'സൂപ്പര്‍ എല്‍ നിനോ': കോടിക്കണക്കിന് ആളുകള്‍ പട്ടിണിയിലേക്ക്, യുദ്ധസമാന മുന്നൊരുക്കങ്ങളുമായി ഏഷ്യന്‍ രാജ്യങ്ങള്‍

ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ സെപ്റ്റംബറില്‍ ലഭിക്കേണ്ട മണ്‍സൂണ്‍ മഴയില്‍ ഏകദേശം 50% കുറവുണ്ടായിട്ടുണ്ട്. ഇത് നെല്ല്, ധാന്യങ്ങള്‍, പരുത്തി, ചോളം തുടങ്ങിയ പ്രധാന വിളകളെ പ്രതികൂലമായി ബാധിച്ചു
'സൂപ്പര്‍ എല്‍ നിനോ': കോടിക്കണക്കിന് ആളുകള്‍ പട്ടിണിയിലേക്ക്, യുദ്ധസമാന മുന്നൊരുക്കങ്ങളുമായി ഏഷ്യന്‍ രാജ്യങ്ങള്‍
Published on

ചരിത്രത്തില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും കഠിനമായ 'എല്‍ നിനോ' പ്രതിഭാസത്തെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ഏഷ്യന്‍ രാജ്യങ്ങള്‍. കടുത്ത ഉഷ്ണതരംഗം, പ്രളയം, രൂക്ഷമായ ഭക്ഷ്യക്ഷാമം എന്നിവയാണ് ഒരേസമയം ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് കൈകാര്യം ചെയ്യേണ്ടിവരിക എന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഉഷ്ണമേഖലാ പസഫിക് സമുദ്രത്തിലെ അസാധാരണമായ താപവര്‍ദ്ധനവും മനുഷ്യനിര്‍മ്മിത ആഗോളതാപനവും ഒത്തു ചേരുന്നതോടെ ഈ വര്‍ഷാവസാനത്തോടെ എല്‍ നിനോ അതിതീവ്ര രൂപം പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. അതിതീവ്രമായ ഈ കാലാവസ്ഥാ വ്യതിയാനം ഏകദേശം അഞ്ചു കോടി ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുമെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

'കൂള്‍' മാപ്പുകളുമായി ചൈനയും തായ്‌വാനും

ഓഗസ്റ്റ് 9-ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് അന്താരാഷ്ട്ര സാമ്പത്തിക കേന്ദ്രമായ ഹോങ്കോംഗ് തൊഴില്‍ നയങ്ങള്‍ പരിഷ്‌കരിക്കാന്‍ നിര്‍ബന്ധിതരായി. പുതിയ തൊഴില്‍ നയം അനുസരിച്ച് കടുത്ത ഉഷ്ണമുള്ള സമയങ്ങളില്‍ ജീവനക്കാരുടെ ജോലി സമയം പുനക്രമീകരിക്കാനും തണുപ്പേകുന്ന ഉപകരണങ്ങളും വിശ്രമവേളകളും നല്‍കാനും കമ്പനികള്‍ ബാധ്യസ്ഥരാണ്. കഠിനമായ ചൂടുള്ളപ്പോള്‍ ജീവനക്കാര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കിയില്ലെങ്കില്‍ തൊഴിലുടമകള്‍ വിചാരണ നേരിടേണ്ടി വരും.

അതേസമയം, വരള്‍ച്ച, കനത്ത മഴ എന്നീ വിപരീത കാലാവസ്ഥകളെ പ്രതിരോധിച്ച് വിളവെടുപ്പ് ഉറപ്പാക്കുന്നതിനായി ചൈനീസ് ഭരണകൂടം 100 ദിവസത്തെ പ്രത്യേക പ്രചാരണ പരിപാടിക്ക് തുടക്കമിട്ടിട്ടുണ്ട്. കൂടാതെ, വെള്ളപ്പൊക്കവും കടുത്ത ചൂടും ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ തിരിച്ചറിയാന്‍ 'കാലാവസ്ഥാ അപകടസാധ്യത മാപ്പുകള്‍' തയ്യാറാക്കാന്‍ ജൂലൈയില്‍ തന്നെ നഗരങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

'സൂപ്പര്‍ എല്‍ നിനോ': കോടിക്കണക്കിന് ആളുകള്‍ പട്ടിണിയിലേക്ക്, യുദ്ധസമാന മുന്നൊരുക്കങ്ങളുമായി ഏഷ്യന്‍ രാജ്യങ്ങള്‍
നദികളില്‍ വെള്ളമില്ല, മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും വരണ്ട വര്‍ഷമായി 2025; ആഗോള ജലസമ്പാദ്യത്തില്‍ 42 ശതമാനത്തിന്റെ കുറവ്

