യുദ്ധവും ഉപരോധവും തകര്‍ത്ത സമ്പദ്‌വ്യവസ്ഥ: തകര്‍ന്നടിഞ്ഞ് ഇറാന്‍ കറന്‍സി, നിത്യോപയോഗ സാധനങ്ങള്‍ക്കും മരുന്നിനും വന്‍ വിലക്കയറ്റം

തക്കാളി വിലയില്‍ 71 ശതമാനവും കോഴിയറച്ചി വിലയില്‍ 74 ശതമാനവും പാചക എണ്ണയുടെ വിലയില്‍ 177 ശതമാനവും വര്‍ധനവുണ്ടായി. പ്രമേഹരോഗികള്‍ക്ക് അത്യാവശ്യമായ ഇന്‍സുലിന്‍ വില 642 ശതമാനമാണ് കുതിച്ചുയര്‍ന്നത്.
യുദ്ധവും ഉപരോധവും തകര്‍ത്ത സമ്പദ്‌വ്യവസ്ഥ: തകര്‍ന്നടിഞ്ഞ് ഇറാന്‍ കറന്‍സി, നിത്യോപയോഗ സാധനങ്ങള്‍ക്കും മരുന്നിനും വന്‍ വിലക്കയറ്റം
Published on

അമേരിക്ക എക്കാലത്തെയും കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ തകര്‍ന്നടിഞ്ഞ് ഇറാന്‍ റിയാല്‍. ഓപ്പണ്‍ മാര്‍ക്കറ്റില്‍ 1 യു.എസ് ഡോളറിന് 20 ലക്ഷം റിയാല്‍ എന്ന എക്കാലത്തെയും താഴ്ന്ന നിരക്കാണ് ഇന്നും ഇന്നലെയുമായി രേഖപ്പെടുത്തിയത്. പതിറ്റാണ്ടുകളായി തുടരുന്ന അമേരിക്കന്‍-അന്താരാഷ്ട്ര ഉപരോധങ്ങള്‍, പ്രത്യേകിച്ച് ആണവ നിലപാടുകളുമായി ബന്ധപ്പെട്ടവ, ഇറാന്റെ സമ്പദ്വ്യവസ്ഥയെ അപ്പാടെ തളര്‍ത്തിയിരിക്കുകയാണ്. ഫെബ്രുവരി 28-ന് യുഎസ്-ഇസ്രായേല്‍ യുദ്ധം ആരംഭിച്ചതോടെ 9.2 കോടിയോളം വരുന്ന ജനങ്ങളുടെ ദുരിതം ഇരട്ടിയായി. യുദ്ധത്തിന് മുന്‍പുള്ള ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണ സാധനങ്ങള്‍, വസ്ത്രങ്ങള്‍, മരുന്നുകള്‍ എന്നിവയ്ക്കായി ജനങ്ങള്‍ മുമ്പ് ചിലവഴിച്ചതിനെക്കള്‍ നൂറു ശതമാനം വരെ വില കൊടുക്കേണ്ടി വരികയാണ്.

