ആദ്യകാല ഇസ്ലാമിക സമൂഹവും സ്ത്രീകളുടെ യുദ്ധ പങ്കാളിത്തവും: ചരിത്രവും തെളിവുകളും

സ്ത്രീകള്‍ക്ക് യുദ്ധസാഹചര്യത്തില്‍ സ്വയം പ്രതിരോധിക്കാന്‍ ആയുധം കൈവശം വെക്കാനുള്ള സന്നദ്ധത ഉണ്ടായിരുന്നുവെന്നതിന് വളരെ വ്യക്തമായ തെളിവാണ് ഹുനൈന്‍. ഉമ്മുസുലൈം ഒരു കഠാര കൈവശം വെച്ചതിനെപ്പറ്റി സഹീഹ് മുസ്ലിമില്‍ രേഖപ്പെടുത്തിയിട്ടുണ്ട്
ആദ്യകാല ഇസ്ലാമിക സമൂഹവും സ്ത്രീകളുടെ യുദ്ധ പങ്കാളിത്തവും: ചരിത്രവും തെളിവുകളും
Published on

ആദ്യകാല ഇസ്ലാമിക സമൂഹത്തിലെ സ്ത്രീകളുടെ യുദ്ധ പങ്കാളിത്തത്തെക്കുറിച്ച് രണ്ടുതരം വാദങ്ങളാണ് നിലവിലുള്ളത്. ഒന്നാമത്തേത്, സ്ത്രീകള്‍ യുദ്ധങ്ങളില്‍ പങ്കെടുത്തിരുന്നില്ല; അവര്‍ വീട്ടിലും ക്യാമ്പിലും മാത്രമായിരുന്നു എന്നതാണ്. രണ്ടാമത്തേത്, ആദ്യകാല ഇസ്ലാമിക യുദ്ധങ്ങളില്‍ സ്ത്രീകള്‍ സജീവമായി പങ്കെടുത്തു എന്നതാണ്. പ്രബല ചരിത്ര തെളിവുകള്‍ വ്യക്തമാക്കുന്നത്, സ്ത്രീകള്‍ ആദ്യകാല ഇസ്ലാമിക സൈനിക സമൂഹത്തിന്റെ ഭാഗമായിരുന്നു എന്നാണ്.

അവരുടെ പ്രധാന ചുമതലകള്‍ ചികിത്സ, വെള്ളം വിതരണം, ഭക്ഷണം, പരിക്കേറ്റവരുടെ പരിചരണം, സൈനിക സാമഗ്രികളുടെ സഹായം എന്നിവയായിരുന്നു. എന്നാല്‍ പ്രത്യേക സാഹചര്യങ്ങളില്‍ ചില സ്ത്രീകള്‍ ആയുധമെടുത്ത് നേരിട്ടുള്ള പോരാട്ടത്തിലും പങ്കെടുത്തു. ഖലീഫമാരുടെ കാലത്ത് ഈ പങ്കാളിത്തം ചിലപ്പോള്‍ രാഷ്ട്രീയ-സൈനിക നേതൃത്വത്തിലേക്കും വികസിച്ചതായി കാണാം. അതിനുള്ള തെളിവുകള്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ ധാരാളമുണ്ട്.

പ്രവാചകന്റെ കാലത്തു സ്ത്രീകള്‍ സൈനിക ക്യാമ്പിന്റെ ഭാഗം തന്നെയായിരുന്നു. സ്ത്രീകള്‍ യുദ്ധരംഗത്ത് വിലക്കപ്പെട്ടിരുന്നില്ല എന്നതിന് ഏറ്റവും ശക്തമായ തെളിവാണ് സഹീഹ് മുസ്ലിം റിപ്പോര്‍ട്ട് ചെയ്ത ഈ ഹദീസ്: അനസ് ഇബ്നു മാലിക് പറയുന്നു; പ്രവാചകന്‍ യുദ്ധത്തിന് പോകുമ്പോള്‍ ഉമ്മു സുലൈമിനെയും അന്‍സാറിലെ മറ്റു സ്ത്രീകളെയും കൂടെ കൊണ്ടുപോകാറുണ്ടായിരുന്നു. അവര്‍ സൈനികര്‍ക്ക് വെള്ളം നല്‍കുകയും പരിക്കേറ്റവരെ ചികിത്സിക്കുകയും ചെയ്തു (Muslim ibn al-ajjaj al-Naysaburi. ai Muslim. Edited by Mu?ammad Fuad ?Abd al-Baqi. Cairo: Dar Iya al-Kutub al-Arabiyyah, 1955-56).

