ഇറാന്‍-യുഎസ് യുദ്ധം അവസാനിക്കുന്നു?; '14 പോയിന്റ്' കരാറില്‍ ഉടന്‍ ചര്‍ച്ച

പാകിസ്ഥാനി മധ്യസ്ഥര്‍ വഴി അമേരിക്കന്‍ നിര്‍ദേശത്തിലുള്ള തങ്ങളുടെ നിലപാട് അറിയിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി
ഇറാന്‍-യുഎസ് യുദ്ധം അവസാനിക്കുന്നു?; '14 പോയിന്റ്' കരാറില്‍ ഉടന്‍ ചര്‍ച്ച
Published on

രണ്ടുമാസത്തിലേറെയായി തുടരുന്ന ഇറാന്‍-യുഎസ് യുദ്ധം അവസാനിപ്പിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് അറിയിച്ചിരിക്കുകയാണ് ഇറാന്‍. അമേരിക്കയുടെ സമാധാന നിര്‍ദേശം തങ്ങള്‍ പരിഗണിച്ചു വരികയാണെന്ന് ഇറാന്റെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇറാനുമായി 14 പോയിന്റുകളുള്ള ധാരണാപത്രത്തില്‍ ഉടന്‍ ഒപ്പുവെക്കാന്‍ കഴിഞ്ഞേക്കുമെന്ന് അമേരിക്കന്‍ വാര്‍ത്താ ഏജന്‍സി ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം ഉണ്ടായിരിക്കുന്നത്.

ഇറാന്‍ പാര്‍ലമെന്റിലെ മുതിര്‍ന്ന അംഗവും വിദേശനയ-ദേശീയ സുരക്ഷാ സമിതി വക്താവുമായ ഇബ്രാഹിം റെസായി ഇതിനെ വെറും 'ആഗ്രഹങ്ങളുടെ പട്ടിക' എന്ന് വിശേഷിപ്പിച്ച് തള്ളിക്കളഞ്ഞു. അതേസമയം, പാകിസ്ഥാനി മധ്യസ്ഥര്‍ വഴി അമേരിക്കന്‍ നിര്‍ദേശത്തിലുള്ള തങ്ങളുടെ നിലപാട് അറിയിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധം അവസാനിപ്പിക്കുന്ന കരാറിനെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് സംസാരിക്കുന്നുണ്ടെങ്കിലും ഇതുവരെ വിജയിച്ചിട്ടില്ല.

ഇറാന്‍-യുഎസ് യുദ്ധം അവസാനിക്കുന്നു?; '14 പോയിന്റ്' കരാറില്‍ ഉടന്‍ ചര്‍ച്ച
സൗദിയല്ല, ഇനി അമേരിക്ക; ഒപെകിലെ യുഎഇയുടെ പിന്മാറ്റത്തിന് കാരണം എണ്ണ മാത്രമല്ല

ഇറാന്റെ ആണവമോഹങ്ങളും ലോകത്തിലെ എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്ന് കൈകാര്യം ചെയ്യുന്ന ഹോര്‍മുസ് കടലിടുക്കിന്മേലുള്ള ഇറാന്റെ നിയന്ത്രണവും ഉള്‍പ്പെടെയുള്ള സങ്കീര്‍ണ്ണമായ വിഷയങ്ങളില്‍ ഇരുപക്ഷവും വിരുദ്ധ ധ്രുവങ്ങളിലാണ്. ഈ ആവശ്യങ്ങളില്‍ ഇപ്പോഴും ഇറാന്റെ പ്രതികരണത്തില്‍ വ്യക്തതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

14 പോയിന്റ് കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനരാരംഭിക്കല്‍, ഇറാനെതിരെയുള്ള ഉപരോധങ്ങള്‍ നീക്കല്‍, ആണവപദ്ധതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തല്‍ എന്നിവയെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചകള്‍ക്ക് തുടക്കമാകും. കഴിഞ്ഞയാഴ്ച ഇറാന്‍ മുന്നോട്ടുവെച്ച 14 ഇന പദ്ധതിയില്‍ നിന്ന് ഈ പുതിയ നിര്‍ദേശം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നത് വ്യക്തമല്ല. പുതിയ യുഎസ് നിര്‍ദേശത്തോട് ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടുമില്ല.

എന്താണ് 14 പോയിന്റ് കരാര്‍?