അടിസ്ഥാന ആവശ്യങ്ങളുടെ നിലവിലെ വില

യുദ്ധത്തിന് മുന്‍പ് 20 ലക്ഷം റിയാലിന് 4 കിലോ തക്കാളിയും അര കിലോ കോഴിയറച്ചിയും ഒരു ലിറ്ററിലധികം പാചക എണ്ണയും ലഭിച്ചിരുന്നു. എന്നാല്‍ ഇന്ന് ഈ തുകയ്ക്ക് ഇതിന്റെ പകുതി സാധനങ്ങള്‍ മാത്രമേ ലഭിക്കൂ. തക്കാളി വിലയില്‍ 71 ശതമാനവും കോഴിയറച്ചി വിലയില്‍ 74 ശതമാനവും പാചക എണ്ണയുടെ വിലയില്‍ 177 ശതമാനവും വര്‍ധനവുണ്ടായി. പ്രമേഹരോഗികള്‍ക്ക് അത്യാവശ്യമായ ഇന്‍സുലിന്‍ വില 642 ശതമാനമാണ് കുതിച്ചുയര്‍ന്നത്. പാരാസിറ്റാമോള്‍ പോലെയുള്ള അടിസ്ഥാന മരുന്നുകള്‍ക്ക് 93 ശതമാനവും സര്‍ക്കാര്‍ സബ്സിഡിയുള്ള ബേബി ഫോര്‍മുലയ്ക്ക് (കുട്ടികളുടെ പാല്‍പൊടി) 95 ശതമാനവും വില വര്‍ദ്ധിച്ചു. മുട്ടയ്ക്ക് 129 ശതമാനവും വസ്തങ്ങള്‍ക്ക് 78 ശതമാനം മുതല്‍ 113 ശതമാനം വരെയും വില കൂടി.

'മാസാന്ത്യം വരെ ജീവിച്ചുപോവുക എന്നത് മാത്രമാണ് ഏക ലക്ഷ്യം'

വര്‍ധിച്ചുവരുന്ന ജീവിതച്ചെലവ് കാരണം വാങ്ങുന്ന സാധനങ്ങളുടെ അളവില്‍ മാത്രമല്ല, ഭക്ഷണക്രമത്തിലും മാറ്റം വരുത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് കുടുംബങ്ങള്‍. തന്റെ കുടുംബത്തിന്റെ ആഴ്ചതോറുമുള്ള പലചരക്ക് ബില്‍ 20 മുതല്‍ 30 ശതമാനം വരെ വര്‍ദ്ധിച്ചു എന്നാണ് ടെഹ്റാനില്‍ താമസിക്കുന്ന 35 വയസ്സുള്ള അഫ്‌സാന പറഞ്ഞത്. 'യുദ്ധത്തിന് മുന്‍പ് മൂന്നോ ആറോ മാസം മുന്നിലുള്ള കാര്യങ്ങള്‍ ആസൂത്രണം ചെയ്യാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കൈയിലുള്ള വരുമാനം കൊണ്ട് മാസാന്ത്യം വരെ എങ്ങനെ ജീവിക്കും എന്നത് മാത്രമാണ് ഞങ്ങളുടെ ഒരേയൊരു ചിന്ത', അഫ്‌സാനെ കൂട്ടിച്ചേര്‍ത്തു. ഡേകെയര്‍ സെന്ററുകളിലെ കുട്ടികളുടെ പരിചരണത്തിനുള്ള ദൈനംദിന ചെലവ് ഏകദേശം 500,000 ടോമന്‍ (50 ലക്ഷം റിയാല്‍) ആണ്. കൂടാതെ കുഞ്ഞുങ്ങളുടെ പ്രതിമാസ പരിശോധനകള്‍ക്കും പോഷകാഹാരങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാത്തത് സാധാരണക്കാരെ കടുത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്.

യുദ്ധവും ഉപരോധവും തകര്‍ത്ത സമ്പദ്‌വ്യവസ്ഥ: തകര്‍ന്നടിഞ്ഞ് ഇറാന്‍ കറന്‍സി, നിത്യോപയോഗ സാധനങ്ങള്‍ക്കും മരുന്നിനും വന്‍ വിലക്കയറ്റം
ഇറാന് സാമ്പത്തിക പൂട്ടിട്ട് അമേരിക്ക, അറുപതോളം സ്ഥാപനങ്ങള്‍ കരിമ്പട്ടികയില്‍; നാല് ഇന്ത്യന്‍ കമ്പനികള്‍ക്കും ഉപരോധം

'എല്ലാത്തിനും വില കൂടി'