എല്‍ നിനോയെ ഒരു അടിയന്തിരാവസ്ഥയായി കണക്കാക്കിയാണ് തായ്വാന്‍ നേരിടുന്നത്. തീവ്രവാദി ആക്രമണത്തെയോ ഭൂകമ്പത്തെയോ നേരിടാന്‍ പരിശീലിക്കുന്നതിന് സമാനമായ രീതിയിലാണ് തായ്വാന്‍ ഇതിനെയും പ്രതിരോധിക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ഉയര്‍ന്നാലുണ്ടാകുന്ന വൈദ്യുതി-കുടിവെള്ള തടസ്സങ്ങള്‍ പരിഹരിക്കാന്‍ ജനങ്ങളെ പങ്കാളികളാക്കി പരിശീലനങ്ങള്‍ സംഘടിപ്പിച്ചു. കടുത്ത ചൂടില്‍ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് എയര്‍കണ്ടീഷന്‍ ചെയ്ത തണുപ്പുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് എത്താന്‍ സഹായിക്കുന്ന 'കൂള്‍ മാപ്പ്' എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമും ഭരണകൂടം പരീക്ഷിച്ചുവരികയാണ്.

വരള്‍ച്ചയില്‍ വലഞ്ഞ് ഇന്ത്യയും ശ്രീലങ്കയും

എല്‍ നിനോ ഇതിനകം തന്നെ ദക്ഷിണേഷ്യയിലുടനീളം വന്‍ നാശനഷ്ടങ്ങള്‍ വിതച്ചു കഴിഞ്ഞു. ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ സെപ്റ്റംബറില്‍ ലഭിക്കേണ്ട മണ്‍സൂണ്‍ മഴയില്‍ ഏകദേശം 50% കുറവുണ്ടായിട്ടുണ്ട്. ഇത് നെല്ല്, ധാന്യങ്ങള്‍, പരുത്തി, ചോളം തുടങ്ങിയ പ്രധാന വിളകളെ പ്രതികൂലമായി ബാധിച്ചു. വരും മാസങ്ങളില്‍ വിളവെടുപ്പ് കുത്തനെ കുറയുമെന്ന ആശങ്ക ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ നിലനില്‍ക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ വരുമാനം കുറഞ്ഞവരെ ദുരിതത്തിലാക്കിക്കൊണ്ട് ഭക്ഷ്യവില ഉയരാന്‍ കാരണമാകും. കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകാന്‍ സാധ്യതയുള്ള 350-ലധികം ജില്ലകളില്‍ ജലസംരക്ഷണ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുകയും കുറഞ്ഞ സമയവും വെള്ളവും മാത്രം ആവശ്യമുള്ള വിളകള്‍ കൃഷി ചെയ്യാന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചു.

എല്‍ നിനോയുടെ ഏറ്റവും കഠിനമായ പ്രത്യാഘാതം അനുഭവപ്പെടുന്നത് ശ്രീലങ്കയിലാണ്. മഴയുടെ അഭാവവും ഉയര്‍ന്ന താപനിലയും കാരണം ഒരു പതിറ്റാണ്ടിലെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. പ്രധാന ജലാശയങ്ങള്‍ വറ്റിവരണ്ടതോടെ 1.6 ലക്ഷത്തിലധികം ആളുകള്‍ കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്. പുള്ളിപ്പുലികള്‍, ആനകള്‍, മുതലകള്‍, പുള്ളിമാനുകള്‍ എന്നിവയുടെ സങ്കേതമായ യാല നാഷണല്‍ പാര്‍ക്ക് അടച്ചുപൂട്ടാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. വന്യജീവികള്‍ ചത്തൊടുങ്ങാതിരിക്കാന്‍ ടാങ്കറുകളില്‍ വെള്ളമെത്തിച്ച് കുളങ്ങള്‍ നിറയ്ക്കുകയാണിപ്പോള്‍. ശ്രീലങ്കയുടെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള മുള്ളൈത്തീവ് കായലില്‍ ശുദ്ധജലത്തിന്റെ അഭാവം മൂലം ആയിരക്കണക്കിന് മീനുകളാണ് ചത്തുപൊന്തിയത്. ശുദ്ധജല സ്രോതസ്സുകള്‍ പൂര്‍ണ്ണമായും വറ്റിയാല്‍ കടല്‍വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കേണ്ടി വരും. എന്നാല്‍ രാജ്യത്തുള്ള ഒരേയൊരു കടല്‍വെള്ള ശുദ്ധീകരണ പ്ലാന്റിനെ മാത്രം ആശ്രയിച്ച് എങ്ങനെ മുന്നോട്ടുപോകുമെന്ന ആശങ്കയിലാണ് അധികൃതര്‍.