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഉമ്മു അതിയ്യയുടെ മറ്റൊരു സഹീഹ് മുസ്ലിം റിപ്പോര്‍ട്ട് പ്രകാരം അവര്‍ ഏഴ് സൈനിക യാത്രകളില്‍ പ്രവാചകനോടൊപ്പം പങ്കെടുത്തു; ക്യാമ്പില്‍ ഭക്ഷണം പാകം ചെയ്യുകയും പരിക്കേറ്റവരെ ചികിത്സിക്കുകയും രോഗികളെ പരിചരിക്കുകയും ചെയ്തതായി അവര്‍ പറയുന്നു. യുദ്ധപങ്കാളിത്തമെന്നത് ആയുധമെടുക്കല്‍ മാത്രമല്ലല്ലോ. ആദ്യകാല സൈനിക സമൂഹത്തില്‍ വൈദ്യസഹായ സംഘം, സൈനിക സാമഗ്രികളുടെ ഏകോപനവും വിതരണവും, ഭക്ഷണ വിതരണം, കുടിവെള്ള വിതരണം, സൈനിക ക്യാമ്പില്‍ സഹായിക്കല്‍ തുടങ്ങിയവയും യുദ്ധത്തിന്റെ അവിഭാജ്യഘടകങ്ങളായിരുന്നു.

ആദ്യകാല ഇസ്ലാമിക സമൂഹവും സ്ത്രീകളുടെ യുദ്ധ പങ്കാളിത്തവും: ചരിത്രവും തെളിവുകളും
'പുറത്തുപോയ' സ്ത്രീകള്‍ക്കു ചുറ്റും നെയ്തെടുക്കപ്പെട്ട ഇസ്ലാം!

ക്രി.വ. 625-ലെ ഉഹുദ് യുദ്ധമാണ് സ്ത്രീകളുടെ യുദ്ധ പങ്കാളിത്തത്തെക്കുറിച്ചുള്ള ഏറ്റവും വ്യക്തമായ തെളിവുകള്‍ നല്‍കുന്ന സംഭവങ്ങളിലൊന്ന്. സഹീഹ് അല്‍-ബുഖാരിയില്‍ അനസ് ഇബ്നു മാലിക് പറയുന്നു: 'ഉഹുദില്‍ മുസ്ലിം സൈനികര്‍ പിരിഞ്ഞോടിയപ്പോള്‍ ആയിഷ ബിന്‍ത് അബൂബക്കറും ഉമ്മു സുലൈമും വെള്ളം നിറച്ച തോല്‍പാത്രങ്ങള്‍ ചുമന്ന് പരിക്കേറ്റവര്‍ക്കും സൈനികര്‍ക്കും വെള്ളം നല്‍കി' എന്ന്. സഹീഹ് മുസ്ലിമിലെ സമാന റിപ്പോര്‍ട്ടും ഇരുവരെയും യുദ്ധഭൂമിയില്‍ വെള്ളം വിതരണം ചെയ്യുന്നവരായി രേഖപ്പെടുത്തുന്നു. അതായത്, ഉഹുദില്‍ സ്ത്രീകള്‍ യുദ്ധഭൂമിയില്‍ സജീവമായി സഞ്ചരിച്ചുകൊണ്ടിരുന്നവരാണ്, ക്യാമ്പില്‍ സുരക്ഷിതമായി ഇരുന്നവര്‍ മാത്രമല്ല എന്നു ചുരുക്കം.

ഉഹുദില്‍ പ്രവാചകന് ഗുരുതരമായി പരിക്കേറ്റപ്പോള്‍ ഫാത്തിമ അല്‍-സഹ്‌റാ അദ്ദേഹത്തിന്റെ മുറിവ് കഴുകി ചികിത്സിച്ചതായി സഹീഹ് അല്‍-ബുഖാരിയില്‍ കാണാം. റിപ്പോര്‍ട്ടനുസരിച്ച് ഫാത്തിമ മുറിവ് കഴുകി, രക്തസ്രാവം തുടരുന്നത് കണ്ടപ്പോള്‍ ഒരു പായയുടെ ഭാഗം കത്തിച്ച് അതിന്റെ ചാരം ഉപയോഗിച്ച് രക്തസ്രാവം നിര്‍ത്തി എന്നും കാണാം. ഇത് സ്ത്രീകളുടെ മെഡിക്കല്‍ വൈദഗ്ധ്യം സംബന്ധിച്ച വളരെ പ്രധാനപ്പെട്ട തെളിവാണ്.

