മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ കൊടുമ്പിരിക്കൊള്ളുമ്പോഴും ലോകത്തെ ഏറ്റവും നിർണായകമായ സമുദ്ര എണ്ണപ്പാതയായ ഹോർമുസ് കടലിടുക്ക് ഒരു പുതിയ സാമ്പത്തിക-സൈനിക യുദ്ധതന്ത്രത്തിന് വേദിയാകുകയാണ്. ഉപഗ്രഹങ്ങളുടെയും ട്രാക്കിങ് സംവിധാനങ്ങളുടെയും കണ്ണുവെട്ടിച്ച്, കപ്പലുകളുടെ സിഗ്നലുകൾ അണച്ച് അമേരിക്കൻ നാവികസേനയുടെ അകമ്പടിയോടെ നടത്തുന്ന ഡാർക്ക് ട്രാൻസിറ്റുകൾ വഴിയാണ് ഗൾഫ് രാജ്യങ്ങൾ ഇപ്പോൾ പ്രതിസന്ധിയെ മറികടക്കാൻ ശ്രമിക്കുന്നത്.
കഴിഞ്ഞ ജൂലൈ അവസാനം ഖത്തറിലെ മിസൈദ് എണ്ണ ടെർമിനലിൽ നിന്ന് ക്രൂഡ് ഓയിലുമായി പുറപ്പെട്ട ഗ്രീക്ക് ഉടമസ്ഥതയിലുള്ള 'കികു' എന്ന കൂറ്റൻ സൂപ്പർടാങ്കറിന്റെ യാത്ര ഇതിനൊരു മികച്ച ഉദാഹരണമാണ്. ദുബായ് തീരത്തെത്തിയപ്പോൾ കപ്പലുകളുടെ സ്ഥാനവും വേഗതയും നിരീക്ഷിക്കാൻ സഹായിക്കുന്ന എഐഎസ് ട്രാൻസ്പോണ്ടർ സ്വിച്ച് ഓഫ് ചെയ്ത കികു, സമുദ്ര നിരീക്ഷണ സംവിധാനങ്ങളിൽ നിന്ന് പൂർണ്ണമായും അപ്രത്യക്ഷമായി. തൊട്ടടുത്ത ദിവസം രാവിലെ ഒമാൻ ഉൾക്കടലിൽ ഈ കപ്പൽ വീണ്ടും സിഗ്നൽ നൽകി പ്രത്യക്ഷപ്പെട്ടു. ഇറാന്റെ ഡ്രോൺ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാനായി സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെ എണ്ണക്കമ്പനികളും അമേരിക്കൻ നാവികസേനയും ചേർന്ന് ആവിഷ്കരിച്ച പുതിയ തന്ത്രമാണിത്.
പേർഷ്യൻ ഗൾഫിൽ നിന്ന് എണ്ണയുമായി കടലിടുക്ക് കടക്കുന്ന ഈ കപ്പലുകൾ ഒമാൻ ഉൾക്കടലിൽ നങ്കൂരമിട്ടിരിക്കുന്ന വിദേശ രാജ്യങ്ങളുടെ കപ്പലുകളിലേക്ക് എണ്ണ നേരിട്ട് മാറ്റിക്കൊടുക്കുന്നു. തുടർന്ന് ഈ എണ്ണ ചൈന, തായ്‌വാൻ, ദക്ഷിണ കൊറിയ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നു. ഇതോടെ കൊമേഴ്സ്യൽ ഷിപ്പിങ് കമ്പനികൾ നേരിട്ടിരുന്ന ഉയർന്ന ഇൻഷുറൻസ് ഭാരവും അപകടസാധ്യതയും ഗൾഫ് രാജ്യങ്ങളും അമേരിക്കയും സ്വയം ഏറ്റെടുത്തിരിക്കുകയാണ്.
അമേരിക്കൻ ഊർജ്ജ വകുപ്പിന്റെ കണക്കനുസരിച്ച്, ഈ പുതിയ സംവിധാനത്തിലൂടെ പ്രതിദിനം എൺപത് മുതൽ തൊണ്ണൂറ് ലക്ഷം ബാരൽ വരെ എണ്ണ ഹോർമുസ് കടലിടുക്കിലൂടെ പുറത്തേക്ക് എത്തിക്കാൻ കഴിയുന്നുണ്ട്. ഇത് പൊതു ട്രാക്കിങ് വിവരങ്ങൾ കാണിക്കുന്നതിന്റെ ഇരട്ടിയോളം വരും. കഴിഞ്ഞ രണ്ടാഴ്ചയായി കടലിടുക്കിലൂടെ നടക്കുന്ന കപ്പൽ ഗതാഗതത്തിന്റെ എൺപത് ശതമാനവും ഇത്തരം ഒളിഞ്ഞു സഞ്ചരിക്കുന്ന രീതിയിലാണ്.
വെറും 23 മൈൽ മാത്രം വീതിയുള്ള ഹോർമുസ് കടലിടുക്കിൽ റഡാറുകൾക്ക് മുന്നിൽ നിന്ന് പൂർണ്ണമായി മറഞ്ഞിരിക്കാൻ കഴിയില്ലെങ്കിലും, ഒമാൻ തീരത്തോട് ചേർന്ന് പരമാവധി ഇറാന്റെ റഡാർ പരിധിക്ക് പുറത്തുകൂടിയാണ് ഈ കപ്പലുകൾ സഞ്ചരിക്കുന്നത്. ഇത്തരത്തിൽ അപകടസാധ്യതകൾ നിലനിൽക്കുമ്പോഴും, ഇറാനെതിരെയുള്ള ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക ഉപരോധങ്ങൾക്ക് തിരിച്ചടിയാകാതെ എണ്ണ വിതരണം ഉറപ്പാക്കാൻ ഈ നീക്കം താൽക്കാലികമായി സഹായിക്കുന്നുണ്ട്.
