

പശ്ചിമേഷ്യയിൽ വീണ്ടും ആഗോള ആശങ്ക ഉയർത്തി ഇറാനും അമേരിക്കയ്ക്കും ഇടയിൽ രൂക്ഷമായ സൈനിക ഏറ്റുമുട്ടൽ നടന്നിരിക്കുകയാണ്. ഹോർമൂസിന് സമീപം, ഇറാന്റെ തന്ത്രപ്രധാനമായ ലാറക്ക് ദ്വീപിലാണ് ആക്രമണങ്ങളുടെ തുടക്കം. ഭൂമിശാസ്ത്രപരമായും സൈനികപരമായും ഇറാന് ഏറെ പ്രാധാന്യമുള്ളതാണ് ലാറക്ക് ദ്വീപ്.
പേർഷ്യൻ ഗൾഫിലേക്ക് പ്രവേശിക്കുന്ന അന്താരാഷ്ട്ര സമുദ്രപാതയിലാണ് ലാറക്ക് ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 49 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള, പാറക്കെട്ടുകൾ നിഞ്ഞ ദ്വീപാണിത്. ആഴക്കടൽ കപ്പലുകൾക്ക് നങ്കൂരമിടാൻ അനുയോജ്യമായ, സ്വാഭാവിക പ്രകൃതി ഉറപ്പുവരുത്തുന്ന തീരപ്രദേശമാണ് ഇതിനുള്ളത്. ലോകത്തിലെ ആകെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഈ ഇടുങ്ങിയ കടലിടുക്കിന്റെ സുരക്ഷയിലും നിയന്ത്രണത്തിലും ലാറക് ദ്വീപിന് നിർണ്ണായക സ്ഥാനമുണ്ട്.
ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ പ്രധാന സൈനിക താവളങ്ങളിലൊന്ന് ഇവിടെയാണ് പ്രവർത്തിക്കുന്നത്. ആന്റി-ഷിപ്പ് മിസൈലുകൾ, ഡ്രോൺ ലോഞ്ചറുകൾ, റഡാർ നിരീക്ഷണ സംവിധാനങ്ങൾ എന്നിവ ഇറാൻ ഇവിടെ വിന്യസിച്ചിട്ടുണ്ട്. കടലിടുക്കിലൂടെ കടന്നുപോകുന്ന യുദ്ധക്കപ്പലുകളെയും എണ്ണക്കപ്പലുകളെയും കൃത്യമായി നിരീക്ഷിക്കാനും ആവശ്യമെങ്കിൽ ആക്രമിക്കാനും ഈ ദ്വീപിലെ താവളത്തിലൂടെ ഇറാന് സാധിക്കും. കടലിടുക്കിന്റെ ഏറ്റവും വീതി കുറഞ്ഞ ഭാഗത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്നതിനാൽ, അമേരിക്ക അടക്കമുള്ള വിദേശ രാജ്യങ്ങളുടെ സൈനിക സാന്നിധ്യത്തെ പ്രതിരോധിക്കാൻ ഇറാന് ലഭിക്കുന്ന പ്രധാന 'സ്ട്രാറ്റജിക് പോയിന്റ്' ആണ് ഈ ദ്വീപ്.
ഹോർമുസ് കടലിടുക്ക് ഉപരോധിക്കാനോ സമുദ്ര ഗതാഗതം തടസ്സപ്പെടുത്താനോ ഇറാൻ തുനിഞ്ഞാൽ, അതിനായി സമുദ്രത്തിൽ അപകടകരമായ മൈനുകൾ വിന്യസിക്കാൻ ഉപയോഗിക്കുന്ന പ്രധാന കേന്ദ്രങ്ങളിലൊന്ന് കൂടിയാണ് ലാറക്. കടലിടുക്കിൽ അപകടകരമായ സമുദ്ര മൈനുകൾ അതിവേഗം വിന്യസിക്കാൻ ലാറക്കിലെ പ്രകൃതിദത്ത ആഴക്കടൽ തുറമുഖവും റഡാർ സങ്കേതങ്ങളും ഇറാന് സഹായകരമാകുന്നു. ഈ ഭീഷണി നിലനിൽക്കുന്നതുകൊണ്ടാണ് ലാറക് ദ്വീപിന് ചുറ്റുമുള്ള ചെറിയ സൈനിക ചലനങ്ങൾ പോലും അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര ചർച്ചയാകുന്നത്. അതുകൊണ്ടുതന്നെയാണ്, അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമാകുമ്പോഴൊക്കെ ലാറക് ദ്വീപിന് നേരെ അമേരിക്കൻ സൈന്യം പ്രധാനമായും ആക്രമണം ലക്ഷ്യമിടുന്നതും, ആഗോള എണ്ണവിപണി ഈ പ്രദേശത്തെ ആക്രമണങ്ങളെ ഭീതിയോടെ കാണുന്നതും.
1980-88 കാലഘട്ടത്തിലെ ഇറാൻ-ഇറാഖ് യുദ്ധകാലത്ത് ഇറാഖി ആക്രമണങ്ങളിൽ നിന്ന് തങ്ങളുടെ എണ്ണക്കപ്പലുകളെ സംരക്ഷിക്കാനും ശത്രുക്കപ്പലുകളെ ചെറുക്കാനും ഇറാൻ ലാറക് കേന്ദ്രമായാണ് പ്രവർത്തിച്ചിരുന്നത്. ഇന്നും അമേരിക്കൻ സൈന്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായി ഈ ദ്വീപ് മാറാൻ കാരണം ഇവിടുത്തെ മിസൈൽ ലോഞ്ചറുകളുടെ ശേഷിയാണ്. ലാറക്കിന് നേരെ ആക്രമണം ഉണ്ടാകുമ്പോഴെല്ലാം ഹോർമുസിലെ ഗതാഗതം സ്തംഭിക്കുകയും, ആഗോള വിപണിയിൽ എണ്ണവില 90 ഡോളറിന് മുകളിലേക്ക് കുതിച്ചുയരുകയും ചെയ്യുന്നത് ഈ ദ്വീപിന്റെ സമാനതകളില്ലാത്ത പ്രാധാന്യമാണ് ചൂണ്ടിക്കാണിക്കുന്നത്.
Renewed military confrontation between Iran and the United States has raised global concerns in West Asia. The latest attacks began on Iran’s strategically important Larak Island, near the Strait of Hormuz.
Larak Island is of considerable geographical and military importance to Iran. It is located along the international sea route leading into the Persian Gulf. Covering approximately 49 square kilometres, the rocky island has a naturally protected coastline suitable for deep-sea vessels to anchor.
Larak Island plays a crucial role in the security and control of the narrow strait through which around one-fifth of the world’s oil trade passes.