'സൂപ്പര്‍ എല്‍ നിനോ': കോടിക്കണക്കിന് ആളുകള്‍ പട്ടിണിയിലേക്ക്, യുദ്ധസമാന മുന്നൊരുക്കങ്ങളുമായി ഏഷ്യന്‍ രാജ്യങ്ങള്‍
എല്‍ നിനോ എഫക്ട് പ്രവചനാതീതം; 'ടെലികണക്ഷന്‍' പ്രതിഭാസം തീവ്രമായ കാലാവസ്ഥാ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം, മുന്നറിയിപ്പ്

തെക്കുകിഴക്കന്‍ ഏഷ്യയിലെ കാര്‍ഷിക പ്രതിസന്ധി

തെക്കുകിഴക്കന്‍ ഏഷ്യയില്‍ എല്‍ നിനോ നിലവിലെ പ്രതിസന്ധികളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. ഇറാന്‍ യുദ്ധം ആഗോള ഊര്‍ജ്ജ-വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തുകയും വളത്തിന്റെ വില വര്‍ദ്ധിപ്പിക്കുകയും ചെയ്തത് ഈ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. അതേസമയം, മലേഷ്യയിലും ഇന്തോനേഷ്യയിലും ഉണ്ടായ കാട്ടുതീയില്‍ നിന്നുള്ള കടുത്ത പുകമഞ്ഞ് നഗരങ്ങളെ ശ്വാസം മുട്ടിക്കുകയും കാര്‍ഷിക മേഖലയെ തകര്‍ക്കുകയും ചെയ്തു. 2023-2024 എല്‍ നിനോ സമയത്ത്, വിതയ്ക്കല്‍ സമയക്രമം മാറ്റിയും ജലസംരക്ഷണം നടപ്പാക്കിയും ദക്ഷിണേഷ്യന്‍ സര്‍ക്കാരുകള്‍ കാര്‍ഷിക മേഖലയിലുണ്ടായ ആഘാതം വിജയകരമായി പ്രതിരോധിച്ചിരുന്നു. എന്നാല്‍ നിലവിലെ പ്രതിസന്ധിയുടെ വ്യാപ്തി കണക്കിലെടുക്കുമ്പോള്‍ ഈ തന്ത്രങ്ങള്‍ മാത്രം മതിയാകില്ലെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ മേഖലയിലെ അരി ഉത്പാദനം 8 മുതല്‍ 10 ശതമാനം വരെ കുറയുമെന്നാണ് പ്രവചനം.

സിംഗപ്പൂരിലെ കാലാവസ്ഥാ വിദഗ്ദ്ധയായ കൗര്‍ ലുധറിന്റെ അഭിപ്രായത്തില്‍ ഫിലിപ്പീന്‍സ്, മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളെയാണ് ഭക്ഷ്യ വിലവര്‍ദ്ധനവ് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ളത്. വരുമാനത്തിന്റെ പകുതിയോളം ഭക്ഷണത്തിനായി ചെലവഴിക്കുന്ന ഇന്തോനേഷ്യയിലും ഫിലിപ്പീന്‍സിലും അരിവില ഉയരുന്നത് സാമൂഹിക അശാന്തിക്ക് കാരണമാകുമെന്ന് കൗര്‍ ലുധര്‍ ചൂണ്ടിക്കാണിക്കുന്നു. 'അരി ഈ മേഖലയുടെ ജീവനാഡിയാണ്,' അവര്‍ പറയുന്നു. ഇതിനെ പ്രതിരോധിക്കാന്‍ തെക്കുകിഴക്കന്‍ ഏഷ്യന്‍ സര്‍ക്കാരുകളും കര്‍ഷക കൂട്ടായ്മകളും പുനരുജ്ജീവന കൃഷിരീതികളെ പ്രോത്സാഹിപ്പിക്കുകയും ജൈവവളങ്ങളിലേക്ക് മാറുകയും ചെയ്യുന്നുണ്ട്.