സ്ത്രീയുടെ നേരിട്ടുള്ള യുദ്ധപങ്കാളിത്തത്തിന്റെ ഏറ്റവും പ്രസിദ്ധമായ ഉദാഹരണമാണ്, നുസൈബ ബിന്‍ത് കഅബ്-ഉമ്മു ഉമാറ. അവരുടെ ഉഹുദിലെ പോരാട്ടത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പ്രധാനമായും ഇബ്നു ഇസ്ഹാഖ്/ഇബ്നു ഹിഷാം, അല്‍-വാഖിദി, ഇബ്നു സഅദ്, ഇബ്നു ഹജര്‍ തുടങ്ങിയവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉഹുദില്‍ മുസ്ലിംപക്ഷം തകര്‍ന്നപ്പോള്‍ നുസൈബ പ്രവാചകനെ സംരക്ഷിക്കാന്‍ വാളും വില്ലും ഉപയോഗിച്ച് യുദ്ധത്തില്‍ പ്രവേശിച്ചതായി ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം (Muammad ibn sIaq, as transmitted by Abd al-Malik ibn Hisham, al-Sirah al-Nabawiyyah (Cairo: Muafa al-Babi al-alabi, 1955), discussion of Umm Umarah/Nusaybah bint Kab and the Battle of Uud).

സ്ത്രീകള്‍ക്ക് യുദ്ധസാഹചര്യത്തില്‍ സ്വയം പ്രതിരോധിക്കാന്‍ ആയുധം കൈവശം വെക്കാനുള്ള സന്നദ്ധത ഉണ്ടായിരുന്നുവെന്നതിന് വളരെ വ്യക്തമായ തെളിവാണ് ഹുനൈന്‍. ഉമ്മുസുലൈം ഒരു കഠാര കൈവശം വെച്ചതിനെപ്പറ്റി സഹീഹ് മുസ്ലിമില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അബൂ തല്‍ഹ പ്രവാചകനോട് അത് ചൂണ്ടിക്കാണിച്ചപ്പോള്‍, പ്രവാചകന്‍ ചോദിച്ചു: ''ഈ കഠാര എന്തിനാണ്?'' തനിക്ക് സമീപം ഒരു ശത്രു വന്നാല്‍ അതുകൊണ്ട് അവനെ നേരിടാന്‍ വേണ്ടിയാണത് എന്ന് അവര്‍ മറുപടി നല്‍കി. എന്നാല്‍ ഉമ്മു സുലൈം ശത്രുവിനെ കൊന്നതായി ഹദീസുകളില്‍ പറയുന്നില്ല. അവര്‍ ആയുധവുമായി യുദ്ധഭൂമിയില്‍ ഉണ്ടായിരുന്നുവെന്നും സ്വയം പ്രതിരോധിക്കാന്‍ തയ്യാറായിരുന്നുവെന്നും മാത്രമാണ് ഉറപ്പായി തെളിയുന്നത്.

അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍, ഉമ്മു സിയാദ് പറയുന്ന കാര്യം വളരെ പ്രധാനമാണ്. ആറ് സ്ത്രീകള്‍ ഖൈബറിലേക്കു പോയി. പരിക്കേറ്റവര്‍ക്കുള്ള മരുന്ന്, സൈനികര്‍ക്ക് അമ്പുകള്‍ കൈമാറല്‍, പാനീയങ്ങള്‍ നല്‍കല്‍, സൈനിക സേവനത്തിന് സഹായം എന്നിവയായിരുന്നു അവരുടെ പ്രവര്‍ത്തനങ്ങള്‍. പ്രവാചകന്‍ ആദ്യം അവരുടെ വരവില്‍ അസന്തുഷ്ടനായിരുന്നെങ്കിലും പിന്നീട് അവരെ അവിടെ തുടരാന്‍ അനുവദിക്കുകയും യുദ്ധവിജയത്തിനു ശേഷം അവര്‍ക്കു സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തതായി ഹദീസില്‍ പറയുന്നു.

ആദ്യകാല ഇസ്ലാമിക സമൂഹവും സ്ത്രീകളുടെ യുദ്ധ പങ്കാളിത്തവും: ചരിത്രവും തെളിവുകളും
'ഗൾഫ്‌ സ്വാധീനവും പാരമ്പര്യ പൗരോഹിത്യത്തിന്റെ രൂപാന്തരങ്ങളും'

