

ഒരിടവേളയ്ക്ക് ശേഷം പാകിസ്താനിലെ സാമ്പത്തിക പ്രതിസന്ധിയും പണപ്പെരുപ്പവും വാർത്തകളിൽ നിറയുകയാണ്. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഇന്ധനക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്ത് ചെലവുചുരുക്കൽ നടപടികൾ പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. പ്രതിസന്ധി രൂക്ഷമായതോടെ കോവിഡ് ലോക്ക്ഡൌണിന് സമാനമായ നിയന്ത്രണങ്ങളും പാകിസ്താൻ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നുണ്ട്. ഔദ്യോഗിക വാഹനങ്ങൾക്കുള്ള ഇന്ധന വിഹിതം വെട്ടിക്കുറച്ചതും, ആഘോഷങ്ങളിൽ വിഭവങ്ങൾ കുറയ്ക്കാൻ നിർദേശം വെച്ചതുമൊക്കെ ഇതിൽ ചിലത് മാത്രം.
മാർച്ചിൽ യുഎസ്-ഇറാൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ, സമാനരീതിയിലുള്ള നിയന്ത്രണങ്ങൾ പാകിസ്താൻ മുന്നോട്ട് വച്ചിരുന്നു. അന്ന് രണ്ടാഴ്ചയോളം സ്കൂളുകൾ പോലും അടച്ചിടുന്ന സാഹചര്യമുണ്ടായി. ഇതിന് സമാനമാണ് നിലവിലെ സാഹചര്യവും. വ്യാഴാഴ്ച സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ തന്നെ നിയന്ത്രണങ്ങൾ നിലവിൽ വന്നു. സർക്കാർ ഉദ്യോഗസ്ഥർക്ക് ബാധകമായ നിയന്ത്രണങ്ങൾ മൂന്ന് മാസത്തോളം പ്രാബല്യത്തിലുണ്ടാകും.
സമാ ടിവി റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, സർക്കാർ ഉദ്യോഗസ്ഥർക്ക് നിലവിലെ സാഹചര്യത്തിൽ വിദേശയാത്ര അനുവദനീയമല്ല. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ മന്ത്രിമാരടക്കം ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യണം.
ജനങ്ങൾക്കുള്ള നിയന്ത്രണങ്ങളിൽ വിവാഹ സത്കാരത്തിനടക്കം പരിധിയുണ്ട്. സൽക്കാരങ്ങളിൽ ഒരു വിഭവം മാത്രമേ അനുവദനീയമാകൂ. കടകളും മാളുകളുമെല്ലാം കൃത്യം ഒമ്പത് മണിക്ക് തന്നെ അടയ്ക്കണം. വിവാഹം പോലെയുള്ള പരിപാടികൾ നടക്കുന്ന ഹാളുകൾ 10 മണിക്ക് അടയ്ക്കുന്ന തരത്തിലാമ് പരിപാടി ക്രമീകരിക്കേണ്ടത്. ഹോട്ടലുകളും മറ്റ് ഭക്ഷണശാലകളും 11 മണിക്ക് അടക്കേണ്ടതുണ്ട്. എന്നാൽ ഫൂഡ് ഡെലിവറിക്ക് സമയപരിധിയില്ല. ഫാർമസികൾ, ആശുപത്രി, ലാബ്, പെട്രോൾ പമ്പ്, ഇവി ചാർജിംഗ് സ്റ്റേഷൻ, സായുധ സേനകൾ, ക്രമസമാധാനപാലകർ, എന്നിവയ്ക്ക് നിയന്ത്രണങ്ങൾ ബാധകമല്ല.
ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ, രാജ്യത്ത് വാഹനങ്ങൾ വാങ്ങുന്നതിനും പൂർണ നിരോധനമുണ്ട്. കൂടാതെ, സർക്കാർ ഉദ്യോഗസ്ഥർക്കുള്ള ഇന്ധന വിഹിതം 50 ശതമാനമാക്കി കുറയ്ക്കുകയും ചെയ്തു. ദൂരയാത്ര ആവശ്യമായി വരുന്ന മീറ്റിംഗുകൾ വീഡിയോ കോൺഫറൻസിംഗ് വഴി നടത്തണം. ഔദ്യോഗിക സമ്മേളനങ്ങൾ മൂന്ന് മാസത്തേക്ക് പൂർണമായി നിരോധിച്ചു. ക്യാബിനറ്റ് അത്താഴവിരുന്നുകളും ഒഴിവാക്കിയിട്ടുണ്ട്.
പാക് കുടുംബങ്ങൾ നേരിടുന്ന സാമ്പത്തിക സമ്മർദം വർധിപ്പിക്കുന്നതാണ് ഏറ്റവും പുതിയ കണക്കുകൾ. വാർഷിക ഉപഭോക്തൃ വിലക്കയറ്റം ജൂലൈയിലെ 9.2 ശതമാനത്തിൽ നിന്ന് ഓഗസ്റ്റിൽ 11.1 ശതമാനമായി ഉയർന്നു. 93 രാജ്യങ്ങളിൽ സംയുക്തമായി രേഖപ്പെടുത്തിയ വർധനവിന് സമാനമാണിത്. വഷളാകുന്ന ദാരിദ്ര്യ, തൊഴിലില്ലായ്മ സൂചകങ്ങൾക്കൊപ്പമാണ് ഏറ്റവും പുതിയ പണപ്പെരുപ്പ കണക്കുകൾ പുറത്തുവന്നിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
പാക് സാമ്പത്തിക സർവേ പ്രകാരം 21.9 ശതമാനമായിരുന്നു കഴിഞ്ഞ വർഷം രാജ്യത്തെ ദാരിദ്ര്യ നിരക്ക്. എന്നാൽ ഈ വർഷം ഇത് 28.9 ശതമാനമായി കുത്തനെ വർധിച്ചിട്ടുണ്ട്. തൊഴിലില്ലാത്തവരുടെ എണ്ണം 4.5 ദശലക്ഷത്തിൽ നിന്ന് 5.9 ദശലക്ഷമായും ഉയർന്നു. തൊഴിലില്ലായ്മ നിരക്ക് 6.3 ശതമാനത്തിൽ നിന്ന് 7.1 ശതമാനമായാണ് ഉയർന്നിരിക്കുന്നത്.
After a brief lull, Pakistan’s economic crisis and rising inflation are once again making headlines. According to the latest figures, Pakistan’s inflation rate has risen above 11%. As the crisis deepens, the Pakistani government is imposing restrictions on people similar to those seen during the COVID-19 lockdown. Cutting fuel allocations for official vehicles and urging people to reduce the number of dishes served at celebrations are among the measures being introduced.