

ഇസ്രായേലിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് പകരക്കാരനായി മുൻ സൈനിക മേധാവിയും യാഷർ പാർട്ടി നേതാവുമായ ഗാദി ഐസൻകോട്ടിന് പിന്തുണ പ്രഖ്യാപിച്ച് അറബ് പാർട്ടികൾ. ഇതോടെ പ്രധാനമന്ത്രി ചർച്ചകളിൽ നിർണായകമാവുകയാണ് അറബ് പാർട്ടികൾ. അറബ് പാർട്ടികളുടെ പിന്തുണയടക്കം 120 അംഗ പാർലമെന്റിൽ 67 അംഗങ്ങളും ഗാദി ഐസൻകോട്ടിനാണ് പിന്തുണ പ്രഖ്യാപിച്ചത്. അതിനിടെ, നെതന്യാഹുവിനെ പിന്തുണച്ച് രംഗത്തെത്തിയത് 46 അംഗങ്ങൾ മാത്രമാണ്.
ആരാണ് ഗാദി ഐസൻകോട്ട്?
ഇസ്രായേലിലെ രാഷ്ട്രീയ രംഗത്തും സൈനിക രംഗത്തും ദീർഘകാല പരിചയമുള്ള വ്യക്തിയാണ് ഗാദി ഐസൻകോട്ട്. ഇസ്രായേൽ പ്രതിരോധ സേനയായ ഐഡിഎഫിന്റെ മുൻ ചീഫ് കൂടിയാണ് അദ്ദേഹം. 2015 മുതൽ 2019 വരെയാണ് സൈന്യത്തിന്റെ മേധാവിയായി അദ്ദേഹം പ്രവർത്തിച്ചത്. നെതന്യാഹുവിനെതിരെ നിലപാടെടുത്ത പ്രതിപക്ഷ നിരയിലെ പ്രാധാന നേതാവാണ് ഗാദി ഐസൻകോട്ട്.
ദേശീയ ഐക്യം പുനസ്ഥാപിക്കുമെന്നും രാജ്യത്തെ രാഷ്ട്രീയ വിഭജനം അവസാനിപ്പിക്കുമെന്നുമായിരുന്നു ഐസൻകോട്ട് നൽകിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ.
നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് പുറത്താക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഐസൻകോട്ടിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഒക്ടോബർ 27-ന് നടന്ന തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി 27 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. അദ്ദേഹത്തെ പിന്തുണയ്ക്കുന്ന സഖ്യകക്ഷികൾക്ക് ആകെ 53 സീറ്റുകളുമാണ് ലഭിച്ചത്. ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള നെതന്യാഹു വിരുദ്ധ സഖ്യത്തിന് 48 സീറ്റുകളുമാണ് ലഭിച്ചത്. അതേസമയം, അറബ് പാർട്ടികൾ 19 സീറ്റുകളും നേടി നിർണായക ശക്തിയായി മാറി.
ഇസ്രായേലിൽ സർക്കാർ രൂപീകരിക്കാൻ 120 അംഗ സഭയിൽ 61 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. ഒരു പാർട്ടികൾക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെയാണ് അറബ് പാർട്ടികൾ സർക്കാർ രൂപീകരണത്തിൽ നിർണായകമായി മാറിയത്.
ഐസൻകോട്ടിന് പിന്തുണയുമായി അറബ് പാർട്ടികൾ
സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഗാദി ഐസൻകോട്ടിന് വലിയ കരുത്തായി മാറിയത് അറബ് പാർട്ടികളുടെ പിന്തുണയാണ്. അറബ് ഭൂരിപക്ഷമുള്ള റാഅം, ജോയിന്റ് ലിസ്റ്റ് എന്നീ രണ്ട് സഖ്യകക്ഷികൾക്ക് ലഭിച്ചത് 19 സീറ്റുകളാണ്. ഐസൻകോട്ടിനെ പ്രധാനമന്ത്രിയാക്കണമെന്ന് പ്രസിഡന്റ് ഐസക് ഹെർസോഗിനോട് ഇരു പാർട്ടികളും തങ്ങളുടെ ആവശ്യം അറിയിച്ചിട്ടുണ്ട്.
ഇസ്രായേലിലെ അറബ് പൗരന്മാരുടെ രാഷ്ട്രീയ പ്രാതിനിധ്യവും തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയമായിരുന്നു. നെതന്യാഹുവിന്റെ സർക്കാരിനെതിരെ വംശീയ വിവേചനം, കുറ്റകൃത്യങ്ങൾ തടയുന്നതിലെ വീഴ്ച, അറബ് സമൂഹത്തോടുള്ള അവഗണന തുടങ്ങിയ വിഷയങ്ങളിൽ അറബ് പാർട്ടികൾക്ക് എതിർപ്പുമുണ്ട്.
എന്നാൽ, അറബ് പാർട്ടികളുടെ പിന്തുണ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഐസൻകോട്ടിന്റെ സഖ്യത്തിനുള്ളിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഹമാസ് വിഷയത്തിൽ അറബ് പാർട്ടികൾ നേരത്തെയെടുത്ത നിലപാടിൽ ഐസൻകോട്ടിന്റെ സഖ്യകക്ഷികൾക്ക് വിയോജിപ്പുണ്ട്.
എന്നാൽ അറബ് പാർട്ടികളുടെ പിന്തുണയില്ലാതെ പ്രതിപക്ഷത്തിന് ഭൂരിപക്ഷം ഉറപ്പാക്കുകയെന്നതും സാധ്യമല്ല. അറബ് പാർട്ടികൾ മന്ത്രിസഭയുടെ ഭാഗമാവാതെ പാർലമെന്റിൽ സർക്കാരിനെ പിന്തുണയ്ക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
നവംബർ എട്ടിന് സർക്കാർ രൂപീകരിക്കാൻ തെരഞ്ഞെടുക്കപ്പെട്ട ഒരു അംഗത്തെ ചുമതലപ്പെടുത്താനാണ് പ്രസിഡന്റിന്റെ തീരുമാനം. ചുമതല ലഭിക്കുന്ന അംഗത്തിന് സർക്കാർ രൂപീകരിക്കാൻ 28 ദിവസം അനുവദിക്കുമെന്നും പ്രസിഡന്റ് അറിയിച്ചിരുന്നു. ഈ സമയത്തിനുള്ളിൽ ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിൽ മറ്റൊരു അംഗത്തെ ചുമതലപ്പെടുത്താനാണ് തീരുമാനം. അതിനിടെ, നെതന്യാഹുവിന്റെ ദീർഘകാല സഖ്യകക്ഷികളായിരുന്ന തീവ്ര ഓർത്തഡോക്സ് പാർട്ടി അദ്ദേഹത്തെ പ്രധാനമന്ത്രിയായി ശുപാർശ ചെയ്തില്ലെന്ന നിലപാട് സ്വീകരിച്ചതും ശ്രദ്ധേയമാണ്. ഏഴ് സീറ്റുകൾ ലഭിച്ച അവർ ഐസൻകോട്ടിനെയും പിന്തുണച്ചിട്ടില്ല.
Arab parties have backed Gadi Eisenkot, leader of the Yashar Party, in Israel's efforts to form a new government and replace Prime Minister Benjamin Netanyahu. A total of 67 lawmakers have recommended Eisenkot, compared with 46 for Netanyahu. President Isaac Herzog is holding consultations with political party leaders before deciding whom to task with forming the next government. However, disagreements within the opposition bloc and the need to secure a parliamentary majority remain key challenges.