സ്ത്രീകള്‍ യുദ്ധരംഗത്ത് ഇരുപക്ഷത്തുമുണ്ടായിരുന്നുവെന്നതിന് തെളിവുകള്‍ ധാരാളമാണ്. സഹീഹ് ബുഖാരി 3015-ലും സഹീഹ് മുസ്ലിം 1744-ലും ഒരു യുദ്ധത്തില്‍ കൊല്ലപ്പെട്ട സ്ത്രീയെ കണ്ടപ്പോള്‍ പ്രവാചകന്‍ സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്നത് നിരോധിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രവാചകന്റെ മരണത്തിനുശേഷം അബൂബക്കര്‍ ഖലീഫയായ കാലത്ത് നടന്ന റിദ്ദ യുദ്ധങ്ങള്‍ (Hurub al-Ridda) സ്ത്രീപങ്കാളിത്തത്തിന്റെ മറ്റൊരു ഘട്ടമാണ്. ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണം നുസൈബ ബിന്‍ത് കഅബ്- യമാമയാണ്. നുസൈബയുടെ സൈനിക ജീവിതം ഉഹുദില്‍ അവസാനിച്ചില്ല. യമാമ യുദ്ധത്തിലും അവര്‍ പങ്കെടുത്തതായി ചരിത്ര സ്രോതസ്സുകള്‍ രേഖപ്പെടുത്തുന്നു. അവിടെവെച്ച് അവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു, ഒരുകൈ നഷ്ടപ്പെട്ടതായി അവരുടെ ജീവചരിത്രരേഖകളില്‍ കാണാം. ഇത് ചരിത്രപരമായി വളരെ പ്രധാനമാണ്. സ്ത്രീകളുടെ സൈനിക പങ്കാളിത്തം പ്രവാചകന്റെ ജീവിത കാലത്തുമാത്രം പരിമിതമായിരുന്നില്ല, ഖലീഫാ അബൂബക്കറിന്റെ ഭരണകാലത്തും അത് തുടര്‍ന്നു.

ഉമര്‍ ഇബ്നുല്‍ ഖത്താബിന്റെ കാലത്താണ് മുസ്ലിം സൈനിക വ്യാപനം ഏറ്റവും വേഗത്തില്‍ വികസിച്ചത്. യര്‍മൂക്ക്, ഖാദിസിയ്യ, ജലൂലാ, നഹാവന്ദ്, ഈജിപ്തിലെ സൈനിക നീക്കങ്ങള്‍ എന്നിവയായാരുന്നു അക്കാലത്തെ പ്രധാന യുദ്ധങ്ങള്‍. യര്‍മൂക്ക് യുദ്ധത്തെക്കുറിച്ചുള്ള പില്‍ക്കാല മുസ്ലിം ചരിത്രവിവരണങ്ങളില്‍ സ്ത്രീകള്‍ സൈനികരെ പ്രോത്സാഹിപ്പിക്കുകയും പിന്‍വാങ്ങുന്നവരെ തിരിച്ചയക്കുകയും ചില അവസരങ്ങളില്‍ നേരിട്ട് പോരാടുകയും ചെയ്തതായി കാണാം. പ്രത്യേകിച്ച് ഹിന്ദ് ബിന്‍ത് ഉത്ബയെക്കുറിച്ചുള്ള യര്‍മൂക്ക് വിവരണം പ്രസിദ്ധമാണ്.

സസാനിയന്‍ പേര്‍ഷ്യന്‍ സാമ്രാജ്യത്തിനെതിരായ നിര്‍ണായക യുദ്ധമായ ഖാദിസിയ്യയില്‍ സ്ത്രീകളുടെ സാന്നിധ്യം വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അല്‍-തബരിയുടെ ചരിത്രഗ്രന്ഥത്തില്‍ ഖാദിസിയ്യയിലെ മുസ്ലിം സൈനികരില്‍ വലിയതോതില്‍ സ്ത്രീകള്‍ ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, നഖഅ് ഗോത്രത്തില്‍ നിന്ന് 700 സ്ത്രീകളും ബജീല ഗോത്രത്തില്‍ നിന്ന് 1,000 സ്ത്രീകളും ഉണ്ടായിരുന്നുവെന്ന് ചരിത്രത്തില്‍ കാണാം ( al-abari, Muammad ibn Jarir. The History of al-abari. Vols. 12 and 17. Translated by Yohanan Friedmann and G. R. Hawting. Albany: State University of New York Press, 1992, 1996).

ഖാദിസിയ്യയുടെ യുദ്ധവിവരണങ്ങളില്‍ സ്ത്രീകള്‍ യുദ്ധത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ പുരുഷന്മാരോടൊപ്പം ആയുധമെടുത്തു പോരാടിയതായി ചരിത്രത്തില്‍ കാണാം. ഇവിടെ അല്‍-തബരിയുടെ റിപ്പോര്‍ട്ട് പ്രധാനമാണ്. ഖുറൈശിലെ സ്ത്രീകള്‍ പുരുഷന്മാരോടൊപ്പം വാളെടുത്ത് പോരാടിയതായി അദ്ദേഹത്തിന്റെ ചരിത്ര ഗ്രന്ഥത്തില്‍ സൂചിപ്പിക്കുന്നു (Al-abari, The History, Vol. XII ). ചുരുക്കത്തില്‍, ഖാദിസിയ്യ യുദ്ധത്തില്‍ സ്ത്രീകളുടെ വലിയൊരു സാന്നിധ്യമുണ്ടായിരുന്നതിനെപ്പറ്റി ചരിത്രഗ്രന്ഥങ്ങളില്‍ വ്യക്തമായി കാണാം. അതോടൊപ്പം ചില സ്ത്രീകള്‍ യുദ്ധത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ നേരിട്ട് ആയുധ പ്രതിരോധത്തില്‍ പങ്കെടുത്തതായി അല്‍-തബരിയുടെ ചരിത്ര പരമ്പരയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ആദ്യകാല ഇസ്ലാമിക സമൂഹവും സ്ത്രീകളുടെ യുദ്ധ പങ്കാളിത്തവും: ചരിത്രവും തെളിവുകളും
ഭിന്നശേഷിക്കാർ എവിടെയാണു ജീവിക്കേണ്ടത്?

