

നേപ്പാളിലെ മൗണ്ട് എവറസ്റ്റ് മേഖലയിലെത്തുന്ന ടൂറിസ്റ്റുകളുടെ ഭക്ഷണത്തിൽ ഷെർപ്പമാർ രഹസ്യമായി വിഷാംശം കലർത്തി കോടികളുടെ ഇൻഷൂറന്‍സ് തുക തട്ടിയെടുത്തതായി റിപ്പോർട്ട്. വിഷാംശം കലർന്ന ഭക്ഷണം കഴിച്ചതിനെ തുടർന്ന് സഞ്ചാരികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടുമ്പോൾ തുടർന്നുള്ള രക്ഷാപ്രവർത്തനങ്ങൾക്കായി അധിക ചാർജ് വരുന്ന ഹെലികോപ്റ്ററുകളെ ആശ്രയിക്കാൻ നിർബന്ധിതരാക്കി അവരുടെ ഇന്‍ഷൂറന്‍സ് തുക തട്ടിയെടുത്തതായിട്ടാണ് ആരോപണം. ‘കാഠ്മണ്ഡു പോസ്റ്റ്’ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഏകദേശം 20 മില്യൺ ഡോളർ മൂല്യമുള്ള ഇൻഷുറൻസ് തട്ടിപ്പുകളാണ് ഇതുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്നത്. തെളിവുകളുടെ അടിസ്ഥാനത്തിൽ ട്രെക്കിംഗ് കമ്പനികളുടെ ഉടമകൾ, ഹെലികോപ്റ്റർ ഓപ്പറേറ്റർമാർ, ആശുപത്രി ഉദ്യോഗസ്ഥർ ഉൾപ്പെടെ 32 പേർക്കെതിരെ നേപ്പാൾ പൊലീസ് ഗൂഢാലോചന കുറ്റകൃത്യവും തട്ടിപ്പും ചുമത്തി കേസെടുത്തു.
ട്രെക്കിംഗ് ഏജൻസികളുമായി ബന്ധമുള്ള ഷെർപ്പമാർ ടൂറിസ്റ്റുകളുടെ ഭക്ഷണത്തിൽ ബേക്കിംഗ് സോഡ കലർത്തിയതിനെ തുടർന്ന് ഗുരുതരമായ ദഹന പ്രശ്നങ്ങളും, ഉദര സംബന്ധമായ മറ്റ് അസ്വസ്ഥതകൾ ഉണ്ടാവുകയും ചെയ്തതായാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഉയരം കൂടിയ പ്രദേശങ്ങളിൽ എത്തുമ്പോഴുണ്ടാകുന്ന അസ്വസ്ഥകളായും സ്വാഭാവിക ദഹന പ്രശ്നങ്ങളായുമാണ് ഇവ അനുഭവപ്പെടുന്നത്. ആരോഗ്യ പ്രശ്നങ്ങൾ മൂർച്ഛിക്കുന്നതോടെ ചികിത്സ തേടുന്നതിന് അടിയന്തര ഹെലികോപ്റ്റർ ഉപയോഗിക്കാൻ ടൂറിസ്റ്റുകളെ സമ്മർദ്ദത്തിൽ ആക്കുകയും, വ്യാജ മെഡിക്കൽ രേഖകളും വിമാന രേഖകളും ഉപയോഗിച്ച് അന്താരാഷ്ട്ര ഇൻഷുറൻസ് കമ്പനികളിൽ നിന്ന് വൻതുക ഈടാക്കുകയും ചെയ്തതായാണ് അധികൃതർ അറിയിക്കുന്നത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ഷെർപ്പമാർ, ഹെലികോപ്റ്റർ കമ്പനികൾ, ട്രെക്കിംഗ് ഏജൻസികൾ, വ്യാജ ചികിത്സ നൽകിയ ആശുപത്രികൾ എന്നിവർ ചേർന്ന് പങ്കിടുകയും ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ജനുവരിയിൽ മൂന്ന് പ്രധാന മൗണ്ടൻ റെസ്ക്യൂ കമ്പനികളിലെ ആറ് എക്സിക്യൂട്ടീവുകളെ അറസ്റ്റ് ചെയ്തതോടെയാണ് അന്വേഷണമുണ്ടാകുന്നത്. ഈ തട്ടിപ്പിലൂടെ ഏകദേശം 19.69 മില്യൺ ഡോളർ അനധികൃതമായി സമ്പാദിച്ചതായി റിപ്പോർട്ടിൽ പറയുന്നു. 1,248 രക്ഷാപ്രവർത്തനങ്ങളിൽ 171 എണ്ണം വ്യാജമാണെന്ന് കണ്ടെത്തിയതോടെ 10 മില്യൺ ഡോളറിലധികം ഒരു സ്ഥാപനം അനധികൃതമായി ലഭിച്ചതായും, മറ്റൊരു സ്ഥാപനം 471 കേസുകളിൽ 75 എണ്ണം വ്യാജമായി കാട്ടി 8 മില്യൺ ഡോളർ കൈപ്പറ്റിയതായും, മൂന്നാമത്തെ കമ്പനി 71 വ്യാജ കേസുകളിലൂടെ 1 മില്യൺ ഡോളറിലധികം നേടിയതായും അന്വേഷണത്തിൽ കണ്ടെത്തി. 11.3 മില്യൺ ഡോളർ പിഴയാണ് പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടത്. കേസിന്റെ ഗൗരവം മനസിലാക്കിയ കോടതി കേസിനു പ്രത്യേക പരിഗണന നൽകുന്നതായും അധികൃതർ അറിയിച്ചു.
വിവിധ തൊഴിലുകളിലൂടെ ഒരു മില്യണിലധികം ആളുകൾ ആശ്രയിക്കുന്ന നേപ്പാൾ ടൂറിസവുമായി ബന്ധപ്പെട്ട് ഇതാദ്യമായല്ല വിവാദങ്ങൾ ഉയരുന്നത്. തട്ടിപ്പുകൾ വർധിച്ചതിനെ തുടർന്ന് നിരവധി അന്താരാഷ്ട്ര ഇൻഷുറൻസ് കമ്പനികൾ നേപ്പാളിലേക്കുള്ള ട്രെക്കിംഗ് ടൂറിസ്റ്റുകൾക്ക് ഇൻഷുറൻസ് നൽകുന്നത് അടുത്തിടെ നിർത്തിവെച്ചിരുന്നു.
English Summary: A major insurance scam near Mount Everest involves sherpas allegedly poisoning tourists to trigger costly helicopter evacuations, with Nepal police charging 32 individuals in a multi-million-dollar fraud case.