ഉത്പാദനമേഖലയിലെ തകര്‍ച്ചയും തുറമുഖങ്ങളിലെ ഉപരോധവും ഇറാനിലേക്കുള്ള കയറ്റുമതിയും ഇറക്കുമതിയും സങ്കീര്‍ണ്ണമാക്കി. ഉപരോധങ്ങള്‍ കാരണം അന്താരാഷ്ട്ര മാര്‍ക്കറ്റുകളിലും ഇറാന് ബിസിനസ് ചെയ്യാന്‍ സാധിക്കുന്നില്ല. കൂടാതെ റിയാലിന്റെ മൂല്യത്തകര്‍ച്ച വിലക്കയറ്റത്തിന് കാരണമായെങ്കിലും വേതനത്തില്‍ യാതൊരു വര്‍ധനവും ഉണ്ടായിട്ടില്ല. ഇറാനില്‍ സര്‍ക്കാര്‍ അംഗീകരിച്ച പ്രതിമാസ കുറഞ്ഞ വേതനം 1.66 കോടി റിയാലാണ് (82 ഡോളര്‍). ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ ഇത് പരമാവധി 2.2 കോടി റിയാല്‍ (108 ഡോളര്‍) വരെ മാത്രമേ വരൂ.

ടെഹ്റാനിലെ വസ്ത്രവ്യാപാരിയായ സമീര്‍ പറയുന്നത്, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ 40 ശതമാനത്തോളം ഇടിവുണ്ടായിട്ടുണ്ടെന്നാണ്. 'വീട്ടില്‍ നിന്ന് ഇറങ്ങി തിരികെ എത്തുന്നത് വരെ കോഫി, സിഗരറ്റ്, കുടിവെള്ളം, യാത്രാച്ചെലവ് എന്നിവയ്ക്കായി മാത്രം ചുരുങ്ങിയത് 20 ലക്ഷം ടോമന്‍ (10 ഡോളര്‍) ചെലവാകും. വളരെ സൂക്ഷിച്ച് ചെലവാക്കിയാല്‍ പോലും ദിവസേന 7-8 ലക്ഷം ടോമന്‍ (3.54 ഡോളര്‍) വേണം. വീട്ടുസാധനങ്ങള്‍ വാങ്ങുന്ന ചെലവ് ഇതിന് പുറമെയാണ്', സമീര്‍ വിശദീകരിക്കുന്നു. 'ഈ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന പലരും ശൈത്യകാലം അവസാനിക്കുന്നതിന് മുമ്പുതന്നെ പാപ്പരാകും. അവരുടെ ബിസിനസുകള്‍ അടച്ചുപൂട്ടുകയല്ലാതെ മറ്റ് മാര്‍ഗമില്ല', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വരുമാനവും ചെലവും തമ്മിലുള്ള അകലം വര്‍ദ്ധിക്കുന്നു

ശമ്പളത്തെ ആശ്രയിച്ച് ജീവിക്കുന്നവരെ സംബന്ധിച്ചിടത്തോളം, പണപ്പെരുപ്പം മറ്റൊരു വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അടുത്ത മാസത്തെ ശമ്പളം ലഭിക്കുന്നതിന് മുന്‍പ് തന്നെ ഇന്ന് കയ്യിലുള്ള പണത്തിന്റെ മൂല്യം കുറയുന്നതാണ് ശമ്പളക്കാര്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. 'മുമ്പ് 5 ലക്ഷം ടോമന് (2.5 ഡോളര്‍) ഒരു ആഴ്ചയിലെ ഗ്രോസറി സാധനങ്ങള്‍ മുഴുവന്‍ ലഭിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതേ സാധനങ്ങള്‍ക്ക് കുറഞ്ഞത് 50 ലക്ഷം ടോമന്‍ (25 ഡോളര്‍) നല്‍കണം. അതോടെ ഇറച്ചിയും കോഴിയറച്ചിയും ഒക്കെ ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കേണ്ടി വന്നു' ഹോര്‍മോസ്ഗാനിലെ മത്സ്യത്തൊഴിലാളിയായ സലാമ പറയുന്നു. തന്റെ വരുമാനം വര്‍ദ്ധിക്കുന്നതിന് പകരം കുറയുകയാണ് ചെയ്തതെന്നും അതുകൊണ്ട് തന്നെ ചെലവുകള്‍ കടുത്ത രീതിയില്‍ വെട്ടിച്ചുരുക്കാന്‍ താന്‍ നിര്‍ബന്ധിതയായെന്നും സലാമ പറയുന്നു.