656-ല്‍ ബസ്‌റയ്ക്കടുത്ത് നടന്ന Battle of the Camel (ജമല്‍-ഒട്ടക യുദ്ധം) ആണ് ആദ്യകാല ഇസ്ലാമിക ചരിത്രത്തിലെ സ്ത്രീയുടെ സൈനിക നേതൃത്വത്തിന്റെ ചരിത്രം പറയുന്ന ഏറ്റവും പ്രസിദ്ധമായ യുദ്ധം. ഈ യുദ്ധത്തില്‍ ആയിഷബീവി മക്കയില്‍ നിന്ന് ബസ്‌റയിലേക്ക് പോവുകയും രാഷ്ട്രീയ പിന്തുണ സമാഹ രിക്കുകയും തല്‍ഹയുടെയും സുബൈറിന്റെയും കൂടെ ഖലീഫ അലിയുടെ നേതൃത്വത്തെ ചോദ്യം ചെയ്യുകയും യുദ്ധഭൂമിയില്‍ തന്റെ സജീവ സാന്നിധ്യം അറിയിക്കുകയും ചെയ്യുകയുണ്ടായി.

കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ആയിഷയുടെ സൈനിക-രാഷ്ട്രീയ നേതൃത്വം പ്രത്യേകം വിശകലനം ചെയ്യുന്നുണ്ട്. ആയിഷ യുദ്ധഭൂമിയില്‍ സൈന്യത്തെ നയിച്ച സാന്നിധ്യമായിരുന്നുവെന്നും മഹതിയുടെ നേതൃത്വത്തെ സൈനികര്‍ മുഴുവനായും അംഗീകരിച്ചിരുന്നു എന്നും പഠനം ചൂണ്ടിക്കാണിക്കുന്നു (Spellberg, Denise A. 'Political Action and Public Example: Aisha and the Battle of the Camel.' In Women in Middle Eastern History: Shifting Boundaries in Sex and Gender, edited by Nikki Keddie and Beth Baron, 45-57. New Haven: Yale University Press, 2008) .

ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി പ്രസ്സിന്റെ ഒരു പുതിയ പഠനവും ജമല്‍ യുദ്ധത്തില്‍ ആയിഷ അലിക്കെതിരെ സൈന്യത്തെ നയിച്ച വ്യക്തിയെന്ന നിലയില്‍ അവരെ വിശകലനം ചെയ്യുന്നുണ്ട്. (Haeri, Shahla. Aisha Bint Abu Bakr: Battle of the Camel, Battle for Succession.' In The Unforgettable Queens of Islam: Succession, Authority, Gender, 51-76. Cambridge: Cambridge University Press, 2020). ഇതിനര്‍ഥം ആയിഷ വാള്‍ എടുത്ത് വ്യക്തിപരമായി യുദ്ധം ചെയ്തുവെന്നല്ല. 'രാഷ്ട്രീയ ഏകീകരണം, സൈനിക നേതൃത്വം, ധാര്‍മ്മികാധികാരം' എന്നതായിരുന്നു. അവര്‍ ഒട്ടകപ്പുറത്തിരുന്ന് സൈന്യത്തിന്റെ പ്രതീകാത്മക കേന്ദ്രമായി മാറ്റി. അതുകൊണ്ടാണ് യുദ്ധത്തിന് 'ജമല്‍' (ഒട്ടകത്തിന്റെ യുദ്ധം) എന്ന പേര് വന്നത്.

പ്രശസ്ത ചരിത്രകാരി ഡെനിസ് സ്‌പെല്‍ബര്‍ഗ് ആയിഷയുടെ ജമല്‍ പങ്കാളിത്തത്തെ സ്ത്രീയുടെ രാഷ്ട്രീയ അധികാരവുമായി ബന്ധപ്പെടുത്തി വിശദമായ പഠനത്തിനു വിധേയമാക്കിയിട്ടുണ്ട് (Spellberg, Denise A. 'Political Action and Public Example: Aisha and the Battle of the Camel.' In Women in Middle Eastern History: Shifting Boundaries in Sex and Gender, edited by Nikki Keddie and Beth Baron, 45-57. New Haven: Yale University Press, 2008). ജമല്‍ യുദ്ധത്തില്‍ ആയിഷയുടെ ചുറ്റും കനത്ത പോരാട്ടം നടന്നതും അവരുടെ ഒട്ടകത്തെ സംരക്ഷിക്കുന്നതിനായി സൈനികര്‍ ജീവന്‍ നഷ്ടപ്പെടുത്തിയതും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ആയിഷയെക്കുറിച്ചുള്ള പഠനത്തില്‍ തബരി, ഇബ്നു സഅദ് തുടങ്ങിയ സ്രോതസ്സുകളില്‍ നിന്നുള്ള ഇത്തരം റിപ്പോര്‍ട്ടുകള്‍ വിശദ പഠനത്തിന് വിധേയമാക്കിയിട്ടുണ്ട് (Nabia abbott,AISHAH the beloved of Mohammed,The University of Chicago,Illinois,1942).

