

ടെഹ്‌റാന്‍: പാക്കിസ്ഥാന്റെ മധ്യസ്ഥതയില്‍ നടന്ന ഇറാന്‍-അമേരിക്ക സമാധാന ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നില്‍ ഇസ്രയേല്‍ ഇടപെടലെന്ന് ആരോപണം. ചര്‍ച്ച പുരോഗമിക്കുന്നതിനിടെ അമേരിക്കന്‍ സംഘത്തെ നിയന്ത്രിച്ചിരുന്ന വൈസ് പ്രസിഡന്റ് ജെഡി വാന്‍സിനെ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു ഫോണില്‍ ബന്ധപ്പെട്ടുവെന്നും ഇതിന് പിന്നാലെയാണ് കരാര്‍ തകിടംമറിഞ്ഞതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനും സമാന ആരോപണം ഉന്നയിച്ചിട്ടുണ്ട്.
യുദ്ധവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളില്‍ സമവായത്തിലെത്തിയെന്നും എന്നാല്‍ ആണവായുധം നിര്‍മ്മിക്കില്ലെന്ന ഉറപ്പ് ഇറാനില്‍നിന്ന് ലഭിച്ചില്ലെന്നും നേരത്തെ അമേരിക്ക പറഞ്ഞിരുന്നു. എന്നാല്‍ അമേരിക്കയ്ക്കും ഇറാനുമിടയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം പുറത്തുനിന്നുള്ള മറ്റൊരു കരങ്ങളാണെന്നും ചര്‍ച്ചക്കിടെ നെതന്യാഹു വാന്‍സിനെ വിളിച്ചെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി അടുത്ത വൃത്തങ്ങള്‍ ആരോപിച്ചിട്ടുണ്ട്. ആരോപണത്തില്‍ പ്രതികരിക്കാന്‍ വാഷിങ്ടണ്‍ ഇതുവരെ തയ്യാറായിട്ടില്ല.
അതേസമയം യുദ്ധത്തില്‍ അമേരിക്കയെയും ഇസ്രയേലിനെയും പിന്തുണയ്ക്കുന്നതില്‍ നാറ്റോ പരാജയപ്പെട്ടെന്നും സഖ്യത്തില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. നാറ്റോ നമുക്കൊപ്പമുണ്ടായിരുന്നില്ല. ഇപ്പോള്‍ അവര്‍ യുദ്ധത്തിന്റെ ഭാഗമാവാന്‍ ആഗ്രഹിക്കുന്നുണ്ടാവും. പക്ഷേ ഇപ്പോള്‍ കാര്യമായ ഭീഷണികളൊന്നും നിലവില്‍ക്കുന്നില്ല. ഇന്ന് രാവിലെ പത്ത് മണി മുതല്‍ ഹോര്‍മൂസ് കടലിടുക്കിലൂടെ കപ്പലുകള്‍ കടത്തിവിടില്ലെന്നും ട്രംപ് വ്യക്തമാക്കി. റഷ്യക്കെതിരായ നീക്കങ്ങളില്‍ ട്രില്യണ്‍ കണക്കിന് ഡോളറുകളുടെ സഹായം നാറ്റോയ്ക്ക് നല്‍കിയിട്ടുണ്ടെന്നും ഇതൊരു പരിഹാസ്യമായ കാര്യമായിട്ട് പണ്ട്മുതലെ തോന്നിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.
English Summary: Iran has alleged Israeli interference in the failed talks with the US, claiming Netanyahu contacted JD Vance during negotiations, leading to the collapse.