വൈദ്യുതി ശൃംഖലയെ ലക്ഷ്യമിട്ട് അമേരിക്ക; ഇരുട്ടിലാകുന്ന ഇറാൻ, യുദ്ധം തീർന്നാലും പുനർനിർമാണത്തിന് വേണ്ടത് വർഷങ്ങൾ

തെക്കൻ ഇറാനിലെ വൈദ്യുതി നിലയങ്ങളും വിതരണ ശൃംഖലയും ആക്രമണത്തിൽ തകർന്നതോടെ 4,200 മെഗാവാട്ട് വൈദ്യുതി ഉൽപാദന ശേഷി നഷ്ടപ്പെട്ടതായും രണ്ടായിരത്തിലേറെ കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്
വൈദ്യുതി ശൃംഖലയെ ലക്ഷ്യമിട്ട് അമേരിക്ക; ഇരുട്ടിലാകുന്ന ഇറാൻ, യുദ്ധം തീർന്നാലും പുനർനിർമാണത്തിന് വേണ്ടത് വർഷങ്ങൾ
Published on

അമേരിക്കയും ഇസ്രായേലും തുടങ്ങിയ ഏകപക്ഷീയമായ യുദ്ധത്തെതുടർന്ന് ഇറാനിൽ വ്യാപകമായ വൈദ്യുതി മുടക്കം ജനജീവിതത്തെയും സമ്പദ്‌വ്യവസ്ഥയെയും സാരമായി ബാധിക്കുകയാണ്. തെഹ്റാനിലെ ഷരീഫ് സർവകലാശാലയിലെ വിദ്യാർത്ഥികളുടെ പരീക്ഷകൾവരെ വൈദ്യുതി മുടക്കത്തെതുടർന്ന് മാറ്റിവെക്കേണ്ടി വന്നു. വീടുകളിൽ വെന്റിലേറ്ററുകളെയും തണുപ്പിൽ സൂക്ഷിക്കേണ്ട മരുന്നുകളെയും ആശ്രയിക്കുന്ന രോഗികളെ ഇത് സാരമായി ബാധിക്കുന്നുണ്ടെന്നാണ് ജനങ്ങൾ പറയുന്നത്.

ഇറാനിൽ നേരത്തെതന്നെ വൈദ്യുതി പ്രതിസന്ധിയുണ്ടായിരുന്നെങ്കിലും തടസ്സമില്ലാത്ത വൈദ്യുതി വിതരണമുണ്ടാകുമെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും ഊർജമന്ത്രി അബ്ബാസ് അലിയാബാദിയും ഉറപ്പ് നൽകിയിരുന്നെങ്കിലും യുദ്ധവും അതിശക്തമായ ചൂടും സ്ഥിതി കൂടുതൽ വഷളാക്കി. തെക്കൻ ഇറാനിലെ വൈദ്യുതി നിലയങ്ങളും വിതരണ ശൃംഖലയും ആക്രമണത്തിൽ തകർന്നതോടെ 4,200 മെഗാവാട്ട് വൈദ്യുതി ഉൽപാദന ശേഷി നഷ്ടപ്പെട്ടതായും രണ്ടായിരത്തിലേറെ കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും ദേശീയ വൈദ്യുതി കമ്പനി അറിയിച്ചു.

തെഹ്റാനിൽ കടകൾ ജനറേറ്ററുകളെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. ട്രാഫിക് സിഗ്നലുകൾ പ്രവർത്തിക്കാത്തതിനാൽ പ്രധാന ജംഗ്ഷനുകളിൽ പൊലീസ് നേരിട്ട് ഗതാഗതം നിയന്ത്രിക്കുകയാണ്. ആശുപത്രികൾ ഇൻവെർട്ടർ സംവിധാനങ്ങളിലൂടെ പ്രവർത്തനം തുടരുന്നുണ്ടെങ്കിലും നഗരത്തിന്റെ പല ഭാഗങ്ങളും ദിവസേന ഇരുട്ടിലാകുകയാണ്. ഇറാനിലെ ഏറ്റവും വലിയ വൈദ്യുതി ഉപഭോക്താക്കളായ മൊബാരകെ സ്റ്റീൽ കമ്പനിയുടെയും ഖുസെസ്താൻ സ്റ്റീലിന്റെയും പ്രവർത്തനം വ്യോമാക്രമണത്തെ തുടർന്ന് നിലച്ചതോടെ വൈദ്യുതി ആവശ്യകത കുറയേണ്ടതായിരുന്നു. എന്നാൽ ദേശീയ ഗ്രിഡിന് വൈദ്യുതി നൽകിയിരുന്ന മഹ്ഷഹർ പെട്രോകെമിക്കൽ സമുച്ചയവും ആക്രമണത്തിൽ തകർന്നതോടെ സ്ഥിതി കൂടുതൽ വഷളാക്കി.