അതുകൊണ്ട് ആയിഷയുടെ പങ്ക് സ്ത്രീ ഒരു യുദ്ധത്തില്‍ പങ്കെടുത്തു എന്നതിനെക്കാള്‍ വലിയ ചരിത്രസംഭവമാണ്. അത് സ്ത്രീയുടെ രാഷ്ട്രീയ അധികാരം, സൈന്യത്തെ അണിനിരത്തല്‍, യുദ്ധക്കളത്തിലെ നേതൃത്വം എന്ന പരിണാമത്തിന്റെ കൂടി ഉദാഹരണമാണ്. അലിമുആവിയ സംഘര്‍ഷത്തിലെ സിഫ്ഫീന്‍ യുദ്ധത്തിലും സ്ത്രീകളുടെ സാന്നിധ്യം പ്രകടമാണ്. അലി അനുകൂലികളായ സ്ത്രീകള്‍ യുദ്ധസൈനികരെ പ്രോത്സാഹിപ്പിക്കുകയും കവിതകള്‍ ചൊല്ലുകയും ചെയ്തതായി കാണാം.

ആദ്യകാല ഇസ്ലാമിക സമൂഹവും സ്ത്രീകളുടെ യുദ്ധ പങ്കാളിത്തവും: ചരിത്രവും തെളിവുകളും
ലോകത്താകമാനം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുനേരെ റെക്കോര്‍ഡ് ആക്രമണങ്ങള്‍; 258 ദശലക്ഷം കുട്ടികളുടെ പഠനം അപകടത്തില്‍

ലഭ്യമായ ചരിത്ര തെളിവുകള്‍ ഒരുമിച്ച് വായിക്കുമ്പോള്‍ സ്ത്രീകളുടെ പങ്കാളിത്തം അഞ്ചുതലങ്ങളില്‍ കാണാം.

1. പരിക്കേറ്റവരെ ചികിത്സിക്കല്‍. ഉമ്മു അതിയ്യയുടെ സഹീഹ് മുസ്ലിം റിപ്പോര്‍ട്ട് ഇതിന്റെ ഏറ്റവും ശക്തമായ തെളിവാണ്.

2. വെള്ളം, ഭക്ഷണം, മരുന്ന്, അമ്പുകള്‍ തുടങ്ങിയവ എത്തിക്കല്‍. ഉമ്മു സുലൈം, ആയിഷ തുടങ്ങിയവരുടെ ഉഹുദ് പങ്കാളിത്തം ഇതിന്റെ ശക്തമായ തെളിവാണ്.

3. ശത്രു സമീപിച്ചാല്‍ സ്വയം സംരക്ഷിക്കാന്‍ ആയുധമെടുക്കല്‍. ഹുനൈനിലെ ഉമ്മു സുലൈമിന്റെ കഠാര ഇതിന്റെ ഹദീസ് തെളിവാണ്.

4. നുസൈബ, യമാമിലെ അവരുടെ പങ്കാളിത്തം, ഖാദിസിയ്യയിലെ സ്ത്രീകളുടെ പോരാട്ടം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

5. രാഷ്ട്രീയ-സൈനിക നേതൃത്വം- ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ആയിഷ ജമല്‍ യുദ്ധം.

പ്രവാചകന്റെ കാലം മുതല്‍ നാല് ഖലീഫമാരുടെ കാലം വരെയുള്ള ചരിത്രം സമഗ്രമായി വായിക്കുമ്പോള്‍ ഒരു പരിണാമം കാണാം:

ഉഹുദ്

- സ്ത്രീകള്‍ ചികിത്സയും വെള്ളവും നല്‍കി, ചിലര്‍ ആയുധമെടുത്തു.

ഹുനൈന്‍

- സ്ത്രീയുടെ ആയുധധാരണത്തിനുള്ള വ്യക്തമായ സഹീഹ് ഹദീസ് തെളിവ്.

യമാമ

- നുസൈബ പോലുള്ള സ്ത്രീയുടെ യുദ്ധപങ്കാളിത്തം റാഷിദൂന്‍ കാലത്തേക്കും തുടരുന്നു.

