ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുമോ? സർക്കാർ രൂപീകരിക്കാൻ ഐസൻകോട്ടിന് ഔദ്യോഗിക ക്ഷണം

സർക്കാർ രൂപീകരിക്കുന്നതിന് ആവശ്യമായ സഖ്യം കെട്ടിപ്പടുക്കാൻ ഐസൻകോട്ടിന് 28 ദിവസത്തെ സമയമുണ്ട്. ആവശ്യമെങ്കിൽ 14 ദിവസത്തെ സാവകാശം കൂടി ലഭിക്കും
ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുമോ? സർക്കാർ രൂപീകരിക്കാൻ ഐസൻകോട്ടിന് ഔദ്യോഗിക ക്ഷണം
Published on: 

ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഭരണസഖ്യത്തിന് പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെ തുടർന്ന് മുൻ സൈനിക മേധാവിയും പ്രതിപക്ഷ നേതാവുമായ ​ഗാഡി ഐസൻകോട്ടിന് പുതിയ സർക്കാർ രൂപീകരിക്കാൻ ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് ഔദ്യോഗികമായി അവസരം നൽകി. ഇതോടെ നെതന്യാഹുവിന്റെ ദീർഘകാല ഭരണത്തിന് അന്ത്യം കുറിക്കപ്പെടാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. സർക്കാർ രൂപീകരിക്കുന്നതിന് ആവശ്യമായ സഖ്യം കെട്ടിപ്പടുക്കാൻ ഐസൻകോട്ടിന് 28 ദിവസത്തെ സമയമുണ്ട്. ആവശ്യമെങ്കിൽ 14 ദിവസത്തെ സാവകാശം കൂടി ലഭിക്കും. ദേശീയ അടിയന്തര സർക്കാർ രൂപീകരിക്കാൻ താൻ പരമാവധി ശ്രമിക്കുമെന്ന് ഐസൻകോട്ട് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

ആകെയുള്ള 120 അം​ഗ പാർലമെന്റായ നെസെറ്റിൽ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷമായ 61 സീറ്റുകൾ ലഭിച്ചിട്ടില്ല. 2022ൽ 64 സീറ്റുകൾ നേടിയിരുന്ന നെതന്യാഹുവിന്റെ സഖ്യത്തിന് ഇപ്പോൾ 53 സീറ്റുകൾ മാത്രമേയുള്ളൂ. അദ്ദേഹത്തിന്റെ പാർട്ടിയായ ലിക്കുഡ് 27 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തുടരുമ്പോൾ, ഐസൻകോട്ടിന്റെ യാഷാർ 21 സീറ്റുകളുമായി തൊട്ടുപിന്നിലുണ്ട്. ദീർഘകാലമായി നെതന്യാഹുവിനൊപ്പമുണ്ടായിരുന്ന അൾട്രാ-ഓർത്തഡോക്സ് സഖ്യകക്ഷിയായ യുണൈറ്റഡ് തോറ ജുഡായിസം ഇത്തവണ അദ്ദേഹത്തെ പിന്തുണയ്ക്കാൻ വിസമ്മതിച്ചത് കനത്ത തിരിച്ചടിയായി. ഈ രാഷ്ട്രീയ പ്രതിസന്ധിക്കിടയിലാണ് പ്രതിപക്ഷത്തെ ഏകോപിപ്പിക്കാൻ ഐസൻകോട്ടിന് നറുക്കുവീണത്.

ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുമോ? സർക്കാർ രൂപീകരിക്കാൻ ഐസൻകോട്ടിന് ഔദ്യോഗിക ക്ഷണം
ഇസ്രായേലിൽ ​അടിപതറി നെതന്യാഹു; പ്രധാനമന്ത്രി പദവിയിലേക്ക് ഗാദി ഐസൻകോട്ടിനെ പിന്തുണച്ച് അറബ് പാർട്ടികൾ

ഐസൻകോട്ടിന്റെ യാഷാർ, യായർ ​ഗോളന്റെ മധ്യ-ഇടതുപക്ഷ ഡെമോക്രാറ്റ്സ്, നഫ്താലി ബെന്നറ്റിന്റെ മധ്യ-വലതുപക്ഷ ടു​ഗെതർ, അവിഗ്ദോർ ലിബർമാന്റെ വലതുപക്ഷ യിസ്രായേൽ ബെയ്‌റ്റെയ്‌നു എന്നീ കക്ഷികൾ അടങ്ങുന്ന സഖ്യത്തിന് നിലവിൽ 48 സീറ്റുകൾ മാത്രമാണുള്ളത്. കേവല ഭൂരിപക്ഷം തികയ്ക്കാൻ 19 സീറ്റുകളുള്ള അറബ് പാർട്ടികളുടെ പിന്തുണ ഇവർക്ക് അനിവാര്യമാണ്.