ഹോർമുസ് കടലിടുക്കിനെ പൂർണ്ണമായി ആശ്രയിക്കുന്നത് ഒഴിവാക്കാൻ സൗദി അറേബ്യ തങ്ങളുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈൻ വഴി പ്രതിദിനം 50ലക്ഷം ബാരൽ എണ്ണ ചെങ്കടലിലെ യാൻബു തുറമുഖം വഴി തിരിച്ചുവിടുന്നുണ്ട്. കൂടാതെ ബ്രസീൽ, ഗയാന, വെനസ്വേല തുടങ്ങിയ രാജ്യങ്ങൾ അധിക ഉത്പാദനം നടത്തിയതും, അമേരിക്ക തങ്ങളുടെ എമർജൻസി സ്ട്രാറ്റജിക് പെട്രോളിയം റിസർവിൽ നിന്ന് 40 കോടി ബാരൽ എണ്ണ വിപണിയിലേക്ക് തുറന്നുവിട്ടതും വില നിയന്ത്രിച്ചു നിർത്താൻ സഹായിച്ചു. ഇതിനൊപ്പം ചൈന തങ്ങളുടെ വൻ എണ്ണ ശേഖരം വിനിയോഗിച്ചതും വിലക്കയറ്റത്തിന്റെ ആക്കം കുറച്ചു. വിപണി വിദഗ്ധർ തുടക്കത്തിൽ കണക്കുകൂട്ടിയതിനേക്കാൾ വലിയൊരു സന്തുലിതാവസ്ഥ സ്വന്തം നിലയിൽ കണ്ടെത്താൻ ആഗോള വിപണിക്ക് ഇതുവഴി സാധിച്ചു.
എന്നാൽ, ഈ തന്ത്രങ്ങൾ ദീർഘകാലത്തേക്ക് പ്രായോഗികമല്ല എന്നതാണ് വിപണി വിദഗ്ധരുടെ പ്രധാന ആശങ്ക. യുദ്ധം തുടങ്ങിയതിന് ശേഷം ലോകത്താകമാനം ഏതാണ്ട് 1.9 ബില്യൺ എണ്ണ ശേഖരമാണ് വറ്റിപ്പോയിട്ടുള്ളത്. അമേരിക്കയുടെ അടിയന്തര ശേഖരം നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. ലോകത്തെ പ്രധാന റിഫൈനറികൾ നേരിടുന്ന പ്രതിസന്ധിയും സ്ഥിതി വഷളാക്കുന്നു. മിഡിൽ ഈസ്റ്റിലെ റിഫൈനറികൾ തകർന്നതും, യുക്രൈൻ ഡ്രോൺ ആക്രമണങ്ങൾ കാരണം റഷ്യയിലെ റിഫൈനറികൾ പ്രവർത്തനം നിലച്ചതും, ചൈന തങ്ങളുടെ കയറ്റുമതി നിയന്ത്രിച്ചതും കാരണം പെട്രോൾ, ഡീസൽ, വിമാന ഇന്ധനം എന്നിവയുടെ ഉത്പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇത് ക്രൂഡ് ഓയിൽ വിലയേക്കാൾ വേഗത്തിൽ ഇന്ധനവില ഉയരാൻ കാരണമായി.
ഇറാനെ സാമ്പത്തികമായി ഞെരുക്കാൻ അമേരിക്ക നടത്തുന്ന ദീർഘകാല നാവിക ഉപരോധങ്ങൾ ക്രൂഡ് ഓയിൽ വില വീണ്ടും ബാരലിന് 100 ഡോളറിലേക്ക് അടുപ്പിക്കുകയാണ്. ഹോർമുസ് കടലിടുക്കിലെ കപ്പലുകളുടെ ഈ രഹസ്യ സഞ്ചാരം ലോകവിപണിക്ക് ഇപ്പോൾ അല്പം ആശ്വാസം നൽകുന്നുണ്ടെങ്കിലും, തന്ത്രപരമായ എണ്ണ ശേഖരങ്ങൾ തീരുന്നതോടെയും റിഫൈനറികളുടെ ഭാരം വർധിക്കുന്നതോടെയും ലോകം കടുത്ത ഊർജ്ജ പ്രതിസന്ധിയിലേക്കും പണപ്പെരുപ്പത്തിലേക്കും വീഴാനുള്ള സാധ്യതകൾ ഇപ്പോഴും വളരെ കൂടുതലാണ്.
To evade Iranian drone strikes and avoid a total shutdown of global oil supply amid regional conflict, Middle Eastern oil producers—aided by the US Navy—are executing clandestine "dark transits" through the Strait of Hormuz. Supertankers turn off their Automatic Identification System (AIS) transponders, navigate along the Omani coast under military protection, and transfer crude to waiting international vessels in the Gulf of Oman bound for Asia. Along with pipeline rerouting by Saudi Arabia and the release of strategic reserves by the US and China, these covert operations keep 8–9 million barrels per day moving. However, with global stockpiles rapidly draining and refining hubs under severe strain, analysts warn this high-risk strategy is only a temporary buffer against soaring energy prices.