യര്‍മൂക്ക് ഖാദിസിയ്യ

-വന്‍ സൈനിക ക്യാമ്പുകളോടൊപ്പം സ്ത്രീകളുടെ സാന്നിധ്യം, ചില നേരിട്ടുള്ള പോരാട്ട റിപ്പോര്‍ട്ടുകള്‍.

ജമല്‍

- സ്ത്രീയുടെ പങ്കാളിത്തം സൈനിക സഹായത്തില്‍ നിന്ന് രാഷ്ട്രീയസൈനിക നേതൃത്വത്തിലേക്ക് ഉയരുന്നു.

അതുകൊണ്ട് ആദ്യകാല ഇസ്ലാമിക ചരിത്രത്തിലെ സ്ത്രീയെ 'യുദ്ധത്തിന്റെ ഇര' എന്നോ 'പുരുഷ സൈനികന്റെ സഹായിയായ വ്യക്തി' എന്നോ മാത്രം നിര്‍വചിക്കുന്നത് ചരിത്രപരമായി തെറ്റാണ്. അതുപോലെ എല്ലാ സ്ത്രീകളും സ്ഥിരം സൈനികരായിരുന്നു എന്ന വാദവും ചരിത്രപരമായി ശരിയല്ല. സ്ത്രീകള്‍ ആദ്യകാല ഇസ്ലാമിക യുദ്ധവ്യവസ്ഥയുടെ സജീവ ഭാഗമായിരുന്നു; അവരുടെ സാധാരണ ചുമതലകള്‍ ചികിത്സയും ലോജിസ്റ്റിക് സഹായവുമായിരുന്നു. എന്നാല്‍ യുദ്ധത്തിന്റെ അടിയന്തര സാഹചര്യങ്ങളില്‍ നേരിട്ടുള്ള സായുധ പ്രതിരോധം നടത്തിയതിനുള്ള ഉദാഹരണങ്ങളും വ്യക്തമായുണ്ട്. ആയിഷയുടെ ജമല്‍ യുദ്ധ നേതൃത്വം ഈ പങ്കാളിത്തത്തെ രാഷ്ട്രീയ-സൈനിക നേതൃത്വത്തിന്റെ തലത്തി ലേക്ക് എത്തിച്ച അപൂര്‍വ ചരിത്രസംഭവമാണ്.

പതിനാറാം നൂറ്റാണ്ടിലെ മലബാറില്‍ പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരായ പ്രതിരോധത്തിന്റെ ബൗദ്ധികവും മതപരവുമായ അടിത്തറ വ്യക്തമാക്കുന്ന പ്രധാന കൃതികളാണ് പൊന്നാനിയിലെ പണ്ഡിതനായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം II രചിച്ച തുഹ്ഫതുല്‍ മുജാഹിദീനും ഫത്ഹുല്‍ മുഈനും. 1583-ല്‍ രചന പൂര്‍ത്തിയായ തുഹ്ഫതുല്‍ മുജാഹിദീന്‍ പോര്‍ച്ചുഗീസുകാരുടെ മലബാര്‍ അധിനിവേശത്തെയും അതിനെതിരായ പ്രതിരോധത്തെയും കുറിച്ച് പറയുന്ന ചരിത്രകൃതിയാണ്. (Zayn al-Din ibn Abd al-Aziz al-Malibari, Tufat al-Mujahidin: A Historical Epic of the Sixteenth Century, trans. S. Muhammad Husayn Nainar (Kuala Lumpur/Calicut: Islamic Book Trust/Other Books, 2006).

സ്ത്രീകളുടെ യുദ്ധപങ്കാളിത്തത്തെക്കുറിച്ച് ഏറ്റവും വ്യക്തമായ നിയമപരമായ പ്രസ്താവന ഫത്ഹുല്‍ മുഈന്‍ എന്ന കൃതിയില്‍ കാണാം. ജിഹാദ് (ധര്‍മ്മസമരം) സാധാരണ സാഹചര്യത്തില്‍ ഫര്‍ദു കിഫായ (ചിലര്‍ നിര്‍വ്വഹിച്ചാല്‍ മറ്റുള്ളവരില്‍ നിന്നു ആ ബാധ്യത ഒഴിവാകുന്ന കര്‍ത്തവ്യം) ആണെങ്കിലും ശത്രുസൈന്യം മുസ്ലിം പ്രദേശത്ത് പ്രവേശിച്ചാല്‍ അത് അവിടത്തെ ജനങ്ങള്‍ക്ക് വ്യക്തിപരമായ ബാധ്യതയായി മാറുന്നു എന്ന് മഖ്ദൂം പറയുന്നു, ''ശത്രുക്കള്‍ നമ്മുടെ ഒരു പട്ടണത്തില്‍ പ്രവേശിച്ചാല്‍, അതിലെ ജനങ്ങള്‍ക്ക് ജിഹാദ് നിര്‍ബന്ധമാകുന്നു.''

