ജോലി നഷ്ടപ്പെട്ട ശേഷം എച്ച്-1ബി വിസയിലുള്ള വിദഗ്ധ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള വിദേശ ജീവനക്കാര്‍ക്ക് യുഎസില്‍ തുടരാനും പുതിയ സ്‌പോണ്‍സറെ കണ്ടെത്താനും അനുവദിക്കുന്ന 60 ദിവസത്തെ 'ഗ്രേസ് പിരീഡ്' നിര്‍ത്തലാക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം. യു.എസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) ഫെഡറല്‍ രജിസ്റ്ററില്‍ പ്രസിദ്ധീകരിച്ച പുതിയ നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നാല്‍, എച്ച്-1ബി വിസകളിലുള്ളവര്‍ ജോലി അവസാനിക്കുന്ന നിമിഷം തന്നെ രാജ്യം വിടേണ്ടി വരും. വിദേശ തൊഴിലാളികളെ വന്‍തോതില്‍ ആശ്രയിക്കുന്ന അമേരിക്കന്‍ ടെക് കമ്പനികള്‍ക്ക് ഇത് വലിയ തിരിച്ചടിയാകും.
ഐ.ടി മേഖലയ്ക്കും ജീവനക്കാര്‍ക്കും കനത്ത പ്രഹരം
ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള വിദഗ്ധ തൊഴിലാളികളെ വളരെയധികം ആശ്രയിക്കുന്ന യുഎസിലെ ടെക്‌നോളജി വ്യവസായത്തിന് എച്ച്-1ബി വിസകള്‍ ഏറെ പ്രധാനമാണ്. ടെക്‌നോളജി, സര്‍വീസ് മേഖലകളില്‍ ജോലി ചെയ്യുന്ന എച്ച്-1ബി വിസ ഉടമകളില്‍ ഭൂരിഭാഗവും ഇന്ത്യക്കാരായതിനാല്‍, ഈ നിര്‍ദ്ദിഷ്ട മാറ്റം ഇന്ത്യന്‍ ടെക്‌നോളജി പ്രൊഫഷണലുകളെയായിരിക്കും കൂടുതല്‍ ബാധിക്കുക. 2017 മുതല്‍ നിലവിലുള്ള സംവിധാനമനുസരിച്ച്, ജോലി നഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്ക് പുതിയ സ്‌പോണ്‍സറെ കണ്ടെത്താനോ, വാടകക്കരാറുകളും കുടുംബപരമായ കാര്യങ്ങളും അവസാനിപ്പിച്ച് തിരികെ പോകാനോ 60 ദിവസത്തെ സമയം ലഭിച്ചിരുന്നു.
ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, എല്‍ടിഐമൈന്‍ഡ്ട്രീ തുടങ്ങിയ ഇന്ത്യന്‍ ഐടി കമ്പനികളാണ് പ്രധാന എച്ച്-1ബി സ്‌പോണ്‍സര്‍. ഡെലോയിറ്റ്, പിഡബ്ല്യുസി, ഏണസ്റ്റ് & യംഗ് തുടങ്ങിയ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളും മുന്‍നിര സ്‌പോണ്‍സര്‍മാരാണ്. എച്ച്-1ബി വിസക്കാര്‍ക്ക് പുറമെ ഇ-1, ഇ-2, എല്‍-1, ഒ-1, ടിഎന്‍, ഓസ്ട്രേലിയക്കാര്‍ക്കുള്ള ഇ-3, സിംഗപ്പൂര്‍/ചിലി പൗരന്മാര്‍ക്കുള്ള എച്ച്-1ബി1 എന്നീ താല്‍ക്കാലിക തൊഴില്‍ വിസയുള്ളവര്‍ക്കും ഈ മാറ്റം ബാധകമായിരിക്കും.
നിയമപരമായ മാറ്റങ്ങളും ഭരണകൂട നിലപാടും
2025 ജനുവരിയില്‍ അധികാരത്തില്‍ തിരികെയെത്തിയതിന് ശേഷം നിയമപരമായ കുടിയേറ്റം പരിമിതപ്പെടുത്താന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കുന്ന ഏറ്റവും പുതിയ നടപടിയാണിത്. വിദഗ്ദ്ധ തൊഴിലാളികളുടെ വിസാ ഫീസ് വര്‍ദ്ധിപ്പിക്കുകയും പുതിയ പരിശീലന പരിപാടികള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തില്‍ യു.എസ് എംബസികളിലെ ഇമിഗ്രന്റ് വിസ അപ്പോയിന്റ്‌മെന്റുകള്‍ അടുത്തിടെ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.
'വര്‍ഷങ്ങളായി യു.എസില്‍ ജോലി ചെയ്യുകയും കുടുംബത്തോടൊപ്പം പ്രാദേശികമായി സ്ഥിരതാമസമാക്കുകയും ചെയ്ത ജീവനക്കാരെ പെട്ടെന്ന് നാടുകടത്തുന്നത് നീതിയുക്തമല്ല' എന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ മാറ്റം കമ്പനികളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കാമെങ്കിലും ഒഴിഞ്ഞുകിടക്കുന്ന തൊഴിലവസരങ്ങള്‍ അമേരിക്കന്‍ പൗരന്മാര്‍ക്ക് ലഭ്യമാക്കാന്‍ ഇത് സഹായിക്കുമെന്നാണ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ വാദം. അതേസമയം, രാജ്യം വിടുന്ന വിദേശ തൊഴിലാളികള്‍ക്ക്, തൊഴിലുടമ വീണ്ടും ഹര്‍ജി സമര്‍പ്പിക്കുകയാണെങ്കില്‍ തിരിച്ചെത്താന്‍ അവസരമുണ്ടാകുമെന്നും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. ഈ നിര്‍ദ്ദേശം ഉടന്‍ നടപ്പിലാകില്ല. ഭേദഗതി പ്രാബല്യത്തില്‍ വരുത്തുന്നതിന് മുന്നോടിയായി രണ്ട് മാസത്തെ പൊതുജന അഭിപ്രായ രൂപീകരണത്തിന് വെക്കും. ഇതിന് ശേഷമായിരിക്കും അന്തിമ ഉത്തരവ് പുറപ്പെടുവിക്കുക.
The Donald Trump administration is considering scrapping the existing 60-day grace period that allows H-1B visa holders to remain in the US after losing their jobs while searching for a new sponsor. Under the proposed change published by the US Department of Homeland Security, affected foreign workers may have to leave the country immediately after their employment ends. The move could particularly affect Indian IT professionals, who make up a large share of H-1B workers in the technology and services sectors. The proposal is not yet final and will undergo a two-month public comment period before a final decision.