വൈദ്യുതി ശൃംഖലയെ ലക്ഷ്യമിട്ട് അമേരിക്ക; ഇരുട്ടിലാകുന്ന ഇറാൻ, യുദ്ധം തീർന്നാലും പുനർനിർമാണത്തിന് വേണ്ടത് വർഷങ്ങൾ
ഹോർമുസ് കടലിടുക്കിലെ യുഎസ്-ഇറാൻ വടംവലി: പശ്ചിമേഷ്യയെ മൂടുന്ന യുദ്ധമേഘങ്ങളും ട്രംപിന്റെ 'വാണിജ്യ നയതന്ത്രവും'

യുദ്ധം പ്രതിസന്ധി രൂക്ഷമാക്കിയെങ്കിലും വൈദ്യുതിയിൽ വർഷങ്ങളായി നിലനിൽക്കുന്ന നിക്ഷേപക്കുറവും പഴകിയ വൈദ്യുതി വിതരണ ശൃംഖല, പുതിയ വൈദ്യുതി നിലയങ്ങളുടെ അഭാവവുമാണ് സ്ഥിതി ഇങ്ങനെയാക്കിയതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പുതിയ പദ്ധതികൾ പൂർത്തിയാകാൻ വർഷങ്ങൾ വേണ്ടിവരുമെന്നതിനാൽ നിലവിലെ നിലയങ്ങൾ നവീകരിക്കുകയാണ് അടിയന്തര പരിഹാരമെന്നും അവർ പറയുന്നു. വ്യവസായ മേഖലയിൽ ദിവസേന നാല് മുതൽ ആറ് മണിക്കൂർവരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഉൽപാദനം കുറയുകയും കയറ്റുമതി തടസ്സപ്പെട്ടുകയും ചെലവ് വർധിക്കുകയും ചെയ്തിട്ടുണ്ട്. ശൈത്യകാലത്ത് പതിവായി ഉണ്ടാകുന്ന വാതക ക്ഷാമവും മുന്നിലുണ്ടെന്നതിനാൽ യുദ്ധവും അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയും ചേർന്ന ഈ ഊർജ പ്രതിസന്ധി എത്രകാലംകൂടി താങ്ങാനാകുമെന്ന ആശങ്കയിലാണ് ഇറാൻ.

അതേസമയം, ഇറാനിയൻ സൈനിക തീരദേശ നിരീക്ഷണ-വ്യോമ പ്രതിരോധ സംവിധാനങ്ങൾ, സമുദ്ര സുരക്ഷാ സൗകര്യങ്ങൾ, മിസൈൽ-ഡ്രോൺ സംഭരണ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തി. ജോർദാനിൽ വെള്ളിയാഴ്ച അമേരിക്കൻ സൈനികർക്കുനേരെ ആക്രമണം നടത്തിയ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് സേനയെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് അമേരിക്ക അറിയിച്ചു. ഹോർമുസ് കടലിടുക്കിലൂടെ നടക്കുന്ന വാണിജ്യ കപ്പൽഗതാഗതത്തെ ഭീഷണിപ്പെടുത്താനുള്ള ഇറാന്റെ ശേഷി കുറയ്ക്കുകയും അമേരിക്കൻ സൈനികർക്കുനേരെയുള്ള ആക്രമണത്തിന് ശക്തമായ മറുപടി നൽകുകയുമാണ് നടപടിയുടെ ലക്ഷ്യമെന്നും അമേരിക്ക വ്യക്തമാക്കി.

Summary

Iran is facing a deepening electricity crisis as war damage, extreme heat and years of underinvestment cripple its power infrastructure. Widespread blackouts have disrupted daily life, postponed university exams, affected vulnerable patients and forced businesses to rely on generators. Damage to power plants and transmission networks has significantly reduced electricity generation, while industries face prolonged outages and production losses. Meanwhile, the US says it has struck Iranian military and infrastructure targets in retaliation for attacks on American troops, further escalating tensions.

Madism Digital
madismdigital.com