പ്രതിപക്ഷ സഖ്യത്തിന് അറബ് പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവരെ സർക്കാരിൽ ഔദ്യോ​ഗികമായി ഉൾപ്പെടുത്താൻ ഐസൻകോട്ട് തയ്യാറല്ല. പകരം, മന്ത്രിസ്ഥാനങ്ങൾ നൽകാതെ അറബ് പാർട്ടികളുടെ പുറത്തുനിന്നുള്ള പിന്തുണയോടെ ഒരു ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. എന്നാൽ, വലതുപക്ഷ നേതാവായ ലിബർമാൻ ഇതിനെ ശക്തമായി എതിർക്കുമ്പോൾ, യഹൂദ-അറബ് വോട്ടുകൾക്കിടയിൽ നെതന്യാഹു സൃഷ്ടിച്ച വിഭജനം അവസാനിപ്പിക്കാൻ അറബ് പാർട്ടികളുമായി സഹകരിക്കണമെന്ന് യായർ ഗോളൻ ആവശ്യപ്പെടുന്നുണ്ട്. സഖ്യത്തിനുള്ളിലെ ഇത്തരം ആശയഭിന്നതകൾ ഐസൻകോട്ടിന് വലിയ വെല്ലുവിളിയാണ്.

ന്യൂനപക്ഷ സർക്കാരിന് പുറമെ മറ്റ് ചില സാധ്യതകളും ഐസൻകോട്ടിന് മുന്നിലുണ്ട്. സൈനിക സേവന ഇളവുകൾ നൽകിക്കൊണ്ട് 13 സീറ്റുകളുള്ള അൾട്രാ-ഓർത്തഡോക്സ് പാർട്ടികളെ ഷാസ്, യുണൈറ്റഡ് തോറ ജുഡായിസം ഒപ്പം നിർത്തിയാൽ കൃത്യം 61 സീറ്റുകളോടെ അദ്ദേഹത്തിന് ഭൂരിപക്ഷം നേടാം. അല്ലെങ്കിൽ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയെക്കൂടി ഉൾപ്പെടുത്തി ഒരു വിശാല ഐക്യ സർക്കാർ രൂപീകരിക്കാം. എന്നാൽ ഇത് നെതന്യാഹുവിനെ പുറത്താക്കുക എന്ന പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ലംഘനമാകും. ഈ നീക്കങ്ങളൊന്നും നിശ്ചിത സമയത്തിനുള്ളിൽ വിജയിച്ചില്ലെങ്കിൽ, സർക്കാർ രൂപീകരിക്കാൻ നെതന്യാഹുവിന് വീണ്ടും അവസരം ലഭിക്കുകയോ, അല്ലെങ്കിൽ രാജ്യം മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയോ ചെയ്തേക്കാം.

ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുമോ? സർക്കാർ രൂപീകരിക്കാൻ ഐസൻകോട്ടിന് ഔദ്യോഗിക ക്ഷണം
'ഇസ്രായേലിന് ഇനി സാമ്പത്തിക സഹായം ആവശ്യമില്ല'; നാല് ബില്യണ്‍ ഡോളറിന്റെ സൈനിക സഹായം നിര്‍ത്തലാക്കാനൊരുങ്ങി യുഎസ്

ഈ സർക്കാർ രൂപീകരണം ഇസ്രായേൽ രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണ്. ഐസൻകോട്ട് അധികാരത്തിലെത്തിയാൽ, നെതന്യാഹു നടപ്പിലാക്കിയ വിവാദപരമായ നീതിന്യായ പരിഷ്കാരങ്ങൾ റദ്ദാക്കാനും, ഒക്ടോബർ 7-ലെ ആക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സ്വതന്ത്ര സമിതിയെ നിയോഗിക്കാനും സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

അറബ് പാർട്ടികളുടെ പിന്തുണ ഉറപ്പാക്കുന്നതിലൂടെ ഇസ്രായേലിലെ ഫലസ്തീൻ പൗരന്മാർക്ക് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും വികസന ഫണ്ടുകളും ലഭിച്ചേക്കാം. എന്നാൽ, ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും അധിനിവേശ നയങ്ങളിൽ കാര്യമായ മാറ്റങ്ങൾക്ക് യാതൊരു സാധ്യതയുമില്ല. സഖ്യത്തിലെ പ്രധാന നേതാക്കളായ ഐസൻകോട്ട്, ബെന്നറ്റ്, ലിബർമാൻ എന്നിവർ ഫലസ്തീൻ രാഷ്ട്ര രൂപീകരണത്തെ ശക്തമായി എതിർക്കുന്നവരും കുടിയേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരുമാണ്. അതിനാൽ തന്നെ, ഇസ്രായേലിന്റെ ആഭ്യന്തര വിഷയങ്ങളിൽ ഭരണമാറ്റം പ്രകടമാകുമെങ്കിലും, ഫലസ്തീൻ വിഷയത്തിലുള്ള ഇസ്രായേൽ നയങ്ങളിൽ പുതിയ സർക്കാരും മാറ്റങ്ങൾ വരുത്തിയേക്കില്ല.

Summary

Following Benjamin Netanyahu's loss of a parliamentary majority, Israeli President Isaac Herzog has tasked opposition leader Gadi Eisenkot with forming a new government. Given 28 days, Eisenkot faces the tough challenge of uniting a deeply divided opposition bloc. With only 48 seats among his direct allies, he must rely on either the outside support of Arab parties to form a minority government or compromise with ultra-Orthodox factions to secure a 61-seat majority. While a new administration might reverse controversial domestic judicial reforms, experts predict little change in policies toward Palestinians, given the right-wing stance of key coalition leaders.