മുന്നറിയിപ്പ് സംവിധാനം നവീകരിച്ച് ദക്ഷിണ കൊറിയ

ചരിത്രത്തിലെ ഏറ്റവും വരണ്ട ജൂലൈ മാസമാണ് ദക്ഷിണ കൊറിയയുടെ തെക്കുകിഴക്കന്‍ മേഖലയില്‍ ഇത്തവണ ഉണ്ടായത്. എന്നാല്‍ ആഴ്ചകള്‍ക്ക് ശേഷം നേരെ വിപരീതമായ കാലാവസ്ഥയും ഈ മേഖലയിലുണ്ടായു. കനത്ത മഴയില്‍ കാര്‍ഷിക മേഖല അപ്പാടെ തകര്‍ന്നു. കാലാവസ്ഥയിലെ മാറ്റം കണക്കിലെടുത്ത് കടുത്ത ചൂടിനായുള്ള മുന്‍കരുതല്‍ മുന്നറിയിപ്പ് സംവിധാനം രാജ്യം പരിഷ്‌കരിച്ചു. താപനില 38 ഡിഗ്രി സെല്‍ഷ്യസിലെത്തുമ്പോള്‍ പുറംപണികള്‍ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദ്ദേശിക്കുന്ന പുതിയ അലേര്‍ട്ട് സിസ്റ്റംവും രാജ്യത്ത് നടപ്പിലാക്കി. വരും ദിവസങ്ങളില്‍ കൊറിയന്‍ ഉപദ്വീപിന് ചുറ്റുമുള്ള കടലില്‍ അസാധാരണമാംവിധം ചൂട് തുടരുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

'സൂപ്പര്‍ എല്‍ നിനോ': കോടിക്കണക്കിന് ആളുകള്‍ പട്ടിണിയിലേക്ക്, യുദ്ധസമാന മുന്നൊരുക്കങ്ങളുമായി ഏഷ്യന്‍ രാജ്യങ്ങള്‍
വരുന്നൂ, 'ഗോഡ്‌സില' എൽ നിനോ! ശീതകാലം ഉണ്ടാവുമോ എന്ന് തന്നെ സംശയം, ഇന്ത്യയിൽ ഡെങ്കിയും കൂടാം

തീവ്രമായ ചൂടിനെയും ചുഴലിക്കാറ്റുകളെയും നേരിടാന്‍ ജപ്പാന്‍ ഒരുങ്ങുന്നു

എല്‍ നിനോയുടെയും മനുഷ്യനിര്‍മ്മിത ആഗോളതാപനത്തിന്റെയും ഫലമായി ഉണ്ടാകാനിടയുള്ള 'സൂപ്പര്‍ ടൈഫൂണുകളെ' നേരിടാന്‍ ജപ്പാനും തയ്യാറെടുക്കുകയാണ്. മുമ്പ് എല്‍ നിനോ സമയത്ത് ജപ്പാനില്‍ അല്‍പം തണുപ്പുള്ള വേനല്‍ക്കാലമായിരുന്നു അനുഭവപ്പെട്ടിരുന്നത്. എന്നാല്‍ സമുദ്രോപരിതലത്തിലെ താപനില ഉയര്‍ന്നതോടെ ഇതിന് വിപരീതമായ അനുഭവമാണുണ്ടാകുന്നത്. 2023-24 ല്‍ ഈ കാലാവസ്ഥ മാറ്റം വന്നപ്പോള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും റെക്കോര്‍ഡ് ചൂടാണ് രേഖപ്പെടുത്തിയത്. നിലവിലെ എല്‍ നിനോ പ്രതിഭാസം ആരംഭിച്ചതിന് തൊട്ടുപിന്നാലെ ജൂലൈയില്‍ ജപ്പാനില്‍ ചരിത്രത്തിലാദ്യമായി കഠിനമായ ചൂടുള്ള ദിവസം രേഖപ്പെടുത്തി. താപനില 40 ഡിഗ്രി സെല്‍ഷ്യസ് കവിയുന്ന ദിവസങ്ങളെ സൂചിപ്പിക്കാന്‍ 'കൊകുഷോബി' (കഠിനമായ ചൂടുള്ള ദിവസം) എന്ന പുതിയ പദവും ജപ്പാന്‍ ഉപയോഗിച്ചു തുടങ്ങി. സൂപ്പര്‍ ചുഴലിക്കാറ്റുകളെയും പ്രളയത്തെയും നേരിടാന്‍ ഗതാഗത പാതകളിലെ അപകടസാധ്യതയുള്ള അടിപ്പാതകള്‍ മുന്‍കൂട്ടി അടയ്ക്കാനും തീരുമാനമെടുത്തു.

Summary

Asia is preparing for an exceptionally strong El Niño event that could intensify heatwaves, droughts, floods and food insecurity across the region. The current El Niño is expected to peak between September and December 2026 and could rank among the strongest on record, with impacts potentially continuing into 2027. The World Food Programme estimates that the event could push nearly 49 million additional people into acute food insecurity globally by the end of 2027, while Asia and the Pacific could see about 8.2 million additional people facing acute hunger. Governments across Asia are already preparing for the expected extremes. China is developing climate-risk maps and strengthening agricultural preparedness, while Taiwan is conducting emergency-style simulations for extreme heat and possible power and water disruptions. India is facing significant rainfall deficits and growing risks to rice and other crops, while Sri Lanka is dealing with severe drought and water shortages.

Madism Digital
madismdigital.com