രക്ഷപ്പെടാൻ ശ്രമം; സ്റ്റീൽ വാതിൽ തലയിലിടിച്ച് വെനസ്വേലൻ പ്രസിഡന്റ് മഡുറോയ്ക്കും ഭാര്യയ്ക്കും പരിക്ക്

ഇരുവരുടെയും വാരിയെല്ലുകൾക്കും തലയ്ക്കും ചെറിയ മുറിവുകൾ സംഭവിച്ചതായും, ആരോഗ്യ നില ഉറപ്പാക്കാൻ എക്സ-റേയും പൂർണ്ണമായ പരിശോധനകളും ആവശ്യമാണെന്നും അഭിഭാഷകൻ അഭ്യർത്ഥിച്ചു.
Nicolas Maduro and Cilia Flores
Nicolas Maduro and Cilia Flores
Published on

വാഷിങ്ടൺ: വെനസ്വേലയിൽ അമേരിക്കൻ ഡെൽറ്റ ഫോഴ്‌സ് സേന നടത്തിയ പിടികൂടൽ ശ്രമത്തിൽ പ്രസിഡന്റ് നിക്കോളസ് മഡുറോയ്ക്കും ഭാര്യ സിലിയ ഫ്ളോറസിനും പരിക്കേറ്റതായി യുഎസ് ഉദ്യോഗസ്ഥർ. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കോമ്പൗണ്ടിനുള്ളിലെ സ്റ്റീൽ വാതിലിന്റെ ഫ്രെയിം തലയിലിടിച്ചാണ് പരിക്കേറ്റത്. പിന്നീട് ഓപ്പറേറ്റർമാർ ഇരുവരെയും പിടികൂടി പ്രാഥമിക ശുശ്രൂഷ നൽകി.

വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ, അറ്റോർണി ജനറൽ പാം ബോണ്ടി, സിഐഎ ഡയറക്ടർ ജോൺ റാറ്റ് ക്ലിഫ് എന്നിവരാണ് സംഭവത്തെ സംബന്ധിച്ച് യുഎസ് എംപിമാരോട് വിശദീകരണം നൽകിയത്. കോടതിയിൽ മഡുറോയും ഫ്ളോറസും ഹാജറായപ്പോൾ പരിക്കുകൾ വ്യക്തമായി കാണാൻ സാധിച്ചിരുന്നു. ഇരുവരുടെയും വാരിയെല്ലുകൾക്കും തലയ്ക്കും ചെറിയ മുറിവുകൾ സംഭവിച്ചതായും, ആരോഗ്യ നില ഉറപ്പാക്കാൻ എക്സ-റേയും പൂർണ്ണമായ പരിശോധനകളും ആവശ്യമാണെന്നും അഭിഭാഷകൻ അഭ്യർത്ഥിച്ചു.

മഡുറോയുടെ സുരക്ഷയ്ക്കുണ്ടായിരുന്ന ക്യൂബൻ പ്രതിരോധ സേനയുമായുണ്ടായ കനത്ത വെടിവെപ്പിൽ ഡെൽറ്റ ഫോഴ്‌സ് ഓപ്പറേറ്റർമാർക്ക് പരിക്കേറ്റതായും യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ പരിക്കുകൾ ജീവന് ഭീഷണിയുള്ളതല്ലെന്നും പൂർണ്ണ സുഖം പ്രാപിക്കുമെന്നും യുഎസ്‌ വിദേശസെക്രട്ടറി മാർകോ റൂബിയോ അടക്കമുള്ളവർ പറഞ്ഞു. ഓപ്പറേഷൻ സമയത്ത് കാരക്കാസിൽ ഏകദേശം 200 യുഎസ് ഉദ്യോഗസ്ഥർ നിലയുറപ്പിച്ചിരുന്നതായാണ് ഇവർ പറയുന്നത്. ഓപ്പറേഷനിൽ എത്ര വെനസ്വേലക്കാരെയും ക്യൂബക്കാരെയും വധിച്ചുവെന്നതിന്റെ കൃത്യമായ കണക്ക് ഉദ്യോഗസ്ഥർ നൽകിയിട്ടില്ല

ഈ നടപടി വെനസ്വേലയിലെ ഭരണമാറ്റത്തിനുള്ള ശ്രമമല്ലെന്ന് യുഎസ് ഉദ്യോഗസ്ഥർ എംപിമാരോട് അറിയിച്ചു. മാത്രമല്ല, വെനസ്വേലൻ സർക്കാർ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി. ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ ഡെൽസി റോഡ്രിഗസുമായി യുഎസിന് സഹകരിക്കാൻ കഴിയുമെന്ന പ്രതീക്ഷയും ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതിപക്ഷ നേതാവ് മരിയ കൊറി മച്ചാഡോയ്ക്ക് യുഎസ് പിന്തുണ നൽകിയിരുന്നെങ്കിലും, വെനസ്വേലയിലെ സൈന്യത്തെ നിയന്ത്രിക്കാൻ അവർക്കു കഴിയില്ലെന്നതാണ് ട്രംപ് ഭരണകൂടത്തിന്റെ വിലയിരുത്തൽ.

English Summary: US officials say Venezuela President Nicolás Maduro and his wife were injured while fleeing during a US Delta Force operation.

Related Stories

No stories found.
Madism Digital
madismdigital.com