ആക്‌സിയോസ് റിപ്പോര്‍ട്ട് പ്രകാരം, ആണവ ചര്‍ച്ചകള്‍ക്ക് കൃത്യമായ ഒരു ചട്ടക്കൂട് നല്‍കുന്ന ഒരു പേജുള്ള ധാരണാപത്രമാണിത്. ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും മരുമകന്‍ ജരെദ് കുഷ്‌നറുമാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. പ്രാഥമിക കരാറില്‍ ഇരുപക്ഷവും സമ്മതിച്ചാല്‍ പൂര്‍ണ്ണമായ ഉടമ്പടിയിലെത്താന്‍ 30 ദിവസത്തെ വിശദമായ ചര്‍ച്ചകള്‍ ആരംഭിക്കും. പൂര്‍ണ്ണമായ ഉടമ്പടി പ്രകാരം ഇരുരാജ്യങ്ങളും ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ അവസാനിക്കുകയും ഇറാന്റെ മരവിപ്പിച്ച ഫണ്ടുകള്‍ വിട്ടുകൊടുക്കുകയും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്യും. ആണവപദ്ധതിയില്‍ ചില നിയന്ത്രണങ്ങളും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ മുന്‍കാലങ്ങളില്‍ അമേരിക്ക ഉന്നയിച്ചിരുന്ന ഇറാന്റെ മിസൈല്‍ പദ്ധതി നിയന്ത്രിക്കുക, മേഖലയിലെ സായുധ സംഘങ്ങള്‍ക്കുള്ള പിന്തുണ അവസാനിപ്പിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങളെക്കുറിച്ച് പുതിയ നിര്‍ദേശത്തില്‍ പരാമര്‍ശമില്ല.

ഇറാന്റെ കൈവശമുള്ള 400 കിലോഗ്രാമിലധികം വരുന്ന ഉയര്‍ന്ന തോതില്‍ സമ്പുഷ്ടീകരിച്ച യുറേനിയത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നില്ല. എന്നാല്‍, ഇറാന്‍ ആണവബോംബ് നിര്‍മ്മിക്കുന്നത് തടയാന്‍ സമ്പുഷ്ടീകരിച്ച യുറേനിയം മുഴുവന്‍ അവിടെനിന്ന് നീക്കം ചെയ്യണമെന്ന് താനും ട്രംപും ധാരണയിലെത്തിയതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. എന്നാല്‍ തങ്ങള്‍ക്ക് ആണവായുധം നിര്‍മ്മിക്കാന്‍ താല്പര്യമില്ലെന്നാണ് ഇറാന്റെ നിലപാട്.

ഇറാന്‍-യുഎസ് യുദ്ധം അവസാനിക്കുന്നു?; '14 പോയിന്റ്' കരാറില്‍ ഉടന്‍ ചര്‍ച്ച
ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും യുദ്ധഭീതി; ഇറാൻ ഉപരോധത്തിനെതിരെ പുതിയ കുപ്പിയിൽ പഴയ വീഞ്ഞുമായി ട്രംപ്, എന്താണ് 'പ്രൊജക്റ്റ് ഫ്രീഡം'?

എണ്ണവിലയില്‍ ഇടിവ്

കരാര്‍ ഉണ്ടായേക്കാമെന്ന വാര്‍ത്തകളെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില രണ്ടാഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകള്‍ 11% ഇടിഞ്ഞ് ബാരലിന് 98 ഡോളര്‍ വരെ എത്തിയെങ്കിലും പിന്നീട് 100 ഡോളറിന് മുകളിലേക്ക് തിരിച്ചുകയറി. ഊര്‍ജ്ജ വിതരണത്തെ ബാധിച്ച യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയില്‍ ആഗോള ഓഹരി വിലകള്‍ ഉയരുകയും ബോണ്ട് വരുമാനം കുറയുകയും ചെയ്തു.

പ്രോജക്റ്റ് ഫ്രീഡത്തിന് നോ പറഞ്ഞ് സൗദി

സമാധാന ചര്‍ച്ചകളിലെ പുരോഗതി ചൂണ്ടിക്കാട്ടി കടലിടുക്ക് തുറക്കാനുള്ള രണ്ട് ദിവസം മാത്രം പഴക്കമുള്ള നാവിക ദൗത്യം 'പ്രോജക്റ്റ് ഫ്രീഡം' ട്രംപ് ചൊവ്വാഴ്ച താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. യുഎസ് സൈന്യത്തിന് തങ്ങളുടെ താവളം ഉപയോഗിക്കാനുള്ള അനുമതി സൗദി അറേബ്യ റദ്ദാക്കിയതിനെ തുടര്‍ന്നാണ് ട്രംപ് പെട്ടെന്ന് പിന്മാറിയതെന്ന് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കപ്പലുകള്‍ക്ക് അകമ്പടി സേവിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം സൗദിയെ പ്രകോപിപ്പിച്ചു. തങ്ങളുടെ വ്യോമതാവളം ഉപയോഗിക്കാനോ വ്യോമാതിര്‍ത്തിയിലൂടെ കടന്നുപോകാനോ യുഎസ് സൈനിക വിമാനങ്ങളെ അനുവദിക്കില്ലെന്ന് സൗദി അമേരിക്കയെ അറിയിച്ചു. ട്രംപും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണത്തിലും ഈ പ്രശ്‌നം പരിഹരിക്കാനായില്ല. അതേസമയം, മേഖലയിലെ ഇറാനിയന്‍ കപ്പലുകള്‍ക്ക് മേലുള്ള ഉപരോധം യുഎസ് സൈന്യം തുടരുകയാണ്.

English Summary: Iran is currently reviewing a 14-point U.S peace proposal mediated by Pakistan that seeks to formally end the military conflict, lift economic sanctions, and restore global shipping through the blockaded Strait of Hormuz.

Madism Digital
madismdigital.com