവിധാനങ്ങള്‍ ഇല്ലാത്ത അതിസാധാരണക്കാരായ ആയിരക്കണക്കിന് കിടപ്പുരോഗികളെയും സാധാരണക്കാരെയും ഈ അവസ്ഥ ഗുരുതരമായി ബാധിക്കും. കുടിവെള്ള പ്രതിസന്ധി രൂക്ഷമായ മേഖലകളില്‍ ഒന്നുകൂടി പ്രതിസന്ധി സൃഷ്ടിക്കും.

ഇത്തരത്തില്‍ ആഗോളതലത്തില്‍ തന്നെ വ്യത്യസ്തമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ ശേഷിയുള്ള എല്‍ നിനോ പ്രതിഭാസം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നുണ്ട്. നമ്മുടെ സാധാരണ ജീവിതത്തെ എല്‍ നിനോ അത്രമേല്‍ ബാധിക്കുന്നുണ്ട് എന്നുള്ള ഒരു തിരിച്ചറിവ് നിലവില്‍ പൊതുസമൂഹത്തിന് ലഭിച്ചിട്ടുണ്ട്. പ്രാദേശിക തലം തൊട്ട് അന്തര്‍ദേശീയ തലം വരെ സാധാരണക്കാരും രാഷ്ട്രതലവന്മാരും വളരെ ഗൗരവമായി ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. യഥാര്‍ത്ഥത്തിലിത് കാലാവസ്ഥ പഠനവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഒരു മുന്നേറ്റം കൂടിയാണ്.

Summary

The developing 2026–27 Super El Nino is raising concerns about extreme heat, drought, rainfall disruption, wildfires and health risks across the world. El Nino occurs when unusually warm surface waters develop in the eastern equatorial Pacific, disrupting atmospheric circulation and influencing weather patterns far beyond the Pacific. The current event has already reached exceptional intensity, with scientists warning of potentially severe global impacts.

Madism Digital
madismdigital.com