ആദ്യകാല ഇസ്ലാമിക സമൂഹവും സ്ത്രീകളുടെ യുദ്ധ പങ്കാളിത്തവും: ചരിത്രവും തെളിവുകളും
യുദ്ധം മാറ്റിയ ഗാസയുടെ മുഖം; കുടുംബങ്ങളെ ചുമലിലേറ്റി പതിനായിരക്കണക്കിന് സ്ത്രീകള്‍

ഇതിനുപിന്നാലെ മഖ്ദൂം കൂടുതല്‍ നിര്‍ണായകമായ വ്യവസ്ഥ മുന്നോട്ടുവയ്ക്കുന്നു. പ്രതിരോധത്തിനായി ജനങ്ങള്‍ക്ക് സംഘടിക്കാനും യുദ്ധത്തിന് തയ്യാറെടുക്കാനും കഴിയുന്ന സാഹചര്യമാണെങ്കില്‍, ഓരോരുത്തരും തങ്ങള്‍ക്ക് കഴിയുന്ന വിധത്തില്‍ പ്രതിരോധിക്കണം. ഈ ബാധ്യതയില്‍ സാധാരണയായി യുദ്ധബാധ്യത ഇല്ലാത്തവരെയും അദ്ദേഹം ഉള്‍പ്പെടുത്തുന്നു: ദരിദ്രന്‍, കുട്ടി, കടക്കാരന്‍, അടിമ, ശക്തിയുള്ള സ്ത്രീ എന്നിവരെയും. ഇതിന്റെ ചരിത്രപ്രാധാന്യം വളരെ വലുതാണ്. മഖ്ദൂമിന്റെ നിലപാടില്‍, അധിനിവേശം ഒരു സമൂഹത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന അടിയന്തരാവസ്ഥയായാല്‍, പ്രതിരോധത്തിന്റെ ഉത്തരവാദിത്തം പുരുഷന്മാരില്‍ മാത്രം പരിമിതപ്പെടുന്നില്ല. കഴിവുള്ള സ്ത്രീക്കും സ്വന്തം പ്രദേശത്തിന്റെ പ്രതിരോധത്തില്‍ പങ്കാളിയാകേണ്ട ബാധ്യതയുണ്ട്.

അതിനാല്‍, സ്ത്രീകളുടെ യുദ്ധ പങ്കാളിത്തത്തെ ക്കുറിച്ചുള്ള ചരിത്രചര്‍ച്ചയില്‍ മഖ്ദൂമിന്റെ കൃതികള്‍ സ്ത്രീയെ കേവലം യുദ്ധത്തിന്റെ പരോക്ഷ ഇരയായി കാണാതെ, പ്രത്യേക സാഹചര്യത്തില്‍ പ്രതിരോധത്തിന്റെ സജീവ കര്‍ത്താവായി അംഗീകരിക്കുന്ന നിയമചിന്തയുടെ പ്രധാന സാക്ഷ്യമാണ്. അധിനിവേശത്തിനെതിരായ കൂട്ടായ പ്രതിരോധത്തിന്റെ സിദ്ധാന്തപരമായ പശ്ചാത്തലമാണ് അത് നല്‍കുന്നത്. സ്ത്രീയുടെ സജീവ പ്രതിരോധബാധ്യതയെ വ്യക്ത മായി നിര്‍വചിക്കുകയാണ് ഫത്ഹുല്‍ മുഈനിലൂടെ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ചെയ്തത്. ചുരുക്കത്തില്‍, ഇസ്ലാമിക ചരിത്രത്തിന്റെ ആരംഭകാലം മുതല്‍ക്കുതന്നെ സ്ത്രീ സാമൂഹിക ജീവിതത്തിന്റെ സകല തുറകളിലും യുദ്ധത്തിലടക്കം സജീവപങ്കാളിത്തം വഹിച്ചിരുന്നു എന്നതിന് ചരിത്ര രേഖകള്‍ സാക്ഷിയാണ്.

Summary

Historical sources indicate that women played an active role in warfare and military societies during the early Islamic period, although their roles were not limited to direct combat. Women commonly provided medical care, water, food, medicines and logistical support, while some also took up arms in specific circumstances. Figures such as Umm Sulaym, Nusaybah bint Ka'b and Aisha bint Abu Bakr are cited in historical and religious sources as examples of women participating in warfare or exercising military-political influence. The Battle of the Camel is presented as a significant example of a woman’s political and military leadership. The article also examines the writings of Sheikh Zainuddin Makhdum II, particularly Tuhfat al-Mujahidin and Fath al-Mu'in, arguing that capable women were recognised as participants in the defence of their community under circumstances of invasion.

Madism Digital
madismdigital.com