യുദ്ധവും ഉപരോധവും തകര്‍ത്ത സമ്പദ്‌വ്യവസ്ഥ: തകര്‍ന്നടിഞ്ഞ് ഇറാന്‍ കറന്‍സി, നിത്യോപയോഗ സാധനങ്ങള്‍ക്കും മരുന്നിനും വന്‍ വിലക്കയറ്റം
ഹോർമുസിലെ നിഴൽ യുദ്ധം: യുദ്ധഭീതിയിലും ലോക വിപണിയിലേക്ക് എണ്ണ എത്തിക്കുന്ന 'ഡാർക്ക് ട്രാൻസിറ്റുകൾ'

'കുട്ടികള്‍ക്കുള്ള ഒരു സാധാരണ ജലദോഷ മരുന്നിന് ഇപ്പോള്‍ 3 ലക്ഷം ടോമന്‍ (ഏകദേശം 1.5 ഡോളര്‍) ചെലവാകുന്നുണ്ട്. ഒരു ജനറല്‍ പ്രാക്ടീഷണറെ കാണാന്‍ മാത്രം കുറഞ്ഞത് 10 ലക്ഷം ടോമന്‍ (ഏകദേശം 5 ഡോളര്‍) നല്‍കണം', അവര്‍ വ്യക്തമാക്കുന്നു. യുദ്ധമല്ല ഇറാനില്‍ പുതിയ സാമ്പത്തിക പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതത്, മറിച്ച് നിലവിലുണ്ടായിരുന്ന പ്രതിസന്ധികളെ അത് അതിരൂക്ഷമാക്കി മാറ്റിയിരിക്കുകയാണ്. യുദ്ധം വരുത്തിവെച്ച നാശനഷ്ടങ്ങള്‍, ഉല്‍പ്പാദനത്തിലുണ്ടായ തടസ്സങ്ങള്‍, ഉപരോധം എന്നിവ പുതിയ സമ്മര്‍ദ്ദങ്ങള്‍ സൃഷ്ടിച്ചു. ഒപ്പം തൊഴിലില്ലായ്മയും ജനങ്ങളുടെ വാങ്ങല്‍ ശേഷിയിലുണ്ടായ ഇടിവും കുടുംബങ്ങള്‍ക്ക് ഈ ആഘാതങ്ങളെ താങ്ങാനാവുന്നതിനും ഇരട്ടിയാക്കി. ഒരു മാസത്തെ വരുമാനം കൊണ്ട് ഭക്ഷണവും പാര്‍പ്പിടവും ഉള്‍പ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങള്‍ എത്രത്തോളം നിറവേറ്റാന്‍ കഴിയും എന്ന ചോദ്യത്തിന് മുന്നില്‍ പകച്ചുനില്‍ക്കുകയാണ് ഇവിടുത്തെ സാധാരണ ജനങ്ങള്‍.

Summary

Iran’s economy is facing a severe crisis as the Iranian rial has plunged to a record low amid stringent US and international sanctions and the impact of the US-Israel war. The currency reportedly touched 2 million rials per US dollar in the open market, while the rising cost of food, medicines and other essentials has placed enormous pressure on ordinary families. Prices of essential goods have surged sharply compared with pre-war levels. Tomato prices reportedly rose by 71%, chicken by 74%, cooking oil by 177%, and insulin by 642%. Prices of basic medicines, baby formula, eggs and clothing have also increased significantly, forcing families to cut spending and alter their diets.

Madism Digital
madismdigital.com